About Us

                                        
അന്റോണിയന്‍ ക്ലബ് - ഇത് പൂഞ്ഞാറിന്റെ സൈബര്‍ ടീം..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം അനൂപ് ചന്ദ്രന്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം..


             നാലു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു നവംബര്‍ മാസം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരുകൂട്ടം അദ്ധ്യാപകര്‍ ഗൗരവമായ ഒരു ചര്‍ച്ചയിലാണ്. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിലും പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള തിരക്കില്‍ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പരിമിതമായ സമയമേ ലഭിക്കുന്നുള്ളൂ. ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളായതിനാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് പരിപാടികള്‍ നടത്തുമ്പോള്‍ അതിന്റേതായ പ്രയാസങ്ങള്‍ വേറെയും. ഒരു ചെറിയ ടീമിനെ സ്കൂളില്‍ വാര്‍ത്തെടുക്കണം. അവരിലൂടെ മറ്റുകുട്ടികളിലും സമൂഹത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകണം. അദ്ധ്യാപകര്‍ അന്നുകണ്ട ഈ സ്വപ്നത്തില്‍നിന്ന് ഉടലെടുത്ത ടീമാണ് അന്റോണിയന്‍ ക്ലബ്. ഈ നവംബറില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന അന്റോണിയന്‍ ക്ലബിന്റെ ഈ വര്‍ഷത്തെ പ്രത്യേക പ്രോജക്റ്റായ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍', അതിന്റെ വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാകുമ്പോള്‍, അതെക്കുറിച്ച് പറയുന്നതിനുമുന്‍പ് ക്ലബിന്റെ പ്രവര്‍ത്തന രീതികള്‍കൂടി മനസിലാക്കേണ്ടതുണ്ട്.
             മൂന്നു പ്രധാന ലക്ഷ്യങ്ങളാണ് അന്റോണിയന്‍ ക്ലബിനുള്ളത്. വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം. ഓരോ വര്‍ഷവും ഈ ലക്ഷ്യങ്ങളിലൂന്നിയുള്ള നിരവധി പരിപാടികള്‍ പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് മൂന്നു വര്‍ഷത്തേയ്ക്കാണ് ക്ലബില്‍ അംഗത്വം ലഭിക്കുക. ഒന്‍പതാം ക്ലാസ് കഴിയുമ്പോളേക്കും മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളിലൂന്നിയുള്ള മുപ്പതു പരിശീലന പരിപാടികളിലൂടെയെങ്കിലും ഈ കുട്ടികള്‍ കടന്നുപോയിട്ടുണ്ടാവും.
             വ്യക്തിത്വവികസനം ലക്ഷ്യമാക്കി സഹവാസക്യാമ്പുകള്‍, പഠനയാത്രകള്‍, പ്രസംഗപരിശീലനം, കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, ലൈംഗീക വിദ്യാഭ്യാസം, ലക്ഷ്യബോധം, മൂല്യബോധം, മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ തുടങ്ങിയവ നടത്തുന്നു.
കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരിച്ച 'ടൂറില്‍' അഭിനയിച്ചതും പിന്നണിയില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ക്ലബ് അംഗങ്ങള്‍തന്നെ. പ്രശസ്ത സംവിധായകന്‍ ഭദ്രനാണ് സി.ഡി.പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
             സാമൂഹ്യസേവനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നാടിന്റെ നന്മനിറഞ്ഞ വിശേഷങ്ങള്‍ ലോകത്തെ അറിയിക്കുന്ന ന്യൂസ് ബ്ലോഗായ പൂഞ്ഞാര്‍ ബ്ലോഗാണ്. അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ നിരവധി വിശേഷങ്ങളും അറിയിപ്പുകളും മലയാളത്തിലുള്ള ഈ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയിലെ എല്ലാ സ്കൂളുകളും ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രോത്സവത്തിന്റെയും അറിയിപ്പുകളും വിശദമായ റിസല്‍ട്ടുകളും മനസിലാക്കുന്നത് പൂഞ്ഞാര്‍ ബ്ലോഗുവഴിയാണ്. കൂടാതെ ഉപകാരപ്രദമായ ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍, പൂഞ്ഞാര്‍ ഗ്രാമത്തിലെ വിവിധ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൃതികള്‍, ഉപകാരപ്രദമായ വീഡിയോകള്‍, വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങിയവയും പൂഞ്ഞാര്‍ ബ്ലോഗില്‍ ലഭ്യമാണ്. ക്ലബ് അംഗങ്ങള്‍തന്നെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന ഈ ന്യൂസ് ബ്ലോഗിന്റെ വിലാസം www.poonjarblog.com
             ഇടുക്കി ജില്ലയിലെ ആദിവാസിക്കുടികളിലെത്തുന്ന സഞ്ചരിക്കുന്ന പുസ്തകശാലയ്ക്കായി ആയിരത്തിയൊന്നു പുസ്തകങ്ങള്‍ ശേഖരിച്ചത്, അനാഥാലയ-അഗതിമന്ദിര സന്ദര്‍ശനങ്ങള്‍, അവര്‍ക്കുനല്‍കുവാനായി വസ്ത്രങ്ങളും ആഹാരസാധനങ്ങളും ശേഖരിച്ചത്, നാട്ടില്‍ പരക്കെ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്ററുകള്‍ക്കെതിരേ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി അതിനെതിരേ നടപടി എടുപ്പിച്ചത്,.. തുടങ്ങിയുള്ളവ അന്റോണിയന്‍ ക്ലബിന്റെ സാമൂഹ്യപ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ (GT @ School)
             പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ വര്‍ഷത്തെ പ്രത്യേക പ്രോജക്റ്റായ ഗ്രീന്‍ ടീം അറ്റ് സ്കൂളാണ്. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്ത ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി നാലു പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നുകഴിഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ചുനടന്ന പ്ലാവ് ജയന്റെ ക്ലാസ് വിജ്ഞാനപ്രദമായിരുന്നു. പ്ലാവ് എന്ന വൃക്ഷത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസിലാക്കുവാന്‍ ഈ ക്ലാസ് ഉപകരിച്ചു.
കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെ സംഘടിപ്പിച്ച 'ഇലയറിവ് ' പരിപാടിയായിരുന്നു ഗ്രീന്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്ന അടുത്ത പ്രവര്‍ത്തനം. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്.
             പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി. ക്ലബ് അംഗങ്ങളെ കൂടാതെ, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു.
             പ്രകൃതിയുടെ വിവിധ സ്പന്ദനങ്ങള്‍ പ്രദര്‍ശിപ്പിച്ച 'ദി ബീറ്റ്സ് ഓഫ് നേച്ചര്‍ ' പ്രദര്‍ശനമായിരുന്നു ഗ്രീന്‍ ടീമിന്റെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായാണ് കുട്ടികള്‍ ഒരു ഹരിതക്കൂടാരം തീര്‍ത്തത്.
പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കാണിയ്ക്കുന്ന നൂറില്‍പ്പരം പോസ്റ്ററുകളാണ് ഈ പ്രദര്‍ശനത്തിനുണ്ടായിരുന്നത്. മനുഷ്യന്റെ അശാസ്ത്രീയവും ക്രൂരവുമായ ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വനനശീകരണവും പ്രകൃതിയെ എങ്ങിനെ ദോഷകരമായി ബാധിയ്ക്കുമെന്നതിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു ഈ ചിത്രങ്ങള്‍.
             'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പ്രകൃതിയുടെ ഹൃദയമിടിപ്പുകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശന സ്റ്റാളിലെ ഓരോ ചിത്രങ്ങളും. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ആന്റോ ആന്റണി എം. പി.-എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും ഇതിനു നേതൃത്വം നല്‍കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ കുരുന്നുകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

ഭക്ഷ്യസ്വരാജിന്റെ നല്ലപാഠം പകര്‍ന്ന് ..
             കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്‍കുവാനുമായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങിയതിന്റെ ഫലമാണ് 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രനാണ് നിര്‍വ്വഹിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യുവാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, ബോധവത്ക്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷ്യമേള, സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയാകള്‍ ഉപയോഗിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തുവാനുള്ള മത്സരവും തുടങ്ങിക്കഴിഞ്ഞു.
             പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. അതിന്റെ ആദ്യ ഘട്ടം മുതലുള്ള ഡയറിക്കുറിപ്പും അവര്‍ തയ്യാറാക്കും. കുട്ടികളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക. നിശ്ചിത സമയത്തിനു ശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
             പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമനിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്നു ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേയ്ക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേയ്ക്കും പുതു തലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.
             ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിനൊപ്പം ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, സഹപ്രവര്‍ത്തകരായ അധ്യാപകര്‍, അനധ്യാപകര്‍ , സ്കൂള്‍ പി.റ്റി.. തുടങ്ങിവര്‍ സജീവമായി രംഗത്തുണ്ട്. അന്റോണിയന്‍ ക്ലബിന്റെ ഈ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും വീടിനും ഉപകാരികളായ, നല്ല വ്യക്തിത്വത്തിന്റെ ഉടമകളായ, ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഏവരും.

         പൂഞ്ഞാര്‍ ബ്ലോഗ്

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ന്യൂസ് ബ്ലോഗാണ്  'പൂഞ്ഞാര്‍  ബ്ലോഗ് ' . വ്യക്തിത്വ വികസനവും സാമൂഹ്യസേവനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി  പ്രവര്‍ത്തിക്കുന്ന അന്റോണിയന്‍ ക്ലബിന്റെ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്  പ്രാദേശിക വിശേഷങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ന്യൂസ് ബ്ലോഗ്.
       
        കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുവാനും പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുവാനുമായി  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും   2007-ല്‍,'അന്റോണിയന്‍' എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പുറത്തിറങ്ങി. 2008-ലും , വര്‍ഷത്തില്‍ ഒന്നു മാത്രമുള്ള ഈ പത്രം പ്രസിദ്ധീകരിച്ചു.  2009-ല്‍ നാട്ടുവാര്‍ത്തകള്‍ കൂടി പ്രസിദ്ധീകരിക്കുന്ന ഒരു ത്രൈമാസ പത്രമായി അന്റോണിയന്‍ മാറി.
       
        2010-ല്‍  'പൂഞ്ഞാര്‍ ബ്ലോഗിന്റെ' രൂപത്തില്‍ , വിരല്‍ത്തുമ്പില്‍ വിരിയുന്ന വിശേഷങ്ങളുമായി അന്റോണിയന്‍  എത്തി.   പൂഞ്ഞാര്‍ ഗ്രാമത്തിന്റെ വിശേഷങ്ങള്‍  മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നു. ഹോം പേജ് കൂടാതെ സ്കൂള്‍ വാര്‍ത്തകള്‍ക്കായി സെന്റ് ആന്റണീസ് ന്യൂസ്  , വിദ്യാഭ്യാസ അറിയിപ്പുകള്‍ക്കായി സ്കൂള്‍ കോര്‍ണര്‍ , കലാ-സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരായനം , കുട്ടികളുടെ പേജ് , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links'  തുടങ്ങിയ പേജുകളും പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.      
   

        യു.പി.,ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ മിടുക്കര്‍  തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള  ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നു.ഇവര്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരും PTA എക്സിക്കൂട്ടീവ് മെമ്പര്‍മാരും ഈ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നു . ഇപ്രകാരം കുട്ടികള്‍ ശേഖരിച്ച് സ്കൂളില്‍ എത്തിക്കുന്ന വാര്‍ത്തകള്‍ , അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിദ്ധീകരണയോഗ്യമാക്കുന്നു.  
      
റ്റോണി പുതിയാപറമ്പില്‍
        സ്കൂളിലെ അദ്ധ്യാപകനായ റ്റോണി പുതിയാപറമ്പില്‍ നേതൃത്വം നല്‍കുന്ന ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക്  സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ഹെഡ്മാസ്റ്റര്‍ ഫാ ജോര്‍ജ്ജ് വയലില്‍കളപ്പുര CMI , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് ,അദ്ധ്യാപകര്‍ , PTA തുടങ്ങിയവര്‍ ശക്തമായ പിന്തുണയും നല്‍കുന്നു. 
ഞങ്ങളുടെ വിലാസം

അന്റോണിയന്‍ ക്ലബ്
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍
പൂഞ്ഞാര്‍ തെക്കേക്കര പി. ഒ.
പൂഞ്ഞാര്‍ 686582
ഫോണ്‍ : 04822-275420

മൊബൈല്‍ : 9895 871 371
ഇ-മെയില്‍ : poonjarblog@gmail.com