Sunday, February 10, 2019

തകര്‍ത്തു..! പൊളിച്ചു..! തിമിര്‍ത്തു..! അടിപൊളി..!

      ഇന്നലെ നടന്ന (ഫെബ്രുവരി 9, രണ്ടാം ശനി) പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ UP വിഭാഗം കുട്ടികളുടെ പഠനോത്സവവും അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ ടാലന്റ്സ് ഡേ ആഘോഷവും വിശേഷിപ്പിക്കാന്‍ തലക്കെട്ടിലെ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ഒരു അതിശയോക്തിയുമില്ല. അത്ര ഉജ്ജ്വലമായിരുന്നു കുട്ടികളുടെ പ്രകടനം.
    രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ നടന്ന വിവിധ പരിപാടികളില്‍ നാനൂറോളം കുട്ടികള്‍  മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചു. വിവിധ ഭാഷകളിലുള്ള സ്കിറ്റുകള്‍, മൂകാഭിനയം, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങള്‍, നാടന്‍പാട്ടുകള്‍, പ്രഭാഷണങ്ങള്‍, കവിതകള്‍, ക്വിസ് തുടങ്ങിയ ഇനങ്ങള്‍ വേദിയില്‍ അരങ്ങേറിയപ്പോള്‍  ശാസ്ത്ര-പുരാവസ്തു-ജൈവഭക്ഷണ-ഔഷധസസ്യ-വിദ്യാഭ്യസ പ്രദര്‍ശനം സമ്മേളന ഹാളിനു പുറകില്‍ പ്രത്യേകം ഒരുക്കിയ ഭാഗത്ത് നടന്നു. 

    കുട്ടികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി. ബള്‍ബുകളും, സോപ്പ്, സോപ്പുപൊടി, ലോഷനുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ്, എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ നൃത്തവും പാട്ടുകളും മറ്റ് കലാപരിപാടികളും അരങ്ങേറി. കരാട്ടേ പരിശീലനം നേടിയ കുട്ടികളുടെ പ്രത്യേക അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു. നൂറില്‍പരം രക്ഷിതാക്കളും കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി സ്കൂളില്‍ എത്തിയിരുന്നു. മുന്‍കൂട്ടി പേര് നല്‍കി ഒരുങ്ങാത്തവര്‍ക്കും അതിഥികളായി എത്തിയവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ നല്‍കിയ അവസരവും ശ്രദ്ധേയമായി. സ്കൂളില്‍ എത്തിയ എല്ലാവര്‍ക്കും സമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
      രാവിലെ, സ്കൂളിലെ ചാവറ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ജെയിംസ് നീണ്ടൂശ്ശേരി CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഡെന്നി പുല്ലാട്ട്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിന്‍ കുരുവിള തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 
 
നേരില്‍ കാണേണ്ട പരിപാടികള്‍ ചിത്രങ്ങളിലൂടെ വിവരിക്കുക അസാധ്യമെങ്കിലും, ലഭിച്ച ചില ഫോട്ടോകള്‍ ചുവടെ നല്‍കുന്നു. പ്രധാന ദൃശ്യങ്ങളടങ്ങിയ വീഡിയോ പിന്നീട് നല്‍കുന്നതാണ്.