Sunday, October 11, 2020

പൊതുവിദ്യാഭ്യാസ മേഖലയിൽ പൂഞ്ഞാർ നിയോജകമണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ..

പൂഞ്ഞാർ  : വിദ്യാഭ്യാസ മേഖലയിൽ  പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളും പൂർണ്ണമായി ഡിജിറ്റലായതിന്റെ പ്രഖ്യാപനം പി. സി. ജോർജ് എം.എൽ.എ. നടത്തി. കേരളം സമ്പൂർണ്ണ ഡിജിറ്റലാകുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ച സമയത്തുതന്നെ പൂഞ്ഞാർ സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിൽ  ചേർന്ന യോഗത്തിൽ നിയോജക മണ്ഡലതല പ്രഖ്യാപനം എം.ൽ.എ. നടത്തുകയായിരുന്നു. 
സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ CMI അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേംജി ആർ.,  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടെസ്സി ബിജു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേന്ദ്രൻ, പഞ്ചായത്ത്‌ അംഗം അനിൽകുമാർ മഞ്ഞപ്ലാക്കൽ,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ്,  സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ടോം കെ. എ., എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി അഗസ്റ്റിൻ, പി.റ്റി.എ. പ്രസിഡന്റ്‌ എം.സി. വർക്കി, മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ, എം.പി.റ്റി.എ. പ്രസിഡൻ്റ് ആഷാ ജോസ്, കൈറ്റ് പ്രതിനിധി ശ്രീകുമാർ പി.ആർ., ബി.ആർ.സി.  പ്രതിനിധി ജോബി ജോസഫ്, സി.ആർ.സി. കോ-ഓർഡിനേറ്റർ എലിസബത്ത് പി. മാത്യു,  അധ്യാപക പ്രതിനിധികളായ ബൈജു ജേക്കബ്ബ്, ജാൻസി തോമസ്,  ജോബിൻ കുരുവിള, ടോണി തോമസ് എന്നിവർ പങ്കെടുത്തു.

Sunday, October 4, 2020

പൂഞ്ഞാറിന്റെ പ്രിയപ്പെട്ട ജെയിംസച്ചന് യാത്രാമംഗളങ്ങള്‍..

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ മാനേജരും ചെറുപുഷ്പാശ്രമ ദൈവാലയ പ്രിയോരുമായ ഫാ.ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പൂഞ്ഞാറിലെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം, പുളിയന്മല ആശ്രമത്തിന്റെ പ്രിയോര്‍, ഇടവക വികാരി എന്നീ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് സ്ഥലം മാറി പോകുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തെ തന്റെ സേവനത്തിലൂടെ സെന്റ് ആന്റണീസ് സ്കൂളിനും ആശ്രമത്തിനും നാടിനും നിരവധി നന്മകള്‍ സമ്മാനിച്ചാണ് അച്ചന്‍ പുതിയ കര്‍മ്മഭൂമിയിലേക്ക് യാത്രയാവുന്നത്. കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനായി, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അച്ചന്‍ നടത്തിയത്. 
      ഗവണ്‍മെന്റ് സ്മാര്‍ട്ട് ക്ലാസ് റൂമിനുള്ള ഉപകരണങ്ങള്‍ നല്‍കിയപ്പോള്‍ , അതിനുള്ള ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി 18 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തയ്യാറാക്കുന്നതിന് അച്ചന്‍ നേതൃത്വം നല്‍കി. സ്ഥലം മാറുന്ന സമയത്തും, ഹയര്‍ സെക്കന്‍ഡറി ബില്‍ഡിംഗിനോട് ചേര്‍ന്ന് ആണ്‍കുട്ടികള്‍ക്കായി ആധുനിക രീതിയിലുള്ള ടോയ്ലറ്റും അനുബന്ധ സൗകര്യങ്ങളും, കൊച്ചു കുട്ടികള്‍ക്കായി യു.പി. കെട്ടിടത്തോട് ചേര്‍ന്ന് പുതിയ ടാപ്പുകളും മറ്റ് സൗകര്യങ്ങളും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു അച്ചന്‍. ക്ലാസ്മുറികളുടെ നവീകരണത്തിനൊപ്പം കുട്ടികളുടെ സുരക്ഷക്കായി ഇടിമിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കുകയും, മുറ്റത്തിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും ബാസ്കറ്റ് ബോള്‍ കോര്‍ട്ടിനും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു. ഹൈസ്കൂള്‍ കംപ്യൂട്ടര്‍ ലാബ് അടുത്ത നാളില്‍ നവീകരിച്ചു നല്‍കി. ഹയര്‍ സെക്കന്‍ഡറി മാത്സ് ലാബ് തയ്യാറാക്കി. 
     ജെയിംസച്ചന്റെ പ്രത്യേക താത്പ്പര്യത്തിലും നേതൃത്വത്തിലുമാണ് രണ്ട് വര്‍ഷം മുന്‍പ് സ്കൂളിനായി പുതിയ ബസ് വാങ്ങിയത്. കൂടാതെ വിവിധ ഗവണ്‍മെന്റ് ഫണ്ടുകളുടെ സഹായത്തോടെ (MP-MLA-ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍) വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. LP സ്കൂള്‍ കെട്ടിടത്തില്‍ പുതിയ പാചകപ്പുര, അവിടുത്തെ കൊച്ചുകുട്ടികള്‍ക്കായി പുതിയ മള്‍ട്ടിമീഡിയ റൂം, സ്കൂള്‍ മുറ്റവും പരിസരവും മനോഹരമാക്കി പുതിയ പാര്‍ക്ക്,.. തുടങ്ങിയ പദ്ധതികളും കോവി‍ഡ് അവധിക്കാലത്ത് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു നല്ല കലാകാരന്‍കൂടിയാണ് ജെയിംസച്ചന്‍. ആശ്രമ പരിസരത്ത് നിര്‍മ്മിച്ച മനോഹരമായ കവാടത്തിന്റെയും ചാവറ ഗ്രോട്ടോയുടെയും നിര്‍മ്മാണ വേളയില്‍, ശില്‍പ്പിക്കൊപ്പം ഗ്രോട്ടോയ്ക്ക് നിറം പകര്‍ന്ന അച്ചന്റെ കലാവാസന ജനശ്രദ്ധ നേടിയിരുന്നു. 

      രണ്ടുതവണ സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം, ദീപിക ബുക്ക് ഹൗസ് മാനേജര്‍, പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, ഇടമറ്റം കെ.റ്റി.ജെ.എം., പാലംബ്ര അസംപ്ഷന്‍ എന്നീ സ്കൂളുകളിലെ അധ്യാപകന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചുകഴിഞ്ഞ ജെയിംസ് നീണ്ടൂശ്ശേരി അച്ചന്‍ പുളിയന്മലയിലെ തന്റെ പുതിയ കര്‍മ്മ മണ്ഢലത്തിലേക്ക് യാത്രയാകുമ്പോള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും യാത്രാമംഗളങ്ങളും നേരുന്നു..