Tuesday, October 29, 2013

'ദി ബീറ്റ്സ് ഓഫ് നേച്ചര്‍ ' പ്രദര്‍ശനം ശ്രദ്ധേയമായി..


'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശനം, ഈരാറ്റുപേട്ട
എ.ഇ.ഒ. ശ്രീ. ടി.വി.ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.
പൂഞ്ഞാര്‍: പ്രകൃതിയുടെ വിവിധ സ്പന്ദനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരുകൂട്ടം കുരുന്നുകള്‍ ശാസ്ത്രോത്സവത്തെ ഹരിതോത്സവമാക്കിമാറ്റി. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയുടെ സമീപമാണ് കുട്ടികള്‍ ഹരിതക്കൂടാരം തീര്‍ത്തത്. സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി, പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്
ഗവ. ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജ്ജ് പ്രദര്‍ശനം കാണാനെത്തിയപ്പോള്‍..
    പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കാണിയ്ക്കുന്ന നൂറില്‍പ്പരം പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. മനുഷ്യന്റെ അശാസ്ത്രീയവും ക്രൂരവുമായ ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വനനശീകരണവും പ്രകൃതിയെ എങ്ങിനെ ദോഷകരമായി ബാധിയ്ക്കുമെന്നതിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു ഈ ചിത്രങ്ങള്‍.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശന ഹാളില്‍നിന്ന്...
  'ഇലയറിവ് ' പ്രദര്‍ശനമായിരുന്നു സ്റ്റാളിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു ഭാഗം. നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നതും എന്നാല്‍ ഭക്ഷ്യയോഗ്യവുമായ വിവിധ ഇലച്ചെടികളെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്ററുകള്‍ പുതുമനിറഞ്ഞതും വിജ്ഞാനപ്രദവുമായിരുന്നു
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' കാണുവാനായി
ശ്രീ. ആന്റോ ആന്റണി എം.പി. എത്തിയപ്പോള്‍..
       'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പ്രകൃതിയുടെ ഹൃദയമിടിപ്പുകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശന സ്റ്റാളിലെ ഓരോ ചിത്രങ്ങളും. ഗവ. ചിഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ആന്റോ ആന്റണി എം. പി. തുടങ്ങിയവരുള്‍പ്പെടെ  നൂറുകണക്കിനാളുകള്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും ഇതിനു നേതൃത്വം നല്‍കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ കുരുന്നുകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

Saturday, October 26, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശ്വോജ്ജ്വലമായ പരിസമാപ്തി..



ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജെയിംസ് നീണ്ടുശ്ശേരില്‍, ശശിധരന്‍ വി.എസ്, .ജെ.ജോസഫ്, ടി.വി.ജയമോഹന്‍, ഫാ. ചാണ്ടി കിഴക്കയില്‍, ഫാ. വി.ജെ.ജോര്‍ജ്ജ്, ലിസി സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ എം.കെ.,യോഗേഷ് ജോസഫ് എന്നിവര്‍ സമീപം.
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ എം.കെ., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി.ജയമാഹന്‍, ജനറല്‍ കണ്‍വീനര്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ. വി.ജെ.ജോര്‍ജ്ജ്, പി.റ്റി.. പ്രസിഡന്റ് ശശിധരന്‍ വി.ജെ., പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ യോഗേഷ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിയവര്‍

ശാസ്ത്രമേള
LP - First - St. Mary's LPS Teekoy
         Second - St. Joseph's UPS Maniamkunnu
UP - First - Muslim Girls HSS Erattupetta
         Second - MMM UM UPS Karakkad
HS - First - Muslim Girls HSS Erattupetta
         Second - LF HS Chemmalamattom
HSS- First - SMV HSS Poonjar
           Second - AM HSS Kalaketty

ഗണിതശാസ്ത്രമേള
LP- First - St. Mary's LPS Teekoy
        Second - St. Joseph's UPS Maniamkunnu
UP- First - Muslim Girls HSS Erattupetta
        Second - ST ANTONY'S HSS POONJAR
HS- First - Muslim Girls HSS Erattupetta
        Second - AM HSS Kalaketty
HSS- First - Muslim Girls HSS Erattupetta
           Second - SMV HSS Poonjar

സാമൂഹ്യശാസ്ത്രമേള
LP- First - St. Joseph's UPS Maniamkunnu
        Second - St. Joseph's UPS Poonjar & St. Mary's LPS Teekoy
UP- First - MMM UM UPS Karakkad
        Second - St. Mary's HSS Teekoy
HS- First - Muslim Girls HSS Erattupetta
         Second - ST ANTONY'S HSS POONJAR & St. Paul's HS Valiakumaramangalam
HSS- First - Muslim Girls HSS Erattupetta
           Second - ST ANTONY'S HSS POONJAR

പ്രവൃത്തിപരിചയമേള
LP- First - St. Mary's LPS Teekoy
        Second - St.Thomas LPS Velathussery
UP- First - St. Antony's HS Vellikulam
        Second - St. Joseph's UPS Poonjar
HS- First - SMG HS Chennad
        Second - St. Mary's HSS Teekoy
HSS- First - SMV HSS Poonjar
           Second - Muslim Girls HSS Erattupetta

.റ്റി. മേള
UP- First - Govt. VHSS Thidanadu
        Second - Govt. HSS Erattupetta
HS- First - Govt. VHSS Thidanadu
         Second - ST ANTONY'S HSS POONJAR
HSS- First - SMV HSS Poonjar
           Second - St. Mary's HSS Teekoy

Wednesday, October 23, 2013

'ശാസ്ത്രവൈജ്ഞാനിക രംഗത്ത് ഭാരതം മാതൃകയാകും..' ആന്റോ ആന്റണി എം.പി.


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ശ്രീ. ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യുന്നു
പൂഞ്ഞാര്‍ : ശാസ്ത്രവൈജ്ഞാനിക രംഗത്ത് ഇന്നത്തെ മുന്നേറ്റം തുടര്‍ന്നാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭാരതം ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറുമെന്ന് ആന്റോ ആന്റണി എം.പി. അഭിപ്രായപ്പെട്ടു. വികസിതരാജ്യങ്ങളുടെ ജനസംഖ്യയില്‍ അറുപതു ശതമാനവും വാര്‍ദ്ധക്യത്തില്‍ എത്തിക്കഴിഞ്ഞുവെങ്കില്‍ ഭാരത ജനതയുടെ അറുപതുശതമാനവും യുവജനങ്ങളായതിനാല്‍ ശാസ്ത്രവൈജ്ഞാനിക നൈപുണികളുടെ മത്സരരംഗത്ത് വിജയം ഇനി നമ്മുടേതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജോമോന്‍ ​ഐക്കര, പി.റ്റി.. പ്രസിഡന്റ് ശശിധരന്‍ വി.എസ്., പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ദേവസ്യാ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പരിപാടികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ജനറല്‍ കണ്‍വീനര്‍ എ.ജെ.ജോസഫ് പതാക ഉയര്‍ത്തുകയും ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര സമ്മേളനത്തിന് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. മേളയുടെ രണ്ടാം ദിനമായ നാളെ (ഒക്ടോബര്‍ 24) സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ നടക്കും.

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം - മത്സരവേദികള്‍

           


Thursday, October 17, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയില്‍, ഒക്ടോബര്‍ 22-ന് നടക്കുന്ന മത്സരങ്ങളുടെ സമയക്രമം..

22/10/2013, ചൊവ്വാഴ്ച്ച നടക്കുന്ന വിവിധ മത്സരങ്ങള്‍  
(Venue – St Antony's HSS Poonjar, സമയക്രമം ചുവടെ നല്‍കിയിരിക്കുന്നു.)
ഗണിതശാസ്ത്ര ക്വിസ് 
10.00 am - UP
11.00 am - LP
12.00 pm - HS
  1.30 pm - HSS/VHSS


സയന്‍സ് ക്വിസ്  
10.00 am - HSS
11.30 am - UP
 1.30 pm - HS

സി.വി. രാമന്‍ ഉപന്യാസ മത്സരം - 11.30 am
സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ - 10.00 am

ഇന്നേദിവസം നടക്കുന്ന സാമൂഹ്യശാസ്ത്രമേളയിലെ മത്സരങ്ങള്‍ രാവിലെ പത്തുമണിയ്ക്ക് ആരംഭിക്കും. (9.30-നു മുന്‍പായി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. മത്സര ഇനങ്ങള്‍ ചുവടെ നല്‍കുന്നു.)
സാമൂഹ്യശാസ്ത്ര പ്രസംഗമത്സരം- (വിഷയം:മത്സരത്തിന് 5 മിനിട്ട് മുന്‍പ് നല്‍കും)
അറ്റ് ലസ് നിര്‍മ്മാണം - Atlas Making
പ്രാദേശിക ചരിത്ര രചനാ മത്സരം (Local History Writing) 

 വിശദവിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന Sasthrolsavam 2013 എന്ന പേജ് സന്ദര്‍ശിക്കുക..

Friday, October 11, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു..

            2013 ഒക്ടോബര്‍ 23, 24 (ബുധന്‍, വ്യാഴം) തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ചുനടക്കുന്ന  ഈരാറ്റുപേട്ട ഉപജില്ലാ   ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ശാസ്ത്രോത്സവ വെബ്സൈറ്റില്‍ പ്രവേശിക്കുവാന്‍ ഓരോ സ്കൂളും തങ്ങളുടെ സ്കൂള്‍ കോഡ് യൂസര്‍ നെയിമും പാസ് വേര്‍ഡുമായി നല്‍കുക. അതിനുശേഷം ആദ്യംതന്നെ പുതിയ പാസ് വേര്‍ഡ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. 
                ശാസ്ത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 17, വ്യാഴാഴ്ച്ച, 5 pm-ന് അവസാനിക്കും. ഉപജില്ലയിലെ എല്ലാ സ്കൂളുകളും  ഈ തീയതിയ്ക്കുമുന്‍പായി  രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
            23/10/2013, ബുധനാഴ്ച്ച ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മേളകളും 24/10/2013, വ്യാഴാഴ്ച്ച സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളുമാണ് നടക്കുക.  മേളയുടെ വിജയകരമായ നടത്തിപ്പിനായി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് ചൂണ്ടിയാനിപ്പുറം അദ്ധ്യക്ഷനായുള്ള സ്വാഗതസംഘം രൂപീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശാസ്ത്രോത്സവത്തിന്റെ  വിശദവിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന Sasthrolsavam 2013 എന്ന പേജ് സന്ദര്‍ശിക്കുക..


Sunday, October 6, 2013

മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാറിലെ കുരുന്നുകളും..

            മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുരുന്നുകളും പ്രവര്‍ത്തനനിരതരാകുന്നു. 23 വര്‍ഷമായി മീനച്ചിലാര്‍ സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പിന്തുണയോടെ സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് വിവിധ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. മീനച്ചില്‍ നദീസംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍, വിങ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ സഹകരണപത്രം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിന്  കൈമാറി.
            മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനംമുതല്‍ കായലില്‍ അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍  വിവിധ സമയങ്ങളില്‍ പകര്‍ത്തി, നദീസംരക്ഷണ-ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന  ഒരു ഡോക്യുമെന്ററി ഫിലിം തയ്യാറാക്കുക എന്നതാണ് അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ ഒരു പ്രധാന ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  മീനച്ചിലാറിനെ സംരക്ഷിക്കുവാനായി തങ്ങളാലാകുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

കഴിഞ്ഞദിവസങ്ങളില്‍ മീനച്ചിലാറിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ചില ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. അവയിലൊന്ന് ചുവടെ ചേര്‍ക്കുന്നു.

തുള്ളിയൊഴുകിയിരുന്നു, ഒരു കാലം..
(മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ സുനീഷ് തോമസ് മീനച്ചിലാറിനെക്കുറിച്ചെഴുതിയത്..)
          
             ഈരാറ്റുപേട്ടയുടെ തലയ്ക്കു മുകളിലുള്ള കിഴക്കന്‍ മലനിരകളില്‍നിന്നു തുടങ്ങുന്ന ഒരു നിലവിളിയാണിപ്പോള്‍ മീനച്ചിലാര്‍. വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം ബണ്ടിനു ചുവട്ടില്‍ അതൊരു നേര്‍ത്ത കരച്ചിലായി ഇല്ലാതാവുന്നു.മീനച്ചിലാര്‍ ഒഴുകിയ വഴിയിലിപ്പോള്‍ വലിയൊരു അഴുക്കുചാല്‍ ബാക്കിയുണ്ട്. ഇതായിരുന്നില്ല ഒരു പതിറ്റാണ്ടിനു മുന്‍പു പോലും മീനച്ചിലാര്‍. പഴമക്കാരുടെ ഓര്‍മകളിലെ കടവുകളില്‍ കടത്തുവള്ളവും അക്കരെയിക്കരെ മുറ്റി ഒഴുകുന്ന നദിയുമുണ്ടായിരുന്നു.

             ആറ്റിലൂടെ ഒഴുകിവന്ന എക്കല്‍ മണ്ണിലാണ് നദിയുടെ ഇരുപുറവും ഫലഭൂയിഷ്ഠമായ സംസ്‌കാരം നാമ്പെടുത്തത്. തോണികളായിരുന്നു അന്നത്തെ ഒഴുകുന്ന കച്ചവടസ്ഥാപനങ്ങള്‍.വാഗമണ്‍ കുരിശുമലയുടെ പടിഞ്ഞാറേ ചെരുവിലുള്ള കുടുമുരുട്ടി മലയില്‍ ഐതിഹ്യം ഉരുള്‍പൊട്ടിയ സ്ഥലമുണ്ട്. അഗസ്ത്യ മഹര്‍ഷിയുടെ കമണ്ഡലു കവിഞ്ഞൊഴുകിയ പുഴ എന്നയര്‍ഥത്തിലാണത്രേ മീനച്ചിലാറിനു കവണാര്‍ എന്ന പേരുകിട്ടിയത്. ഇപ്പോഴും നാഗമ്പടം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ മീനച്ചിലാര്‍ കവണാര്‍ ആണ്.
           തമിഴ്‌നാട്ടില്‍നിന്നു വന്നവര്‍ നാടുവാണ കാലത്ത് കുലദൈവമായ മധുര മീനാക്ഷിയുടെ പേരിലൊരു നാടും നദിയും വേണമെന്ന് അവരാഗ്രഹിച്ചു. അങ്ങനെ മീനാക്ഷിയാര്‍ എന്ന വിളിപ്പേര് മീനച്ചിലാര്‍ എന്നായെന്നും ചരിത്രത്തിന്റെ കൈവഴികള്‍ പറയുന്നു.ആറിന്റെ തീരങ്ങളില്‍ ആറ്റുവഞ്ചി, കുമ്പിള്‍, കിഴിഞ്ഞില്‍, ഈറ്റ, തൊണ്ടി, കല്ലുരുക്കി തുടങ്ങിയ ഒട്ടേറെ ചെടികളുണ്ടായിരുന്നത് ഇന്നു കാണാനില്ല. കിടങ്ങൂര്‍ പഞ്ചായത്തിലെ കട്ടച്ചിറയ്ക്കു സമീപം രണ്ടര ഏക്കര്‍ പൊതുസ്ഥലത്ത് ആറിനോടു ചേര്‍ന്നുള്ള നദീതീര വനത്തില്‍ അഞ്ഞൂറോളം ആറ്റുവഞ്ചികള്‍ ബാക്കിയുള്ളതു ഭാഗ്യം.
             മീനച്ചിലാറുപോലെ പേരുകേട്ടതായിരുന്നു ആറ്റുകൊഞ്ച്.ആറ്റുവഞ്ചികള്‍ വെട്ടിക്കളഞ്ഞ് തീരം കെട്ടിയെടുത്തതോടെ ആറ്റുകൊഞ്ചുകളെ കാണാതായി. കല്ലേമുട്ടി, നെറ്റിയേല്‍പൊന്നന്‍, പള്ളത്തി, ആരോന്‍, വാള, കാരി, കുറുവ, പുല്ലന്‍, വരാല്‍ തുടങ്ങിയ മീനുകളൊന്നും ഇപ്പോള്‍ ആറ്റിലില്ല. പകരം, മറ്റൊന്നുണ്ടായി. തണ്ണീര്‍മുക്കത്തെ കായലരിപ്പയ്ക്ക് ഇടയിലൂടെ കായലില്‍നിന്ന് അനേകം കരിമീനുകള്‍ മീനച്ചിലാറ്റിലേക്കു കുടിയേറി.
            ഭരണങ്ങാനത്തെ വട്ടോളിക്കടവില്‍ ചൂണ്ടയിട്ടാലും ഇപ്പോള്‍ ഇഷ്ടംപോലെ കരിമീന്‍ കിട്ടും. പണ്ട്, വിശാലമായ മണല്‍പ്പരപ്പിനു മുകളിലൂടെയായിരുന്നു മീനച്ചിലാര്‍ ഒഴുകിയിരുന്നത്. ഇന്നിപ്പോള്‍, മണല്‍വാരിയ ചെളിക്കുഴികള്‍ മാത്രമായി. ആറ്റുപൊന്തകളിലെ പൊന്മാന്‍, കുളക്കോഴി, നീര്‍കാക്ക, ഉപ്പന്‍ തുടങ്ങിയവയെല്ലാം പൊന്തകള്‍ ഇല്ലാതായതോടെ ഓര്‍മകളിലെ ചിറകടി മാത്രമായി.
ബുക്കര്‍ പ്രൈസിലേക്ക് അരുന്ധതി റോയിക്ക് അക്ഷരക്കപ്പലോടിക്കാന്‍ വഴിയൊരുക്കിയതു മീനച്ചിലാറാണ്.

             അയ്മനത്തെ വീടും മീനച്ചിലാറിലെ പള്ളത്തിയുമെല്ലാം ലോകസാഹിത്യത്തില്‍ അരുന്ധതി റോയിയെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു നദി ഒരു സംസ്‌കാരം തന്നെയാണ് എന്നതിന് ഇനിയും തെളിവു വേണ്ടല്ലോ...!ഒരുപുഴയില്‍ ഒന്നിലേറെ തവണ കുളിക്കാന്‍ പറ്റില്ലെന്നാണല്ലോ ലാവണ്യശാസ്ത്രം. എന്നാല്‍, മീനച്ചിലാറിലേക്കു വരിക. എത്ര തവണ വേണമെങ്കിലും ഒരേപുഴയില്‍ കുളിക്കാം. മഴ പെയ്യുമ്പോള്‍ മാത്രം ഒഴുകാനേ ഇപ്പോള്‍ മീനച്ചിലാറിനു ശേഷിയുള്ളൂ...!!!

സുനീഷ് തോമസ്, മലയാളമനോരമ (03/10/2013)

Monday, September 30, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ തീയതികളില്‍ മാറ്റം..

            2013 ഒക്ടോബര്‍ 9,10 തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഈരാറ്റുപേട്ട ഉപജില്ലാ   ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകള്‍, ഡേറ്റാ എന്‍ട്രി നടത്തേണ്ട വെബ്സൈറ്റ് ഓപ്പണ്‍ ആകാത്തതിനാല്‍, മാറ്റിവച്ചതായി ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   ഒക്ടോബര്‍ മൂന്നിനുശേഷം പുതുക്കിയ തീയതികള്‍ അറിയിക്കുന്നതാണ്. 
            അതേസമയം സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ  സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം, മുന്‍പ് അറിയിച്ചിരുന്നതുപോലെ, ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്നതാണ്. ഈ മത്സരത്തിന്റെ വിശദവിവരങ്ങളും മറ്റുമേളകളെ സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അറിയിപ്പുകളും, മുകളില്‍ കാണുന്ന Sastrolsavam 2013 എന്ന പേജില്‍ നല്‍കിയിരിക്കുന്നു..

Saturday, September 21, 2013

പൂഞ്ഞാറിന്റെ കുഞ്ഞുണ്ണിമാഷിന്റെ പുതിയ ചിന്തകള്‍ വായിച്ചുനോക്കൂ..

           പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ മൂന്നു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ  പ്രസിദ്ധീകരിച്ചിരിക്കുന്ന നാലാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ മൂന്നു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും.. 
ദര്‍പ്പണം - ഭാഗം 4
ഉണ്ണിയോട്..
ഉണ്ണീ നിയറിയണം
അറിവിന്റെലോകം വെട്ടി-
പ്പിടിക്കുമ്പോള്‍ !
രണ്ടുതുള്ളിസ്നേഹമാ-
മനസ്സില്‍ സൂക്ഷിക്കുക.
ഒന്ന്!
കണ്ടകണ്ട മാതാപിതാക്കള്‍ക്ക്
രണ്ട്!
ഈ ഹരിതഭൂമിക്ക്!

നേട്ടം വ്യര്‍ത്ഥമായി..
ലോകം മുഴുവന്‍ ഞാന്‍
നേടി...
അര്‍ത്ഥവും മണ്ണും കാമിനിയും
പക്ഷേ ഞാനറിയുന്നില്ല!
പണ്ടേ എന്റെ ആത്മാവു
കളഞ്ഞുപോയി!

ആക്രി
ആക്രിയുണ്ടോ! ആക്രി!
ഇല്ല! പ്രതിവചിച്ചതു
മകന്റെ ഭാര്യ!
രണ്ടെണ്ണമുണ്ട്!
അമ്മായിയച്ഛന്‍ ചൊല്ലി.
എവിടെ? നല്ലവിലതരാം..
വ്യാപാരി പറയുന്നു.
ഞാനുമെന്റെ ഭാര്യയും!
വൃദ്ധന്റെ ഇടറിയ ശബ്ദം..

സോളാര്‍..
പതിവുപോല്‍ പുഴയില്‍
മുങ്ങിയേറ്റഞാന്‍
സൂര്യനെ നമസ്ക്കരിച്ചു.
ദേവന്റെ മുഖം മങ്ങിയോ!
എന്നൊടാ കണ്‍കണ്ട ദൈവം
മെല്ലെ പറഞ്ഞു-
എന്നെയും സരിതമാര്‍
വിറ്റുകാശാക്കുന്നുവോ!


ദര്‍പ്പണം - ഭാഗം 3

അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.

കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.

 


ഡാമിനു ബലക്ഷയം
ഡാമിനു താഴെയോ ?
ഭീതിയുടെ കുത്തൊഴുക്ക് !
ഡാമിന്റെ സംരക്ഷകരോ ?
ബലക്ഷയമില്ലാതെ ,
തൊണ്ടകീറും ജല്പനങ്ങള്‍
കൊണ്ടമ്മാനമാടുന്നു.

ഒന്നാം ക്ലാസിലെ
കുഞ്ഞുമക്കളെ !
നമുക്കാ പഴയ പാട്ട്
ഇനി ഇങ്ങനെ പാടണം !
കൂ കൂ കൂ കൂ തീവണ്ടി
കൂവിപ്പായും തീവണ്ടി
ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമിമാര്‍
ആടിത്തിമര്‍ക്കും തീവണ്ടി !

പെണ്‍മക്കളെ നിങ്ങളറിയുക
ജന്മം കരഞ്ഞുതീര്‍ക്കും സീതയല്ല !
ചുരികയുമുറുമിയുമേന്തും
ആര്‍ച്ചമാരാകണം നിങ്ങള്‍‌ !

അരി കായ്ക്കും മരമേത് ?
ഉണ്ണിടെ സംശയം.
അരികായ്ക്കും മരമല്ല
നെല്‍ച്ചെടിയെന്നമ്മയും..

ദര്‍പ്പണം ഒന്നാം ഭാഗം - Click Here
ദര്‍പ്പ​ണം രണ്ടാം ഭാഗം - Click Here
ലേഖകനെക്കുറിച്ച്...
             നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും   സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍  എഴുതുകയും ചെയ്തിട്ടുണ്ട്.
          KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.

Tuesday, September 10, 2013

ഓണസദ്യയ്ക്ക് ചൊറിയണങ്ങ് (കൊടുത്തൂവ) തോരന്‍ ഉണ്ടാക്കിയാലോ..?

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഇലയറിവ്' പരിപാടിയ്ക്കുശേഷം അഭിന്ദനങ്ങളും പരിഹാസങ്ങളും ഒരുപോലെയുണ്ടായി. പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവരും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിച്ചപ്പോള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രം പരിപാടിയെക്കുറിച്ചറിഞ്ഞവരില്‍ ചിലര്‍ക്കാണ് ഇതൊരു കൗതുകമായത്. 
            നമ്മളെന്തേ ഇങ്ങനെയായിപ്പോയത് എന്നു വീണ്ടും ചിന്തിപ്പിക്കുംവിധം, പരിഹാസ ശരങ്ങളുമായി പാഞ്ഞെത്തിയവരുമുണ്ട്. 
ചൊറിയണങ്ങുകൊണ്ട് തോരന്‍കറിയുണ്ടാക്കാം എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. അതൊക്കെ നിലവാരമില്ലായ്മയാണുപോലും..! തൊടിയിലെ പാഴ്ച്ചെടികള്‍ സ്വാദിഷ്ടവിഭവങ്ങളാക്കാമെന്ന അറിവിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നു ചിലര്‍. കഷ്ടംതന്നെ...! 
                        വിഷമയമായ മറുനാടന്‍ പച്ചക്കറികളും പഴങ്ങളും അപകടകാരികളായ പായ്ക്കറ്റ് ഭക്ഷണങ്ങളും വാങ്ങിക്കഴിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു... ഈ അറിവില്ലായ്മ കാണുമ്പോള്‍ സഹതാപം തോന്നുന്നു. അതങ്ങനെയാണല്ലോ... കോക്കക്കോളയോ പെപ്സിയോ കുടിക്കുന്നവന്‍ നാലാള്‍ കാണ്‍കേ ആ 'വിഷം' അകത്താക്കുമ്പോള്‍  നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ പെട്ടിക്കടയുടെ മറവുവേണമെന്നായി അവസ്ഥ..! 
             ഇതൊക്കെ മേമ്പൊടിയായി പറഞ്ഞുവെന്നുമാത്രം. ഇനി കാര്യത്തിലേയ്ക്ക് വരാം. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകണ്ട് വിളിച്ചവരില്‍ എല്ലാവര്‍ക്കുംതന്നെ അറിയേണ്ടിയിരുന്നത് ചൊറിയണങ്ങ് തോരന്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. ഫേസ് ബുക്കിലും ബ്ലോഗിലും ഇതേ അന്വേഷണമുണ്ടായി. വാസ്തവത്തില്‍ നമ്മുടെ തൊടിയില്‍ ലഭ്യമാകുന്ന എഴുപതില്‍പ്പരം ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ചൊറിയണങ്ങ്. നാം ഒട്ടും പരിഗണിയ്ക്കാത്ത, നമുക്ക് 'ശല്യക്കാരനായ' ഒരു ചെടിയായതിനാല്‍ അത് കൗതുകമായി എന്നുമാത്രം. 
            കൈകൊണ്ട് ഇതെങ്ങനെ അരിയും..? ചൊറിയില്ലേ..? ഇതൊക്കെയാണ് എല്ലാവര്‍ക്കും സംശയം. കൃത്യമായി മറുപടി പറയണമെങ്കില്‍ ചെയ്തുനോക്കണമല്ലോ.. അതുകൊണ്ട് ക്ലാസില്‍ കേട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം പ്രയോഗത്തിലാക്കി. ഒരുകുഴപ്പവുമില്ല. സ്വാദിഷ്ടമായ ചൊറിയണങ്ങ് തോരനും കൂട്ടി ഊണുകഴിച്ചിട്ടാണ് ഇപ്പോള്‍ ഇതെഴുതുന്നത്. തയ്യാറാക്കുന്ന രീതി ചിത്രങ്ങള്‍ സഹിതം ഇവിടെ വിവരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ, ഭക്ഷ്യയോഗ്യമായ ചില ഇലച്ചെടികളും അവയുടെ ഔഷധഗുണങ്ങളും  പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചുവടെ ചേര്‍ക്കുന്നു. ഈ അറിവുകള്‍ പരമാവധി ആളുകളിലേയ്ക്ക് ഷെയര്‍ ചെയ്യുമല്ലോ..

ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്ന വിധം
                ഇല ശരീരത്തില്‍ സ്പര്‍ശിക്കാതെ  ചൊറിയണങ്ങ് ചെടി മുറിച്ചെടുക്കുക. തണ്ടുസഹിതം ചുവടെ മുറിച്ചെടുക്കുന്നതാണ് ഉചിതം. മണ്ണുപറ്റിയിരിക്കുവാന്‍ സാധ്യതയുള്ള, എറ്റവും താഴെയുള്ള ഏതാനും ഇലകള്‍ മുറിച്ചുകളയുക. 
             ഒരു ബക്കറ്റിലെ ജലത്തിലേയ്ക്ക് തണ്ടുസഹിതം താഴ്ത്തി (ചിത്രത്തില്‍ കാണുന്നതുപോലെ) നന്നായി ഇളക്കുക. ഇലകളിലുള്ള, ചൊറിച്ചിലിനുകാരണമാകുന്ന പദാര്‍ത്ഥം ഈ കഴുകലിലൂടെ ഇല്ലാതാകും. ഉറപ്പിനുവേണ്ടി ഓരോ ഇലകളും അടത്തിയെടുത്ത് ഇപ്രകാരംതന്നെ ഒന്നുകൂടി വൃത്തിയാക്കുകയുമാകാം.  
             അടുത്തതായി ഈ ഇലകള്‍ നന്നായി അരിയുക. (ചീരയിലയും കാബേജുമൊക്കെ അരിയുന്നതുപോലെ.) കൈകള്‍  ചൊറിയുമെന്ന പേടി വേണ്ട. 
            ഇനി സാധാരണ ഒരു തോരന്‍കറിയ്ക്ക് ഉപയോഗിക്കുന്ന കൂട്ടുകള്‍ വേണം. അതായത്, ആവശ്യത്തിനുള്ള തേങ്ങ , വെളുത്തുള്ളി, ചുവന്നുളളി, ഇഞ്ചി, മുളക് എന്നിവ. കടുകിനു പകരം ഉഴുന്നാണ് ഉപയോഗിയ്ക്കേണ്ടത്. ചുവന്നുള്ളി അല്‍പ്പം കൂടുതല്‍ ചേര്‍ക്കുന്നത് നന്നായിരിക്കും. 
            ചട്ടിയിലെ എണ്ണയില്‍  ഉഴുന്നിട്ട് മൂപ്പിച്ചതിനുശേഷം മറ്റു കൂട്ടുകള്‍ ചേര്‍ക്കുക. അവസാനം അരിഞ്ഞുവച്ചിരിക്കുന്ന ഇലകളും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പുമൊഴിച്ച്  വേയിക്കുക. ചൊറിയണങ്ങ് കറി തയ്യാര്‍. ചൂടാറുന്നതിനുമുമ്പ് കഴിച്ചാല്‍ രുചി കൂടും. എന്താ... ഒന്നു പരീക്ഷിച്ചുനോക്കുകയല്ലേ..
  

ഭക്ഷ്യയോഗ്യമായ മറ്റുചില ഇലച്ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Monday, September 9, 2013

ബ്രഹ്മശ്രീ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് ആദരാഞ്ജലികള്‍..

            പ്രമുഖ താന്ത്രികാചാര്യന്‍ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വന്‍ജനാവലിയാണ് ഇന്നലെയും ഇന്നുമായി പൂഞ്ഞാറിലെത്തിച്ചേര്‍ന്നത്. എഴുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ത്തികേയന്‍ തന്ത്രികള്‍ ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അന്തരിച്ചത്.
            കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാ, ദില്ലി, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠനടത്തിയ പള്ളുരുത്തി ശ്രീഭവാനി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജം, ആലപ്പുഴ തെക്കന്‍ ആര്യാട് ക്ഷേത്രത്തില്‍ ഇരട്ടക്കൊടിമരം തുടങ്ങിയ നിരവധി പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചത് കാര്‍ത്തികേയന്‍ തന്ത്രിയാണ്. പൂഞ്ഞാര്‍ ഈഴവര്‍വയലില്‍ മാധവന്‍ നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. ശവസംസ്ക്കാരം ഇന്ന് (09/09/2013) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു.

Sunday, September 1, 2013

ഇലക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാം..

           പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഇത്തവണ ഓണം ഉണ്ണുന്നത് വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള വിവിധ ഇലക്കറികളുപയോഗിച്ചാണ് എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഉപയോഗശൂന്യമെന്നുകരുതി നാം ശ്രദ്ധിക്കാതെപോകുന്ന ഇത്തരം ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കിമാറ്റാമെന്ന പരിശീലനം 'ഇലയറിവ് ' പരിപാടിയിലൂടെ അവര്‍ക്കുലഭിച്ചുകഴിഞ്ഞു
            അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെയാണ് 'ഇലയറിവ് ' സംഘടിപ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി ഇലവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നുണ്ട്. അവ രുചികരമായി പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികളാണ് ഇലയറിവില്‍ ഉള്‍പ്പെടുത്തിയിരുന്നത്
            പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി
            ഈ ബോധ്യം എല്ലാവര്‍ക്കും ലഭിക്കണം എന്ന ചിന്തയോടെ, സ്കൂള്‍ അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക് പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഇത്തവണ ഓണത്തിന് കോട്ടയം ജില്ലയിലെ നിരവധി ഭവനങ്ങളില്‍ ഇലക്കറികള്‍ ഒരു പ്രധാന വിഭവമായിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.

Thursday, August 15, 2013

പ്ലാവ് ജയനെ അറിയുമോ..?

              "പ്ലാവിനെക്കുറിച്ച് നമുക്കറിയാത്ത പലതും പറഞ്ഞുതരാനും ആ വൃക്ഷത്തെ സ്നേഹിക്കുവാനും അതിന്റെ പ്രജനനം വിപുലമാക്കുവാനും അതെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശേഖരിച്ച് ലോകത്തിന് നല്‍കുവാനുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍.." പ്ലാവ് ജയന്‍ എന്ന കെ.ആര്‍. ജയനെക്കുറിച്ച് സുഗതകുമാരി കുറിച്ച വാക്കുകളാണിത്. അടുത്തറിയുമ്പോള്‍ ഈ വാക്കുകളില്‍ ഒട്ടും അതിശയോക്തിയില്ല എന്നു മനസിലാകും.
            1965-ല്‍ തൃശൂര്‍ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച്, ചെറുപ്രായത്തില്‍തന്നെ പ്ലാവുകളെ സ്നേഹിച്ചു തുടങ്ങിയ ഈ വ്യക്തി, പതിനായിരക്കണക്കിന് പ്ലാവിന്‍ തൈകളാണ് പുറമ്പോക്ക് ഭൂമികളിലും വഴിയോരങ്ങളിലും സ്വകാര്യ ഭൂമികളിലുമൊക്കെയായി ഇതുവരെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നിരവധി അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 
2001-ലും  2010-ലും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്ക്കാരം, ദില്ലി ആസ്ഥാനമാക്കിയുള്ള എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ 'Hall of Fame Award', കേരള റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സിന്റെ 'സഹൃദയ അവാര്‍ഡ് 2011' തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
            ഇപ്പോള്‍ ഭാരതപ്പുഴയുടെ തീരത്തായി ഒന്‍പതേക്കര്‍ സ്ഥലത്ത് 'പ്ലാവ് ഗ്രാമം' സൃഷ്ടിക്കുന്ന തിരക്കിനിടയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍  ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റ് ' ഉദ്ഘാടനം ചെയ്യുവാനായി പ്ലാവ് ജയന്‍  എത്തിച്ചേര്‍ന്നത്.
ഈ വേറിട്ട വ്യക്തിത്വം ഞങ്ങളുമായി പങ്കിട്ട പ്ലാവു വിശേഷങ്ങളിലെ ചില പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കൂടാതെ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ നീതു ടോമി, അഭിരാമി പി.ബി. എന്നിവര്‍ അദ്ദേഹവുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങളും നല്‍കിയിട്ടുണ്ട്. വീഡിയോ, പ്രത്യേക മൈക്ക് സൗകര്യമില്ലാത്ത സാധാരണ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തമാകുവാന്‍ ശബ്ദം കൂട്ടുകയോ ഹെഡ്സെറ്റ് ഉപയോഗിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.