Friday, February 27, 2015
പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ഗുരുകുലം പദ്ധതിയ്ക്ക് തുടക്കമായി..
പൂഞ്ഞാര്‍ : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ഗുരുകുലം 2015 പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം സ്കൂളില്‍ താമസിച്ചു പഠിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു. വിവിധ സാഹചര്യങ്ങളാല്‍ പഠനത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അറുപതോളം കുട്ടികള്‍ക്കായി നടത്തിവന്ന സായാഹ്ന ക്ലാസുകളുടെയും മറ്റു പരിശീലന പരിപാടികളുടെയും അവസാനഘട്ടമായാണ് ഗുരുകുലം 2015 ആരംഭിച്ചിരിക്കുന്നത്.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന 142 കുട്ടികളുടെയും ഭവനങ്ങളില്‍ അദ്ധ്യാപകര്‍ സന്ദര്‍ശനം നടത്തുകയും അവരുടെ യാത്രാ ക്ലേശങ്ങളും വീട്ടിലെ പഠന സൗകര്യങ്ങളുടെ അപര്യാപ്തതയും നേരില്‍ കാണുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ഈ വര്‍ഷവും ഗുരുകുലം പദ്ധതി തുടരുവാന്‍ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അറുപതു കുട്ടികളെ രണ്ടാഴ്ച്ചക്കാലം പൂര്‍ണ്ണമായും സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നു. അവര്‍ക്കുള്ള ഭക്ഷണവും താമസസൗകര്യങ്ങളുമെല്ലാം സ്കൂളില്‍തന്നെ ഒരുക്കുന്നു.
ഗുരുകുലം 2015 -ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, ടോണി പുതിയാപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
Tuesday, February 17, 2015
ശ്രീ ഗാന്ധി സ്മാരക ക്വിസ് മത്സരം..
ഒലയനാട് SGMUPS സംഘടിപ്പിക്കുന്ന ഏഴാമത് ശ്രീ ഗാന്ധി സ്മാരക അഖില കേരള ക്വിസ് മത്സരം 2015 ഫെബ്രുവരി 19, വ്യാഴാഴ്ച്ച നടക്കുന്നു. വിശദവിവരങ്ങള്‍ ചുവടെയുള്ള നോട്ടീസില്‍..
Saturday, February 7, 2015
പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ 'ഗുരുകുലം 2015'
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രത്യേക പഠന പദ്ധതിയായ ഗുരുകുലം 2015-ന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ തുടക്കമായി. എല്ലാ വിഷയങ്ങള്‍ക്കും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ കൂടുതല്‍ പഠനസഹായം ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി ഉയര്‍ന്നവിജയം കരസ്ഥമാക്കുവാന്‍ അവരെ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
പേരു സൂചിപ്പിക്കുന്നതുപോലെ, പഴയ ഗുരുകുല സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്നവിധം, ഇനിയുള്ള ദിവസങ്ങളില്‍ അധ്യാപകരും കുട്ടികളും സ്കൂളിനെ വീടാക്കി മാറ്റുകയാണ്. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണത്തോടെയുള്ള പഠന പരിശീലനം ആരംഭിച്ചുകഴിഞ്ഞു. SSLC പരീക്ഷ അടുക്കുമ്പോള്‍ ഇവര്‍ സ്കൂളില്‍ താമസിച്ച് പഠിക്കും. പിന്നെ പരീക്ഷകള്‍ക്ക് ശേഷമാകും ഇവര്‍ തിരികെ വീട്ടിലേയ്ക്ക് പോവുക. ഇത്തവണ SSLC പരീക്ഷ എഴുതുന്ന 142 വിദ്യാര്‍ഥികളില്‍ അറുപത് കുട്ടികളാണ് 'ഗുരുകുലം 2015'-ലൂടെ മികച്ച വിജയത്തിനായി യത്നിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടത്തിയ ഗുരുകുലം 2014 പദ്ധതിയിലൂടെ സ്കൂള്‍ 100% വിജയവും കുട്ടികള്‍ മികച്ച ഗ്രേഡുകളും കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും ഈ വിജയം ആവര്‍ത്തിക്കുവാനായി ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI -യുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരു മനസ്സോടെ യത്നിക്കുകയാണ്. ഇവര്‍ക്കായി ഏവരും പ്രാര്‍ഥിക്കുമല്ലോ..
Sunday, January 25, 2015
പ്ലാസ്റ്റിക് ചലഞ്ചില്‍ പങ്കെടുക്കാം.. കൂട്ടുകാരെ ചലഞ്ച് ചെയ്യാം.. ഫേസ്ബുക്കിലൂടെ..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ കൂട്ടുകാര്‍ ആരംഭിച്ച പ്ലാസ്റ്റിക് ചലഞ്ചില്‍ പങ്കുചേരുവാനായി വിവിധ വ്യക്തികളും സ്ഥാപനങ്ങളും താത്പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക സാധ്യമല്ല. കരണീയമായിട്ടുള്ളത്, വിവിധയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ്. ഇതിന് മുഴുവന്‍ കേരളീയരുടെയും ആത്മാര്‍ത്ഥവും ബോധപൂര്‍വ്വകവുമായ സഹകരണം ആവശ്യമാണ്. ഇതിലേയ്ക്ക് കേരളീയരുടെ മുഴുവന്‍ ശ്രദ്ധയും കരുതലും ലക്ഷ്യമാക്കിയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാസ്റ്റിക് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുവാനും, അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനാണ് ഈ പ്ലാസ്റ്റിക് ചലഞ്ച് നടത്തുന്നത്. ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക..
ഇനി, ഈ ചലഞ്ച് ഏറ്റെടുത്ത് നടപ്പിലാക്കിയത് എങ്ങിനെ ലോകത്തെ അറിയിക്കും..? മറ്റുള്ളവരെ ചലഞ്ചിനായി എങ്ങിനെ ക്ഷണിയ്ക്കും..? മറ്റു പല ചലഞ്ചുകളും പൊതുസമൂഹം ഏറ്റെടുത്തത് ഫേസ്ബുക്കിലൂടെയാണ്. ആ മാര്‍ഗ്ഗംതന്നെ നമുക്ക് ഇവിടെയും സ്വീകരിക്കാം.
ഫേസ് ബുക്കില്‍ #plasticchallenge എന്ന് ടൈപ്പ് ചെയ്തശേഷം പ്ലാസ്റ്റിക് ചലഞ്ച് നടത്തിയതിന്റെ ഫോട്ടോകള്‍ നല്‍കാവുന്നതാണ്. ചെറിയ വിവരണംകൂടി നല്‍കുന്നത് കൂടുതല്‍ നന്നായിരിക്കും. കൂടാതെ, മൂന്നു സുഹൃത്തുക്കളെ പ്ലാസ്റ്റിക് ചലഞ്ചിനായി ക്ഷണിയ്ക്കുക. # ചിഹ്നത്തിനുശേഷം സ്പേസ് ഇടാതെയാണ് plasticchallenge എന്നത് ഒറ്റവാക്കായി നല്‍കേണ്ടത് എന്നതും ശ്രദ്ധിക്കുമല്ലോ..
റണ്‍.. പൂഞ്ഞാര്‍.. റണ്‍..
റണ്‍ കേരളാ റണ്ണിന്റെ ഭാഗമായി പൂഞ്ഞാര്‍ തെക്കേക്കരയില്‍ നടന്ന കൂട്ടയോട്ടം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍, പൂഞ്ഞാര്‍ IHRD എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക്, പൂഞ്ഞാര്‍ SN കോളേജ്. പൂഞ്ഞാര്‍ KSEB, പൂഞ്ഞാര്‍ റസിഡന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
Sunday, January 18, 2015
പ്ലാസ്റ്റിക് ചലഞ്ചിന് ഒരുക്കമാണോ..?
ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി എത്രയോ ചലഞ്ചുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. നന്മയ്ക്കുതകുന്നതെങ്കില്‍ ഏതു ചലഞ്ചും ഏറ്റെടുക്കുവാന്‍ മടിയ്ക്കേണ്ടതില്ലല്ലോ.. ഇതാ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്ന ഒരു ചലഞ്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകൂട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നു..
ഈ കാലഘട്ടത്തില്‍ കേരളത്തെ ഒന്നടങ്കം ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. ഇതില്‍തന്നെ ഏറ്റവും ഗൗരവമേറിയതാണ് പ്ലാസ്റ്റിക് മൂലമുള്ള മാലിന്യപ്രശ്നം. ഒരിക്കല്‍ നിര്‍മ്മിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും നശിക്കില്ല എന്ന കാരണത്താല്‍ , കരയിലും വെള്ളത്തിലും എല്ലാ പരിധികളും ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഇത് വളരെ ഗൗരവമേറിയ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പ്ലാസ്റ്റിക് നിര്‍മ്മിക്കുവാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെല്ലാം തീവ്ര വിഷപദാര്‍ത്ഥങ്ങളായതിനാല്‍ , ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതുമൂലവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിന്‍, ഫ്യൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ മാരക വിഷവാതകങ്ങള്‍ ശ്വസിക്കുന്നതുമൂലവും , ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ചുണ്ടാകുന്ന വന്ധ്യത തുടങ്ങിയവ സംഭവിക്കുന്നു. ഇങ്ങനെ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെതന്നെ ഗൗരവമായി ബാധിക്കുന്ന രോഗങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക സാധ്യമല്ല. കരണീയമായിട്ടുള്ളത്, വിവിധയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ്. ഇതിന് മുഴുവന്‍ കേരളീയരുടെയും ആത്മാര്‍ത്ഥവും ബോധപൂര്‍വ്വകവുമായ സഹകരണം ആവശ്യമാണ്. ഇതിലേയ്ക്ക് കേരളീയരുടെ മുഴുവന്‍ ശ്രദ്ധയും കരുതലും ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആഹ്വാനം ചെയ്യുന്ന പ്ലാസ്റ്റിക് ചലഞ്ചില്‍ താങ്കളും പങ്കാളിയാകണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മത-രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ക്കും എല്ലാ MLA-മാര്‍ക്കും ഈ കത്ത് ഞങ്ങള്‍ അയച്ചുകഴിഞ്ഞു.
ചലഞ്ച് : താങ്കളുടെ അധികാരപരിധിയില്‍ നേരിട്ടോ അല്ലാതെയോ വരുന്ന ഒരു സ്ഥാപനത്തിലും താങ്കള്‍ നേരിട്ടോ അല്ലാതെയോ നടത്തുന്ന ഒരു പൊതു പരിപാടിയിലും , പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് കപ്പിലുള്ള ഐസ്ക്രീം, പ്ലാസ്റ്റിക് ഫ്ലക്സ് ബാനറുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ല. അതുപോലെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ശ്രമിക്കും.
ഒരു സ്ഥാപനത്തിന്റെ മേലധികാരി എന്ന രീതിയിലോ അല്ലെങ്കില്‍ വ്യക്തിഗതമായോ ഈ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്. ഞങ്ങളുടെ ഈ ചലഞ്ച് ഏറ്റെടുക്കുന്നതായി കത്തു മുഖേനയോ ഞങ്ങളുടെ സ്കൂള്‍ ബ്ലോഗായ www.poonjarblog.com അല്ലെങ്കില്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജായ www.facebook.com/poonjarblog -ല്‍ കമന്റ് രേഖപ്പടുത്തിയോ അറിയിക്കുമല്ലോ.
സ്നേഹപൂര്‍വ്വം,
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍.
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
പൂഞ്ഞാര്‍ തെക്കേക്കര പി.ഒ.
പൂഞ്ഞാര്‍.
കോട്ടയം. 686582
ഫോണ്‍ : 04822 275420, 9497321466
Thursday, January 8, 2015
അപകടങ്ങള്‍ കണ്ടാല്‍ ഇനി ഇവര്‍ പകച്ചുനില്‍ക്കില്ല ..!
പൂഞ്ഞാര്‍ : അപകടത്തില്‍പെടുന്നവര്‍ക്ക് ഉടന്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ ശാസ്ത്രീയമായി പരിശീലിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പൂഞ്ഞാറിലെ ഒരു കൂട്ടം ജനങ്ങള്‍. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രഥമശുശ്രൂഷാ പരിശീലന പരിപാടിയായ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസിന്റെ വിദഗ്ധ ടീം നയിച്ച പരിപാടിയില്‍, പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നായി എഴുപതു പേര്‍ക്കാണ് പരിശീലനം നല്‍കിയത്.
വാഹനാപകടങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, തൊണ്ടയില്‍ ആഹാരം കുടുങ്ങിയുണ്ടാകുന്ന അപകടം, വിഷബധ, ഷോക്ക് തുടങ്ങിയവ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ മനുഷ്യശരീരത്തിന്റെ ഡമ്മിയുടെ സഹായത്തോടെയാണ് ഇവര്‍ ചെയ്തുപഠിച്ചത്. പരിസരങ്ങളില്‍ ലഭ്യമായ വിവിധ വസ്തുക്കള്‍ പ്രഥമശുശ്രൂഷക്കായി ഉപയോഗപ്പെടുത്തേണ്ട രീതികളും വിശദീകരിക്കപ്പെട്ടു.
ഐ.ഐ.ഇ.എം.എസ്. ട്രെയിനര്‍ രാജശേഖരന്‍ നായര്‍ പ്രധാന പരിശീലകനായപ്പോള്‍ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് മുന്‍പ് പൂര്‍ത്തിയാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ സഹായികളായെത്തി.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, വാര്‍ഡ് മെമ്പര്‍മാരായ റോജി തോമസ്, ജനാര്‍ദ്ദനന്‍ പി.ജി., മോന്‍സി സണ്ണി, രാജമ്മ ഗോപിനാഥ്, ആനിയമ്മ സണ്ണി, ഗീത രവീന്ദ്രന്‍, സിന്ധു ഷാജി എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു.
Thursday, January 1, 2015
ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് തുടക്കമായി..
പൂഞ്ഞാര്‍ : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് പുതുവത്സര ദിനത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങള്‍ വൃത്തിയാക്കി വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കും. സ്കൂളുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
പഞ്ചായത്തിലെ അഞ്ചുകേന്ദ്രങ്ങളിലായി ഔഷധസസ്യങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന ചെടികളുമടക്കമുള്ള സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ നേഴ്സറികള്‍ ആരംഭിക്കും. ആടുത്ത ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനത്തില്‍ ഇവിടെ വളര്‍ത്തിയെടുത്ത തൈകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടും.
പുതുവത്സര ദിനത്തില്‍ പദ്ധതിയുടെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും രംഗത്തെത്തി. കുളത്തുങ്കല്‍ മുതല്‍ പൂഞ്ഞാര്‍ ടൗണ്‍ പാലം ജംഗ്ഷന്‍ വരെയും പാതാമ്പുഴ വഴിയില്‍ കാട്ടറാത്തുപാലം വരെയുമുള്ള പൊതുവഴി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കി.
ജൈവ-അജൈവ മാലിന്യങ്ങള്‍ തിരിച്ച് , പ്ലാസ്റ്റിക് വേസ്റ്റുകള്‍ പ്രത്യേക കവറുകളിലാക്കി. ഇവ വൃത്തിയാക്കി റീ സൈക്ലിംഗ് യൂണിറ്റുകളിലെത്തിയ്ക്കും. വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന നേഴ്സറികളില്‍ ഒന്നായി പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്വവും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഏറ്റെടുത്തിട്ടുണ്ട്.
പരിപാടികള്‍ക്ക് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോമോന്‍ ഐക്കര, ബ്ലോക്ക് ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വന്തം ഗ്രാമത്തെ ശുചിത്വപൂര്‍ണ്ണമാക്കുവാനുള്ള കരുന്നുകളുടെ ആവേശം പൂഞ്ഞാര്‍ തെക്കേക്കര ഗ്രമാപഞ്ചായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.
പരിപാടികള്‍ക്ക് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോമോന്‍ ഐക്കര, ബ്ലോക്ക് ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വന്തം ഗ്രാമത്തെ ശുചിത്വപൂര്‍ണ്ണമാക്കുവാനുള്ള കരുന്നുകളുടെ ആവേശം പൂഞ്ഞാര്‍ തെക്കേക്കര ഗ്രമാപഞ്ചായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.
Wednesday, December 31, 2014
പൂഞ്ഞാര്‍ തെക്കേക്കരയില്‍ പൊതുജനങ്ങള്‍ക്കായി പ്രഥമശുശ്രൂഷാ പരിശീലനം ..
പൂഞ്ഞാര്‍ : അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കുന്ന പ്രഥമ ശുശ്രൂഷയാണ് പലപ്പോഴും ആളുകളുടെ ജീവന്‍ രക്ഷിക്കുക. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് നല്‍കേണ്ട ഇത്തരം പ്രഥമശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും സംയുക്തമായി ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. അന്റോണിയന്‍ ക്ലബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് ട്രെയിനര്‍ രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലനം നല്‍കുന്നത്.
ജനുവരി 3 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ചാവറ ഹാളിലാണ് പരിശീലനപരിപാടി നടക്കുക. പുരുഷന്‍മാരും സ്ത്രീകളുമടക്കം ഒരു വാര്‍ഡില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്നുമായി 70 പേരടങ്ങുന്ന ടീമിനാണ് ഇത്തവണ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുന്നത്. സെപ്റ്റംബര്‍ മാസം നടന്ന ആദ്യഘട്ടത്തില്‍ അന്റോണിയന്‍ ക്ലബിലെ അറുപതു കുട്ടികള്‍ പരിശീലനം നേടിയിരുന്നു. അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഈ രണ്ടാം ഘട്ടത്തില്‍ പരിശീലന സഹായികളായെത്തും. ഈ പരിശീലന പരിപാടികളില്‍ സംബന്ധിക്കുവാന്‍ താത്പ്പര്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുടെപക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 9895871371
Sunday, December 28, 2014
സെന്റ് ചാവറ ക്വിസ് ജനുവരി എട്ടിന്..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന സെന്റ് ചാവറ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം 2015 ജനുവരി എട്ടാം തീയതി സ്കൂളിലെ ചാവറ ഹാളില്‍ നടക്കുന്നു. പങ്കെടുക്കുവാന്‍ താത്പ്പര്യമുള്ള ടീമംഗങ്ങളുടെ പേരുകള്‍ 2015 ജനുവരി 2-നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കും മത്സരത്തിന്റെ വിശദവിവരങ്ങളും അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Wednesday, December 24, 2014
Tuesday, December 16, 2014
പൂഞ്ഞാര്‍ സ്വദേശി അരുണ്‍ കിഴക്കേക്കര മത്സ്യകൃഷിയില്‍ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു ..
പൂഞ്ഞാര്‍ : ജയന്റ് ഗൗരാമി മത്സ്യകൃഷിയിലൂടെ പൂഞ്ഞാര്‍ കുന്നോന്നി സ്വദേശി അരുണ്‍ കെ. ജാന്‍സ് കിഴക്കേക്കര ഇന്ന് കേരളക്കരയുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പൂഞ്ഞാര്‍ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് അരുണിനെ പരിചയമുണ്ട്. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് സംഘടിപ്പിച്ച കൃഷിപാഠം കാര്‍ഷിക പ്രദര്‍ശനത്തില്‍ അരുണിന്റെ ജയന്റ് ഗൗരാമി മത്സ്യസ്റ്റാള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന്റെ റിപ്പോര്‍ട്ടുകള്‍ ബ്ലോഗിലൂടെ കുറച്ചുപേരെങ്കിലും വായിച്ചിരിക്കുമല്ലോ..
രാഷ്ട്രദീപിക കര്‍ഷകന്‍ മാസികയുടെ ഈ ലക്കത്തില്‍ അരുണിനെക്കുറിച്ച് പ്രത്യേക ലേഖനമുണ്ട്. അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം മനസിലാക്കിയ എഡിറ്റര്‍ അരുണിനെ മാസികയുടെ മുഖചിത്രമാക്കാനും മറന്നില്ല. ഞങ്ങള്‍ അരുണിന്റെ വീട്ടിലെത്തി നേരില്‍കണ്ടു മനസിലാക്കിയ കാര്യങ്ങളെല്ലാം ഇവിടെ ലേഖകന്‍ ചുരുക്കി വിവരിച്ചിട്ടുണ്ട്. ആ ലേഖനഭാഗം ചുവടെ നല്‍കിയിരിക്കുന്നു.. പൂഞ്ഞാറിന്റെയും കുന്നോന്നിയുടെയും അഭിമാനമായി മാറിയിരിക്കുന്ന അരുണ്‍ കിഴക്കേക്കരയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങളും ആശംസകളും ..
കര്‍ഷകനില്‍ പ്രസിദ്ധീകരിച്ച ലേഖനഭാഗം ചുവടെ ചേര്‍ക്കുന്നു..
Subscribe to:
Posts (Atom)

























