Friday, December 13, 2019

പൂഞ്ഞാറിന്റെ സ്വന്തം S.R. കല്ലാറ്റ്..

        S.R. കല്ലാറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പൂഞ്ഞാര്‍ സ്വദേശി ശ്രീ. ശിവരാമൻ കല്ലാറ്റ് ലൈബ്രറി പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വൃക്തിയാണ്. നന്നേ ചെറുപ്പത്തിൽതന്നെ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം ഗ്രേഡ് ലൈബ്രേറിയനായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. 
      കേരള പഞ്ചായത്ത് ലൈബ്രേറിയൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ലൈബ്രറി കൗൺസിൽ മീനച്ചിൽ താലൂക്ക് സെക്രട്ടറി, കലാ സാഹിത്യ സംഘടനയായ ഭീംജി വിചാരവേദി സംസ്ഥാന സെക്രട്ടറി തുടങ്ങിയുള്ള വിവിധ സ്ഥാനങ്ങളിൽ ശ്രീ. S.R. കല്ലാറ്റ് സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്.  ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചതിനു ശേഷം പുസ്തക രചനയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഇതുവരെ 17 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹിപ്നോട്ടിസ പാഠങ്ങൾ എന്ന പുസ്തകം, MG യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ പഠന സഹായക ഗ്രന്ഥമാക്കുവാനായി, ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
     ബാലസാഹിത്യം, വിവർത്തനം, ചിന്തകൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രീ. S.R. കല്ലാറ്റ് നൽകിയിട്ടുള്ള മികവുറ്റ സംഭാവനകളെ പരിഗണിച്ച് ഈ വർഷത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന പൂഞ്ഞാറിന്റെ പ്രിയപ്പെട്ട S.R. കല്ലാറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.
      'പ്രതിഭകള്‍ക്കൊപ്പം വിദ്യാലയവും' എന്ന ഈ പരിപാടിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ന്യൂസ് ടീം തയ്യാറാക്കിയ 2 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചുവടെ നല്‍കുന്നു..

No comments:

Post a Comment