പൂഞ്ഞാര്‍ : മൂന്നു വ്യത്യസ്ത പരിപാടികള്‍ക്കാണ് നാളെ (നവംബര്‍ 1, 2014) പൂഞ്ഞാര്‍ വേദിയാകുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2014, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 'മീനച്ചിലാര്‍ സംരക്ഷണം നമ്മുടെ കടമ' എന്ന സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി, മിനി മാരത്തോണും ഇതോടൊപ്പം നടക്കും. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവിതശൈലീ രോഗനിര്‍ണ്ണയവും ദന്തപരിശോധനാ ക്യാമ്പുമാണ് പൊതുജനങ്ങള്‍ക്കായി നടത്തപ്പെടുന്ന മറ്റൊരു പരിപാടി. സ്കൂളിലെ ചാവറ ഹാളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 3 വരെയാണ് പരിപാടി നടക്കുക. കൂടാതെ സ്കൂളിലെ പഴയ ഹാളില്‍ , അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വവികസന സെമിനാറും ഇതേസമയം നടക്കുന്നു. ഈ പരിപാടികളുടെ വിശദവിവരങ്ങളടങ്ങിയ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.
Friday, October 31, 2014
Monday, October 27, 2014
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഇന്ന് ആരംഭിക്കും ..
പെരിങ്ങുളം : ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകള്‍ പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 27, 28 , 29 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ നടക്കുന്ന ഈ മേളകളില്‍ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ന് (ഒക്ടോബര്‍ 27) ശാസ്ത്ര-ഗണിതശാസ്ത്ര മേളകളും 28-ന് പ്രവൃത്തിപരിചയ മേളയും 29-ന് സാമൂഹ്യശാസ്ത്ര-ഐ.റ്റി. മേളകളും നടക്കും.
ഇന്ന് രാവിലെ 9.45-ന് , സ്കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് നരിതൂക്കിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. 29-ന് ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് നരിതൂക്കില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, എ.ഇ.ഒ. ടി.വി. ജയമോഹന്‍, ഹെഡ്മാസ്റ്റര്‍ ടോം ജോസ്, പി.റ്റി.എ. പ്രസിഡന്റ് സണ്ണി കല്ലാറ്റ് തുടങ്ങിയവര്‍ പ്രസംഗിക്കും.
മേളയുടെ റിസല്‍ട്ടുകള്‍ പൂഞ്ഞാര്‍ ബ്ലോഗില്‍ ലഭ്യമാണ്.
ഓരോ ദിവസങ്ങളിലെയും മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം വിശദമായ റിസല്‍ട്ട് മുകളില്‍ കാണുന്ന ശാസ്ത്രോത്സവം പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Wednesday, October 22, 2014
പ്ലാസ്റ്റിക് മാലിന്യവിമുക്ത നാടിനായി കൈ കോര്‍ക്കുക ..
ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍ , 'സ്വച്ഛ് ഗാവ് യോജന' (ശുചിത്വ ഗ്രാമ പദ്ധതി) പ്രോജക്റ്റിലൂടെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ ശുചിത്വത്തിലേക്ക് നയിക്കുന്ന അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവരുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും തെക്കേക്കര ഗ്രാമപ്പഞ്ചായത്തും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പൂഞ്ഞാര്‍ കാവല്‍മാടവും സംയുക്തമായാണ് 'സ്വച്ഛ് ഗാവ് യോജന'-യ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
കുറഞ്ഞ നിര്‍മ്മാണ ചെലവില്‍ ഏതു നിറത്തിലും രൂപത്തിലും ഉണ്ടാക്കുവാനുള്ള സൗകര്യം , കൈകാര്യം ചെയ്യാനുള്ള എളുപ്പം തുടങ്ങിയ കാരണങ്ങളാല്‍ പ്ലാസ്റ്റിക് ഇന്ന് ലോകമെമ്പാടും ജീവിതത്തിന്റെ സമസ്ത മേഖലകളെയും കീഴടക്കിയിരിക്കുന്നു . ഉപയോഗം വളരെ വ്യാപകമായതോടെ പ്ലാസ്റ്റിക് മൂലമുള്ള ദുരന്തങ്ങള്‍ അതിലും വ്യാപകമായി. അതിനാല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വളരെ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവിതലമുറയുടേതെന്നല്ല , ഇന്നുള്ള നമ്മുടെയും പ്രകൃതിയുടെയും നാശത്തിനും അത് കാരണമാകും .
പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍
ഇന്ന് നമ്മള്‍ പ്ലാസ്റ്റിക് കൂടുകളും കുപ്പികളും ഉപയോഗശേഷം വീടിന് പുറത്തേക്കും വഴിയിറമ്പുകളിലേക്കും നദികളിലേക്കും വനങ്ങളിലേക്കും വലിച്ചെറിയുന്നു. ഇങ്ങനെ ഏറിയപ്പെടുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ മണ്ണില്‍ ലയിച്ചു ചേരുവാന്‍ വളരെ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. അതിനാല്‍
- നമ്മുടെ തന്നെ വളര്‍ത്തുമൃഗങ്ങളും വന്യ ജീവികളും ജലജീവികളും ഇവ തിന്ന് ചാകുന്നതിനിടവരുന്നു.
- നാടും നഗരവും ഭവനപരിസരങ്ങളും വിനോദ യാത്രാ കേന്ദ്രങ്ങളും വനങ്ങളും തോടുകളും നദികളും കടലും മലിനമാകുന്നു .
- വീടുകളിലെയും മറ്റും ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി എറിയുന്നതിനാല്‍ അവ അഴുകി മണ്ണോടു മണ്ണാകാന്‍ കാലതാമസം നേരിടുന്നു. ഇത് ദുര്‍ഗന്ധവ്യാപനത്തിനും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
- മലിനജലം പ്ലാസ്റ്റിക് സാധനങ്ങളില്‍ കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങള്‍ പടരുവാന്‍ കാരണമാകുന്നു.
- പ്ലാസ്റ്റിക് സാധനങ്ങള്‍ തടഞ്ഞുനിന്ന് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നു.
- പ്ലാസ്റ്റിക് നിരന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ മഴവെള്ളം താഴാതെ ഭൂമി ദാഹിച്ചു മരിക്കുന്നു.
- ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്നു.
പ്ലാസ്റ്റിക് കത്തിച്ചാല്‍ പലതരം വിഷവാതങ്ങളുണ്ടാകുന്നു.
ഉദാ:1.ഡയോക്സിന്‍ (ഇതിലും വീര്യം കൂടിയ മറ്റൊരു വിഷവാതകം ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.)
2.ഫ്യൂറാന്‍
3.കാര്‍ബണ്‍മോണോക്സൈഡ്
4.കാര്‍ബണ്‍ഡൈഓക്സൈഡ് (ആഗോള താപനത്തിന് കാരണമാകുന്നു.)
പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍
പ്ലാസ്റ്റിക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത സാധനങ്ങള്‍ വിഷപദാര്‍ത്ഥങ്ങളാണ്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും കൂടുകളില്‍ നിന്നും , പ്രത്യേകിച്ച് ചൂടുളളതോ എണ്ണമയമുളളതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് , പ്ലാസ്റ്റിക്കിന്റെ ചെറുകണിക എളുപ്പം ലയിച്ചു ചേരുന്നു. അതു കൊണ്ടാണ് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സുക്ഷിക്കുന്ന ഭക്ഷണത്തിന് പ്ലാസ്റ്റിക്കിന്റെ മണവും ചുവയും ഉണ്ടാകുന്നത്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലുടെയും മുകളില്‍ പറഞ്ഞ വിഷവാതകങ്ങള്‍ ശ്വസിക്കുന്നതിലൂടെയും ക്യാന്‍സര്‍ , ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.
ഹോര്‍മോണ്‍ തകരാറുണ്ടായി , ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളും , പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും സ്വഭാവം കാണിക്കുന്നതിനിടവരുന്നു.പെണ്‍കുട്ടികള്‍ വളരെ നേരത്തെ ശാരീരിക പക്വത കാണിക്കുന്നതിന് ഇടവരുന്നു.ആണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നു.
ഗര്‍ഭസ്ഥ ശിശുക്കളെപോലും വളരെ ദോഷകരമായി ബാധിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- യാതൊരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കുവാന്‍ പാടില്ല.
- പ്ലാസ്റ്റിക് ഭരണികളിലും കുപ്പികളിലും കൂടുകളിലും ഭക്ഷണം സൂക്ഷിക്കുന്നതും എടുക്കുന്നതും ഒഴിവാക്കുക.
- പരമ പ്രധാനമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുക.
പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം : 5 R-കള്‍
1. Refuse - നിരസിക്കുക
കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ , പ്രത്യേകിച്ച് സ്വന്തം വാഹനങ്ങളില്‍ പോകുന്നവര്‍ , കടലാസ്സില്‍ മാത്രം പൊതിഞ്ഞു വാങ്ങുക.
2. Reduce - ഉപയോഗം കുറയ്ക്കുക
ഒന്നിലധികം കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കുടിനുള്ളില്‍ മറ്റ് കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളും ഇടുക.
3. Reuse-വീണ്ടും ഉപയോഗിക്കുക
കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കടുമായി പോവുക.
4. Recover-ശേഖരിക്കുക
അറിവില്ലാതെ ഇതിനകം പുറത്തെറിഞ്ഞുകളഞ്ഞ പ്ലാസ്റ്റിക് സാധനങ്ങള്‍ പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
5. Recycle-പുനര്‍ചംക്രമണത്തിന് കൊടുക്കുക.
പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി , വെയിലും മഴയും ഏല്‍ക്കാതെ സൂക്ഷിച്ചാല്‍ കച്ചവടക്കാര്‍ വാങ്ങും.
ഗുണമേന്മ അടയാളം
ഗുണമേന്മയുള്ള പ്ലാസ്റ്റിക് പാത്രങ്ങളുടെയും ഭരിണികളുടെയും കുപ്പികളുടെയും അടിയില്‍ ത്രികോണത്തിനുള്ളില്‍ 1 മുതല്‍ 7 വരെ അടയാളപ്പെടുത്തിയിരിക്കും. അതില്‍ 4 , 5 , 7 നമ്പറുകളുള്ളവ മാത്രമാണ് വീണ്ടും ഉപയോഗിക്കാവുന്നത്.
Wednesday, October 15, 2014
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അന്റോണിയന്‍ ടീം തയ്യാര്‍ ..
പൂഞ്ഞാര്‍ : അപകടങ്ങള്‍ കണ്ടാല്‍ പകച്ചുനില്‍ക്കാതെ അടിയന്തരമായി നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ പരിശീലിച്ച ആത്മവിശ്വാസത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് ഓര്‍ഗനൈസേഷനായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് (ഐ.ഐ.ഇ.എം.സ്.) നടത്തുന്ന ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സാണ് ഈ കുട്ടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മനുഷ്യശരീരത്തിന്റെ ഡമ്മിയുടെയും സ്ലൈഡ് - വീഡിയോ പ്രദര്‍ശനങ്ങളുടെയും അത്യാധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള ആംബുലന്‍സിന്റെയും സഹായത്തോടെ വീദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടന്നത്.
കോഴ്സ് പൂര്‍ത്തിയാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും നല്‍കുന്ന പ്രഥമശുശ്രൂഷാ പരിശീലനം നാളെ പൂര്‍ത്തിയാകും. ഐ.ഐ.ഇ.എം.സ്. ട്രെയിനര്‍ രാജശേഖരന്‍ നായര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ജാന്‍സി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Sunday, October 12, 2014
സാന്‍ജോ സ്പോര്‍ട്ട്സ് ആവേശമായി..
കോട്ടയം (ഒക്ടോബര്‍ 11) : ഇടയ്ക്കുപെയ്ത കനത്തമഴയ്ക്കും സാന്‍ജോ സ്പോര്‍ട്ട്സിന്റെ ആവേശം കെടുത്താനായില്ല. കായികരംഗത്ത് ഭാരതത്തിന്റെ നാളത്തെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിച്ചുകൊണ്ട് CMI സ്കൂളുകളിലെ കൗമാരതാരങ്ങള്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഉജ്ജ്വലപ്രകടനം കാഴ്ച്ചവച്ചു. CMI കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നുള്ള ആയിരത്തോളം കുട്ടികളാണ് സാന്‍ജോ സ്പോര്‍ട്ട്സില്‍ പങ്കെടുത്തത്.
രാവിലെ 9.30-നു നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.പി. മധു പി.കെ. സാന്‍ജോ സ്പോര്‍ട്ട്സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി CMI സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രാമപുരം സെന്റ് ആഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. അമനകര സെന്റ് പയസ് ആശ്രമ പ്രിയോര്‍ ഫാ. സഖറിയാസ് കളപ്പുരയ്ക്കല്‍ CMI, അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിജി പി. ജോര്‍ജ്ജ്, അനില്‍ എ.കെ. എന്നിവര്‍ സംസാരിച്ചു. അനീഷ് കുര്യന്‍, ടോണി എം. ജോസഫ്, അലോഷ്യസ് ജേക്കബ്, നെല്‍സണ്‍ മാത്യു, ഷൈന്‍ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗെയിംസ് മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ വേദികളിലായി നടക്കും.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കൂ...
Please Visit - www.facebook.com/poonjarblog
Subscribe to:
Posts (Atom)