Friday, February 27, 2015

മനോരമ നല്ലപാഠം - പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് ജില്ലയില്‍ മൂന്നാം സ്ഥാനം..


പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ഗുരുകുലം പദ്ധതിയ്ക്ക് തുടക്കമായി..

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ആരംഭിച്ച ഗുരുകുലം 2015 പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, അദ്ധ്യാപകരായ ഡെയ്സമ്മ ജോസഫ്, മിനി കെ. ജോര്‍ജ്ജ്, ടോണി പുതിയാപറമ്പില്‍ , ആലീസ് ജേക്കബ് എന്നിവര്‍ സമീപം.
            പൂഞ്ഞാര്‍ : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ഗുരുകുലം 2015 പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം സ്കൂളില്‍ താമസിച്ചു പ‌ഠിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു. വിവിധ സാഹചര്യങ്ങളാല്‍ പഠനത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അറുപതോളം കുട്ടികള്‍ക്കായി നടത്തിവന്ന സായാഹ്ന ക്ലാസുകളുടെയും മറ്റു പരിശീലന പരിപാടികളുടെയും അവസാനഘട്ടമായാണ് ഗുരുകുലം 2015 ആരംഭിച്ചിരിക്കുന്നത്. 


            എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന 142 കു‌ട്ടികളുടെയും ഭവനങ്ങളില്‍ അദ്ധ്യാപകര്‍ സന്ദര്‍ശനം നടത്തുകയും അവരുടെ യാത്രാ ക്ലേശങ്ങളും വീട്ടിലെ പഠന സൗകര്യങ്ങളുടെ അപര്യാപ്തതയും നേരില്‍ കാണുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ഈ വര്‍ഷവും ഗുരുകുലം പദ്ധതി തുടരുവാന്‍ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അറുപതു കുട്ടികളെ രണ്ടാഴ്ച്ചക്കാലം പൂര്‍ണ്ണമായും സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നു. അവര്‍ക്കുള്ള ഭക്ഷണവും താമസസൗകര്യങ്ങളുമെല്ലാം സ്കൂളില്‍തന്നെ ഒരുക്കുന്നു. 
            ഗുരുകുലം 2015 -ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, ടോണി പുതിയാപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Tuesday, February 17, 2015

ശ്രീ ഗാന്ധി സ്മാരക ക്വിസ് മത്സരം..

ഒലയനാട് SGMUPS സംഘടിപ്പിക്കുന്ന ഏഴാമത് ശ്രീ ഗാന്ധി സ്മാരക അഖില കേരള ക്വിസ് മത്സരം 2015 ഫെബ്രുവരി 19, വ്യാഴാഴ്ച്ച നടക്കുന്നു. വിശദവിവരങ്ങള്‍ ചുവടെയുള്ള നോട്ടീസില്‍..

Saturday, February 7, 2015

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ 'ഗുരുകുലം 2015'


            ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രത്യേക പഠന പദ്ധതിയായ ഗുരുകുലം 2015-ന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ തുടക്കമായി. എല്ലാ വിഷയങ്ങള്‍ക്കും മികച്ച ഗ്രേഡുകള്‍  കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ കൂടുതല്‍ പഠനസഹായം  ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി ഉയര്‍ന്നവിജയം കരസ്ഥമാക്കുവാന്‍ അവരെ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 
            പേരു സൂചിപ്പിക്കുന്നതുപോലെ, പഴയ ഗുരുകുല സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്നവിധം, ഇനിയുള്ള ദിവസങ്ങളില്‍ അധ്യാപകരും കുട്ടികളും സ്കൂളിനെ വീടാക്കി മാറ്റുകയാണ്. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണത്തോടെയുള്ള പഠന പരിശീലനം ആരംഭിച്ചുകഴിഞ്ഞു. SSLC പരീക്ഷ അടുക്കുമ്പോള്‍ ഇവര്‍ സ്കൂളില്‍ താമസിച്ച് പഠിക്കും. പിന്നെ പരീക്ഷകള്‍ക്ക് ശേഷമാകും ഇവര്‍ തിരികെ വീട്ടിലേയ്ക്ക് പോവുക. ഇത്തവണ SSLC പരീക്ഷ എഴുതുന്ന 142 വിദ്യാര്‍ഥികളില്‍  അറുപത് കുട്ടികളാണ് 'ഗുരുകുലം 2015'-ലൂടെ മികച്ച വിജയത്തിനായി യത്നിക്കുന്നത്. 
            കഴിഞ്ഞ വര്‍ഷം നടത്തിയ ഗുരുകുലം 2014 പദ്ധതിയിലൂടെ സ്കൂള്‍ 100% വിജയവും കുട്ടികള്‍ മികച്ച ഗ്രേഡുകളും കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും ഈ വിജയം ആവര്‍ത്തിക്കുവാനായി ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI -യുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരു മനസ്സോടെ യത്നിക്കുകയാണ്. ഇവര്‍ക്കായി ഏവരും പ്രാര്‍ഥിക്കുമല്ലോ..