Tuesday, April 22, 2014

പൂഞ്ഞാറിന്റെ കൊച്ചുമിടുക്കര്‍ക്ക് അഭിന്ദനങ്ങള്‍..


175 കുട്ടികളെ SSLC പരീക്ഷയില്‍ പങ്കെടുപ്പിച്ച് 100% വിജയം കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസിനും full A+ ഉള്‍പ്പെടെയുള്ള മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കിയ കൊച്ചുമിടുക്കര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെയും അന്റോണിയന്‍ ക്ലബിന്റെയും അഭിനന്ദനങ്ങള്‍..

Wednesday, April 16, 2014

ഗുരുകുലത്തിലൂടെ SSLC പരീക്ഷയില്‍ നൂറു ശതമാനം കരസ്ഥമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..


ഗൗതം കൃഷ്ണ
ട്രീസാ ജെയിംസ്
 പൂഞ്ഞാര്‍ : പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന മികവ് പുലര്‍ത്തുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണ SSLC പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയത് 'ഗുരുകുലം' അടക്കമുള്ള ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളിലൂടെ. മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന അന്‍പതില്‍പരം കുട്ടികളെ സ്കൂളില്‍ താമസിച്ചു പഠിപ്പിച്ച ഗുരുകുലം 2014 പദ്ധതിയിലൂടെയുമാണ് പരീക്ഷയെഴുതിയ 175 കുട്ടികളെയും മികച്ച വിജയത്തിലേയ്ക്ക് എത്തിക്കാനായതെന്ന് ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര പറഞ്ഞു. രാത്രി വൈകിയും അതിരാവിലെയുമൊക്കെ കുട്ടികളെ ഉണര്‍ത്തി പഠിപ്പിക്കുവാനും ഭക്ഷണം തയ്യാറാക്കുവാനും അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും എത്തിച്ചേര്‍ന്നിരുന്നു.  ആഴ്ച്ചകള്‍ നീണ്ടുനിന്ന ഈ അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ കൂട്ടായ്മയുടെ വിജയത്തില്‍ സെന്റ് ആന്റണീസ് കുടുംബത്തിനൊപ്പം പൂഞ്ഞാര്‍ ഗ്രാമവും ആഹ്ലാദിക്കുന്നു.
            ഗൗതം കൃഷ്ണ, ട്രീസാ ജെയിംസ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയപ്പോള്‍  അശ്വിന്‍ ആര്‍., ആരോമല്‍ കെ.എസ്., ആതിര ഗോപിനാഥന്‍, അനു തങ്കച്ചന്‍ എന്നിവര്‍ക്ക് ഒരു വിഷയത്തിന് മാത്രം A+ നഷ്ടമായി. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപകരെയും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളുടെ SSLC വിജയ ശതമാനം ..


ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളുടെ SSLC വിജയ ശതമാനം ചുവടെ ചേര്‍ക്കുന്നു. പരീക്ഷ എഴുതിയ കുട്ടികളുടെ ആകെ എണ്ണവും  സ്കൂള്‍ കോഡും  ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു.


St Antony's HSS Poonjar -100% (175, 32014)

LF HS Chemmalamattom -100% (134, 32005)

AM HSS Kalaketty - 100% (67, 32004)

St Antony's HS Vellikulam - 100% (65, 32018)

St Augustin's HS Peringulam - 100% (54, 32022)

MGPNSS HS Thalanad - 100% (21, 32016)

MG HSS Erattupetta - 99% (250, 32003)

SMV HSS Poonjar - 99% (123, 32013)

St George HSS Aruvithura - 99% (100, 32001) 

St Mary's HSS Teekoy - 98% (143, 32015) 

St George's HS Koottickal - 98% (94, 32012)

JJMM HSS Yendayar - 97% (135, 32011) 

St Pauls Valiyakumaramangalam - 97% (106, 32019)

St Mariya Goretti HS Chennad - 95% (66%, 32002)   

Gov. VHSS Thidanadu - 79% (58, 32057)   

Govt HS Adukkom - 66% (15, 32017)  

Govt. HSS Erattupetta - 66% (15, 32008) 

Tuesday, April 15, 2014

SSLC Result 2014 ..            2013-14 വര്‍ഷത്തെ SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്ന പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
             സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. മാത്സ് ബ്ലോഗില്‍ വിശദമായ റിസല്‍ട്ടിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ചുവടെയുള്ള  മാത്സ് ബ്ലോഗ് ലിങ്കുകള്‍ കൂടുതല്‍ ഉപകാരപ്പെടും. 


സ്കൂള്‍ കോഡുകള്‍

St Antony's HSS Poonjar (32014)

SMV HSS Poonjar (32013)

MG HSS Erattupetta (32003) 

St Mary's HSS Teekoy (32015) 

LF HS Chemmalamattom (32005) 

JJMM HSS Yendayar (32011) 

St Antony's HSS Plasanal (31075) 

St George HSS Aruvithura (32001) 

St Pauls Valiyakumaramangalam (32019) 

St George's HS Koottickal (32012)

St Augustin's HS Peringulam (32022)  

Gov. VHSS Thidanadu (32057) 

St Mariya Goretti HS Chennad (32002)

AM HSS Kalaketty (32004) 

St Antony's HS Vellikulam (32018) 

MGPNSS HS Thalanad (32016) 

Govt HS Adukkom (32017)  

Govt. HSS Erattupetta (32008) 

Monday, April 14, 2014

അരുവിത്തുറ തിരുനാള്‍ നാളെ മുതല്‍ മെയ് 1 വരെ ..


            
അരുവിത്തുറ വല്യച്ചന്റെ തിരുനാള്‍ സമാഗതമായി. ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെ നടക്കുന്ന തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനങ്ങള്‍ ഏപ്രില്‍ 23, 24, 25 തീയതികളിലാണ്. തിരുനാളിന്റെ വിശദ വിവരങ്ങളും അരുവിത്തുറ പള്ളിയുടെ ചരിത്രവും വല്യച്ചന്‍ മലയുടെ നാള്‍ വഴിയും വിവരിക്കുന്ന 16 പേജുള്ള നോട്ടീസ്  PDF രൂപത്തില്‍  ചുവടെ ചേര്‍ക്കുന്നു.Tuesday, April 8, 2014

പൂഞ്ഞാറിലെ ഗ്രീന്‍ ടീം ശ്രദ്ധേയമായി..


GT@School ഉദ്ഘാടനം - കെ.ആര്‍.ജയന്‍
     പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കിയ ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. കുട്ടികളിലും അവരിലൂടെ സമൂഹത്തിലും പരിസ്ഥിതി സ്നേഹവും കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സമാപന സമ്മേളനത്തില്‍ , മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള കര്‍ഷകമുകുളം അവാര്‍ഡുകള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ വിതരണം ചെയ്തു. 
'എന്റെ കൃഷി എന്റെ ഭക്ഷണം' ഉദ്ഘാടനം - അനൂപ് ചന്ദ്രന്‍
     സ്കൂള്‍ വര്‍ഷാരംഭമായ ജൂണ്‍ മുതല്‍ മാസത്തില്‍ ഒരു പ്രവര്‍ത്തനം വീതമാണ് ഗ്രീന്‍ ടീം പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സിനിമാതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത എന്റെ കൃഷി എന്റെ ഭക്ഷണം പദ്ധതി, വീട്ടുപരിസരങ്ങളിലെ ഭക്ഷ്യയോഗ്യമായ ഇലച്ചെടികള്‍ പരിചയപ്പെടുത്തുവാനായി ദേശീയ ജനിതക അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര നയിച്ച ഇലയറിവ് സെമിനാര്‍, ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനമായ ദി ബീറ്റ്സ് ഓഫ് നേച്ചര്‍, പ്ലാവിന്റെയും ചക്ക ഉത്പ്പന്നങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് തൃശൂര്‍ സ്വദേശി കെ.ആര്‍.ജയന്‍ നയിച്ച ശില്‍പ്പശാല, കര്‍ഷക മുകുളങ്ങളെ കണ്ടെത്തുവാനുള്ള മത്സരം തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 
ഇലയറിവ് സെമിനാര്‍
     പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ നടന്ന ഈ പ്രോജക്റ്റിന് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tuesday, April 1, 2014

പി.ഡി. ബേബി സാറിന് യാത്രാമംഗളങ്ങള്‍..       പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം  മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ പ്രഥമാധ്യാപകനായി സ്ഥാനമേല്‍ക്കുന്ന  പി.ഡി. ബേബി സാറിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകളും യാത്രാമംഗളങ്ങളും.
        മികച്ച അദ്ധ്യാപകനുള്ള 2010-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച ബേബിസാര്‍ കഴിഞ്ഞ 25 വര്‍ഷമായി വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമാണ്. യു. പി. , ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങളുടെ രചനയില്‍ അദ്ദേഹവും പങ്കാളിയാണ്. സയന്‍സ് വിഷയത്തിലെ പ്രഗത്ഭനായ സംസ്ഥാനതല പരിശീലകന്‍ , പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി , ദിനപത്രങ്ങളില്‍ സയന്‍സ് കോളങ്ങളിലെ എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലും പി. ഡി. ബേബിസാര്‍ പ്രശസ്തനാണ്.

Saturday, March 29, 2014

വൈകല്യങ്ങള്‍ വൈഷ്ണവിയെ തളര്‍ത്തുന്നില്ല..

       വൈകല്യത്തോടെ ജനിച്ചുവീഴുന്ന കുട്ടികളുടെ ഭാവി എന്തായിത്തീരും. മറ്റുള്ളവരില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടി, സ്കൂളില്‍ സഹതാപമേറ്റുവാങ്ങുന്നതിനാല്‍ മറ്റുള്ളവര്‍ക്കു ലഭിക്കുന്ന അവസരങ്ങളൊക്കെ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു, നാലാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ സ്വയം ഉള്‍വലിയുന്ന ഈ കുട്ടികളെ പൊതു സദസ്സിനു മുന്‍പില്‍ എത്തിക്കുവാന്‍ മടിക്കുന്ന രക്ഷിതാക്കള്‍.. ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്ന കാഴ്ച്ചകള്‍. എന്നാല്‍ ഇതിനെല്ലാം അപവാദമാകുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സാബു. ഈ മിടുക്കി, സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ കയറി പാടുന്നു.. പ്രസംഗിക്കുന്നു.. നൃത്തച്ചുവടുകള്‍ വയ്ക്കുന്നു.. അവളുടെ പാട്ടിലും പ്രകടനങ്ങളിലും ധാരാളം പോരായ്മകളുണ്ടാകാം.. പക്ഷേ തന്നിലെ ചെറിയ കഴിവുകളെപോലും കണ്ടെത്തുവാനും അതു പ്രകടിപ്പിക്കുവാനും ശ്രമിച്ചുകൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച് കരുത്തുകാട്ടുന്നു എന്നതിനാലാണ് ഞങ്ങള്‍ വൈഷ്ണവിയെ നിങ്ങള്‍ക്കുമുന്‍പില്‍ പരിചയപ്പെടുത്തുന്നത്. രണ്ടര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചുവടെ ചേര്‍ക്കുന്നു. കണ്ടുനോക്കൂ.. ഈ അതിജീവന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കൂ..

Tuesday, March 25, 2014

പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ശ്രദ്ധിക്കുക..

            ഏപ്രില്‍ പത്തിനു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗസ്ഥന്മാര്‍ക്ക് സഹായകമായ നിരവധി പോസ്റ്റുകള്‍ വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം  വിവരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മലയാളത്തിലുള്ള വീഡിയോ ചുവടെ ചേര്‍ക്കുന്നു. കൂടാതെ ഹൈസ്കൂള്‍ വിഭാഗം അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗില്‍ വന്ന, ഏറെ ഉപകാര പ്രദമായ വിവരങ്ങളടങ്ങിയ ഒരു പോസ്റ്റിന്റെ ലിങ്കും ഇവിടെ നല്‍കിയിരിക്കുന്നു. വോട്ടിംഗ് ഉപകരണങ്ങള്‍ കൈപ്പറ്റുന്ന നിമിഷം മുതല്‍ തിരികെ നല്‍കുന്ന സമയം വരെ ചെയ്യേണ്ട എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി വിവരിക്കുന്ന ഈ ലേഖനം, ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും വളരെ പ്രയോജനപ്പെടും എന്നു തീര്‍ച്ച. ഇവ രണ്ടും കണ്ടുനോക്കൂ.. ഈ വിവരങ്ങള്‍ ഷെയര്‍ ചെയ്യൂ..

Wednesday, March 19, 2014

അടിവാരത്തുനിന്ന് വാഗമണ്‍ കുരിശുമല കയറിയിട്ടുണ്ടോ..?

അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം

പൂഞ്ഞാര്‍ : സാഹസികത നിറഞ്ഞ മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ക്കും ക്രൈസ്തവരുടെ ഈ വലിയനോമ്പുകാലത്ത് സഹനം നിറഞ്ഞ കുരിശിന്റെ വഴി തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും പൂഞ്ഞാര്‍-അടിവാരം വഴിയുള്ള വാഗമണ്‍ കുരിശുമല കയറ്റം ആസ്വദിക്കാനാകും. പൂഞ്ഞാറില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്തും. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട അടിവാരമെന്ന മലയോര ഗ്രാമത്തില്‍ ടാര്‍ റോഡുകള്‍ അവസാനിക്കും. പിന്നെ മലകയറ്റമാണ്. വാഗമണ്‍ കുരിശുമലയുടെ അടിഭാഗത്തായാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. അടിവാരം സെന്റ് മേരീസ് ദൈവാലയത്തോടു ചേര്‍ന്നുള്ള വഴിയെ ഏതാണ്ട് നാലു മണിക്കൂര്‍ തുടര്‍ച്ചയായി നടന്നു മലകയറിയാല്‍ വാഗമണ്‍ കുരിശുമലയുടെ ഏറ്റവും മുകളിലുള്ള പ്രധാന കുരിശിന്റെ ചുവട്ടിലെത്താം. സാഹസികത നിറഞ്ഞ ഒരു ട്രക്കിംഗ്.
ലാറി ബേക്കര്‍ 1968-ല്‍ പണിതീര്‍ത്ത പഴയ ദൈവാലയം.
            പോകുന്ന വഴിയില്‍ കാഴ്ച്ചകളും നിരവധി. അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം സന്ദര്‍ശിക്കാതെ ആരും മല കയറാറില്ല. ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ലാറി ബേക്കറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 1968-ല്‍ പണിതീര്‍ത്തതായിരുന്നു ഈ ദൈവാലയം. ചെലവ് കുറഞ്ഞതും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യവുമായിരുന്നെങ്കിലും കാലാന്തരത്തില്‍  ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തനാളില്‍ പഴയ ദൈവാലയം പൊളിച്ച് അതേ മാതൃകയില്‍ പുതിയത് പണിതീര്‍ത്തിരിക്കുന്നു. 

            പള്ളിയോട് ചേര്‍ന്ന് കുരിശുമലയിലേയ്ക്കുള്ള കുറച്ചു ദൂരം ജീപ്പില്‍  സഞ്ചരിക്കാവുന്ന വഴിത്താരയാണ്. അതിനുശേഷം ഒരാള്‍ക്കുമാത്രം നടന്നു കയറാവുന്ന ഒറ്റയടിപ്പാതകള്‍ ആരംഭിക്കും. സ്വകാര്യവ്യക്തികളുടെ തരിശുഭൂമിയും സര്‍ക്കാര്‍ ഭൂമിയും കാടിന്റെ പ്രതീതി ഉണര്‍ത്തും. കൃത്യമായി വഴി തിരിച്ചറിഞ്ഞില്ലെങ്കിലും മുകളില്‍ കാണുന്ന കുരിശുമല ലക്ഷ്യമാക്കി കാടുവെട്ടിത്തെളിച്ചുകൊണ്ടുള്ള യാത്ര എന്നുവേണമെങ്കില്‍ പറയാം. ദാഹമകറ്റാന്‍ ശുദ്ധജലമൊഴുകുന്ന അരുവിയും സീസണനുസരിച്ച് മാമ്പഴം, കമ്പിളി നാരങ്ങ, പേരയ്ക്ക തുടങ്ങിയവയും വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെയും തീര്‍ത്ഥാടകരെയും പ്രതീക്ഷിച്ച് ഇവിടെ കാത്തുനില്‍ക്കുന്നു. കയറുന്നവഴി തിരിഞ്ഞുനോക്കിയാല്‍ ലഭിക്കുന്ന  പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളുടെ വിദൂരക്കാഴ്ച്ചയും ഒരു വ്യത്യസ്താനുഭവമാണ്.
          കുരിശുമല അടുക്കാറാകുമ്പോള്‍ പുല്‍മേടുകളായി. പാറകളില്‍ അള്ളിപ്പിടിച്ചും ബാലന്‍സ് ചെയ്തും കയറേണ്ട ഭാഗങ്ങള്‍ ഇവിടെയുണ്ട്. തണല്‍ വൃക്ഷങ്ങളില്ലാത്തതിനാല്‍ ഇവിടെയെത്തുമ്പോള്‍ സൂര്യന്റെ ചൂട് അല്‍പ്പം വിഷമിപ്പിച്ചേക്കാം. സാധാരണയായി സഞ്ചാരികള്‍ രാവിലെ എട്ടുമണിയോടെ അടിവാരത്തുനിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് കുരിശുമലയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. തിരിച്ച് വാഗമണ്ണില്‍ നിന്ന് ബസില്‍ മടങ്ങുന്നതാണ് നല്ലത്. ഈ വഴിയുള്ള തിരിച്ചിറക്കം പ്രയാസമേറിയതും അപകടം നിറഞ്ഞതുമാണ്. 
     നോമ്പുകാലത്തെ ദുഖവെള്ളിയോടനുബന്ധിച്ച ദിവസങ്ങളില്‍ , സ്ഥിരം തീര്‍ത്ഥാടകര്‍ കുരിശുമലയിലേയ്ക്കുള്ള വഴി തെളിച്ചിടും എന്നതിനാല്‍ പരിചയമില്ലാത്തവര്‍ ആ സമയം തെരഞ്ഞെടുക്കുന്നതാകും ഉചിതം. ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരംമുതല്‍  ഈ വഴി തീര്‍ത്ഥാടകര്‍ സഞ്ചാരം തുടങ്ങും എന്നു പ്രതീക്ഷിക്കുന്നു. എന്താ.. ആ കൂടെ നിങ്ങളും ഉണ്ടാകുമോ..?

Thursday, March 13, 2014

തെയ്യാമ്മ ടീച്ചറിന് ആദരാഞ്ജലികള്‍..

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അധ്യാപിക, പൂഞ്ഞാര്‍ പറയന്‍കുഴിയില്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ (തെയ്യാമ്മ ടീച്ചര്‍ - 75) ഇന്ന് വെളുപ്പിന് അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (14/03/2014, വെള്ളി) ഉച്ചകഴിഞ്ഞ് 3.30-ന് പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍. (പരേത പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അധ്യാപകനായ സെബാസ്റ്റ്യന്‍ സാറിന്റെ ഭാര്യയാണ്). ടീച്ചറിന് സെന്റ് ആന്റണീസ് കുടുബത്തിന്റെ ആദരാഞ്ജലികള്‍.

Tuesday, March 11, 2014

പൂഞ്ഞാറില്‍ നാളെ കാവടി ഘോഷയാത്രയും പകല്‍പ്പൂരവും..

            പൂഞ്ഞാര്‍  : മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര നാളെ (12/03/2014, ബുധന്‍) നടക്കും. കാലങ്ങളായി ജാതി-മത വ്യത്യാസമില്ലാതെ പൂഞ്ഞാര്‍ ഗ്രാമം ഒന്നാകെ കൊണ്ടാടുന്ന ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മങ്കുഴി ഉത്സവം. കാവടി ഘോഷയാത്രയില്‍ പങ്കെടുക്കുന്ന എല്ലാ കരകളില്‍ നിന്നുമുള്ള  ഭക്തജനങ്ങള്‍ പൂഞ്ഞാര്‍ ടൗണില്‍ കേന്ദ്രീകരിച്ച് രാവിലെ പതിനൊന്നു മണിയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. അലങ്കാരക്കാവടികളും ചെണ്ടമേളവും നിറവും താളവും പകരുന്ന  ഘോഷയാത്രയില്‍  ആയികണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്. 
            തുടര്‍ന്ന് ഉച്ച പൂജയും കാവടി അഭിഷേകവും ക്ഷേത്ര മൈതാനിയില്‍ പകല്‍പ്പൂരവും നടക്കും. വൈകുന്നേരം 5.30-ന് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് പറയ്ക്ക് എഴുന്നെള്ളിപ്പ്. രാത്രി എട്ടുമണിയ്ക്ക് കൊടിയിറക്കത്തിനുശേഷം ആകാശവിസ്മയവും തുടര്‍ന്ന് ഒന്‍പതു മണിയ്ക്ക് കൊല്ലം കെ.എസ്. പ്രസാദിന്റെ നൃത്തനാടക വിസ്മയമായ സ്റ്റേജ് സിനിമ 'മഹായോദ്ധ'-യും നടക്കും.

Monday, March 10, 2014

പൂഞ്ഞാര്‍ വലിയരാജാവിന് ആദരാഞ്ജലികള്‍..

പൂഞ്ഞാര്‍ : പി. രാമവര്‍മ്മ വലിയരാജാ ഇന്ന് (10/03/2014, തിങ്കള്‍) തീപ്പെട്ടു. സംസ്ക്കാരം നാളെ (11/03/2014, ചൊവ്വ) രാവിലെ പത്തുമണിയ്ക്ക് പൂഞ്ഞാര്‍ രാജകുടുബ ശ്മശാനത്തില്‍..

Saturday, March 1, 2014

വാഗമണ്ണില്‍ 'ആകാശപ്പറക്കല്‍' നടത്തിയോ..? സുവര്‍ണ്ണാവസരം ഇനി രണ്ടുദിവസംകൂടി മാത്രം..

            വാഗമണ്ണില്‍ , കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014, മാര്‍ച്ച് 2-ന് സമാപിക്കും. അഡ്വഞ്ചര്‍ സ്പേര്‍ട്സിനങ്ങളില്‍ പാരാഗ്ലൈഡിംഗാണ് ഏറ്റവും ആകര്‍ഷണീയം. വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള അരമണിക്കൂര്‍ പാരാഗ്ലൈഡിംഗിന് 2000 രുപയാണ് ഫീസ്. സമുദ്രനിരപ്പില്‍നിന്ന് 1050 മീറ്റര്‍ ഉയരത്തിലുള്ള വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍നിന്ന് ആരംഭിക്കുന്ന ഗ്ലൈഡിംഗ് മുണ്ടക്കയത്തിനു സമീപം ഏന്തയാര്‍ ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അവസാനിക്കും. 
മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംമ്പിംഗ്, ഓഫ് റോഡ് ജീപ്പ് റാലി തുടങ്ങിയവ പൂര്‍ത്തിയായിക്കഴിഞ്ഞു. അവയുടെ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

HS, HS attached LP,UP സ്കൂളുകളുടെ പരീക്ഷാ ടൈം റ്റേബിളില്‍ മാറ്റം..

കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ്  സ്കൂളുകളില്‍ മാര്‍ച്ച് മാസം നടക്കുന്ന വാര്‍ഷിക പരീക്ഷയുടെ ടൈം റ്റേബിളില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. HS, HS attached LP,UP സ്കൂളുകളില്‍ SSLC പരീക്ഷക്കു മുന്‍പു നടക്കുന്ന വാര്‍ഷിക പരീക്ഷകള്‍ ഉച്ചകഴിഞ്ഞു മാത്രമായിരിക്കും നടക്കുക എന്നതാണ് പ്രധാന മാറ്റം. വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു..

Time Table - HS, HS attached LP,UP

Tuesday, February 18, 2014

വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു..

കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ്  സ്കൂളുകളില്‍ മാര്‍ച്ച് മാസം നടക്കുന്ന വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍  ചുവടെ നല്‍കിയിരിക്കുന്നു..

Sunday, February 16, 2014

പച്ചക്കറികളില്‍ വിരിയുന്ന അത്ഭുത രൂപങ്ങള്‍..

            വെജിറ്റബിള്‍ കാര്‍വിംഗ് ഒരു കലയാണ്. പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും കലാകാരന്റെ കരസ്പര്‍ശമേല്‍ക്കുമ്പോള്‍ അവ മനോഹര രൂപങ്ങളായി പുനര്‍ജ്ജനിക്കുന്നു. കലാബോധമുള്ള ഏതൊരു വ്യക്തിക്കും ഈ വിദ്യ അഭ്യസിക്കാവുന്നതാണ്. കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സാന്‍ജോ ഫെസ്റ്റില്‍ (കോട്ടയം സി.എം.ഐ. സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവം), വെജിറ്റബിള്‍ കാര്‍വിംഗ് മത്സരത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചു കലാകാരന്മാരുള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍ തയ്യാറാക്കിയ വിവിധ ഇനങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. 

Monday, February 10, 2014

പൂഞ്ഞാറിന്റെ ' മാസ്റ്റര്‍ മൈന്‍ഡുകള്‍ ' കേരളത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി..

മലയാളമനോരമ യുവ-മാസ്റ്റര്‍ മൈന്‍ഡ് ഫൈനലിസ്റ്റുകളായ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ രോഹിത് രാജ്, ഹരികൃഷ്ണന്‍ എസ്. കുമാര്‍, ഡെന്നീസ് മാത്യു, അലക്സ് മാനുവല്‍, അലോക് എം. ആന്റണി എന്നിവര്‍ ഗൈഡും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനുമായ വില്‍സണ്‍ ജോസഫിനൊപ്പം.

Monday, February 3, 2014

ഒലയനാട് സ്കൂളില്‍ ശ്രീഗാന്ധി സ്മാരക അഖില കേരള ക്വിസ് മത്സരം ഫെബ്രുവരി ആറിന്..

            ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയല്‍ യു.പി. സ്കൂളിന്റെ വജ്ര ജൂബിലി വര്‍ഷത്തിലാരംഭിച്ച അഖില കേരള ക്വിസ് മത്സരത്തിന്റെ ആറാമതു മത്സരം 2014 ഫെബ്രുവരി 6, വ്യാഴാഴ്ച്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന മത്സരത്തിലെ വിജയികള്‍ക്ക് കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
            രാവിലെ പത്തുമണിയ്ക്ക് രജിസ്ട്രേഷനോടെ മത്സരം ആരംഭിക്കും. ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് എവറോളിംഗ് ട്രോഫിക്കൊപ്പം യഥാക്രമം 2001, 1501, 1001, 501, 501 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ലഭിക്കും.
            കേരള സിലബസിലുള്ള യു.പി. ക്ലാസില്‍നിന്ന്, ഒരു സ്കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീം എന്ന രീതിയില്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ഥികള്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9447765782, 9496848213

Tuesday, January 28, 2014

OBC സ്കോളര്‍ഷിപ്പിന് ഉടന്‍ അപേക്ഷിക്കുക..

            കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OBC വിഭാഗം കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് ഏതാനും ദിവസത്തേയ്ക്കുകൂടി അപേക്ഷ സമര്‍പ്പിക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ കവിയാത്തതും കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 % -ല്‍ കുറയാത്ത മാര്‍ക്കുള്ളവരുമായ കുട്ടികള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയില്‍ രക്ഷിതാവ് വാര്‍ഷിക വരുമാനവും ജാതിയും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പ്രത്യേക പരീക്ഷകളൊന്നും  എഴുതേണ്ടതില്ല. ജനുവരി 31-നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക..
വിശദ വിവരങ്ങള്‍ക്കായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക..