Wednesday, October 31, 2012

സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം.. ഒരു കുട്ടിയ്ക്ക് രണ്ടിനങ്ങളില്‍ പങ്കെടുക്കാം..

             ശാസ്ത്രമേളയിലും വര്‍ക്ക് എക്സ്പീരിയന്‍സിലും ഓരോ ഇനങ്ങളില്‍  പങ്കെടുക്കുവാന്‍‌ കുട്ടികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കേരളാ സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇതനുസരിച്ച് ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ആദ്യ ദിനത്തിലെ ഗണിതശാസ്ത്രമേളയിലോ ശാസ്ത്രമേളയിലോ പങ്കെടുക്കുന്ന കുട്ടിയ്ക്ക് രണ്ടാം ദിവസത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് മേളയിലും പങ്കെടുക്കുവാന്‍ സാധിക്കും. ആവശ്യമെങ്കില്‍ സ്കൂളുകള്‍ക്ക് ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിവരങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. അതിനുള്ള അവസാന തീയതി നവംബര്‍ 1 , ബുധനാഴ്ച്ച  4 pm ആയിരിക്കുമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Sunday, October 28, 2012

സാമ്പത്തിക വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യം...

             മാധ്യമങ്ങളും പരസ്യങ്ങളും ചൂണ്ടിക്കാണിക്കുന്ന ആഢംബരങ്ങള്‍ക്കു പിന്നാലേ പായുകയും അവസാനം കടക്കെണിയില്‍ കുരുങ്ങുകയും ചെയ്യുന്ന പുതു തലമുറയ്ക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) സംഘടിപ്പിച്ച സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി. 
            സെബിയുടെ (SEBI - Securities and Exchange Board of India) റിസോഴ്സ് പേഴ്സണായ ആമോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. ചെറുപ്പകാലത്തുതന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക കാര്യങ്ങളില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ , വിവിധ ബാങ്കുകള്‍ , അവയുടെ പ്രവര്‍ത്തന രീതികള്‍ , ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ , വിവിധതരം നിക്ഷേപ പദ്ധതികള്‍ , ആധുനിക ബാങ്കിംഗ് രീതികള്‍ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്.

            അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായുള്ള ഈ ഏകദിന സെമിനാറിന്റെ ഭാഗമായിത്തന്നെ പ്രസംഗ പരിശീലനവും ഡിബേറ്റ് മത്സരവും നടന്നു. 


            അഭിമുഖപ്പരീക്ഷകളുടെ  ഭാഗമായി മാറിയിരിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും കൂടാതെ പൊതു വേദികളിലും സഭാകമ്പമില്ലാതെ സംസാരിക്കുവാനും സാമൂഹ്യാവബോധവും പ്രതികരണശേഷിയുമുള്ള യുവതലമുറയായി മാറുവാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റ് മത്സരത്തില്‍  പി.ജെ. ആന്റണി മോഡറേറ്ററായിരുന്നു. റ്റോണി തോമസ് , സി.മെര്‍ളി കെ. ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Saturday, October 20, 2012

ഉപജില്ലാ ശാസ്ത്രമേളകള്‍ വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍..

                      2012-13 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എ.റ്റി. മേളകള്‍ നവംബര്‍ 5 , 6 തീയതികളില്‍   വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടക്കുന്നു. സമയക്രമവും വിഷയങ്ങളുമടക്കമുള്ള വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന 'ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം' എന്ന പേജില്‍ നല്‍കിയിട്ടുണ്ട്. പുതുതായി ലഭ്യമാകുന്ന വിവരങ്ങളും അതാതുസമയങ്ങളില്‍ ഈ പേജില്‍ ചേര്‍ക്കുന്നതാണ്. മേളയുടെ റിസല്‍ട്ടും തത്സമയം ഈ പേജിലൂടെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
  

Wednesday, October 3, 2012

പാല്‍പോലെ ശുദ്ധമെന്നു പറയാനാകുമോ..!


            ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മലയാളമനോരമ ദിനപ്പത്രത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായങ്ങളെക്കുറിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ട് വന്നിരുന്നു. നാം ഏറ്റവും ശുദ്ധമെന്നു കരുതിയിരുന്ന പാലില്‍ പോലും ചേര്‍ക്കപ്പെടുന്ന മായങ്ങള്‍ എന്തെല്ലാമാണെന്നറിഞ്ഞാലേ സ്വന്തം വീട്ടുവളപ്പില്‍ ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യം മനസിലാക്കാനാകൂ.. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും പാരമ്പര്യ രീതികളിലേയ്ക്ക് കുറേയൊക്കെ തിരികെ പോകുവാന്‍ ഈ ലേഖനപരമ്പര ഉപകരിക്കും. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ആ റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.