Monday, September 30, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ തീയതികളില്‍ മാറ്റം..

            2013 ഒക്ടോബര്‍ 9,10 തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഈരാറ്റുപേട്ട ഉപജില്ലാ   ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകള്‍, ഡേറ്റാ എന്‍ട്രി നടത്തേണ്ട വെബ്സൈറ്റ് ഓപ്പണ്‍ ആകാത്തതിനാല്‍, മാറ്റിവച്ചതായി ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   ഒക്ടോബര്‍ മൂന്നിനുശേഷം പുതുക്കിയ തീയതികള്‍ അറിയിക്കുന്നതാണ്. 
            അതേസമയം സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ  സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം, മുന്‍പ് അറിയിച്ചിരുന്നതുപോലെ, ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്നതാണ്. ഈ മത്സരത്തിന്റെ വിശദവിവരങ്ങളും മറ്റുമേളകളെ സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അറിയിപ്പുകളും, മുകളില്‍ കാണുന്ന Sastrolsavam 2013 എന്ന പേജില്‍ നല്‍കിയിരിക്കുന്നു..

Saturday, September 21, 2013

പൂഞ്ഞാറിന്റെ കുഞ്ഞുണ്ണിമാഷിന്റെ പുതിയ ചിന്തകള്‍ വായിച്ചുനോക്കൂ..

           പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ മൂന്നു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ  പ്രസിദ്ധീകരിച്ചിരിക്കുന്ന നാലാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ മൂന്നു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും.. 
ദര്‍പ്പണം - ഭാഗം 4
ഉണ്ണിയോട്..
ഉണ്ണീ നിയറിയണം
അറിവിന്റെലോകം വെട്ടി-
പ്പിടിക്കുമ്പോള്‍ !
രണ്ടുതുള്ളിസ്നേഹമാ-
മനസ്സില്‍ സൂക്ഷിക്കുക.
ഒന്ന്!
കണ്ടകണ്ട മാതാപിതാക്കള്‍ക്ക്
രണ്ട്!
ഈ ഹരിതഭൂമിക്ക്!

നേട്ടം വ്യര്‍ത്ഥമായി..
ലോകം മുഴുവന്‍ ഞാന്‍
നേടി...
അര്‍ത്ഥവും മണ്ണും കാമിനിയും
പക്ഷേ ഞാനറിയുന്നില്ല!
പണ്ടേ എന്റെ ആത്മാവു
കളഞ്ഞുപോയി!

ആക്രി
ആക്രിയുണ്ടോ! ആക്രി!
ഇല്ല! പ്രതിവചിച്ചതു
മകന്റെ ഭാര്യ!
രണ്ടെണ്ണമുണ്ട്!
അമ്മായിയച്ഛന്‍ ചൊല്ലി.
എവിടെ? നല്ലവിലതരാം..
വ്യാപാരി പറയുന്നു.
ഞാനുമെന്റെ ഭാര്യയും!
വൃദ്ധന്റെ ഇടറിയ ശബ്ദം..

സോളാര്‍..
പതിവുപോല്‍ പുഴയില്‍
മുങ്ങിയേറ്റഞാന്‍
സൂര്യനെ നമസ്ക്കരിച്ചു.
ദേവന്റെ മുഖം മങ്ങിയോ!
എന്നൊടാ കണ്‍കണ്ട ദൈവം
മെല്ലെ പറഞ്ഞു-
എന്നെയും സരിതമാര്‍
വിറ്റുകാശാക്കുന്നുവോ!


ദര്‍പ്പണം - ഭാഗം 3

അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.

കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.

 


ഡാമിനു ബലക്ഷയം
ഡാമിനു താഴെയോ ?
ഭീതിയുടെ കുത്തൊഴുക്ക് !
ഡാമിന്റെ സംരക്ഷകരോ ?
ബലക്ഷയമില്ലാതെ ,
തൊണ്ടകീറും ജല്പനങ്ങള്‍
കൊണ്ടമ്മാനമാടുന്നു.

ഒന്നാം ക്ലാസിലെ
കുഞ്ഞുമക്കളെ !
നമുക്കാ പഴയ പാട്ട്
ഇനി ഇങ്ങനെ പാടണം !
കൂ കൂ കൂ കൂ തീവണ്ടി
കൂവിപ്പായും തീവണ്ടി
ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമിമാര്‍
ആടിത്തിമര്‍ക്കും തീവണ്ടി !

പെണ്‍മക്കളെ നിങ്ങളറിയുക
ജന്മം കരഞ്ഞുതീര്‍ക്കും സീതയല്ല !
ചുരികയുമുറുമിയുമേന്തും
ആര്‍ച്ചമാരാകണം നിങ്ങള്‍‌ !

അരി കായ്ക്കും മരമേത് ?
ഉണ്ണിടെ സംശയം.
അരികായ്ക്കും മരമല്ല
നെല്‍ച്ചെടിയെന്നമ്മയും..

ദര്‍പ്പണം ഒന്നാം ഭാഗം - Click Here
ദര്‍പ്പ​ണം രണ്ടാം ഭാഗം - Click Here
ലേഖകനെക്കുറിച്ച്...
             നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും   സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍  എഴുതുകയും ചെയ്തിട്ടുണ്ട്.
          KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.

Tuesday, September 10, 2013

ഓണസദ്യയ്ക്ക് ചൊറിയണങ്ങ് (കൊടുത്തൂവ) തോരന്‍ ഉണ്ടാക്കിയാലോ..?

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഇലയറിവ്' പരിപാടിയ്ക്കുശേഷം അഭിന്ദനങ്ങളും പരിഹാസങ്ങളും ഒരുപോലെയുണ്ടായി. പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവരും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിച്ചപ്പോള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രം പരിപാടിയെക്കുറിച്ചറിഞ്ഞവരില്‍ ചിലര്‍ക്കാണ് ഇതൊരു കൗതുകമായത്. 
            നമ്മളെന്തേ ഇങ്ങനെയായിപ്പോയത് എന്നു വീണ്ടും ചിന്തിപ്പിക്കുംവിധം, പരിഹാസ ശരങ്ങളുമായി പാഞ്ഞെത്തിയവരുമുണ്ട്. 
ചൊറിയണങ്ങുകൊണ്ട് തോരന്‍കറിയുണ്ടാക്കാം എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. അതൊക്കെ നിലവാരമില്ലായ്മയാണുപോലും..! തൊടിയിലെ പാഴ്ച്ചെടികള്‍ സ്വാദിഷ്ടവിഭവങ്ങളാക്കാമെന്ന അറിവിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നു ചിലര്‍. കഷ്ടംതന്നെ...! 
                        വിഷമയമായ മറുനാടന്‍ പച്ചക്കറികളും പഴങ്ങളും അപകടകാരികളായ പായ്ക്കറ്റ് ഭക്ഷണങ്ങളും വാങ്ങിക്കഴിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു... ഈ അറിവില്ലായ്മ കാണുമ്പോള്‍ സഹതാപം തോന്നുന്നു. അതങ്ങനെയാണല്ലോ... കോക്കക്കോളയോ പെപ്സിയോ കുടിക്കുന്നവന്‍ നാലാള്‍ കാണ്‍കേ ആ 'വിഷം' അകത്താക്കുമ്പോള്‍  നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ പെട്ടിക്കടയുടെ മറവുവേണമെന്നായി അവസ്ഥ..! 
             ഇതൊക്കെ മേമ്പൊടിയായി പറഞ്ഞുവെന്നുമാത്രം. ഇനി കാര്യത്തിലേയ്ക്ക് വരാം. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകണ്ട് വിളിച്ചവരില്‍ എല്ലാവര്‍ക്കുംതന്നെ അറിയേണ്ടിയിരുന്നത് ചൊറിയണങ്ങ് തോരന്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. ഫേസ് ബുക്കിലും ബ്ലോഗിലും ഇതേ അന്വേഷണമുണ്ടായി. വാസ്തവത്തില്‍ നമ്മുടെ തൊടിയില്‍ ലഭ്യമാകുന്ന എഴുപതില്‍പ്പരം ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ചൊറിയണങ്ങ്. നാം ഒട്ടും പരിഗണിയ്ക്കാത്ത, നമുക്ക് 'ശല്യക്കാരനായ' ഒരു ചെടിയായതിനാല്‍ അത് കൗതുകമായി എന്നുമാത്രം. 
            കൈകൊണ്ട് ഇതെങ്ങനെ അരിയും..? ചൊറിയില്ലേ..? ഇതൊക്കെയാണ് എല്ലാവര്‍ക്കും സംശയം. കൃത്യമായി മറുപടി പറയണമെങ്കില്‍ ചെയ്തുനോക്കണമല്ലോ.. അതുകൊണ്ട് ക്ലാസില്‍ കേട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം പ്രയോഗത്തിലാക്കി. ഒരുകുഴപ്പവുമില്ല. സ്വാദിഷ്ടമായ ചൊറിയണങ്ങ് തോരനും കൂട്ടി ഊണുകഴിച്ചിട്ടാണ് ഇപ്പോള്‍ ഇതെഴുതുന്നത്. തയ്യാറാക്കുന്ന രീതി ചിത്രങ്ങള്‍ സഹിതം ഇവിടെ വിവരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ, ഭക്ഷ്യയോഗ്യമായ ചില ഇലച്ചെടികളും അവയുടെ ഔഷധഗുണങ്ങളും  പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചുവടെ ചേര്‍ക്കുന്നു. ഈ അറിവുകള്‍ പരമാവധി ആളുകളിലേയ്ക്ക് ഷെയര്‍ ചെയ്യുമല്ലോ..

ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്ന വിധം
                ഇല ശരീരത്തില്‍ സ്പര്‍ശിക്കാതെ  ചൊറിയണങ്ങ് ചെടി മുറിച്ചെടുക്കുക. തണ്ടുസഹിതം ചുവടെ മുറിച്ചെടുക്കുന്നതാണ് ഉചിതം. മണ്ണുപറ്റിയിരിക്കുവാന്‍ സാധ്യതയുള്ള, എറ്റവും താഴെയുള്ള ഏതാനും ഇലകള്‍ മുറിച്ചുകളയുക. 
             ഒരു ബക്കറ്റിലെ ജലത്തിലേയ്ക്ക് തണ്ടുസഹിതം താഴ്ത്തി (ചിത്രത്തില്‍ കാണുന്നതുപോലെ) നന്നായി ഇളക്കുക. ഇലകളിലുള്ള, ചൊറിച്ചിലിനുകാരണമാകുന്ന പദാര്‍ത്ഥം ഈ കഴുകലിലൂടെ ഇല്ലാതാകും. ഉറപ്പിനുവേണ്ടി ഓരോ ഇലകളും അടത്തിയെടുത്ത് ഇപ്രകാരംതന്നെ ഒന്നുകൂടി വൃത്തിയാക്കുകയുമാകാം.  
             അടുത്തതായി ഈ ഇലകള്‍ നന്നായി അരിയുക. (ചീരയിലയും കാബേജുമൊക്കെ അരിയുന്നതുപോലെ.) കൈകള്‍  ചൊറിയുമെന്ന പേടി വേണ്ട. 
            ഇനി സാധാരണ ഒരു തോരന്‍കറിയ്ക്ക് ഉപയോഗിക്കുന്ന കൂട്ടുകള്‍ വേണം. അതായത്, ആവശ്യത്തിനുള്ള തേങ്ങ , വെളുത്തുള്ളി, ചുവന്നുളളി, ഇഞ്ചി, മുളക് എന്നിവ. കടുകിനു പകരം ഉഴുന്നാണ് ഉപയോഗിയ്ക്കേണ്ടത്. ചുവന്നുള്ളി അല്‍പ്പം കൂടുതല്‍ ചേര്‍ക്കുന്നത് നന്നായിരിക്കും. 
            ചട്ടിയിലെ എണ്ണയില്‍  ഉഴുന്നിട്ട് മൂപ്പിച്ചതിനുശേഷം മറ്റു കൂട്ടുകള്‍ ചേര്‍ക്കുക. അവസാനം അരിഞ്ഞുവച്ചിരിക്കുന്ന ഇലകളും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പുമൊഴിച്ച്  വേയിക്കുക. ചൊറിയണങ്ങ് കറി തയ്യാര്‍. ചൂടാറുന്നതിനുമുമ്പ് കഴിച്ചാല്‍ രുചി കൂടും. എന്താ... ഒന്നു പരീക്ഷിച്ചുനോക്കുകയല്ലേ..
  

ഭക്ഷ്യയോഗ്യമായ മറ്റുചില ഇലച്ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Monday, September 9, 2013

ബ്രഹ്മശ്രീ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് ആദരാഞ്ജലികള്‍..

            പ്രമുഖ താന്ത്രികാചാര്യന്‍ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വന്‍ജനാവലിയാണ് ഇന്നലെയും ഇന്നുമായി പൂഞ്ഞാറിലെത്തിച്ചേര്‍ന്നത്. എഴുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ത്തികേയന്‍ തന്ത്രികള്‍ ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അന്തരിച്ചത്.
            കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാ, ദില്ലി, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠനടത്തിയ പള്ളുരുത്തി ശ്രീഭവാനി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജം, ആലപ്പുഴ തെക്കന്‍ ആര്യാട് ക്ഷേത്രത്തില്‍ ഇരട്ടക്കൊടിമരം തുടങ്ങിയ നിരവധി പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചത് കാര്‍ത്തികേയന്‍ തന്ത്രിയാണ്. പൂഞ്ഞാര്‍ ഈഴവര്‍വയലില്‍ മാധവന്‍ നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. ശവസംസ്ക്കാരം ഇന്ന് (09/09/2013) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു.

Sunday, September 1, 2013

ഇലക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാം..

           പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഇത്തവണ ഓണം ഉണ്ണുന്നത് വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള വിവിധ ഇലക്കറികളുപയോഗിച്ചാണ് എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഉപയോഗശൂന്യമെന്നുകരുതി നാം ശ്രദ്ധിക്കാതെപോകുന്ന ഇത്തരം ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കിമാറ്റാമെന്ന പരിശീലനം 'ഇലയറിവ് ' പരിപാടിയിലൂടെ അവര്‍ക്കുലഭിച്ചുകഴിഞ്ഞു
            അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെയാണ് 'ഇലയറിവ് ' സംഘടിപ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി ഇലവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നുണ്ട്. അവ രുചികരമായി പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികളാണ് ഇലയറിവില്‍ ഉള്‍പ്പെടുത്തിയിരുന്നത്
            പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി
            ഈ ബോധ്യം എല്ലാവര്‍ക്കും ലഭിക്കണം എന്ന ചിന്തയോടെ, സ്കൂള്‍ അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക് പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഇത്തവണ ഓണത്തിന് കോട്ടയം ജില്ലയിലെ നിരവധി ഭവനങ്ങളില്‍ ഇലക്കറികള്‍ ഒരു പ്രധാന വിഭവമായിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.