Tuesday, December 24, 2013

മങ്കി പെന്‍ കുട്ടികള്‍ക്കൊപ്പം കാണണേ..

            ഈ ക്രിസ്തുമസ് അവധിക്കാലം കുടുംബസമേതം സിനിമകാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന നാളുകളായി മാറിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളാണ് ഇതിനുകാരണമായിരിക്കുന്നത്. ദൃശ്യവും മങ്കിപെന്നും. ദൃശ്യം, സംവിധായകന്‍  ജിത്തു ജോസഫിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും പ്രഭാവത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ചാനലുകളും മാഗസീനുകളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ റിവ്യൂകളുമൊക്കെ ചിത്രത്തിന് അത് അര്‍ഹിക്കുന്ന പബ്ലിസിറ്റി നല്‍കുന്നുണ്ട്.
           എന്നാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കുറച്ചുനാള്‍ മുന്‍പിറങ്ങിയ മങ്കി പെന്നിന്റെ കാര്യത്തില്‍ അത്ര സഹായകമായോ എന്നൊരു സംശയമുണ്ട്. അടുത്തനാളിലിറങ്ങിയ ഏറ്റവും ആകര്‍ഷകമായ കുട്ടികളുടെ ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കാണാത്തവര്‍ തീര്‍ച്ചയായും കുടുംബസമേതം ഈ ചിത്രം കാണണം.
           റയാന്‍ ഫിലിപ്പ് എന്ന അഞ്ചാം ക്ലാസുകാരന്റെ കുസൃതികളിലൂടെയും വേദനകളിലൂടെയും തിരിച്ചറിവുകളിലൂടെയും കടന്നുപോകുന്ന മങ്കിപ്പെന്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നതും മുതിര്‍ന്നവര്‍ അവഗണിക്കുന്നതുമായ ചില യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. റയാന് കണക്ക് ഭീകര വിഷയമായി അനുഭവപ്പെടാന്‍ കാരണം അവനെ മുന്‍പു പഠിപ്പിച്ച കണക്കുമാഷിന്റെ ചില പ്രവൃത്തികളാണ്. അതു മനസിലാക്കാതെ അവനെ കളിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഇത് തിരിച്ചറിയുമ്പോള്‍ വേദനിക്കുന്നു. സിനിമക്കുപുറത്തും ഈ രീതിയിലുള്ള എത്രയോ കുട്ടികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട് ! അവരുടെ തകര്‍ച്ചയ്ക്കു കാരണം യഥാര്‍ഥത്തില്‍ അധ്യാപകരും മാതാപിതാക്കളും ഈ സമൂഹവുമല്ലേ എന്നൊരു ചോദ്യവും, നേരിട്ടല്ലെങ്കിലും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.
            കുട്ടികളില്‍നിന്ന് പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് മുതിര്‍ന്നവരുടെ പക്വതയാണ്. അതു ലഭിക്കാതെ വരുമ്പോള്‍ , അവര്‍ കുട്ടികളാണെന്നുള്ള സത്യം വിസ്മരിച്ചുകൊണ്ട് നാം അവരെ  കുറ്റപ്പെടുത്തുന്നു. അതേസമയം ശരിയായ മാര്‍ഗ്ഗദര്‍ശിയാകാത്ത രക്ഷിതാക്കള്‍ കുട്ടികളില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'സത്യം കയ്പ്പുള്ളതല്ല, മധുരമുള്ളതാണ്. എന്നാല്‍ കള്ളം അതിമധുരമായി നമുക്കു തോന്നുന്നതിനാല്‍ സത്യത്തെ കയ്പ്പുള്ളതായി തെറ്റിധരിക്കുന്നതാണ് ' -  ഈ തരത്തിലുള്ള മൂല്യങ്ങള്‍ ചിത്രം പകര്‍ന്നുനല്‍കുന്നുണ്ട്. 
            റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന സനൂപ് (നടി സനൂഷയുടെ അനുജന്‍) തന്റെ ആദ്യ ചിത്രത്തിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. റയാന്റെ നാല്‍വര്‍സംഘത്തിലെ ജുഗുനുവും അടിപൊളി. നീല്‍ ഡി ചുന്‍ഹയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റയാന്റെ വീടും പരിസരവും കടല്‍ത്തീരവുമൊക്കെ വ്യത്യസ്ത ഷോട്ടുകളിലൂടെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഫാന്റസിയില്‍ തീര്‍ത്ത ഷാനില്‍ മുഹമ്മദിന്റെ കഥക്ക് റോജിന്‍  തോമസ്  തിരക്കഥയൊരുക്കി. വലിയ പുതുമകള്‍ കഥയിലോ തിരക്കഥയിലോ ഇല്ലെങ്കിലും ഇരുവരും ചേര്‍ന്ന് പുതുമയാര്‍ന്ന ആവിഷ്ക്കാരത്തിലൂടെ ചിത്രത്തെ ശ്രദ്ധേയമാക്കി. ഈ ഇരട്ട സംവിധായകര്‍ മലയാള സിനിമയിലെ പുതുവാഗ്ദാനങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
            നന്മകള്‍ മനുഷ്യമനസില്‍ വിതക്കുവാന്‍ മങ്കിപെന്നിന് കഴിയുന്നുണ്ട്. സിനിമകഴിഞ്ഞ് ഇറങ്ങുമ്പോള്‍ നമുക്കൊപ്പം പോരുന്ന ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കുവാന്‍ ഈ ചിത്രത്തിന് സാധിക്കും എന്നുപറയുമ്പോഴും ഒരു സംശയം ബാക്കി. ആദ്യ പകുതിയില്‍ കാണിക്കുന്ന റയാന്റെ കുസൃതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് അത്ര ശരിയായോ..? ആളുകളെ കൂടുതല്‍ രസിപ്പിക്കുവാനും ചിത്രത്തിന്റെ വിജയത്തിനും അതാവശ്യമായിരിക്കും. പക്ഷേ, രണ്ടാം പകുതിയില്‍ റയാനു സംഭവിച്ച തിരിച്ചറിവുകളും മനംമാറ്റവും കാണികളുടെ മനസിലേക്ക് പതിപ്പിക്കുവാന്‍ സംവിധായകര്‍ക്കായോ എന്നു സംശയമുണ്ട്. ക്ലാസില്‍ ഈ ചിത്രം കണ്ട എന്റെ കുട്ടികളുമായി ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ ഓര്‍മ്മിച്ചെടുത്തതെല്ലാംതന്നെ റയാന്റെ കുസൃതികളായിരുന്നു. അതിനാല്‍ കുട്ടികളെ ഈ ചിത്രം കാണിക്കുന്നതിനൊപ്പം ഒരു ഗൈഡന്‍സുകൂടി അവര്‍ക്കു നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു.

Monday, December 16, 2013

പൂഞ്ഞാര്‍ അന്റോണിയന്‍ ക്ലബിനെയും പൂഞ്ഞാര്‍ ബ്ലോഗിനെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി..

കേരളകൗമുദി കോട്ടയം - ഇടുക്കി ജില്ലാ വാര്‍ത്ത

             2013 ഡിസംബര്‍ മാസം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നാലുവര്‍ഷവും പൂഞ്ഞാര്‍ ബ്ലോഗ് മൂന്നുവര്‍ഷവും പൂര്‍ത്തിയാക്കുന്ന വിവരം ബ്ലോഗില്‍ ഡിസംബര്‍ ഒന്നിനു പ്രസിദ്ധികരിച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നല്ലോ. കഴിഞ്ഞ രണ്ടാഴ്ച്ചകളായി വിവിധ മാധ്യമങ്ങള്‍  ഈ വാര്‍ത്ത നല്‍കിവരുകയായിരുന്നു. ബ്ലോഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഫോണിലൂടെയും ഫേസ്ബുക്കുവഴിയും നേരിട്ടും ആഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ ഏവരേയും നന്ദിയോടെ സ്മരിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ്. നന്ദി.. നന്ദി.. നന്ദി..
മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു..

Friday, December 13, 2013

11-12-13-ല്‍ നന്മ വിതയ്ക്കുവാനായി ഇവര്‍ ഒരുമിച്ചുകൂടി..

സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ , സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm)  പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ അണിനിരന്നപ്പോള്‍..
          പൂഞ്ഞാര്‍ : സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ മാനവസ്നേഹത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുരുന്നുകള്‍ ഒത്തുകൂടി. സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm), 11 മുതല്‍ 16 വരെയുള്ള അക്കങ്ങളായാണ് ഇവര്‍ അണിനിരന്നത്.
            ഇത് സംഖ്യാ കൗതുകത്താലുള്ള വെറുമൊരു കൂടിച്ചേരല്‍ മാത്രമായിരുന്നില്ല.  മറിച്ച് , ക്രിസ്തുമസ് കാലത്ത് അനാവശ്യ ആര്‍ഭാടങ്ങള്‍ക്കായി ചെലവഴിക്കാറുള്ള തുകയുപയോഗിച്ച് അനാഥരായ കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി സ്നേഹസമ്മാനങ്ങള്‍ ഒരുക്കുക എന്നതീരുമാനം നടപ്പിലാക്കുന്ന അവസരംകൂടിയായിരുന്നു ഇത്. സ്കൂള്‍ മുഴുവന്‍ ഇതുമായി സഹകരിച്ചതോടെ നൂറുകണക്കിന് സമ്മാനപ്പൊതികളാണ്  ഒരു ദിവസംകൊണ്ടുതന്നെ ശേഖരിക്കപ്പെട്ടത്.
            ആഗോള പര്‍വ്വത ദിനം കൂടിയായ ഈ ദിവസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ പര്‍വ്വതസംരക്ഷണ പ്രതിജ്ഞയുമെടുത്തു. നദികളുടെ ഉത്ഭവസ്ഥാനവും ശുദ്ധജലത്തിന്റെ പ്രധാന ഉറവിടവുമായ പര്‍വ്വതങ്ങള്‍ സംരക്ഷിക്കുക എന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ ഒന്നാണ് എന്ന സന്ദേശമാണ് ഈ കുട്ടികള്‍ പങ്കുവച്ചത്.

Tuesday, December 10, 2013

ജില്ലാ കലോത്സവവേദിയിലെ താരമായി ഗൗതം കൃഷ്ണ..

മലയാളമനോരമ ജില്ലാ വാര്‍ത്ത
            പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗമായ ഗൗതം കൃഷ്ണ കോട്ടയം ജില്ലാ കലോത്സവ വേദിയിലെ മിന്നും താരമായി. പങ്കെടുത്ത നാലിനങ്ങളിലും (നാടന്‍ പാട്ട് എന്ന ഗ്രൂപ്പ് മത്സരം ഉള്‍പ്പെടെ) എ ഗ്രേഡും  അതില്‍ രണ്ടിനങ്ങളിള്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സത്തിന് യോഗ്യതയും നേടിക്കൊണ്ടാണ്  ഗൗതം മേളയുടെ താരമായത്. കലാപ്രതിഭപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ അതിന് ഈ വര്‍ഷം മറ്റൊരവകാശിയെ തേടേണ്ട ആവശ്യം വരില്ലായിരുന്നു. ചെണ്ട (തായമ്പക), ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡും (ഉപജില്ലാ തലത്തില്‍ ഇവ മൂന്നിനും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു) നേടിയ ഗൗതത്തിന് ഈ നേട്ടങ്ങള്‍ ഒരു പുതിയ അനുഭവമല്ല.
            കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന തലത്തിലുള്ള കലോത്സവങ്ങളിലും ശാസ്ത്രോത്സവത്തിലും സജീവ സാന്നിധ്യമായ  ഈ മിടുക്കന്‍, ചെണ്ട, ഗിറ്റാര്‍, ഭരതനാട്യം, നാടന്‍ പാട്ട് എന്നിവ കൂടാതെ നാടകം, പദ്യോച്ചാരണം, പ്രസംഗം, ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ വിവിധയിനങ്ങള്‍ തുടങ്ങിയവയിലും നിരവധി സമ്മാനങ്ങള്‍  വാരിക്കൂട്ടിയിട്ടുണ്ട്. പലതവണ നാടകത്തിലെ ബെസ്റ്റ് ആക്ടര്‍ പദവി നേടിയിട്ടുള്ള ഈ കൊച്ചു കലാകാരന്‍, കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രവുമായിരുന്നു. കലാരംഗത്തിനൊപ്പം പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗൗതം കൃഷ്ണ പൂഞ്ഞാറിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു. 
ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ - ജ്യോത്സന എസ്. (മലയാളം ഉപന്യാസം), താരാ ചാര്‍ളി (ഹിന്ദി ഉപന്യാസം), അഭിരാമി പി.ബി. (കഥാപ്രസംഗം), ആല്‍ബിന്‍ ജോ ജോസഫ് (കഥാപ്രസംഗം, നാടന്‍ പാട്ട്), ഗൗതം കൃഷ്ണ (ചെണ്ട-തായമ്പക, ഗിറ്റാര്‍-വെസ്റ്റേണ്‍, ഭരതനാട്യം, നാടന്‍ പാട്ട്), ജോണിസണ്‍ പൂഞ്ഞാറന്‍ (നാടന്‍ പാട്ട്), ഡോണി ജെയിംസ് (കഥാപ്രസംഗം, നാടന്‍ പാട്ട്)

Saturday, December 7, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : നിശബ്ദപ്രതിഷേധറാലി ഈരാറ്റുപേട്ടയെ ജനസമുദ്രമാക്കി..

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചുള്ള നിശബ്ദ ബഹുജനമാര്‍ച്ച്  ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍..
            ഈരാറ്റുപേട്ട : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുവാനെത്തിയ സര്‍ക്കാരിന്റെ മൂന്നംഗ സമിതി മുന്‍പാകെ നിവേദനങ്ങളുമായി എത്തിയത് ആയിരക്കണക്കിനാളുകള്‍.  പൂഞ്ഞാര്‍, തീക്കോയി, മേലുകാവ് എന്നിവിടങ്ങളില്‍നിന്ന് കാല്‍നട ജാഥയായെത്തിയ ആയിരക്കണക്കിന് മലയോരക്കര്‍ഷകരുടെ പ്രതിനിധികള്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെത്തി മൂന്നുംഗ കമ്മറ്റിക്കു മുന്‍പാകെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കുകയായിരുന്നു. 
            രാവിലെ എട്ടുമണി മുതല്‍ പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഈരാറ്റുപേട്ടയിലേയ്ക്ക് വായ് മൂടിക്കെട്ടിക്കൊണ്ടുള്ള നിശബ്ദ പ്രതിഷേധ റാലി ആരംഭിച്ചു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ പ്രദേശത്തുനിന്നുള്ള പ്രതിഷേധ റാലി പനച്ചികപ്പാറയില്‍നിന്നാണ് ആരംഭിച്ചത്. സംരക്ഷണസമിതി ചെയര്‍മാന്‍മാരായ സാബു പൂണ്ടിക്കുളം, ഉഷാമേനോന്‍, തോമസ് ചൂണ്ടിയാനിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാഥ എം.ഇ.എസ്. കവലയില്‍ എത്തിയപ്പോള്‍ തീക്കോയില്‍നിന്നും കണ്‍വീനര്‍ അമ്മിണി തോമസിന്റെ നേതൃത്വത്തില്‍ എത്തിയ കര്‍ഷകജാഥ ഇവര്‍ക്കൊപ്പം ചേര്‍ന്നു. മേലുകാവില്‍നിന്ന് പ്രസിഡന്റ് ടെസിമോള്‍ മാത്യൂസിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍കൂടി എത്തിച്ചേര്‍ന്നതോടെ ഈരാറ്റുപേട്ട പട്ടണം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. 
അരുവിത്തുറ പള്ളി മൈതാനിയില്‍ കൂടിയ പ്രതിഷേധയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം സംസാരിക്കുന്നു.
വിദഗ്ധ സമിതി ചെയര്‍മാന്‍
ഉമ്മന്‍ വി. ഉമ്മന്‍ സംസാരിക്കുന്നു.
          ജാഥകള്‍ ഒരുമിച്ച് സമ്മേളനവേദിയായ അരുവിത്തുറ പള്ളി മൈതാനിയിലെത്തിയപ്പോള്‍ അത് പതിനായിരത്തോളം ആളുകളുടെ മഹാസാഗരമായി മാറിയിരുന്നു. ജനപ്രതിനിധികള്‍, വിവിധ കര്‍ഷക കൂട്ടായ്മകള്‍, പ്രദേശത്തെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ തങ്ങളുടെ നിവേദനങ്ങള്‍ സമിതിയ്ക്കു കൈമാറി.  തുടര്‍ന്നുനടന്ന പൊതുസമ്മേളനം അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ.തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  സി.എസ്.ഐ. മുന്‍ ബിഷപ്പ്  ഡോ. കെ.ജെ.സാമുവേലടക്കം നിരവധി പ്രമുഖര്‍ സംസാരിച്ചു. 
                         സര്‍ക്കാരിന്റെ മൂന്നംഗ സമിതിയിലെ അംഗങ്ങളായ ഉമ്മന്‍ വി. ഉമ്മന്‍, പി.സി. സിറിയക് എന്നിവരും ജനങ്ങളുമായി സംവദിച്ചു. കര്‍ഷകരുടെ ആശങ്കകള്‍ തങ്ങള്‍ മനസിലാക്കിയെന്നും അതിനനുസരിച്ച് കര്‍ഷകര്‍ക്കനുകൂലമായ റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാരിനു സമര്‍പ്പിക്കകയെന്നും അവര്‍ പറഞ്ഞു. 

Monday, December 2, 2013

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ പൂഞ്ഞാറില്‍ അണിനിരന്നത് നാലായിരത്തില്‍പരം കര്‍ഷകര്‍..

ഇത് കര്‍ഷകക്കൂട്ടായ്മ : ഉപരോധസമരത്തിനായി പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസിനുമുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍.
            പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനനിബിഢമായ പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കല്‍ എന്നീ വില്ലേജുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  നടന്ന പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുക്കുവാനായി  കക്ഷിരാഷ്ട്രീയ-ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് ഒഴുകിയെത്തിയത്. 
ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട്  പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ സംസാരിക്കുന്നു.
             രാവിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയായാണ് സമരത്തില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ ഉദ്ഘാടനം ചെയ്ത ഉപരോധപരിപാടിയില്‍ പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം - പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍
സി.തെരേസ് ആലഞ്ചേരി SABS, ഇമാം നദീര്‍ മൗലവി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, പൂഞ്ഞാര്‍  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉഷാ മേനോന്‍, പൂഞ്ഞാര്‍ ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് പൂവത്തുങ്കല്‍, പയ്യാനി ഇടവക വികാരി ഫാ. ജോര്‍ജ്ജ് കാവുംപുറം, ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ്, വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക-മത നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
സമരരംഗത്തെ സ്ത്രീ സാന്നിധ്യം  ശ്രദ്ധേയമായി..
             രാവിലെ എട്ടിന് ആരംഭിച്ച ഉപരോധ സമരം വൈകിട്ട് നാലിന് സമാപിച്ചപ്പോള്‍ നാലായിരത്തില്‍പരം ആളുകള്‍  പരിപാടിയില്‍ പങ്കെടുത്തു. അടുത്തനാളിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു വലിയ ജനകീയ കൂട്ടായ്മയ്ക്ക് പൂഞ്ഞാര്‍  സാക്ഷ്യം വഹിച്ചപ്പോള്‍ സമരരംഗത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും പ്രത്യേകം ശ്രദ്ധേയമായി. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.

Sunday, December 1, 2013

പൂഞ്ഞാര്‍ ബ്ലോഗിനും അന്റോണിയന്‍ ക്ലബിനും ഇന്ന് ജന്മദിനം..

            നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരുകൂട്ടം അദ്ധ്യാപകര്‍ കണ്ട ഒരു സ്വപ്നത്തിന് ഈ ഡിസംബറില്‍ നാലുവയസ് പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ സ്വപ്നത്തില്‍നിന്ന് ഉടലെടുത്ത ടീമായ അന്റോണിയന്‍ ക്ലബും ക്ലബ് നേതൃത്വം നല്‍കുന്ന പൂഞ്ഞാര്‍ ബ്ലോഗും ഇന്ന് ഏറെ ശ്രദ്ധേയമായിരിക്കുന്നു.  
         വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങളിലൂന്നിയുള്ള വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്  അന്റോണിയന്‍ ക്ലബ് പൂഞ്ഞാറിന്റെ നന്മയായി മാറിയിരിക്കുന്നത്. ഏഴാം ക്ലാസില്‍ ക്ലബില്‍ അംഗമാകുന്ന കുട്ടികള്‍ ഒന്‍പതാം ക്ലാസ് കഴിയുമ്പോളേക്കും മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളിലൂന്നിയുള്ള മുപ്പതു പരിശീലന പരിപാടികളിലൂടെയെങ്കിലും  കടന്നുപോയിട്ടുണ്ടാവും.
         വ്യക്തിത്വവികസനം ലക്ഷ്യമാക്കി സഹവാസക്യാമ്പുകള്‍, പഠനയാത്രകള്‍,  പ്രസംഗപരിശീലനം, കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, ലൈംഗീക വിദ്യാഭ്യാസം, ലക്ഷ്യബോധം, മൂല്യബോധം, മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ  അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ തുടങ്ങിയവ നടത്തുന്നു.
         കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരിച്ച 'ടൂറില്‍' അഭിനയിച്ചതും പിന്നണിയില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ക്ലബ് അംഗങ്ങള്‍തന്നെ. പ്രശസ്ത സംവിധായകന്‍ ഭദ്രനാണ് സി.ഡി.പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
         സാമൂഹ്യസേവനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നാടിന്റെ നന്മനിറഞ്ഞ വിശേഷങ്ങള്‍ ലോകത്തെ അറിയിക്കുന്ന ന്യൂസ് ബ്ലോഗായ പൂഞ്ഞാര്‍ ബ്ലോഗാണ്. അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ നിരവധി വിശേഷങ്ങളും അറിയിപ്പുകളും മലയാളത്തിലുള്ള ഈ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയിലെ എല്ലാ സ്കൂളുകളും ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രോത്സവത്തിന്റെയും അറിയിപ്പുകളും വിശദമായ റിസല്‍ട്ടുകളും മനസിലാക്കുന്നത് പൂഞ്ഞാര്‍ ബ്ലോഗുവഴിയാണ്. കൂടാതെ ഉപകാരപ്രദമായ ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍, പൂഞ്ഞാര്‍ ഗ്രാമത്തിലെ വിവിധ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൃതികള്‍, ഉപകാരപ്രദമായ വീഡിയോകള്‍, വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങിയവയും പൂഞ്ഞാര്‍ ബ്ലോഗില്‍ ലഭ്യമാണ്. ക്ലബ് അംഗങ്ങള്‍തന്നെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന ഈ ന്യൂസ് ബ്ലോഗിന്റെ വിലാസം www.poonjarblog.com
         ഇടുക്കി ജില്ലയിലെ ആദിവാസിക്കുടികളിലെത്തുന്ന സഞ്ചരിക്കുന്ന പുസ്തകശാലയ്ക്കായി ആയിരത്തിയൊന്നു പുസ്തകങ്ങള്‍ ശേഖരിച്ചത്, അനാഥാലയ-അഗതിമന്ദിര സന്ദര്‍ശനങ്ങള്‍, അവര്‍ക്കുനല്‍കുവാനായി വസ്ത്രങ്ങളും ആഹാരസാധനങ്ങളും ശേഖരിച്ചത്, നാട്ടില്‍ പരക്കെ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്ററുകള്‍ക്കെതിരേ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി അത് തടയുവാന്‍ ശ്രമിക്കുന്നത്.. തുടങ്ങിയുള്ളവ  അന്റോണിയന്‍ ക്ലബിന്റെ സാമൂഹ്യപ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' പ്രദര്‍ശന സ്റ്റാള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സന്ദര്‍ശിച്ചപ്പോള്‍..
         പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ വര്‍ഷത്തെ പ്രത്യേക പ്രോജക്റ്റായ ഗ്രീന്‍ ടീം അറ്റ് സ്കൂളാണ്. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്ത ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി നടന്ന  'ഇലയറിവ് ' പരിപാടി ഏറെ ശ്രദ്ധേയമായി. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്.
          'ദി ബീറ്റ്സ് ഓഫ് നേച്ചര്‍ ' പ്രദര്‍ശനത്തില്‍  മനുഷ്യന്റെ അശാസ്ത്രീയവും ക്രൂരവുമായ ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ ക്ലബ് അംഗങ്ങള്‍  ശ്രദ്ധനേടി. കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക്  പകര്‍ന്നുനല്‍കുവാനുമായി  അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങിയതിന്റെ ഫലമാണ്  'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രനാണ് നിര്‍വ്വഹിച്ചത്. 
         ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിനൊപ്പം  ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, സഹപ്രവര്‍ത്തകരായ അധ്യാപകര്‍, അനധ്യാപകര്‍ , സ്കൂള്‍ പി.റ്റി.എ. തുടങ്ങിവര്‍ സജീവമായി രംഗത്തുണ്ട്. അന്റോണിയന്‍ ക്ലബിന്റെ ഈ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും വീടിനും ഉപകാരികളായ, നല്ല വ്യക്തിത്വത്തിന്റെ ഉടമകളായ, ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഏവരും.

അന്റോണിയന്‍ ക്ലബിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുടെ പോസ്റ്ററുകള്‍ ചുവടെ നല്‍കിയിരിക്കുന്നു..