Thursday, June 21, 2012

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

            വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

            ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..
                                                                                   
നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തു പ്രയോജനം..?

1 ചിന്തകളും ഭാവനകളും ഇതള്‍വിരിക്കാന്‍..
          പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നു. വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുന്നു. ടി.വി.യിലും കമ്പ്യൂട്ടറിലും കാണുന്ന വര്‍ണ്ണപ്പകിട്ടേറിയ ദൃശ്യങ്ങള്‍ക്ക് ഇതിനുള്ള കഴിവില്ല. അതായത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു.
2 വിജ്ഞാനം വര്‍ധിക്കാന്‍..

            അറിവു വളര്‍ത്താന്‍ വായന കൂടിയേ തീരൂ.  കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ - " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... ,  വായിച്ചാല്‍ വിളയും.. വായിച്ചില്ലേല്‍ വളയും..!" ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും ഏതാനും സെക്കന്‍ഡുകളുടെമാത്രം ആയുസ്സാണുള്ളത്. അച്ചടിച്ചരൂപത്തില്‍  അത് കൈകളിലെത്തുമ്പോള്‍ ഈ പരിമതികള്‍ മറികടക്കുന്നു. വായനക്കാരന്റെ സൗകര്യാര്‍ഥം സമയം കണ്ടെത്തി വിശദമായി കാര്യങ്ങള്‍ മനസിലാക്കാം. ഇന്റര്‍നെറ്റുവഴിയുള്ള ബ്ലോഗ് വായനയ്ക്കും ഈ ഗുണമുണ്ട്.
3 നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍...
          നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
            ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പ്രതിസന്ധികള്‍ നേരിടുവാന്‍ പലപ്പോഴും സഹായിക്കുന്നത് നല്ല പുസ്തകങ്ങളാണ്.  മന:ശാസ്ത്രജ്ഞര്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ നാം അറിയാതെ തന്നെ അതിലെ കഥാപാത്രങ്ങളായി മാറുന്നു. ആ കഥാപാത്രം നേരിടേണ്ടിവരുന്ന  ദുരിതങ്ങളും പ്രയാസങ്ങളും  നമ്മുടേതുകൂടിയാകുന്നു. പിന്നീട് ഇത്തരം ഒരവസ്ഥയില്‍കൂടി കടന്നുപോകേണ്ടിവരുമ്പോള്‍ അതിനെ ധീരതയോടെ നേരിടുവാന്‍ നമ്മെ സഹായിക്കുന്നത് പണ്ടുവായിച്ച ഈ പുസ്തകമായിരിക്കും. പക്ഷേ നമ്മള്‍ അത് തിരിച്ചറിയാറില്ല എന്നു മാത്രം.
5 ബിബ്ലിയോ തെറാപ്പി..
           മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച്  യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും. 
            ഈ കാര്യങ്ങള്‍ വളരെ മുന്‍പുതന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ്  എല്ലാ വര്‍ഷവും നാം ആചരിക്കുന്ന വായനാ ദിനവും വായനാ വാരവും...പി.എന്‍.പണിക്കര്‍.. കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ 1909-ല്‍ ജനിച്ച ഈ അദ്ധ്യാപകന്‍ പിന്നീട് മലയാളിയുടെ ഗ്രന്ഥശാലാ ഗുരുവായി മാറി. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍ , വീടുകള്‍ കയറിയിറങ്ങി പുസ്തകം ശേഖരിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
              'വായിച്ചുവളരുക ,ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യത്തോടെ കാസര്‍ഗോഡുമുതല്‍ പാറശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്ക്കാരിക ജാഥ , കേരളചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ സംഘാടകന്‍ , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ , കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാന്‍ഫെഡ്)  സ്ഥാപകനേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 നാം വായനാ ദിനമായും ആചരിക്കുന്നു.

4 comments:

  1. ജൂൺ മലയാളികൾക്കു വായനയ്ക്കുള്ള മാസമാണ്. മലയാളികൾ പുസ്തകങ്ങളെ ഏറ്റവുമധികം സ്നേഹിക്കുകയും വായനയ്ക്കായി സമയം നീക്കിവയ്ക്കുകയും ചെയ്യുന്ന കാലം. വർഷത്തിൽ മറ്റുസമയങ്ങളിൽ പുസ്തകം കൈകൊണ്ട് തൊടാൻ പോലും മെനക്കെടാത്തവർ കൂട്ടമായി വായിക്കാൻ തുടങ്ങുന്നുവെന്നതാണ് ജൂണിനെ ശ്രദ്ധേയമാക്കുന്നത്.ഇക്കൊല്ലവും പതിവുകൾ തെറ്റിയില്ല.മലയാളികൾ പുസ്തകങ്ങൾ ഉറക്കെ വായിച്ചുകൊണ്ടിരിക്കുകയാണ് .ബസ് സ്റ്റേഷനിൽ.. റെയിൽവേ സ്റ്റേഷനിൽ… പള്ളിക്കൂടങ്ങളിൽ.. കടത്തിണ്ണകളിൽ…നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ആഘോഷപൂർവമായ ഉച്ചത്തിലുള്ള വായന മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
    മലയാളികൾ ജൂൺ മാസത്തിൽ വായിച്ചുകൊണ്ടേയിരിക്കുന്നത് വെറുതേയല്ല.പി എൻ.പണിക്കർ എന്ന മഹാനുഭാവനോടുള്ള ആദരം പ്രകടിപ്പിക്കുകയാണ് അവർ.മലയാളികളെ വായനയുടെ സംസ്കാരത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ വലിയ മനുഷ്യന്റെ സ്മരണയ്ക്കായി ഇന്നിവിടെ നടത്തിക്കൊണ്ടിരിക്കുന്ന വായനമേളകൾ അദ്ദേഹത്തെ അവഹേളിക്കുന്നവിധത്തിലേക്ക് മാറുന്നില്ലേയെന്ന് സംശയിക്കേണ്ടതുണ്ട്.ഒരാഴ്ചക്കാലത്തേക്കോ ഒരു ദിവസക്കാലത്തേക്കോ വായനച്ചടങ്ങെന്ന പേരിൽ നടത്തുന്ന ആഭാസക്രിയ പണിക്കർസാറിന്റെ സ്വപ്നങ്ങളിൽ നിന്നും എത്രയോ അകലെയുള്ള സങ്കല്പമാണെന്നത് നാം ആലോചിക്കേണ്ടതുണ്ട്.
    ആണ്ടിലൊരിക്കൽ മാത്രം പുസ്തകവുമെടുത്ത് വച്ചുകൊണ്ട് നടത്തുന്ന ഇത്തരംകോമാളിത്തങ്ങൾ വായനാസംസ്കാരത്തെ തിരിച്ചുകൊണ്ടുവരുമെന്നു കരുതുന്നത് വിവരക്കേടാണ്. തെരുവിലിറങ്ങി വയറ്റത്തടിച്ച് പാടിയല്ല പി. എൻ .പണിക്കർ എന്ന വലിയ മനുഷ്യൻ മലയാളികളെ വായനയിലേക്കെത്തിച്ചത്. കേരളക്കര മുഴുവൻ വായനശാലകൾ രൂപീകരിക്കുന്നതിന് ലാഭേച്ഛയില്ലാത്ത മനസ്സോടെ പ്രവർത്തിച്ചുകൊണ്ടാണ്.കയ്യടി നേടാനും അച്ചടി-ദൃശ്യമാധ്യമങ്ങളിൽ പടമടിച്ചു വരുന്നത് കണ്ട് കോൾമയിർ കൊള്ളാനും വേണ്ടി ഇന്ന് ഇത്തരം പണിക്കിറങ്ങുന്നവർക്ക് ആ മനുഷ്യന്റെ പേരുച്ചരിക്കുന്നതിനു പോലുമുള്ള യോഗ്യതയുണ്ടെന്ന് തോന്നുന്നില്ല.
    നാടൊട്ടുക്ക് വായനമേളകൾ നടത്തുന്നവർ അന്ത്യശ്വാസമെടുക്കുന്നതിന് നല്ല നേരം കാത്തു കിടക്കുന്ന നമ്മുടെ വായനശാലകളുടെ ഗതികെട്ട അവസ്ഥ കാണുന്നില്ലെന്നത് ദു:ഖകരമാണ്.
    ...........................................
    ("വായിച്ചു വളരുന്ന(?) മലയാളി" എന്ന എന്റെ ലേഖനത്തിൽ നിന്നും പ്രസക്തമെന്നു തോന്നുന്ന ചില വസ്തുതകൾ ടോണി സാറിന്റെ വാദഗതികൾക്കു പൂരണമാകുമെന്നു കരുതി എടുത്തു ചേർത്തതാണ്.)
    ................................................

    ReplyDelete
  2. ജെയ്സണ്‍സാറിന് നന്ദി.. എത്ര ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്താലും ഒരു പ്രതികരണവുമില്ലാത്തവരാണോ നമ്മള്‍ എന്നു തോന്നിപ്പോകുന്നു. നൂറുകണക്കിന് ആളുകള്‍ വായിച്ചുകഴിഞ്ഞ പോസ്റ്റാണിത് . പക്ഷേ....

    ReplyDelete
  3. wow...i got a pukka answer..thnkz :)

    ReplyDelete
  4. niceeeeeeeeeeeeeeee

    ReplyDelete