Saturday, December 31, 2011

'പൂഞ്ഞാര്‍ ന്യൂസ് ' ഇനി മുതല്‍ 'പൂഞ്ഞാര്‍ ബ്ലോഗ് '

ചില സാങ്കേതിക കാരണങ്ങളാല്‍  പൂഞ്ഞാര്‍ ന്യൂസ് എന്ന പേരില്‍ ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു..
നമ്മുടെ ബ്ലോഗ് ഇനി മുതല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
ബ്ലോഗില്‍ പ്രവേശിക്കുവാനുള്ള പുതിയ വിലാസം ശ്രദ്ധിക്കുക : www.poonjarblog.com
ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമല്ലോ.. ഇതുവരെ ഞങ്ങളോടു കാണിച്ച എല്ലാ സഹകരണങ്ങള്‍ക്കും  പ്രോത്സാഹനങ്ങള്‍ക്കും നന്ദി.  തുടര്‍ന്നും ഈ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..
ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..

Friday, December 30, 2011

ഇതൊരു 'വിസ്മയപ്പുല്‍ക്കൂട്..'

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍
തയ്യാറാക്കിയ പുല്‍ക്കൂട്..
          സ്കൂളില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷത്തിന്  തടസമായി വന്നത് ക്രിസ്തുമസ് പരീക്ഷയാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസവും  രാവിലെയും ഉച്ചകഴിഞ്ഞും എക്സാം. ഈ പരീക്ഷകള്‍ക്കിടയിലുള്ള അല്‍പ്പസമയത്ത് ആഘോഷം നടത്താന്‍ തീരുമാനമായി. പുല്‍ക്കൂടും ട്രീയും ഈ ചുരുങ്ങിയ സമയംകൊണ്ട് എങ്ങിനെ ശരിയാക്കും?
          സാറേ ഞങ്ങള്‍ റെഡി എന്നുപറഞ്ഞ് കുറെ മിടുക്കന്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നോന്നി ഗ്രാമത്തിന്റെ വിസ്മയക്കാഴ്ച്ചയായിരുന്ന 'വിസ്മയപ്പുല്‍ക്കൂട്..' ഒരുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന കൊച്ചുമിടുക്കരാണ് ഇവര്‍ എന്നു മനസിലായപ്പോള്‍ അദ്ധ്യാപകര്‍ ഈ ഉത്തരവാദിത്വം ഇവരെത്തന്നെ ഏല്‍പ്പിച്ചു. 
           മീറ്റിംഗിനു മുന്‍പ് പുല്‍ക്കൂട് റെഡി. സഹപാഠികള്‍കൂടി ഇവരോടൊപ്പം കൂടിയപ്പോള്‍ ട്രീയും സ്റ്റേജും മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാര്‍. എല്ലാ വര്‍ഷവും , ദിവസങ്ങള്‍ക്കു മുന്‍പേ ആലോചന തുടങ്ങി തയ്യാറാക്കുന്ന അലങ്കാരങ്ങളേക്കാള്‍ ഭംഗിയായിമാറി , അല്‍പ്പസമയത്തിനുള്ളിലെ ഈ പുല്‍ക്കൂടും സ്റ്റേജും.
          ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൊച്ചു വിസ്മയപ്പുല്‍ക്കൂട്ടിലൂടെ ഞങ്ങളും  അനുഭവിച്ചു. ഒന്നോര്‍ക്കുക.. മണിക്കൂറുകള്‍പോലും എടുത്തില്ല ഈ പുല്‍ക്കൂടു നിമ്മാണത്തിന് എന്നതാണ് ഇതിന്റെ പ്രസക്തി.
ഏവര്‍ക്കും പുതുവത്സരാശംസകള്‍..
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Monday, December 26, 2011

പൂഞ്ഞാര്‍ ബ്ലോഗില്‍ പുതിയ പേജ് - Links

            ഉപകാരപ്രദമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ലഭ്യമാകുന്ന പുതിയ പേജ്  നമ്മുടെ ബ്ലോഗില്‍ തയ്യാറായിരിക്കുന്നു. വിദ്യാഭ്യാസം , ഓണ്‍ ലൈന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ (ദിനപ്പത്രം,മാഗസീനുകള്‍,ടി.വി.ചാനലുകള്‍..) , ഗവണ്‍മെന്റ് വെബ്സൈറ്റുകള്‍ , സുപ്രധാന ബ്ലോഗുകള്‍ തുടങ്ങിയവയിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നവിധം ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഏതൊക്കെ ലിങ്കുകള്‍ കൂടുതലായി ചേര്‍ക്കണം എന്ന് നിങ്ങളുടെ അഭിപ്രായവും എഴുതുമല്ലോ.. വിശദ വിവരങ്ങള്‍ക്ക് മുകളില്‍കാണുന്ന Links എന്ന പേജ് സന്ദര്‍ശിക്കുക..

Thursday, December 22, 2011

ഈ സയന്‍സ് അദ്ധ്യാപകന്‍ പൂഞ്ഞാറിന്റെ അഭിമാനം..

മനോജ് സെബാസ്റ്റ്യന്‍
               മൂന്നാം പ്രാവിശ്യവും താന്‍  നേതൃത്വം നല്‍കിയ ഗവേഷണ പ്രബന്ധം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ  സന്തോഷത്തിലാണ് പൂഞ്ഞാര്‍ ഇടമല സ്വദേശി ചിറയാത്ത്  മനോജ് സെബാസ്റ്റ്യന്‍. ഇപ്പോള്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ , സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ചു മിടുക്കര്‍ ചേര്‍ന്ന്   അവതരിപ്പിച്ച , ചിതലുകളെക്കുറിച്ചുള്ള പഠനമാണ് ഈ വര്‍ഷം അവാര്‍ഡിന്  അര്‍ഹമായത്. ഡിസംബര്‍ 27 മുതല്‍ 31 വരെ രാജസ്ഥാനിലെ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പ്രസ്തുത പ്രബന്ധം അവതരിപ്പിക്കും.
തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിലെ
ബാലശാസ്ത്ര പ്രതിഭകള്‍ അസി. വികാരി
ഫാ.സിറിയക് പൂത്തേട്ട് ,മനോജ് സെബാസ്റ്റ്യന്‍,
സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര,
ഹെഡ്മിസ്ട്രസ് ടെസിയമ്മ തോമസ് എന്നിവര്‍ക്കൊപ്പം.
                ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിലെ മുഖ്യ വിഷയമായ  ' കരയിലെ വിഭവങ്ങള്‍ ഐശ്വര്യപൂര്‍ണ്ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം , കാത്തുസൂക്ഷിക്കാം '  എന്നതിനെ അടിസ്ഥാനമാക്കി , 'മുട്ടം പ്രദേശത്തെ ചിതല്‍പുറ്റുകള്‍  - ഒരു പഠനം' എന്നതായിരുന്നു പ്രബന്ധ വിഷയം. ഈ പ്രബന്ധം ജനുവരി 29 മുതല്‍ 31 വരെ കോട്ടയം റബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
           മുന്‍പ് തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായിരുന്നപ്പോള്‍ ഇദ്ദേഹം നേതൃത്വം നല്‍കിയ ശാസ്ത്ര പ്രബന്ധം  രണ്ടു പ്രാവിശ്യം ദേശീയ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടുതല്‍ നേട്ടങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മനോജ് സാറിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.

Tuesday, December 20, 2011

ദര്‍പ്പണം (ജി.പത്മകുമാര്‍)

            പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും നര്‍മ്മ സാഹിത്യകാരനുമായ ജി.പത്മകുമാര്‍ സാറിന്റെ ഈ രചനയുടെ ഒന്നാം ഭാഗം മുന്‍പു് പ്രസിദ്ധീകരിച്ചിരുന്നു. ഇതു രണ്ടാം ഭാഗമാണ്. ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ അവസരം നല്‍കുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മടിയുമില്ലാതെ തുറന്നുകാട്ടുകയാണ് അദ്ദേഹം. വായനയ്ക്കു ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ..

ദര്‍പ്പണം (ഭാഗം 2)


എന്റെ ബാല്യത്തില്‍ എന്റെ കൈകളില്‍
പേരയ്ക്കയും ചാമ്പങ്ങയും
കറുമുറെ തിന്നാനുണ്ടായിരുന്നു
എന്റെ പൈതലിന്‍ കൈകളിലോ ?
ഏതോ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ
എരിവും പുളിയും ചവര്‍പ്പും
കലര്‍ന്നു കറുമുറെ തിന്നുന്ന
എന്തോ ഒന്ന്..!!

Friday, December 16, 2011

' മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)

സമരത്തിന്റെ  'രാഷ്ട്രീയ ഇടവേള..'
              മുല്ലപ്പെരിയാറില്‍ സമരപ്പന്തല്‍ തീര്‍ത്ത് കുറേ വര്‍ഷങ്ങളായി പ്രതിഷേധ പ്രകടനങ്ങളിലൂടെ ജീവനുവേണ്ടി യാചിച്ചിരുന്നവരെ ആരും കണ്ടിരുന്നില്ല. അടുത്തനാളിലെ ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഈ സമരത്തിന് പൊതുജന ശ്രദ്ധ നേടിക്കൊടുക്കുകയും മാധ്യമങ്ങള്‍ അവിടെ തമ്പടിക്കുകയും ചെയ്തതോടെ രാഷ്ട്രീയക്കാര്‍ ചാടിവീണു. പിന്നീടു നടന്നതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ പ്രതീക്ഷിച്ചിടത്ത് കാര്യങ്ങള്‍ നില്‍ക്കുന്നില്ല എന്നു മനസിലാക്കിയതോടെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യഎന്ന അവസ്ഥയിലായ ഇവര്‍ക്ക് , പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ഒരു പിടിവള്ളിയായി. 
            മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ ഈ മുതലക്കണ്ണീരിനെ പല മാധ്യമങ്ങളും വിമര്‍ശിച്ചെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ദീപിക ദിനപ്പത്രത്തില്‍ വന്ന മുഖപ്രസംഗമാണ്. രാഷ്ട്രീയക്കാരുടെ കപട നാട്യങ്ങളും  ' മുല്ലപ്പെരിയാര്‍ യാഥാര്‍ത്ഥ്യങ്ങളും ' തുറന്നെഴുതിയിരിക്കുന്ന ഈ മുഖപ്രസംഗം അഭിനന്ദനാര്‍ഹമാണ്..  ചുവടെ നല്‍കിയിരിക്കുന്ന മുഖപ്രസംഗം  എല്ലാവരും ആദ്യാവസാനം വായിക്കണം. അത്ര ശക്തമാണ് ഈ രചന. വായിച്ചുനോക്കൂ..

Tuesday, December 13, 2011

"ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!"

            "മലയാളിക്കോ തമിഴനോ എന്നല്ല ഒരു മനുഷ്യനും ഈ അനുഭവം ഉണ്ടാകരുത്." മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) വാക്കുകളാണിവ. ജീവനോടെ രക്ഷപെടാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ട് മാത്രം.
            ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തുന്ന വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെയുള്ള ഈ രോഷത്തിന് കാരണം. നേതാക്കളെ ദൈവതുല്യരായി കണ്ട് അവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ ഈ വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് കേരളീയര്‍ക്കെതിരെ തിരിയുകയായിരുന്നു.
             പ്രതിഷേധം മുതലെടുത്ത് കൊള്ളയും അക്രമവും നടത്തുന്ന സാമൂഹ്യ വിരുദ്ധരാല്‍ മുറിവേല്‍പ്പിക്കപ്പെട്ട വക്കച്ചനെ രക്ഷപെടാന്‍ സഹായിച്ചതും നല്ലവരായ തമിഴ് സഹോദരങ്ങള്‍ തന്നെ.
            നടുക്കത്തോടെ മാത്രം ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ആ അനുഭവങ്ങള്‍ വക്കച്ചന്‍ ഞങ്ങളുമായി പങ്കുവച്ചു.

Thursday, December 8, 2011

"മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട

         പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യം ആവേശമായി. ഉജ്ജ്വല പ്രസംഗവും കവിതാലാപനവും വഴി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളജനതയുടെ ആശങ്കയും പ്രതിഷേധവും അദ്ദേഹം പങ്കുവച്ചു.   
        പി.റ്റി.എ. പ്രസിഡന്റ്  M.C.മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

         സമ്മേളനത്തോടനുബന്ധിച്ച്  ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ 1200 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ പൂഞ്ഞാര്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു. 
പ്ലാക്കാര്‍ഡുകള്‍ കൈയിലേന്തി , "മുല്ലപ്പെരിയാറില്‍ പുതിയ ഡാം , കേരളത്തിന് സുരക്ഷ , തമിഴ് നാടിന് ജലം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നത്.
പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായും ഫോട്ടോകള്‍ക്കായും ചുവടെ കാണുന്ന Read More >> ലിങ്ക് ഉപയോഗിക്കുക..

Sunday, December 4, 2011

'സാന്‍ജോ ഫെസ്റ്റ് ' കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി..

        സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലാ മേളയായ  'സാന്‍ജോ ഫെസ്റ്റ് ' കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി മാറി. പാലാ സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകള്‍ ആതിഥ്യം വഹിച്ച പതിമൂന്നാമതു സാന്‍ജോഫെസ്റ്റില്‍  ആയിരത്തില്‍പരം കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു. 
        രാവിലെ ഒന്‍പതുമണിക്ക്  പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍  മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI അദ്ധ്യക്ഷത വഹിച്ച  യോഗത്തിന് പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി പി.ജോര്‍ജ്ജ് CMI സ്വാഗതം ആശംസിച്ചു. 
        വൈകുന്നേരം നാലിന് നടന്ന  സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് ചീഫ്  സി.രാജഗോപാല്‍ IPS ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI നന്ദിയും അര്‍പ്പിച്ചു. 
        വിജയികള്‍ക്ക് മാനേജര്‍ ഫാ.തോമസ് നമ്പിമഠം CMI , മുനിസിപ്പല്‍ കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര എന്നിവര്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിന്നണി ഗായകന്‍ വില്‍സ്വരാജും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശാലിനിയും ഒരുക്കിയ സംഗീത വിരുന്നും ചാവറ പബ്ലിക്ക് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും സമ്മേളനത്തിന് നിറപ്പകിട്ടേകി. ഒന്നാം നമ്പര്‍ വേദിയിലെ മത്സരങ്ങളും കലാ പരിപാടികളും തത്സമയം ഇന്റര്‍ നെറ്റിലൂടെ കാണുന്നതിനുള്ള സൗകര്യം   (Live Broadcasting) പൂഞ്ഞാര്‍ ന്യൂസ് ഒരുക്കിയിരുന്നു. 

         കലാ മേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഓവറോള്‍ ട്രോഫികള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയ്യുക..

Tuesday, November 29, 2011

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം പൂഞ്ഞാറിന്റെ ഉത്സവമായി..

          ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  തുടക്കമായി . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ് മേള ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉഷാ മേനോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി. രാമവര്‍മ്മ വലിയരാജാ , പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോഷി മൂഴിയാങ്കല്‍ , AEO റ്റി.വി.ജയമോഹന്‍ , സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷൈലാ ജി. നായര്‍ , ഹെഡ്മാസ്റ്റര്‍ ആര്‍.നന്ദകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ്
കലോത്സവം ഉദ്ഘാടനം ചെയ്യുന്നു.
          
        നവംബര്‍ 28 മുതല്‍ 30 വരെ , മൂന്നുദിവസം നീളുന്ന മേളയില്‍ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. മത്സരഫലങ്ങള്‍ പൂഞ്ഞാര്‍ ന്യൂസില്‍ തത്സമയം ലഭ്യമാണ്.

Sunday, November 27, 2011

മുല്ലപ്പെരിയാര്‍..!! എല്ലാ മലയാളികളും ഈ വീഡിയോ ദൃശ്യങ്ങള്‍ കാണണം...

        ലക്ഷക്കണക്കിന് കേരളീയരുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദുരന്ത സാധ്യത മനസിലാക്കിയ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി മുല്ലപ്പെരിയാറില്‍ സ്ഥിരം സമരപ്പന്തല്‍ തീര്‍ത്ത് പ്രതിഷേധിച്ചിരുന്നവര്‍ക്ക് പിന്തുണയുമായി നിരവധിയാളുകളും സംഘടനകളും മുന്നോട്ടുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ഭൂചലനമാണ് ഈ പ്രശ്നത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി നിന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകാവുന്നതേയുള്ളൂ.  
          ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍  നെറ്റിലൂടെ ലഭ്യമായ ചില വീഡിയോ ഡോക്കുമെന്ററികള്‍ ചുവടെ നല്‍കിയിക്കുന്നു. ഡാം 999 ന്റെ സംവിധായകന്‍ സോഹന്‍ റോയ് തയ്യാറാക്കിയ വീഡിയോയും ഇതില്‍ ഉള്‍പ്പെടുന്നു. യൂ-ട്യൂബിലും ഫേസ് ബുക്കിലുമായി നിരവധിയാളുകള്‍ ഇതു കണ്ടുകഴിഞ്ഞു.  മുല്ലപ്പെരിയാറിനെ സംബന്ധിക്കുന്ന  ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ചില സത്യങ്ങള്‍ ഇതിലുണ്ട്... എല്ലാ കേരളീയരും തീര്‍ച്ചയായും ഈ വീഡിയോ കാണണം.. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം.. ഈ പ്രശ്നത്തിന് ശുഭകരമായ ഒരു അന്ത്യം ഉണ്ടാകട്ടേ എന്നു് എല്ലാ കേരളീയരേയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നു... പ്രാര്‍ഥിക്കുന്നു...
മലയാളം ഡോക്കുമെന്ററി (സോഹന്‍ റോയ്)


 

Friday, November 25, 2011

മത്സര ഫലങ്ങള്‍ - ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവ രചനാമത്സരം, ജില്ലാ ശാസ്ത്രമേള

          പൂഞ്ഞാര്‍ SMV HSS-ല്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവ രചനാ മത്സരങ്ങളുടെയും കുറവിലങ്ങാട് നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെയും മത്സരഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. റിസല്‍ട്ടിനായി ഈ പേജിന്റെ വലതുഭാഗത്തുകാണുന്ന RESULTS എന്ന തലക്കെട്ടിനു ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക..
കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂജില്ലാ സ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ യു.പി. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍  ടീമംഗങ്ങള്‍ , മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് ,ടീം മാനേജര്‍ റ്റോണി തോമസ് എന്നിവര്‍ക്കൊപ്പം..

Thursday, November 24, 2011

മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം'

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' ശ്രദ്ധേയമായി. 'മുല്ലപ്പെരിയാര്‍ ഭീഷണി' ഏറ്റവും കൂടുതല്‍ നേരിടുന്നതും പ്രതിഷേധ സമരങ്ങളുടെ സിരാ കേന്ദ്രവുമായ ' ചപ്പാത്തില്‍ ' എത്തിയ കുട്ടികള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' നടത്തിയത്. 
        ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന വന്‍ ദുരന്തം വെളിപ്പെടുത്തുന്ന നിശ്ചല ദൃശ്യം ഏറെ ശ്രദ്ധേയമായി. അധികാരികള്‍ ഇനിയും അലംഭാവം കാട്ടിയാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു , ശവപ്പെട്ടികളില്‍ മൃതശരീരങ്ങളായുള്ള ഇവരുടെ കിടപ്പ്  . പ്രസ്താവനകളോ ചര്‍ച്ചകളോ അല്ല മറിച്ച് ജീവരക്ഷയാണ് വേണ്ടത് എന്നു സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുകളും ബാനറുകളും നിറഞ്ഞ പ്രതിഷേധ മാര്‍ച്ചും നടന്നു. മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കളും പരിപാടികളില്‍ സന്നിഹിതരായിരുന്നു. 

Sunday, November 20, 2011

ദര്‍പ്പണം (ജി.പത്മകുമാര്‍)

          പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും നര്‍മ്മ സാഹിത്യകാരനുമായ ജി.പത്മകുമാര്‍ സാറിന്റെ ഈ രചന വായിച്ചുനോക്കൂ.. ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ അവസരം നല്‍കുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മടിയുമില്ലാതെ തുറന്നുകാട്ടുകയാണ് അദ്ദേഹം. വായനയ്ക്കു ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ..

ദര്‍പ്പണം (ഭാഗം 1)
വാമനന്‍ വീണ്ടും വന്നു.
ബലിയെ കണ്ടു.
വീണ്ടും യാചിച്ചു.
ഒരടി മണ്ണുമാത്രം.
പക്ഷേ !
മൊബൈല്‍ ടവറിന്റെ
റേഡിയേഷനേല്‍ക്കാത്ത
ഒരടി മണ്ണുവേണം.
ബലിയൊന്നുമുരിയാടിയില്ല.

Thursday, November 17, 2011

ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും കായിക മേളയിലും മികവു തെളിയിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..

ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കീരീടം
കരസ്ഥമാക്കിയ ടീമംഗങ്ങള്‍ , സ്കൂള്‍ മാനേജര്‍
ഫാ. ചാണ്ടി കിഴക്കയില്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് ,
ടീം മാനേജര്‍ റ്റോണി തോമസ് എന്നിവര്‍ക്കൊപ്പം..
        ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകളിലും കായിക മേളയിലും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ച നേട്ടം. യു.പി. വിഭാഗം ഗണിത ശാസ്ത്ര മേളയില്‍ നാല് ഒന്നാം സ്ഥാനങ്ങളോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  കരസ്ഥമാക്കാന്‍ സ്കൂളിന് സാധിച്ചു.
        ഹൈസ്കൂള്‍ വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സില്‍ , പങ്കെടുത്ത പതിനഞ്ച് ഇനങ്ങളില്‍ ഒന്‍പത് ഫസ്റ്റ് എ ഗ്രേഡും നാല് സെക്കന്‍ഡ് എ ഗ്രേഡും ഉള്‍പ്പെടെ തിളക്കമാര്‍ന്ന പ്രകടനമാണ് സെന്റ് ആന്റണീസ് കാഴ്ച്ചവച്ചത്.

Read more >> സൗകര്യം പൂഞ്ഞാര്‍ ന്യൂസില്‍ ..

         വായനക്കാരുടെ സൗകര്യാര്‍ഥം Read more >> പൂഞ്ഞാര്‍ ന്യൂസില്‍ ലഭ്യമാക്കിയിരിക്കുന്നു. പോസ്റ്റുകളുടെ വലുപ്പം കുറച്ച് വാര്‍ത്തകള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നതാണ് ഈ രീതി.
       ഇനി മുതല്‍ എല്ലാ പോസ്റ്റുകളുടെയും ചുവടെ Read more >> എന്ന ലിങ്ക് കാണുവാന്‍ സാധിക്കും. വാര്‍ത്തകളുടെ കുറച്ചു ഭാഗം മാത്രമായിരിക്കും പ്രധാന പേജില്‍ കാണുക. അത് ഇഷ്ടപ്പെടുകയും തുടര്‍ന്ന് വായിക്കുവാന്‍ താത്പ്പര്യപ്പെടുകയും ചെയ്താല്‍ Read more >>-ല്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാവുന്നതാണ്. 

Monday, November 14, 2011

ശിശുദിനം ആഘോഷിച്ചു..

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ പൂഞ്ഞാര്‍ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടികള്‍ക്ക് ആവേശമായി. 

        പരിപാടിയുടെ ഭാഗമായി വിവിധ കലാ മത്സരങ്ങള്‍ നടത്തി. 
          നവംബര്‍ 14-ന് ഉച്ചകഴിഞ്ഞ് സ്കൂള്‍ ഹാളില്‍ കൂടിയ സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ മുഖ്യാതിഥിയായിരുന്നു. പീ.റ്റി.എ. പ്രസിഡന്റ്  എം.സി. മാത്യു മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
        സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ പൂഞ്ഞാര്‍ ബ്രാഞ്ച് മാനേജര്‍ റ്റി.ഐ.ജോണ്‍സണ്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് . ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , അദ്ധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Thursday, November 10, 2011

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആവേശ്വോജ്ജ്വലമായ പരിസമാപ്തി..

      തീക്കോയി ഗ്രാമത്തെ ഉത്സവ ലഹരിയിലാക്കി രണ്ടുദിവസം നീണ്ടുനിന്ന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകള്‍ അവസാനിച്ചു.ഇരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. 
        മികച്ച ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുട്ടികളുടെ ആവേശകരമായ പങ്കാളിത്തവും സംഘാടക മികവും ഒരുപോലെ നിറപ്പകിട്ടേകിയ ഒരു മേളയാണ് കടന്നുപോയത്. മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിച്ച തീക്കോയി സെന്റ് മേരീസ് സ്കൂളിനും നേതൃനിരയ്ക്കും അഭിനന്ദനങ്ങള്‍.
മത്സര ഫലങ്ങള്‍
        എല്ലാ മത്സര ഫലങ്ങളും (ഓവറോള്‍ ട്രോഫികള്‍ നേടിയ സ്കൂളുകളുടെ ലിസ്റ്റ് ഉള്‍പ്പെടെ) പൂഞ്ഞാര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ റിസല്‍ട്ടുകള്‍  ഈ പേജിന്റെ വലതു ഭാഗത്തു കാണുന്ന RESULTS എന്ന തലക്കെട്ടിനു ചുവടെ ചേര്‍ത്തിരിക്കുന്നു.
      

Wednesday, November 9, 2011

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു..

        തീക്കോയി സെന്റ് മേരീസ് സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി. കേരള നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്തു. ഇന്ന്  (09/11/2011) ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മത്സരങ്ങളും നാളെ (10/1/2011) സാമൂഹ്യശാസ്ത്ര-വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരങ്ങളുമാണ് നടക്കുക.
         മത്സര ഫലങ്ങള്‍ക്കായി ഈ പേജിന്റെ വലതു ഭാഗത്തു കാണുന്ന RESULTS-ലെ ലിങ്കുകള്‍ ഉപയോഗിക്കുക.

പൂഞ്ഞാറിന്റെ സ്വീകരണം ഏറ്റുവാങ്ങി മുഖ്യമന്ത്രി..

        പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പൂഞ്ഞാര്‍ തെക്കേക്കര ബ്രാഞ്ചിനുവേണ്ടി പണി തീര്‍ത്ത ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടന കര്‍മ്മത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൂഞ്ഞാറിലെത്തി (08/11/2011). കേരള നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി. ബാങ്ക് വെബ്സൈറ്റിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.എന്‍.ശശിധരന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനവും  നിര്‍വ്വഹിച്ചു. 
        ബാങ്ക് പ്രസിഡന്റ് ബേബി അറയ്ക്കപ്പറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ചന്ദ്രന്‍ മൈലാടുംപാറ നന്ദിയും നേര്‍ന്നപ്പോള്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളും നിരവധി സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പൂഞ്ഞാറിലെ ജനങ്ങളുടെ ഹൃദയം നിറഞ്ഞ സ്വീകരണത്തിന് നന്ദി പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.

Sunday, November 6, 2011

ബ്ലോഗില്‍ കമന്റ് ചെയ്യുന്നതെങ്ങനെ..?

        ബ്ലോഗിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് ആര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനുള്ള അവസരം നല്‍കുന്നു എന്നത്.  പലപ്പോഴും പ്രസിദ്ധീകരിക്കുന്ന പോസ്റ്റിനേക്കാള്‍ കൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യുന്നവയാണ് നല്ല കമന്റുകള്‍ . മാത്രമല്ല , കമന്റുകള്‍ വലിയ പ്രോത്സാഹനവുമാണ്. ബ്ലോഗില്‍ കമന്റ് ചെയ്യുന്നതെങ്ങനെ എന്നത് കുറച്ചുനാളുകളായി പല സഹൃത്തുക്കളും ഉന്നയിക്കുന്ന ഒരു സംശയമാണ്. ആ സംശയ നിവാരണത്തിനായാണ്  ഈ പോസ്റ്റ് .
ബ്ലോഗില്‍ കമന്റ് ചെയ്യുവാന്‍..
       ഓരോ പോസ്റ്റിന്റെയും ചുവടെ comments എന്ന ഒരു ലിങ്ക് കാണാം. കമന്റ്സ് ഒന്നുമില്ലെങ്കില്‍  0 comments എന്നും ഉണ്ടെങ്കില്‍ 2 comments , 3 comments .. എന്നിങ്ങനെ കമന്റ്സിന്റെ എണ്ണം സഹിതവും കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതുവരെയുള്ള കമന്റുകളും  കമന്റ് എഴുതുന്നതിനുള്ള ബോക്സും ദൃശ്യമാകും. ഇതില്‍ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതുക.
      അതിനുശേഷം തൊട്ടുതാഴെ comment as എന്നതില്‍ നിന്നും ഒരു പ്രൊഫൈല്‍ തിരഞ്ഞെടുക്കുക. G-Mail അഡ്രസ് ഉള്ളവര്‍ Google Account-ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. അവസാനമായി ഇതിനു താഴെക്കാണുന്ന Post Comment-ല്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ജി-മെയില്‍ ​ഐഡിയും പാസ് വേര്‍ഡും നല്‍കി Sign in ചെയ്താല്‍ കമന്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 

         ഇ-മെയില്‍ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന പേരും ഫോട്ടോയുമായിരിക്കും നിങ്ങളുടെ കമന്റില്‍ പ്രത്യക്ഷപ്പെടുക.. ഇതു കൂടാതെ കമന്റുകള്‍ ബ്ലോഗിന്റെ ഇടതുവശത്ത് പ്രത്യേക ബോക്സില്‍ കാണുന്ന ക്രമീകരണവും പൂഞ്ഞാര്‍ ന്യൂസില്‍ ഒരുക്കിയിട്ടുണ്ട്.
        ഇനി താമസിക്കേണ്ട.. ബ്ലോഗില്‍ കമന്റെഴുതി തുടങ്ങാം.. നിങ്ങളുടെ അഭിപ്രായങ്ങള്‍ ലോകമറിയട്ടെ.. പ്രോത്സാഹനങ്ങളും...

Saturday, November 5, 2011

10 സെക്കന്‍ഡുകൊണ്ട് ടൈ കെട്ടാമോ..!

                             കല്യാണ ദിവസമാണ് പലരും ജീവിതത്തില്‍ ആദ്യമായും അവസാനമായും ടൈ കെട്ടുക . അന്ന് കൂട്ടുകാര്‍ സഹായത്തിനുണ്ടാകും. പീന്നീട് എപ്പോഴെങ്കിലും ഇങ്ങനെയൊരവസരം വന്നാലോ.. പേടിക്കേണ്ട.. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രശസ്തമായ ഈ വീഡിയോ കണ്ടുനോക്കൂ... ടൈ സ്ഥിരമായി ഉപയോഗിക്കുന്നവരും അല്ലാത്തവരും ഈ വിദ്യ പഠിച്ചിരിക്കുന്നത് നന്ന്...
                                        കമന്റെഴുതാന്‍ മറക്കരുതേ..

Wednesday, November 2, 2011

മൊബൈല്‍ ഫോണ്‍ വില്ലനോ..!

           മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടുകള്‍ അധികമില്ല. അത്തരം പ്രശ്നങ്ങളൊന്നും മൊബൈല്‍ ഫോണുകളോ മൊബൈല്‍ ടവറുകളോ ഉണ്ടാക്കുന്നില്ല എന്ന അറിയിപ്പ് ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നുമുണ്ട്. ഇത് അപ്പാടെ വിശ്വസിക്കുവാന്‍ ആരും തയ്യാറാകുമെന്നു തോന്നുന്നില്ല . ഗവണ്‍മെന്റ് തലത്തില്‍ കൃത്യമായ പഠനംനടത്തി ഈ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
           ഇതിനിടയില്‍ ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് നമ്മുടെ നാട്ടില്‍നിന്നുതന്നെ പുറത്തുവന്നെങ്കിലും  വലിയ വാര്‍ത്താപ്രധാന്യം ലഭിക്കാത്തതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍ ഇതെത്തിയില്ല എന്നത് സങ്കടകരമാണ്. കോട്ടയം അതിരമ്പുഴ സ്വദേശിയും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപകനായ ഡോ.മുഹമ്മദ് സുധീറിന്റെ ഈ പ്രബന്ധം ശ്രദ്ധിക്കൂ..
                     വലുതായി കാണുവാന്‍ പത്രറിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക

Monday, October 31, 2011

രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..

രാജേഷ് ജോര്‍ജ്ജ്
        ഒരു തുണ്ടു പേപ്പറും ഒരു പേനയും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മനോഹരമായ ഒരു ചിത്രം തയ്യാര്‍.. പൂഞ്ഞാര്‍ സ്വദേശി രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ ഈശ്വരാനുഗ്രഹത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഉപജീവനത്തിനായി മറ്റുമാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കലാകാരന്‍. ഹോട്ടല്‍ ജോലിക്കിടയിലും കഴിവു തെളിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കാറില്ല.
ആവശ്യപ്പെട്ടു് നിമിഷങ്ങള്‍ക്കുള്ളില്‍ രാജേഷ് വരച്ചു തന്ന ചില ചിത്രങ്ങള്‍ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
ഇദ്ദേഹത്തിന്റെ വിലാസം : രാജേഷ് ജോര്‍ജ്ജ് , പള്ളിക്കുന്നേല്‍ , പൂഞ്ഞാര്‍ , ഫോണ്‍ : 9847273045

Friday, October 28, 2011

ഇങ്ങനെയും ഉറങ്ങാം..!

        നന്നായി ഉറങ്ങാന്‍ സാധിക്കണമെങ്കില്‍ രണ്ടുകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നു കൂടിയേ തീരു എന്ന് പൂതുമൊഴി. അവ ഏതെന്നല്ലേ.. മദ്യം അല്ലെങ്കില്‍ മനശാന്തി. മദ്യസേവ ബോധം കെട്ട ഉറക്കം സമ്മാനിക്കുമെങ്കിലും മനുഷ്യന്റെ സര്‍വ്വനാശത്തിന് അത് വഴിതെളിക്കുമെന്നതിനാല്‍  മനശാന്തിമൂലം നന്നായി ഉറങ്ങാന്‍ സാധിക്കട്ടെ എന്ന്  നമുക്കാശംസിക്കാം..
        പട്ടുമെത്തയില്‍ കിടന്നാലും ഉറക്കം ലഭിക്കാത്തവര്‍ ഇവരുടെ ഉറക്കമൊന്നു ശ്രദ്ധിക്കൂ..
        കൂടുതല്‍ ചിത്രങ്ങള്‍ക്കായി ... CLICK ME..Please..