Sunday, September 23, 2012

പാചകവാതകത്തിന് വിലകൂടിയാലെന്താ..! വീട്ടില്‍ വെയ്സ്റ്റില്ലേ..!

            ഒരു വര്‍ഷം ഇനിമുതല്‍ എത്ര പാചകവാതക സിലിണ്ടര്‍  കിട്ടുമെന്നത് കാത്തിരുന്നു കാണേണ്ട കാഴ്ച്ചയാണ്..! കിട്ടിയാല്‍ തന്നെ വിലയുടെ കാര്യത്തില്‍  കൈപൊള്ളുമെന്നതില്‍  യാതൊരു സംശയവും വേണ്ട. അതേ സമയം വീട്ടമ്മമാരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നമാണ് അടുക്കളയിലെ മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നത്. രണ്ടിനുംകൂടി ഒരൊറ്റ പരിഹാരമുണ്ടെങ്കില്‍..! അതാണ് ബയോഗ്യാസ് പ്ലാന്റ്.
           പുതിയ കാര്യമല്ല എങ്കിലും നാം ഇനിയും ഇതിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. സ്രീധനം മാസികയില്‍ വന്ന ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ നിര്‍മ്മാണ-സംരക്ഷണ രീതികളെക്കുറിച്ചും ഇവിടെ വിശദമാക്കുന്നു.. വായിച്ചുനോക്കൂ.. 

Saturday, September 15, 2012

"ബ്ലോഗ് ടീമിന് സ്നേഹപൂര്‍വ്വം..."

            പൂഞ്ഞാര്‍ ബ്ലോഗിനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുരുന്നുകള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് കൊണ്ട് നിരവധി ഇ-മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്കു വന്നിട്ടുണ്ട്. എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും മറുപടി അയയ്ക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നത് നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനം ഒന്നു മാത്രമാണ്. ഓണപ്പരീക്ഷയും മറ്റുതിരക്കുകളും വന്നതിനാല്‍ ഇപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍മാത്രമേ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നുള്ളൂ എന്നതുമാത്രമാണ് ഞങ്ങളുടെ സങ്കടം.
            ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത് ഞങ്ങള്‍ക്കു ലഭിച്ച ഒരു കത്തിനെപ്പറ്റി പറയുവാനാണ്. എല്ലാ ദിവസവും ഇ-മെയില്‍ ഇന്‍ബോക്സ് പരിശോധിക്കുന്ന തിരക്കില്‍ സ്കൂള്‍ അഡ്രസില്‍ വന്ന ഒരു കത്ത് ശ്രദ്ധയില്‍പെട്ടില്ല. കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ എഴുത്ത് ബ്ലോഗ് ടീമിന് ലഭിച്ചത്. കൈപ്പടയിലുള്ള എഴുത്തുകള്‍ വിരളമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വായിച്ചുകഴിഞ്ഞപ്പോള്‍ , ആഴ്ച്ചകളോളം ഈ കത്ത് അവഗണിക്കപ്പെട്ടുകിടന്നതില്‍ ദു:ഖം തോന്നി.
            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്ന (50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കുന്നോന്നി സ്വദേശി ജോസഫ് ചാത്തംപുഴയുടേതായിരുന്നു ആ എഴുത്ത്. പത്രത്തില്‍നിന്ന് ബ്ലോഗിന്റെയും അന്റോണിയന്‍ ക്ലബിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച അദ്ദേഹം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് അംഗങ്ങളെ നേരില്‍കാണുവാനും ആഗ്രഹം പ്രകടിപ്പിച്ചു. കത്തിന്റെ അവസാനമുണ്ടായിരുന്ന  എട്ടു വരികളുള്ള അദ്ദേഹത്തിന്റെ കവിതയാണ് ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റ ആത്മാര്‍ഥമായ സ്നേഹാഭിനന്ദനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് ആ കൊച്ചു കവിത ചുവടെ ചേര്‍ക്കുന്നു..