Sunday, December 30, 2012

വാഗമണ്‍ റോഡില്‍ ഭാഗികമായ യാത്രാ നിയന്ത്രണം...

            പാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ജനുവരി ഒന്നു മുതല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടും. വെള്ളികുളം ഒറ്റയീട്ടിമുതല്‍ വാഗമണ്‍ വഴിക്കടവ് വരെയാണ് സഞ്ചാരം പൂര്‍ണ്ണമായും വിലക്കിയിരിക്കുന്നത്. വളവുകള്‍ നേരേയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുമാറ്റേണ്ടതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Saturday, December 15, 2012

ഇവര്‍ പൂഞ്ഞാറിന്റെ അഭിമാനങ്ങള്‍...

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നടന്ന ദേശീയ ക്വിക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ , 75 കി.ഗ്രാം. വിഭാഗത്തില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ മൂക്കന്‍തോട്ടത്തില്‍ ആന്റണി ജോഷി...

ഈ വര്‍ഷത്തെ ജനറല്‍ നേഴ്സിംഗ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി രേവതി ഗോപാല്‍ , ആഞ്ഞിലിശ്ശേരില്‍ , പൂഞ്ഞാര്‍. റാങ്ക് ജേതാവായ രേവതി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയുമാണ്.

കോഴിക്കോട് നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ചിരട്ടകൊണ്ടുള്ള നിര്‍മ്മാണത്തില്‍ എ ഗ്രേഡും ചങ്ങനാശേരിയില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ മേളയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ജിത്തു കൃഷ്ണ റെജി. പൂഞ്ഞാര്‍ ബ്ലോഗ് ടീമിലെയും അന്റോണിയന്‍ ക്ലബിലെയും അംഗമാണ് ഈ കൊച്ചു മിടുക്കന്‍.

തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ കോട്ടയം ജില്ലാ ടീം അംഗമായ പൂഞ്ഞാര്‍ കൈപ്പള്ളി സ്വദേശി ജോസ് നീരാക്കല്‍. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജോസ് , ഈ വര്‍ഷം ഈരാറ്റുപേട്ട ഉപജില്ലയില്‍നിന്ന് സംസ്ഥാന കായികമേളയില്‍ സമ്മാനം നേടിയ ഏക വ്യക്തിയുമാണ്.

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഭരതനാട്യം , ഗിറ്റാര്‍ , ചെണ്ട എന്നീ മൂന്ന് ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ  ഗൗതം കൃഷ്ണ. പൂഞ്ഞാര്‍ ബ്ലോഗ് അംഗവും അന്റോണിയന്‍ ക്ലബിന്റെ സജീവ പ്രവര്‍ത്തകനുമാണ് ഗൗതം.

Tuesday, December 11, 2012

പൂഞ്ഞാറിന്റെ കളിക്കളങ്ങള്‍ വീണ്ടുമുണരുന്നു..

            പൂഞ്ഞാര്‍ സിറ്റിസണ്‍ ക്ലബ് എന്ന പേര് കേരളത്തിലെ കായികമത്സര വേദികളില്‍ , പ്രത്യേകിച്ച് വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്ലബ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പൂഞ്ഞാറിന്റെ കളിക്കളങ്ങളും നിശബ്ദമായി. ഈ നിര്‍ജ്ജീവതയില്‍ വേദനതോന്നിയ ഒരു പറ്റം കായിക പ്രേമികള്‍ സിറ്റിസണ്‍ ക്ലബുമായി വീണ്ടുമെത്തുന്നു. സജിമോന്‍ കെ.ആര്‍. (കൊച്ചുമണി കുളത്തുങ്കള്‍) , റ്റി.കെ.റെജി തോട്ടാപ്പള്ളില്‍ എന്നിവരാണ് ഈ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രധാനികള്‍. 1978-ല്‍ ആരംഭിച്ച സിറ്റിസണ്‍ ക്ലബിലൂടെ താരമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തിയാണ് പ്രധാന പരിശീലകനായ റ്റി.കെ.റെജി. മുന്‍ ഇന്റര്‍നാഷണല്‍ വോളീബോള്‍ താരവും ഇപ്പോള്‍ ഇന്‍ഡ്യന്‍ ജൂനിയര്‍ അത്ലെറ്റിക് ടീം കോച്ചുമായ കെ.എസ്.അജിമോനും സമയം കിട്ടുന്നതനുസരിച്ച് പരിശീലകനായി ഇവിടെ എത്തുന്നുണ്ട്.  ഇവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക പരിശീലന പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. 
            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നാലു വയസുമുതല്‍ മുപ്പതു വയസുവരെയുള്ള നൂറോളം പേര്‍ ഈ പരിശീലന പദ്ധതിയുടെ ഭാഗമായി എത്തുന്നു. വോളിബോള്‍ , ഹാന്‍ഡ് ബോള്‍, ഫുട്ബോള്‍  എന്നീ ഇനങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നത്. പരിശീലന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ.ഷോണ്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായാണ് സിറ്റിസണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം നടക്കുന്നത്. നാട്ടുകാര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് പരിശീലനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങിയത്. സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI , ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. ക്ലബ് പ്രസിഡന്റ് മോഹനകുമാര്‍ വടക്കേക്കര , സെക്രട്ടറിയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , മുന്‍ കായികതാരം ദേവസ്യാച്ചന്‍ കാട്ടറാത്ത് തുടങ്ങിയ കായിക പ്രേമികളായ ഒരു കൂട്ടം പൂഞ്ഞാര്‍ നിവാസികളുടെ പിന്തുണയാല്‍ മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടാവുന്ന കായികതാരങ്ങള്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Monday, December 3, 2012

'My Clickzzz' - ഇത് അനന്ദുവിന്റെ ക്യാമറാ മാജിക്...

എ.എസ്.അനന്ദു

            സ്റ്റില്‍ ക്യാമറയില്‍ കവിത രചിക്കുകയാണ് പൂഞ്ഞാര്‍ സ്വദേശി ആനന്ദഭവനില്‍ എ.എസ്. അനന്ദു. ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ , മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ചിത്രം വന്നിരുന്നു. അടിക്കുറിപ്പ് വായിച്ച പൂഞ്ഞാറുകാരും ഒന്നമ്പരന്നു. ഈ ഫോട്ടോ എടുത്തിരിക്കുന്നത് ഒരു പൂഞ്ഞാറുകാരനോ..! അയലത്തെ ഈ പയ്യന്റെ വിശേഷം ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പത്രങ്ങളില്‍ വന്നു. കോട്ടയം പ്രസ് ക്ലബിന്റെ ഫോട്ടോ ജേര്‍ണ്ണലിസം കോഴ്സില്‍ ഈ വര്‍ഷം ഒന്നാം റാങ്ക്  അനന്ദുവിന് ലഭിച്ചിരിക്കുന്നു..! 
മാതൃഭൂമി ദിനപ്പത്രത്തില്‍..

            പൂഞ്ഞാറിന്റെ അഭിമാനമായി മാറിയിരിക്കുന്ന അനന്ദുവിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും... പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് അനന്ദു എന്നതില്‍  ഞങ്ങള്‍ക്കുള്ള പ്രത്യക ആഹ്ലാദവും ഇവിടെ പങ്കുവയ്ക്കുന്നു. സെന്റ് ആന്റണീസ് കുടുംബത്തിന്റെയും ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.. സ്റ്റില്‍ ഫോട്ടോഗ്രഫി രംഗത്തെ യുവപ്രതിഭയായി മാറിക്കഴിഞ്ഞിരിക്കുന്ന അനന്ദുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കൂടുതല്‍ ചിത്രങ്ങള്‍ക്കായും  ഫേസ് ബുക്ക് പേജായ  MyClickzzzAnanthuPhotography സന്ദര്‍ശിക്കൂ..
മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച അനന്ദുവിന്റെ ചിത്രം.. ബന്ദിപ്പൂര്‍ വനത്തിലെ മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ഈ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..

Saturday, December 1, 2012

പൂഞ്ഞാര്‍ ബ്ലോഗിന് ഇന്ന് രണ്ടുവയസ് തികയുന്നു..

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ
പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച്
മലയാളമനോരമ പറഞ്ഞത്..
            പൂഞ്ഞാര്‍ ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നിട്ട് ഇന്ന് (ഡിസംബര്‍ 1) രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞുപോയ രണ്ടു വര്‍ഷങ്ങളിലേയ്ക്ക് നോക്കുമ്പോള്‍ അഭിമാനം തോന്നുന്നു..അതോടൊപ്പം ആശ്ചര്യവും. ബ്ലോഗ് തുടങ്ങുന്ന സമയത്ത് ഇതിന്റെ ഭാവിയെക്കുറിച്ച് മനസിലുണ്ടായിരുന്ന സ്വപ്നങ്ങളെല്ലാം എപ്പോഴേ പൂവണിഞ്ഞുകഴിഞ്ഞു.. ഇപ്പോള്‍ പുതിയപുതിയ സ്വപ്നങ്ങള്‍ മുളപൊട്ടിത്തുടങ്ങിയിരിക്കുന്നു.
            ഇന്റര്‍നെറ്റ് പരിചിതമാകുകയും ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്തതോടെയാണ്  എന്തുകൊണ്ട് കുട്ടികളുടെ ഒരു ബ്ലോഗ് തുടങ്ങിക്കൂടാ എന്ന ചിന്ത മനസില്‍ വന്നത്. കുട്ടികളുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍നിന്നും ഞങ്ങള്‍ ആരംഭിച്ച 'അന്റോണിയന്‍ ' എന്ന ത്രൈമാസ പ്രാദേശിക പ്രസിദ്ധീകരണം സാമ്പത്തിക പരാധീനതമൂലം നിന്നുപോയ അവസരവുമായിരുന്നു അത്. ബ്ലോഗ് ആകുമ്പോള്‍  സാമ്പത്തികബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ. അന്ന് സ്കൂള്‍ മാനേജറായിരുന്ന ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍ , ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.റ്റി.​എം.ജോസഫ് ,പ്രിന്‍സിപ്പാള്‍ ശ്രീ.എ.ജെ.ജോസഫ് , പി.റ്റി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതോടെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ബ്ലോഗ് തുടങ്ങുവാന്‍ തീരുമാനമായി. 
പൂഞ്ഞാര്‍ ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ച്
മംഗളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്...
            2010 ഡിസംബര്‍ ഒന്നാം തീയതി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ പൂഞ്ഞാര്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
            ബാലാരിഷ്ടതകള്‍ അലട്ടിയ പ്രാരംഭകാലത്ത് സഹായ ഹസ്തവുമായി ഓടിയെത്തിയ സുഹൃത്തുക്കളാണ് ബ്ലോഗിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചതെന്ന് നിസംശ്ശയം പറയാം. ഇപ്പോള്‍ കടപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനായ നിധിന്‍സാറിനെ നന്ദിയോടെ ഓര്‍ക്കുന്നു. ബ്ലോഗിന് ഇന്നത്തെ രൂപവും ഭാവവും വന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചത് അദ്ദേഹമാണ്. നേരിട്ടു പരിചയമില്ലെങ്കിലും ഫോണിലൂടെ പരിചയപ്പെട്ട രണ്ടു വ്യക്തികള്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മാത്സ് ബ്ലോഗിന്റെ അണിയറ ശില്‍പ്പികളായ ഹരിസാറും നിസാര്‍ സാറും . പൂഞ്ഞാര്‍ ബ്ലോഗിന്റെ ശ്രദ്ധേയമായ ചില പോസ്റ്റുകള്‍ മാത്സ് ബ്ലോഗിലൂടെ അവര്‍ പങ്കുവച്ചതോടെയാണ് പൂഞ്ഞാറിനും കോട്ടയം ജില്ലയ്ക്കും അപ്പുറത്തേയ്ക്ക് ബ്ലോഗ് അറിയപ്പെട്ടു തുടങ്ങിയത്. മാധ്യമ സുഹൃത്തുക്കളെയും നന്ദിയോടെ ഓര്‍ക്കുന്നു. ദീപികയും മനോരമയും ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസും സംസ്ഥാന വാര്‍ത്തയായും മംഗളം , ദേശാഭിമാനി , കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ ജില്ലാ വാര്‍ത്തയായും പ്രസിദ്ധീകരിച്ചുകൊണ്ട്  കുട്ടികളുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.
പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്..
             ഈരാറ്റുപേട്ട എ.ഇ.ഒ. ശ്രീ.ടി.വി.ജയമോഹന്റെ പ്രത്യേക താത്പ്പര്യപ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രമേളയുടെയും റിസല്‍ട്ടുകള്‍  പൂഞ്ഞാര്‍ ബ്ലോഗു വഴി തത്സമയംതന്നെ പ്രസിദ്ധപ്പെടുത്തിയത് ബ്ലോഗിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ ലൈവ് ടെലിക്കാസ്റ്റും പൂഞ്ഞാര്‍ ബ്ലോഗിലൂടെ നല്‍കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഏവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വാകക്കാട് സെന്റ് അല്‍ഫോന്‍സാ സ്കൂള്‍ അദ്ധ്യാപകനായ ശ്രീ. സന്തോഷ് കീച്ചേരി , കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായ ശ്രീ. ജെയ്സണ്‍ ജോസ് എന്നിവരുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ബ്ലോഗ് ആരംഭിച്ചതുമുതല്‍ സ്ഥിരമായി ബ്ലോഗ് പോസ്റ്റിലുള്ള കമന്റുകളിലൂടെയും കൂടാതെ നേരിട്ടും ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് ഇവര്‍. 
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍
ബ്ലോഗിനെക്കുറിച്ച് ദീപിക പറയുന്നു..
            അന്റോണിയന്‍ ക്ലബിലെ നിരവധി കുട്ടികള്‍ ബ്ലോഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാളം ടൈപ്പിംഗിന്റെ ചുമതല വഹിച്ചിരുന്ന അശ്വിന്‍ ആര്‍. , ഇന്റര്‍വ്യൂ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന ഗൗതം കൃഷ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബ്ലോഗ് ടീം , പ്രദേശം തിരിഞ്ഞ് , ലോക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സ്ഥാനത്തേയ്ക്ക് ഇപ്പോള്‍ പുതിയ കുട്ടികള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു.  ഫാ.റോമിയോ CMI ,ശ്രീ. പി.ജെ.ആന്റണി , സി.മെര്‍ളി കെ ജേക്കബ് , ശ്രീമതി.ആലീസ് ജേക്കബ് , ശ്രീമതി. ഡാലിയാ ജോസ് , ശ്രീമതി. മിനി കെ. ജോര്‍ജ്ജ് എന്നിങ്ങനെ അദ്ധ്യാപകരുടെ ഒരു നിരതന്നെ ബ്ലോഗ് ടീമിനെ സഹായിക്കാനുണ്ട്.
            യാതൊരു ലാഭേച്ഛകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ ബ്ലോഗിനായി കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ആയിരത്തിലേറെ മണിക്കൂറുകള്‍ ഞങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.  മടുപ്പ് തോന്നുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ നിങ്ങളില്‍നിന്ന് ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങളാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന ഓരോ കമന്റും പുതിയ പോസ്റ്റുകള്‍ തയ്യാറാക്കി ഈ രംഗത്ത് സജീവമായി നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍...
            ഏവര്‍ക്കും നന്ദി.. ഗ്രാമത്തിന്റെ വിശേഷങ്ങള്‍  മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും ഇപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നുണ്ട്. ഹോം പേജ് കൂടാതെ സ്കൂള്‍ വാര്‍ത്തകള്‍ക്കായി സെന്റ് ആന്റണീസ് ന്യൂസ്  , വിദ്യാഭ്യാസ അറിയിപ്പുകള്‍,  കലാ-സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരായനം , കുട്ടികളുടെ പേജ് , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links' തുടങ്ങിയവയും  പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.  ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക്  എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ,  PTA തുടങ്ങിയവരോടുള്ള  നന്ദിയും ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.