Thursday, July 31, 2014

പൂഞ്ഞാര്‍ ജാക്ക്അപ് പ്ലാവു് സംഘത്തെ പരിചയപ്പെടാം .. ഈ വീഡിയോയിലൂടെ ..


    പ്ലാവിന്റെയും ചക്കയുത്പ്പന്നങ്ങളുടെയും പ്രാധാന്യവും ഗുണങ്ങളും പൊതു സമൂഹത്തിലേയ്ക്കെത്തിക്കുവാനായി പൂഞ്ഞാര്‍ കേന്ദ്രമായി രൂപപ്പെട്ട ജാക്ക്അപ് പ്ലാവു് സംഘത്തെക്കുറിച്ചുള്ള പ്രത്യേക പ്രോഗ്രാം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്നു. കിസാന്‍ കൃഷിദീപത്തില്‍ വന്ന പ്രസ്തുത എപ്പിസോഡ് ചുവടെ നല്‍കിയിരിക്കുന്നു. വീഡിയോയുടെ 5.30 മിനിട്ടുമുതല്‍ ഈ ദൃശ്യങ്ങള്‍ കാണാം..

Sunday, July 27, 2014

പൂഞ്ഞാര്‍ SNP കോളേജ് ഉദ്ഘാടനം ചെയ്തു..

          പൂഞ്ഞാര്‍ : SNDP യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് പൂഞ്ഞാറില്‍ തുടക്കമായി.  മൂന്നു ബാച്ചുകളുമായാണ്  SNP കോളേജ് ആരംഭിക്കുന്നത്. ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മോഡല്‍ 1, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 1, ബി.എ. ഇംഗ്ലീഷ് ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മോഡല്‍ 1 എന്നിവ. പൂഞ്ഞാര്‍ മങ്കുഴി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുക. രണ്ടു വര്‍ഷത്തിനുള്ളില്‍ കോളേജ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. SNDP യോഗം മീനച്ചില്‍ യൂണിയന്‍ സംയുക്ത കുടുംബസംഗമങ്ങളുടെ സമാപനവും കെടാവിളക്ക് തെളിക്കലും ഇതോടൊപ്പം നടന്നു. 
         ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ SNDP യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പൊതുസമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,  ആന്റോ ആന്റണി MP, ജോയി എബ്രാഹം MP, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് എം.ആര്‍.പ്രദീപ് കുമാര്‍, പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, അഡ്വ.ജോമോന്‍ ഐക്കര  തുടങ്ങിയവര്‍ പ്രസംഗിച്ചു. പുനര്‍നിര്‍മ്മിച്ച പൂഞ്ഞാർ മങ്കുഴി അമ്പലം റോഡിന്റെ ഉദ്‌ഘാടനം ചീഫ് വിപ്പ്  പി.സി.ജോര്‍ജ്ജ് നിർവഹിച്ചു. 
           SNP കോളേജില്‍ ജൂലൈ 30-ന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് - 04822 212625, 9747902625, Website - www.snpcollegepoonjar.comWednesday, July 16, 2014

'കൃഷി പാഠം' പൂഞ്ഞാറിന്റെ കാര്‍ഷികോത്സവമായി..


         
      പൂഞ്ഞാര്‍ : കാര്‍ഷിക രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറുകണക്കിന് കര്‍ഷകര്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുമിച്ചുകൂടിയപ്പോള്‍ അത് പൂഞ്ഞാറിന്റെ കാര്‍ഷികോത്സവമായി മാറി. സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേളയായ കൃഷിപാഠമാണ്  ഗ്രാമത്തിലെ കര്‍ഷകരുടെ സംഗമ വേദിയായി മാറിയത്. വ്യത്യസ്ത കൃഷിരീതികളിലൂടെ ശ്രദ്ധേയരായ പൂഞ്ഞാര്‍ പ്രദേശത്തെ കര്‍ഷകരും കാര്‍ഷിക സംഘടനകളും ഒരുക്കിയ പതിനഞ്ച് സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 
ഭൂമികയുടെ പിന്തുണയോടെ ജാക് അപ് പ്ലാവു സംഘം ഒരുക്കിയ ചക്ക ഉത്പ്പന്നങ്ങളുടെ സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി. വീട്ടുവളപ്പില്‍ എളുപ്പത്തില്‍ നടത്താവുന്ന ജയന്റ് ഗൗരാമി മത്സ്യകൃഷി വിവരിച്ച അരുണ്‍ കിഴക്കേക്കര, ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജന രീതിയായ ഇ.എം. ലായനി പരിചയപ്പെടുത്തിയ മനു കരിയാപുരയിടം, തേനീച്ച വളര്‍ത്തലിന്റെ മേന്മകളുമായി കെ.എസ്.ഉണ്ണികൃഷ്ണന്‍, ഔഷധ സസ്യങ്ങളുടെ നാട്ടറിവുമായി ലൂക്കാ കൊച്ചമ്പഴത്തുങ്കല്‍, കയ്പ്പില്ലാത്ത ആസാം പാവല്‍ വിശേഷങ്ങളുമായി ജെയിംസ് മാറാമറ്റത്തില്‍, നാടന്‍ പലഹാരങ്ങളുമായി എല്‍സമ്മ നെല്ലിയാനി, ജാതികൃഷിയുടെ ഗുണങ്ങള്‍ വിവരിച്ച് ബിന്‍സ് മോന്‍ വരിയ്ക്കയാനിക്കല്‍ തുടങ്ങിയവര്‍ മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായി. 
സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് ദേവസ്യാച്ചന്‍ പൂണ്ടിക്കുളം പങ്കുവച്ച വനമിടവിശേഷങ്ങള്‍ ഏവരേയും ആകര്‍ഷിച്ചു. ഭക്ഷ്യ ആരോഗ്യ സ്വരാജിന്റെയും അന്റോണിയന്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വീട്ടുപരിസരങ്ങളിലെ ഭക്ഷ്യയോഗ്യമായ ചെടികളെ പരിചയപ്പെടുത്തിയ ഇലയറിവ് സ്റ്റാളില്‍ ചൊറിയണങ്ങ് തോരനും തയ്യാറാക്കിയിരുന്നു. പൂഞ്ഞാര്‍ ക്ഷീരവ്യവസായ സഹകരണ സംഘവും സ്കൂളിലെ NSS യൂണിറ്റും സംയുക്തമായി ക്രമീകരിച്ച ഡയറി സ്റ്റാളും പൂഞ്ഞാര്‍ കൃഷിഭവന്‍ ഒരുക്കിയ കാര്‍ഷിക ടെലിഫിലിം ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങളും ജൈവകര്‍ഷക സമിതിയുടെ പുസ്തക സ്റ്റാളും കൃഷിപാഠത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യത്യസ്താനുഭവങ്ങളായി. 
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേളയായ കൃഷിപാഠത്തിന്റെ ഉദ്ഘാടനകര്‍മ്മം, ചക്കക്കുരുകൊണ്ട് ഉണ്ടാക്കിയ ഹല്‍വ കഴിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ബീനാമ്മ ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നു.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ബീനാമ്മ ഫ്രാന്‍സീസ് ചക്കക്കുരുകൊണ്ട് ഉണ്ടാക്കിയ ഹല്‍വ കഴിച്ചുകൊണ്ടാണ് കൃഷിപാഠം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍ കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പൂഞ്ഞാര്‍ ഫോറോന പള്ളി വികാരി ഫാ. ജോസഫ് പൂവത്തുങ്കല്‍, അസി. വികാരി ഫാ. ജോസഫ് മേച്ചേരി, കൃഷി ഓഫീസര്‍ എം.എ. റഫീക്ക് , ഡയറി ഡെവലപ്മെന്റ് ഓഫീസര്‍ താരാ ഗോപാല്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി. കണ്ണന്‍, സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അദ്ധ്യാപകരായ കെ.എ.ടോം, ബൈജു ജേക്കബ്, സി.മെര്‍ളിന്‍, ഡാലിയാ ജോസ്, മിനിമോള്‍ കെ. ജോര്‍ജ്ജ്, ആലീസ് ജേക്കബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
വീഡിയോയും കൂടുതല്‍ ചിത്രങ്ങളും ചുവടെ..

Sunday, July 13, 2014

മനോരമ നല്ലപാഠം പദ്ധതിയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് A+ ഗ്രേഡ് ..

മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ A+ ഗ്രേഡ് നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിക്കുന്നു. സിനിമാ നടന്‍ ഗിന്നസ് പക്രു, നല്ലപാഠം കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ സമീപം..

Wednesday, July 9, 2014

പൂഞ്ഞാറില്‍ 'കൃഷിപാഠം' കാര്‍ഷികമേള ശനിയാഴ്ച്ച ..


പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ 'കൃഷിപാഠം' എന്ന പേരില്‍ ഒരു ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേള ജൂലൈ 12, ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ സ്കൂളിലെ ചാവറ ഹാളിലാണ് പ്രദര്‍ശനം നടക്കുക. കര്‍ഷകര്‍ക്ക് അവരുടെ അറിവുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ കൃഷിപാഠങ്ങള്‍ സ്വന്തമാക്കുന്നതിനുമുള്ള അവസരം ലഭിക്കത്തക്കവിധം പതിനഞ്ചില്‍പരം സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാകുക. വിവിധ ചക്കയുത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജാക് അപ് സ്റ്റാള്‍, ഇലയറിവ്,  മത്സ്യകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളര്‍ത്തല്‍, ഔഷധ സസ്യങ്ങള്‍, ജൈവകൃഷിരീതി, EM ലായനി പരിചയപ്പെടല്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ കൂടാതെ ക്ഷീരവികസന വകുപ്പ്, കൃഷിഭവന്‍, ഭൂമിക എന്നിവരുടെ പ്രദര്‍ശനങ്ങളും ഉണ്ടാകും. രാവിലെ പത്തുമുതല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാളുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.Monday, July 7, 2014

മണ്ണപ്പം ചുട്ടും കല്ലിട്ടാംകുഴി കളിച്ചും ഇവര്‍ മീനച്ചിലാറിന്റെ ചിറകുകളായി..

വിംഗ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  മീനച്ചിലാറിന്റെ തീരത്ത് മണ്ണപ്പം ചുട്ടും  ആറ്റില്‍ നീന്തിയും  രസിക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍. അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസ് വലിയമറ്റം, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, പി.റ്റി.എ, പ്രസിഡന്റ് വി.എസ്.ശശിധരന്‍ എന്നിവര്‍ സമീപം..
പൂഞ്ഞാര്‍ :   "കല്ലിട്ടാം കുഴി ഏതേത്.. കായംകുളത്തെ തെക്കേത്..
                    കല്ലിട്ടാല്‍ ആരെടുക്കും.. തന്നെക്കാളും മൂത്തോര്.."
      മറവിയുടെ കയങ്ങളിലെവിടെയോ മറഞ്ഞുപോയ ഈ മുങ്ങാംകുഴിയുടെ മനോഹരശീലുകള്‍ കേട്ട് മീനച്ചിലാര്‍ സന്തോഷിച്ചിരിക്കണം. നേതാവ് എറിഞ്ഞ കല്ല് കണ്ടുപിടിക്കുവാനായി  ആറ്റില്‍ മുങ്ങിത്തപ്പുന്ന കളിയിലേര്‍പ്പെട്ട കുരുന്നുകള്‍ മീനച്ചിലാറിനെ ദശകങ്ങള്‍ പിന്നോട്ടു കൊണ്ടുപോയി. ഒരു കാലത്ത് മീനച്ചിലാറിന്റെ തീരങ്ങള്‍ കുട്ടികളുടെ കളിത്തൊട്ടിലായിരുന്നു. ആ കാലത്തേക്കൊരു തിരിഞ്ഞുപോക്കായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ നടത്തിയത്. മീനച്ചിലാറിനെ സ്നേഹിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'വിംഗ്സ് ഓഫ് മീനച്ചിലാര്‍' സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെ ഉദ്ഘാടനത്തിനായി നദീതീരത്ത് ഒരുമിച്ചുകൂടിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ മണ്ണപ്പം ചുട്ടും ആറ്റില്‍ നീന്തിത്തുടിച്ചും രസിച്ചപ്പോള്‍ കണ്ടുനിന്ന മുതിര്‍ന്നവരുടെ മനസിലും ബാല്യകാല സ്മരണകള്‍ ഓടിയെത്തി.
          പൂഞ്ഞാര്‍ ടൗണിനു സമീപം മീനച്ചിലാറിന്റെ തീരത്ത് കുട്ടികളുടെ നാടന്‍ കളികളിലൂടെ നടന്ന വിംഗ്സ് ഓഫ് മീനച്ചിലാറിന്റെ ഉദ്ഘാടനത്തിനു ശേഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  ഹാളില്‍ പൊതുസമ്മേളനം നടന്നു. മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണങ്ങാനം  മേരിഗിരി ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി സി.റോസ് വൈപ്പന വിഷയാവതരണം നടത്തി. ഹെഡ്മാസ്റ്റര്‍  ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം, വി.എസ്.ശശിധരന്‍, കെ.എ.ടോം, ഡാലിയാ ജോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
        മീനച്ചിലാറിന്റെ സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മീനച്ചിലാറിന്റെ തീരത്തുള്ള സ്കൂളുകളില്‍ സ്റ്റുഡന്റ്സ് സര്‍ക്കിളുകള്‍ തുടങ്ങുന്നത്. സ്കൂളുകളില്‍ വിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന പേരിലും കോളേജുകളില്‍ സ്ട്രിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന പേരിലുമായിരിക്കും സ്റ്റുഡന്റ്സ് സര്‍ക്കിള്‍ അറിയപ്പെടുക. പരിസ്ഥിതി സംബന്ധമായ വിവധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ ഈ സംവിധാനം വഴി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവസരം ലഭിക്കും. 2015-ല്‍ സമിതിയുടെ രജതജൂബിലി വര്‍ഷത്തിനു മുന്നോടിയായി പരമാവധി സ്കൂളുകളിലും കോളേജുകളിലും സ്റ്റുഡന്റ്സ് സര്‍ക്കിളുകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഭാരവാഹികള്‍ക്കുള്ളത്. സമിതി പ്രസിഡന്റും വാഴൂര്‍ NSS കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.എസ്.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 
കല്ലിട്ടാംകുഴി കളിക്കാനായി കല്ല് മീനച്ചിലാറ്റിലേയ്ക്കിടുന്നു... 
നേതാവ് എറിഞ്ഞ കല്ല് മുങ്ങിത്തപ്പാന്‍ സമയമായി..
ആര്‍ക്ക് കിട്ടും ആ കല്ല്..!
കല്ല് കിട്ടിയ വിജയി ആവേശത്തോടെ കരയിലേയ്ക്ക്..

Thursday, July 3, 2014

മീനച്ചിലാറിന്റെ ചിറകുകളാകാന്‍ കുട്ടികള്‍ ഒരുമിക്കുന്നു..

       പൂഞ്ഞാര്‍ : മീനച്ചിലാറിനെ സ്നേഹിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ വിംഗ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ ശനിയാഴ്ച്ച (05/07/2014) പൂഞ്ഞാറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ പിന്തുണയോടെ മീനച്ചിലാറിന്റെ തീരത്തുള്ള സ്കൂളുകളിലെ കുട്ടികള്‍ നദീസംരക്ഷണത്തിനായി ഒരുമിക്കുന്ന പദ്ധതിയാണ് ഇത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബാണ് പൂഞ്ഞാറിലെ സ്റ്റുഡന്റ്സ് സര്‍ക്കിളിന് നേതൃത്വം നല്‍കുക. 
          ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മരം മത്തായി വിംഗ്സ് ഓഫ് മീനച്ചിലാറിന് തുടക്കം കുറിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റും വാഴൂര്‍ NSS കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എസ്. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി സി.റോസ് വൈപ്പന വിഷയാവതരണം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ഡാലിയാ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും.