Thursday, December 10, 2015

ചെന്നൈയ്ക്ക് കൈത്താങ്ങായി ഒരു മിനിലോറി നിറയെ സാധനങ്ങളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..

ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ , മാതൃഭൂമി ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. കെ.ജി. നന്ദകുമാര്‍ ശര്‍മ്മ, കോട്ടയം യൂണിറ്റ് മാനേജര്‍ ശ്രീ. റ്റി. സുരേഷ് എന്നിവര്‍ക്ക് കൈമാറുന്നു. ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, വിദ്യാര്‍ഥി പ്രതിനിധികളായ എബ്സിന്‍ ജോസ്, മെല്‍വിന്‍ തോമസ് എന്നിവര്‍ സമീപം.
അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും പൂഞ്ഞാര്‍ ഗ്രാമവും ഒരുമിച്ചപ്പോള്‍ ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവനയായി നല്‍കാനായത് ഒരു മിനിലോറി നിറയെ സാധനങ്ങള്‍.  പൂഞ്ഞാര്‍ ടൗണിലെ കടകളില്‍നിന്ന് സംഭാവനയായി ലഭിച്ചതും സ്കൂളിലെ കുട്ടികളും അധ്യാപകരുംചേര്‍ന്ന് സമാഹരിച്ചതുമായി തുക ഉപയോഗിച്ച് ബിസ്കറ്റ്, റെസ്ക്ക്, കുപ്പിവെള്ളം എന്നിവയാണ് വാങ്ങി നല്‍കിയത്. ഈ വിഭവങ്ങള്‍, മാതൃഭൂമി കോട്ടയം ഓഫീസിലെത്തിയ അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും, യൂണിറ്റ് മാനേജര്‍ ശ്രീ. റ്റി. സുരേഷ്, ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. കെ.ജി. നന്ദകുമാര്‍ ശര്‍മ്മ എന്നിവര്‍ക്ക് കൈമാറി.

ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍.
ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍. 

 

Friday, December 4, 2015

അഴകനും പൂവാലിയും വായനക്കാരുടെ മനസ് കീഴടക്കുന്നു ..


        അഴകനും പൂവാലിയും.. ഇന്ന് സംസ്ഥാന സിലബസ്സില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏതു കുട്ടിക്കും ഈ പേര് മറക്കാനാവില്ല.  മുട്ടയിടാനായി കായലിലെ ഉപ്പുവെള്ളം ഉപേക്ഷിച്ച് കാവിലെ ശുദ്ധജലം തേടിയുള്ള ഈ രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ യാത്ര മലയാളം പാഠപുസ്തകത്തിലൂടെ കുട്ടികളുടെയെല്ലാം മനസില്‍ ഇടംപിടിച്ചുകഴിഞ്ഞു. കവ്വായിക്കായലില്‍തുടങ്ങുന്ന ഈ കൊച്ചുകഥ കാവില്‍ അവസാനിക്കുമ്പോള്‍ , ഇതുവായിച്ച് , ഒരു മീനിനെയും ഇനി കൊല്ലില്ല എന്നുതുടങ്ങി ഇനി മീന്‍കറി കൂട്ടില്ല എന്നുവരെ തീരുമാനിച്ച കുട്ടികള്‍ നിരവധിയുണ്ടെന്ന് മലയാള അധ്യാപക സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രമാത്രം ഹൃദയസ്പര്‍ശിയായി ഈ കൊച്ചുകഥ അവതരിപ്പിക്കുവാന്‍ ശ്രീ. അംബികാസുതന്‍ മാങ്ങാടിന് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.. മനുഷ്യന്റെ സ്വാര്‍ത്ഥതയും അതുമൂലം സംഭവിക്കുന്ന പരിസ്ഥിതി നാശവും ഈ മത്സ്യങ്ങളുടെ കഥയിലൂടെ എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. "മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്‍പ്പത്തെയാണോ വികസനം വികസനം എന്നുവിളിക്കുന്നത്..?" കഥയിലെ തവള ഉയര്‍ത്തുന്ന ഈ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു.. 
        സംസ്ഥാന സിലബസിലെ എട്ടാം ക്ലാസ് മലയാളപാഠപുസ്തകത്തിലുള്ള 'രണ്ടു മത്സ്യങ്ങള്‍' എന്ന ഈ കൊച്ചു കഥ എല്ലാവരും തീര്‍ച്ചയായും വായിക്കണം.. പാഠപുസ്തകം നേരിട്ട് കാണുവാന്‍ സാധിക്കാത്തവര്‍ക്കായി അതിന്റെ JPG ഫയലുകള്‍ ഇവിടെ നല്‍കുന്നു. പെട്ടെന്ന് വായിച്ചുപോകേണ്ട ഒന്നല്ല ഇത്. മനസിരുത്തി സാവധാനം വായിക്കണം. സമയക്കുറവുണ്ടെങ്കില്‍ സേവ് ചെയ്യുക.. പിന്നീട് വായിക്കുക.. ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ..
         (Ambikasuthan Mangad is a renowned Indian Malayalam language writer. He is a professor of Malayalam at Nehru Arts and Science College, Kanhangad. His literary contributions range from Short stories to fictional novels in Malayalam.He wrote the script and dialogues for critically acclaimed movie Kaiyoppu and won an award for the best Story writer from Kerala State Government for the telefilm Commercial Break.)

Wednesday, November 25, 2015

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് ഉപജില്ലാ കായിക കിരീടം..

പൂഞ്ഞാര്‍ : ഈരാറ്റുപേട്ട ഉപജില്ലാ കായിക മേളയില്‍ തുടര്‍ച്ചയായ രണ്ടാമതു വര്‍ഷവും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. ആദര്‍ശ് പ്രകാശ്, മാര്‍ട്ടിന്‍ മാത്യു എന്നിവര്‍ ജൂണിയര്‍ ബോയ്സ് വിഭാഗത്തിലും അലന്റ് സിബി സീനിയര്‍ ബോയ്സ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരുമായി. ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും കായികാധ്യാപകന്‍ ശ്രീ. അലോഷ്യസ് ജേക്കബിനെയും, സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം CMI, പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജോസ് വലിയപറമ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.

Sunday, November 22, 2015

'പുഴയോരം മുളയോരം' പദ്ധതിക്ക് തുടക്കമായി..


മീനച്ചിലാറിന്റെ തീരത്ത് മുളം തൈകള്‍ നട്ടുവളര്‍ത്തി നദിയെയും തീരത്തെയും സംരക്ഷിക്കുവാനുള്ള പ്രോജക്ടായ 'പുഴയോരം മുളയോരം' പദ്ധതി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ. ഉദ്ഘാടനം ചെയ്യുന്നു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രൻ, പി.റ്റി.എ. പ്രസിഡന്റ് ജോസ് വലിയപറമ്പിൽ, സെന്റ് ആന്റണീസ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ജോർജ് വയലിൽകളപ്പുര CMI, അന്റോണിയൻ ക്ലബ് കോ-ഓർഡിനേറ്റർ ടോണി പുതിയാപറമ്പിൽ ,  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് , വാർഡ് മെമ്പർ നിർമ്മല മോഹനൻ, ഈരാറ്റുപേട്ട ജോയിന്റ് ബി.ഡി.ഒ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.റ്റി. ജോസ്, സി. റെന്‍സി സെബാസ്റ്റ്യന്‍, അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സമീപം.


പൂഞ്ഞാർ : ആറ്റുതീരത്ത്  മുളം തൈകൾ നട്ടുവളർത്തി മീനച്ചിലാറിനെയും തീരങ്ങളെയും സംരക്ഷിക്കുവാനുള്ള പദ്ധതിയായ 'പുഴയോരം മുളയോരം'  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ. ഉദ്ഘാടനം ചെയ്തു. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും സംസ്ഥാന വനംവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഈ പ്രോജക്ടില്‍ പൂഞ്ഞാര്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുത്തിരിക്കുന്നത് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ  അന്റോണിയൻ ക്ലബ് അംഗങ്ങളാണ് . ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാകുന്നത് . 
മീനച്ചിലാറിന്റെ തീരത്ത് മുളംതൈകള്‍ നട്ടുകൊണ്ടുള്ള പ്രോജക്ട് ഉദ്ഘാടനത്തോടനുബന്ധിച്ചുനടന്ന സമ്മേളനത്തില്‍  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.  മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.റ്റി. ജോസ്, ഈരാറ്റുപേട്ട ജോയിന്റ് ബി.ഡി.ഒ. ഗോപാലകൃഷ്ണന്‍, വാർഡ് മെമ്പർ നിർമ്മല മോഹനൻ എന്നിവർ പ്രസംഗിച്ചു. സെന്റ് ആന്റണീസ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ജോർജ് വയലിൽകളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് ജോസ് വലിയപറമ്പിൽ, അന്റോണിയൻ ക്ലബ് കോ-ഓർഡിനേറ്റർ ടോണി പുതിയാപറമ്പിൽ , സി. റെന്‍സി സെബാസ്റ്റ്യന്‍ , തങ്കച്ചന്‍ കൊണ്ടാട്ടുപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ..

Monday, November 16, 2015

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം..

    തീക്കോയി : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര മേളയ്ക്കു തുടക്കംകുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.        തുടര്‍ന്ന് തീക്കോയി ടൗണിലേയ്ക്ക് വര്‍ണ്ണാഭമായ വിളംബര ഘോഷയാത്ര നടന്നു. 800-ല്‍ പരം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. പുലികളിയും മാര്‍ഗ്ഗംകളിയും കര്‍ഷകവേഷധാരികളും കേരളീയ വേഷധാരികളായ പെണ്‍കുട്ടികളും പ്രച്ഛന്നവേഷധാരികളായ കുട്ടികളുമെല്ലാംചേര്‍ന്ന് നിറപ്പകിട്ടാര്‍ന്ന കാഴ്ച്ചയാണ് നാടിന് സമ്മാനിച്ചത്.
          ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സീസ് ജേക്കബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ജെ.മാത്യു, അസി. മാനേജര്‍ ഫാ.ജോസഫ് മുതിരക്കാലായില്‍, പി.റ്റി.എ. പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് , പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
        നാളെ, നവംബര്‍ 17-ന് , രാവിലെ 9.30-ന് ചേരുന്ന സമ്മേളനം പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സീസ് ജേക്കബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ജെ.മാത്യു, അഡ്വ. വി.ജെ. ജോസ്, ഫാ.ജോസഫ് മുതിരക്കാലായില്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. 
        തുടര്‍ന്ന് ഉപജില്ലയിലെ എഴുപതില്‍പരം സ്കൂളുകളില്‍നിന്നായി 2500-ലധികം കൂരുന്നുകള്‍ ഏഴു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കും. കലോത്സവ വിജയത്തിനായി 151 അംഗ സ്വാഗതസംഘം വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മേള 19-ന് വൈകിട്ട് സമാപിക്കും.

കലോത്സവ മത്സര ഫലങ്ങള്‍ക്കും മറ്റ് വിശദവിവരങ്ങള്‍ക്കുമായി മുകളില്‍കാണുന്ന 'കലോത്സവം' പേജ് സന്ദര്‍ശിക്കുക..

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ഇന്ന് (നവംബര്‍ 16) തുടങ്ങും ..


തീക്കോയി : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം നവംബര്‍ 16, 17, 18 തീയതികളില്‍ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉപജില്ലയിലെ എഴുപതില്‍പരം സ്കൂളുകളില്‍നിന്നായി 2500-ലധികം കൂരുന്നുകള്‍ ഏഴു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
        നവംബര്‍ 16, തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിന് മേളയ്ക്കു തുടക്കംകുറിച്ചുകൊണ്ടുള്ള പതാക ഉയര്‍ത്തല്‍ നടക്കും. 17-ന് രാവിലെ 9.30-ന് ചേരുന്ന സമ്മേളനം പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സീസ് ജേക്കബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ജെ.മാത്യു, അഡ്വ. വി.ജെ. ജോസ്, ഫാ.ജോസഫ് മുതിരക്കാലായില്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
      കലോത്സവ വിജയത്തിനായി 151 അംഗ സ്വാഗതസംഘം വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മേള 19-ന് വൈകിട്ട് സമാപിക്കും. കലോത്സവ മത്സര ഫലങ്ങള്‍ക്കും മറ്റ് വിശദവിവരങ്ങള്‍ക്കുമായി മുകളില്‍കാണുന്ന 'കലോത്സവം' പേജ് സന്ദര്‍ശിക്കുക..

Saturday, November 14, 2015

ഭാരതത്തിന്റെ ജലമനുഷ്യനെ ശ്രവിക്കുവാന്‍ ഈരാറ്റുപേട്ടയില്‍ എത്തിയത് നൂറുകണക്കിന് കുട്ടികളും പ്രകൃതി സ്നേഹികളും ..




           മരിച്ചുപോയ നദികൾക്ക്  പുനർജന്മം നൽകിയ  മനുഷ്യൻ. മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ  ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മനുഷ്യൻ. ഭൂമിയെ രക്ഷിക്കാൻ കെൽപ്പുള്ള അൻപതുപേരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട തണ്ണീർക്കാരൻ - മാഗ്‌സസെ പുരസ്‌കാരവും സ്‌റ്റോക്കോം ജലപുരസ്‌കാരവും നേടിയ രാജേന്ദ്ര സിങ് .

     ഈ ഒരൊറ്റയൊരാളാണ്... രാജസ്‌ഥാനിലെ നീർവാർന്നു മരിച്ചുപോയ ഏഴു നദികളെ വീണ്ടും ഒഴുക്കിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചുരത്താത്ത കുഴൽക്കിണറുകൾക്കു ചുറ്റും പടർന്നുപന്തലിച്ച ഗ്രാമങ്ങൾക്കു നനവും പച്ചപ്പും തിരിച്ചുകൊടുത്തത്. വരൾച്ചയ്‌ക്കെതിരെ ഒരു നിശ്ശബ്‌ദ വിപ്ലവത്തിന്റെ കനലുകൾ ഊതിക്കത്തിച്ചത്. കുടിവെള്ളമൂറ്റുന്ന അനധികൃത ഖനനത്തിനും ആരവല്ലി മലതുരക്കലിനും എതിരെ ജനമുന്നേറ്റത്തിന് ആവേശംപകർന്നത്.

       ഈ ഒരൊറ്റയൊരാളാണ്... മരുഭൂമി അനുദിനം വളരുന്ന രാജസ്‌ഥാനിൽ പരമ്പരാഗതമായുണ്ടായിരുന്ന ജലസംരക്ഷണരീതികൾ കുറ്റമറ്റതാണെന്ന തിരിച്ചറിവുണ്ടാക്കിയത്. ഗ്രാമങ്ങളുടെ തനതു പൈതൃക അറിവുകൾ പാഴ്വാക്കല്ലെന്നു തെളിയിച്ചത്. ഒരുപക്ഷേ, മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അടയാളപ്പെടുത്തിയത്. മഴ പലപ്പോഴും ചതിക്കുന്ന, പെയ്‌ത മഴ പലപ്പോഴും ഒഴുക്കിക്കൊണ്ടുപോയേക്കാവുന്ന രാജസ്‌ഥാൻ ഗ്രാമങ്ങളെ ഇന്നും ഗ്രാമങ്ങളായി നിലനിർത്തുന്നത്. ഭൂപടത്തിൽ അധികമാരുമറിയാതിരുന്ന ഒറ്റ ഗ്രാമത്തിൽ നിന്നു തുടങ്ങി ഇന്ന് ആയിരത്തോളം ഗ്രാമങ്ങളിൽ നനവിന്റെ വേരുപടർത്തിയത്...
        ഇതൊന്നും ഒറ്റയ്‌ക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല. ഒറ്റരാത്രി കൊണ്ടു കാണിക്കാൻ പറ്റുന്ന ജാലവിദ്യയുമല്ല. എന്നാൽ ഈയൊരൊറ്റയാൾ രാജസ്‌ഥാനിൽ കഴിഞ്ഞ മുപ്പതുകൊല്ലമായി നടത്തുന്നത് ഏതു ജാലവിദ്യ! അതു കേട്ടറിയാനും അദ്ദേഹത്തെ നേരില്‍ കാണുവാനും നൂറുകണക്കിന് ആളുകളാണ് ഈരാറ്റുപേട്ടയില്‍ എത്തിയത്. മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ രജതജൂബിലി സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ് രാജേന്ദ്ര സിങ്  ഈരാറ്റുപേട്ടയില്‍ എത്തിയത്. ഈരാറ്റുപേട്ടയില്‍നിന്ന്  അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ സമ്മേളന നഗറിലേയ്ക്ക്  തുറന്ന ജീപ്പില്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.


      ബാനറുകളും പ്ലാക്കാര്‍ഡുകളുമായി, സമീപ സ്കൂളുകളില്‍നിന്നെത്തിയ നൂറുകണക്കിന് കുട്ടികളും റാലിയില്‍ അണിനിരന്നു. അരുവിത്തുറ കോളേജില്‍ റാലി എത്തിച്ചേര്‍ന്നപ്പോള്‍,  ഹൈസ്കൂള്‍, പ്ലസ് ടു, കോളേജ് കുട്ടികള്‍ക്കായി 'പുഴ ഒരു വരം' ചിത്രരചനാ മത്സരവും  മീനച്ചിലാറിന്റെ തീരത്ത് പ്രഫഷണല്‍ ചിത്രകാരന്മാരുടെ ചിത്രംവരയും നടന്നു. രജതജൂബിലി സമ്മേളനത്തില്‍  മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  പ്രൊഫ. സീതാരാമന്‍, ഡോ. എസ്.പി.രവി, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, കെ. രാജന്‍,  കുന്നപ്പള്ളി, എം.പി.അബ്ദുള്ള, വര്‍ഗ്ഗീസ് തിരുവല്ല, കെ.കെ.ദേവദാസ്, പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, ടി.വി. രാജന്‍, ജോര്‍ജ്ജ് മുല്ലക്കര, ഷെറഫ് പി. ഹംസ, എബി പൂണ്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു.

ഭാരതത്തിന്റെ ജലമനുഷ്യന്‍ തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ച  
ചില പ്രധാന  ആശയങ്ങള്‍ ചുവടെ നല്‍കുന്നു..

  • എന്റെ നാടുമായി (രാജസ്ഥാന്‍) താരതമ്യപ്പെടുത്തുമ്പോള്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സുന്ദര ഭൂമിയാണ് കേരളം.
  • ഞങ്ങള്‍ക്ക് രാജസ്ഥാനില്‍ വറ്റിപ്പോയ നദികളെ വീണ്ടെടുക്കണമായിരുന്നു. പക്ഷേ കേരളത്തില്‍  നദികള്‍  നിലനില്‍ക്കുന്നു. അതിനെ വൃത്തിയായും വറ്റിപ്പോകാതെയും സംരക്ഷിക്കേണ്ട ആവശ്യമേയുള്ളൂ.
  • നദികള്‍ മാലിന്യമില്ലാതെ ഒഴുകുന്ന ഒരു നാട്ടിലെ ജനങ്ങളുടെ ബുദ്ധിയും മനസ്സും മാലിന്യരഹിതമായിരിക്കും.
  • വളര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് നദിയുമായി ആത്മ ബന്ധമുണ്ടാകണം.
  • നദിയില്ലെങ്കില്‍ ഞാനില്ല എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം.
  • നദികളുടെ ആരോഗ്യവും നമ്മുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട കാര്യമാണ്. നദി ആരോഗ്യവതിയെങ്കില്‍ നദീതീരത്ത് വസിക്കുന്ന നമ്മളും ആരോഗ്യവാന്മാരായിരിക്കും.
  • നദികള്‍ക്ക് മനുഷ്യന്റെ സ്നേഹവും കരുതലും ആവശ്യമാണ്.
  • അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത് നിങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍നിന്നുതന്നെയാണ്.
  • കേരളത്തില്‍ ആളുകള്‍ പ്രസംഗിക്കും, പക്ഷേ പ്രവൃത്തിക്കില്ല എന്നൊരു പരാതി ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാകാന്‍ പാടില്ല.
  • മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മൂന്നു പ്ലാനുകള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
  • ഒന്ന് - പുഴയെ മലിനമാകാതെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്ക്കരിക്കുന്ന രീതി ഉണ്ടാകണം. എന്തും വലിച്ചെറിയാവുന്ന മാലിന്യച്ചാലായി പുഴകള്‍ മാറാന്‍ പാടില്ല.
  • രണ്ട് - ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍. പഠനങ്ങള്‍ നടക്കണം. നയങ്ങള്‍ രൂപപ്പെടണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇതിനായി ഒരുമിക്കണം. കുട്ടികള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ച് ബോധ്യങ്ങള്‍ നല്‍കി അവരെ വളര്‍ത്തണം. പുഴകളെ സ്നേഹിക്കാന്‍ അവരെ പരിശീലിപ്പിക്കണം.
  • മൂന്ന് - നദികളെ അറിയണം. എങ്കിലേ സ്നേഹിക്കാനാകൂ. നിങ്ങളുടെ ഒരു ടീം  പുഴയുടെ ഉത്ഭവം മുതല്‍ അസാനിക്കുന്ന ഭാഗംവരെ ഒരു യാത്ര നടത്തിനോക്കൂ. നദികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനായാല്‍ നിങ്ങള്‍ക്ക് നദികളെ സ്നേഹിക്കാതിരിക്കാനാകില്ല. അത് നിങ്ങളെ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കും. 
  • മീനച്ചില്‍ നദീസംരക്ഷണ സമിതി വലിയ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാര്‍ഥമായ അഭിനന്ദനങ്ങളും രജത ജൂബിലിയുടെ ആശംസകളും.

      ഭാരതത്തിന്റെ ജലമനുഷ്യനെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍കൂടി.. - രാജേന്ദ്ര സിങ് - ജനനം ഓഗസ്‌റ്റ് 6, 1959. ഉത്തർ പ്രദേശിലെ മീററ്റിനടുത്ത് ബാഗ്‌പത്ത് ജില്ലയിലെ ദൗല ഗ്രാമത്തിൽ. നിലവും ആൾബലവുമുള്ള ജമീന്ദാരി കുടുംബത്തിന് അന്ന് അറുപതേക്കർ കൃഷിഭൂമി. സ്കൂൾ വിദ്യാഭ്യാസശേഷം സ്വന്തം ജില്ലയിലെ ബറൗത്തിൽ ഭാരതീയ ഋഷികുല ആയുർവേദ കോളജിൽനിന്ന് ആയുർവേദ ഡിഗ്രി. അതിനുശേഷം ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. 1980ൽ സർക്കാർ സർവീസിൽ. 1984ൽ തരുൺ ഭാരത് സംഘത്തിന്റെ ജനറൽ സെക്രട്ടറി. 1985ൽ ജോലി രാജിവച്ച് അൽവാർ ജില്ലയിലെ താനഗാസി ഗ്രാമത്തിൽ. അൽപ്പസ്വൽപ്പം ആയുർവേദ ചികിത്സ. കുറച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഗ്രാമങ്ങളിൽ വിദ്യാഭ്യാസമല്ല വെള്ളമാണ് അടിയന്തരമായി ആവശ്യമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. താനാഗാസി തരുൺ ഭാരത് സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ആസ്‌ഥാനമാക്കി. ബോധവൽക്കരണ യാത്രകൾ, പ്രതിഷേധങ്ങൾ. ആരവല്ലി ബചാവോ പദയാത്ര (1993), ഗംഗോത്രി യാത്ര (1994), ജംഗൽ ജീവൻ ബചാവോ യാത്ര (1995), അകാൽ മുക്‌തി യാത്ര (2001). അർവാരി നദിയുടെ പുനർജനിക്ക് ഇന്റർനാഷനൽ റിവർ പ്രൈസ് (2000). ഈ മേഖലയിലെ ഗ്രാമീണർക്ക് ഡൗൺ ടു എർത്ത്- ജോസഫ് സി. ജോൺ പുരസ്‌കാരം. 2001ൽ മഗ്‌സസെ പുരസ്‌കാരം. ഗംഗാ നദീതട അതോറിറ്റി അടക്കം ദേശീയസമിതികളിൽ അംഗം. 
        നദിയെ വീണ്ടെടുത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമായി തോന്നാം. അര്‍വാരി നദിയുടെ നീർശേഖര പ്രദേശങ്ങളിൽ കൊച്ചുകൊച്ച് അണകള്‍ നിര്‍മ്മിച്ചു.. പതുക്കെപ്പതുക്കെ കൊച്ചുനീർച്ചാലുകൾക്കു കുറുകെയുമായി 375 കൊച്ചണകൾ. അഞ്ചെട്ടുവർഷത്തിനുശേഷം അർവാരി നദി വീണ്ടും ഒഴുകിത്തുടങ്ങുകയായിരുന്നു. അറുപതുവർഷമായി കണ്ണീർച്ചോലപോലുമില്ലാതെ മരിച്ചുകിടക്കുകയായിരുന്ന അതേ അർവാരി. പിന്നാലെ രൂപാറേൽ, സഴ്‌സ, ഭഗാനി, ജഹാജ്വാലി. തരിശുകിടന്ന ഗ്രാമങ്ങളിലേക്കു വെള്ളത്തോടൊപ്പം ഗ്രാമീണരും തിരിച്ചുവന്നു. വിത്തു കരിഞ്ഞിരുന്നിടത്തേക്കു കൃഷിയും, പ്രകൃതിയും അതിലെ ജീവൽസ്‌പന്ദനങ്ങളും. ഈ മാറ്റം ഗ്രാമങ്ങൾ ആവർത്തിക്കുകയായിരുന്നു. 
        ജയ്‌പുരിനടുത്തുള്ള ജാംവ രാംഗഡിലെ നാട്ടുകാർ 1994ൽ സംഘത്തിന്റെ സഹായത്തോടെ അരലക്ഷം രൂപമാത്രം മുടക്കി രണ്ടു തടയണകൾ നിർമിച്ചതാണ്. നനഞ്ഞുതുടങ്ങിയ മണ്ണിൽനിന്ന് പച്ചക്കറിയും പാലുൽപ്പന്നങ്ങളുമായി ഇന്നു പ്രതിവർഷം മൂന്നുകോടിയോളം രൂപയാണ് നാട്ടുകാർ പങ്കിട്ടെടുക്കുന്നത്. വടക്കു കിഴക്കൻ രാജസ്‌ഥാനിലെ പല ജില്ലകളിലും  ഇത് ആവർത്തിക്കുന്നു. 
         ഇതൊന്നും ഒരു ഫോട്ടോഷോപ്പിൽ വെട്ടിയൊട്ടിച്ചുണ്ടാക്കിയതല്ല. മുപ്പതോളംവർഷത്തെ പ്രവർത്തനം, ബോധവത്‌കരണം, ഗ്രാമീണമനസ്സിനെ തൊട്ടറിയൽ, അവരിലൊരാളായി മാറാനുള്ള പരകായപ്രവേശങ്ങൾ, ഒത്തൊരുമയുടെ മണ്ണൊരുക്കങ്ങൾ, മണ്ണിന്റെ പാഠങ്ങളിലേക്കുളള പുനർവിദ്യാഭ്യാസം. പുറത്തുനിന്നെത്തുന്നവരെ എന്നും സംശയത്തോടെ മാത്രം നോക്കുമായിരുന്ന രാജസ്‌ഥാൻ ഗ്രാമീണ മനസ്സിനെയാണ് രാജേന്ദ്ര സിങ് മാറ്റിമറിച്ചത്. നമുക്കഭിമാനിക്കാം.. ദൈവത്തിന് നന്ദിപറയാം.. ഇദ്ദേഹത്തെ ഭാരതത്തിന്റെ ജലമനുഷ്യനായി ലഭിച്ചതില്‍..


Saturday, November 7, 2015

പൂഞ്ഞാര്‍ - ഈരാറ്റുപേട്ട - പാലാ പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍..


        പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി, തിടനാട്, തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, കൂട്ടിക്കല്‍, മുണ്ടക്കയം തുടങ്ങിയ പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട ബ്ലോക്കിലെയും  ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റികളിലെയും കോട്ടയം ജില്ലാ പഞ്ചായത്തിലെയും വിശദമായ ഇലക്ഷന്‍ റിസല്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു.  ഓരോ വാര്‍ഡുകളിലും / ഡിവിഷനുകളിലും  ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയവര്‍ നേടിയ വോട്ടുകളുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ( കടപ്പാട് -  www.trend.kerala.gov.in)

Tuesday, October 20, 2015

പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ മറക്കാനാവാത്ത മൂന്നുദിനങ്ങള്‍..


        കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കായി സൗജന്യമായി ഏകദിന / ദ്വിദിന / ത്രിദിന നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചുവരുന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? നടത്തപ്പെടുന്നതില്‍ തൊണ്ണൂറു ശതമാനം ക്യാമ്പുകളും കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നതാണ്. എന്നാല്‍ ചുരുക്കം ചില സ്കൂളുകള്‍ മാത്രമാണ് ഈ സുവര്‍ണ്ണാവസരം വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സുവര്‍ണ്ണാവസരം എന്ന വാക്ക് ആലങ്കാരികമായി പ്രയോഗിച്ചതല്ല. വനത്തെയും വന്യമൃഗങ്ങളെയും അടുത്തറിയുവാനും പ്രകൃതിസ്നേഹം കൂട്ടികളില്‍ വളര്‍ത്തുവാനും ഏറെ പ്രയോജനപ്രദമാണ് ഈ പ്രകൃതിപഠന ക്യാമ്പുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി , കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റിലെ നേച്ചര്‍ ക്യാമ്പിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
        ഈ വര്‍ഷം ഞങ്ങള്‍ , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ കുട്ടികളും അധ്യാപകരും തേക്കടിയാണ് നേച്ചര്‍ക്യാമ്പിനായി തിരഞ്ഞെടുത്തത്. അവിടെ ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ചുവടെ നല്‍കുന്നു. നേച്ചര്‍ ക്യമ്പിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കുവാന്‍ ഈ വിവരണം ഉപകരിക്കുമെന്ന് കരുതുന്നു.
        കുമളി ടൗണില്‍നിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ്  പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നേച്ചര്‍ ക്യാമ്പ് നടക്കുന്ന സ്ഥലം. ഒരു വശത്ത് റോഡിനോട് ചേര്‍ന്ന് മുളങ്കാടുകള്‍ തിങ്ങിനിറഞ്ഞ് വളരുന്നു. പെരിയാര്‍  നേച്ചര്‍ ഇന്റര്‍ പ്രറ്റേഷന്‍ സെന്റര്‍ മ്യൂസിയവും ക്യാമ്പംഗങ്ങള്‍ക്കുള്ള താമസ സ്ഥലവും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുമൊക്കെ തൊട്ടടുത്തായി ഒരു കോംപൗണ്ടിലെന്നപോലെ സ്ഥിതി ചെയ്യുന്നു. അതിനോട് ചേര്‍ന്ന് വനഭൂമിയായി. വൈകുന്നേരം നാലുമണിയോടെ ക്യാമ്പിനായി എത്തിയ ഞങ്ങളെ വരവേല്‍ക്കാന്‍  കുരങ്ങന്‍മാരുടെ ഒരു സംഘംതന്നെ മതിലിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു. ' മുറിക്ക് പുറത്തിറങ്ങുമ്പോള്‍ വാതിലുകള്‍ ഭദ്രമായി അടക്കണം. അല്ലെങ്കില്‍ കുരങ്ങന്‍മാര്‍ എല്ലാം നശിപ്പിക്കും." ചെന്നതേ മുന്നറിയിപ്പ് കിട്ടി. 
        കണ്ണും മനസും കുളിര്‍പ്പിക്കുന്ന സ്ഥലമാണ് ഇവിടം. കേവലം നാലു കിലോമീറ്റര്‍ അകലെയാണ് ലോക പ്രസിദ്ധമായ തേക്കടി തടാകം. പക്ഷേ ഇത്തവണ ഞങ്ങളുടെ ലക്ഷ്യം അതൊന്നുമല്ല. വനത്തെയും വന്യജീവികളെയുംകുറിച്ചുള്ള ഗൗരവമായ പഠനം. അതുമാത്രം.. താമസിക്കുന്ന വലിയ ഹാള്‍ രണ്ടായി തിരിച്ച് ഒരു ഭാഗം ആണ്‍കുട്ടികള്‍ക്കും മറ്റൊരു ഭാഗം പെണ്‍കുട്ടികള്‍ക്കും നല്‍കിയിരിക്കുന്നു. കട്ടിലും ബെഡും ബാത്ത് റൂം സൗകര്യങ്ങളുമെല്ലാം ആവശ്യത്തിന്. ഭക്ഷണശാലയും ഇതിനോട് ചേര്‍ന്നുണ്ട്. ആദിവാസി നൃത്തം നടത്തുന്ന ഒരു കള്‍ച്ചറല്‍ സെന്ററും ഇവിടെയുണ്ട്. ഈ കലാരൂപം കാണുവാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്നുണ്ട്. പക്ഷേ, നേരത്തേ ഫീസടച്ച് ബുക്ക് ചെയ്യണം എന്നുമാത്രം. 
കളരി
        ക്ലാസുകള്‍ നടത്തുന്ന 'കളരി' മറ്റൊരു കോംപൗണ്ടിലാണ്. വനത്തില്‍ ട്രക്കിംഗിനായും തേക്കടി സന്ദര്‍ശനത്തിനായും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന ബുക്ക് ചെയ്ത് വരുന്നവര്‍ക്കുള്ള താമസ സൗകര്യം ഇവിടെയാണ്. പ്രകൃതിക്കനുയോജ്യമായ ചെറിയ റിസോര്‍ട്ടുകള്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്നു. കോണ്‍ഫറന്‍സിനും ക്ലാസിനുമായി നിര്‍മ്മിച്ചിരിക്കുന്ന കളരി എന്ന ഹാളും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. LCD പ്രൊജക്ടറും ഉയര്‍ന്ന നിലവാരമുള്ള സൗണ്ട് സിസ്റ്റവുമടക്കം ഒരു സെമിനാര്‍ നടത്തുവാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും കളരിയിലുണ്ട്.
        ആദ്യ ദിനത്തില്‍ മൂന്നു ക്ലാസുകളാണ് ഉണ്ടായിരുന്നത്. റേഞ്ച് ഓഫീസര്‍മാരായ സജി സാര്‍, വിനോദ് സാര്‍ എന്നിവര്‍ ക്യാമ്പിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. റിസേര്‍ച്ച് വിംഗിലെ അംഗമായ ജോസഫ് വര്‍ഗ്ഗീസ് സാര്‍  , 'എന്തുകൊണ്ട് വനത്തെയും വന്യമൃഗങ്ങളെയും നാം സംരക്ഷിക്കണം.. സ്നേഹിക്കണം..' എന്ന വിഷയത്തില്‍ സരസമായി ക്ലസ് എടുത്തു. തമിഴ്നാട് സ്വദേശിയായ ഡോ. രമേശ്, തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ചരിത്രമടക്കം ആ പ്രദേശത്തെക്കുറിച്ചും എന്തുകൊണ്ട് കടുവകളെ നാം പ്രത്യേകമായി സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചും വിജ്ഞാനപ്രദമായ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. രാത്രിയില്‍  കൂട്ടായി കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. ഒരു പക്ഷേ , ഈ ക്യാമ്പിനെക്കുറിച്ച് കുട്ടികള്‍ പരാതി പറഞ്ഞ ഏക കാര്യവും ഇതായിരുന്നു. 


      ക്യാമ്പിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം വനത്തിലേയ്ക്കുള്ള ട്രക്കിംഗാണ്. രാവിലെ കാപ്പികുടി കഴിഞ്ഞ് ഉടന്‍ വനയാത്രക്കിറങ്ങി. ഉച്ചവരെയുള്ള യാത്രയാണിത്. പത്തുകിലോമീറ്ററോളം വനത്തിലൂടെയുള്ള ഈ സഞ്ചാരം പ്രകൃതിയെ അടുത്തറിയുന്ന സുന്ദര നിമിഷങ്ങളാണ്. ഞങ്ങളുടെ സംരക്ഷണത്തിനായും കാണുന്ന കാഴ്ച്ചകള്‍ വിശദീകരിച്ചുതരുവാനുമായി മുന്‍പിലും പുറകിലും ഫോറസ്റ്റ് ഓഫീസര്‍മാരുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സജി സാറിനൊപ്പം ഗാര്‍ഡുമാരായ രാജു സാര്‍, അനീഷ് സാര്‍, പൊന്നയ്യന്‍ സാര്‍ എന്നിവരുമാണ് ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നത്. കാട്ടുപോത്തിനെയോ വലിയ കാട്ടുമൃഗങ്ങളെയോ നേരിട്ടുകാണുവാനുള്ള ആവേശമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ അന്ന് അതിനുള്ള ഭാഗ്യം ലഭിച്ചില്ല.






    എന്നാല്‍ മ്ലാവ്, മലയണ്ണാന്‍, സിംഹവാലന്‍കുരങ്ങ്,  കാട്ടുകോഴി, വേഴാമ്പല്‍, വിവിധയിനം പക്ഷികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍ മരങ്ങള്‍.. തേക്ക്, മരുത്, ഈട്ടി, അരളി, പാല കൂടാതെ നിരവധി കാട്ടുമരങ്ങളും. നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആല്‍മരങ്ങള്‍ ഒരു പ്രദേശംമുഴുവന്‍ കൈയടക്കിയിരിക്കുന്നു. നീണ്ട, രോമാവൃതമായ വാലുള്ള മലയണ്ണാന്‍ ഒരു വലിയ മഹാഗണി മരത്തിന്റെ മുകളില്‍ ചുരുണ്ടുകൂടിക്കിടക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ട് അവന്‍ മറ്റുമരങ്ങളിലേയ്ക്ക് കുതിച്ചുചാടി മറഞ്ഞു. 

       തോട്ടപ്പുഴുവിന്റെ ശല്യം പറഞ്ഞറിയിക്കാനാവില്ല. ആ ദിവസങ്ങളില്‍ മഴയുമുണ്ടായിരുന്നതിനാല്‍ അതല്‍പ്പം കൂടുതലായിരുന്നു. ആദ്യം എല്ലാവരെയും അലോസരപ്പെടുത്തിയെങ്കിലും പിന്നെ അതും രസമായി. ചില സ്ഥലങ്ങളില്‍ നിലത്ത് കാല്‍ ചവിട്ടാന്‍ സ്ഥലമില്ല..! രക്തത്തിനായി ദാഹിച്ച് തോട്ടപ്പുഴുക്കള്‍ ഉയര്‍ന്നുനിന്നു പുളയുന്നു..! നോക്കി നില്‍ക്കേ കാലിലേയ്ക്ക് ചാടിക്കയറുകയാണ്.. ഉപ്പുകിഴിയും പുകയിലപ്പൊടിയും മറ്റുപൊടിക്കൈകളുമൊക്കെ ചെറിയ സഹായം തന്നു. കുറേ കഴിഞ്ഞപ്പോള്‍ കാലിലേയ്ക്ക് ശ്രദ്ധിക്കാതെയായി. കാടിന്റെ സൗന്ദര്യവും ഞങ്ങളുടെ ശബ്ദംകേട്ട് പായുന്ന കാട്ടുമൃഗങ്ങളെ ഒരുനോക്കു കാണുവാനുള്ള ആകാംക്ഷയുമെല്ലാം 'ഈ കൊച്ചു രക്തദാഹികളെ' മറക്കുവാനുള്ള കാരണമായി. 
വനത്തിനുള്ളിലെ മൊട്ടക്കുന്നായ കുരിശുമലയുടെ മുകളില്‍നിന്ന്..
        കുരിശുമല എന്നറിയപ്പെടുന്ന ഒരു കുന്നിനുമുകളിലാണ് ഞങ്ങളുടെ ആദ്യദിന ട്രക്കിംഗ് അവസാനിച്ചത്. ഒരാള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെയാണ് ഇവിടേയ്ക്ക് നടന്നത്. കാട്ടുപോത്തുകളും ആനകളും കാണുന്ന ഭാഗമാണിത്. ഒരിടത്ത് പുല്ലുകള്‍ ഒടിച്ചിട്ട് ഏതോ ജീവി ഉണ്ടാക്കിയ മെത്ത. ' കരടി എഴുന്നേറ്റു പോയിട്ട് അധികനേരമായില്ല" അതും ചൂണ്ടിക്കാട്ടിയുള്ള ഫോറസ്റ്റ് ഗാര്‍ഡ് രാജു സാറിന്റെ വാക്കുകള്‍ ചെറുതായെങ്കിലും ഒന്നു പരിഭ്രമിപ്പിക്കാതിരുന്നില്ല..
        മലമുകളില്‍  എത്തിയാല്‍ ഒരു ഭാഗത്ത് തമിഴ്നാടിന്റെ വിദൂരകാഴ്ച്ചയുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയായ പര്‍വ്വതനിരകള്‍ക്കപ്പുറം പരന്ന ഭൂപ്രദേശം.. മലയാളികളെ ഉള്‍പ്പെടെ തീറ്റിപ്പോറ്റുന്ന തമിഴ്നാട്ടിലെ കൃഷിയിടങ്ങള്‍.. മറ്റൊരു ഭാഗത്ത് ഒരു വലിയ തടാകം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമാണ് അത്. നല്ലകാറ്റുകൂടിയായപ്പോള്‍ നടപ്പിന്റെ ക്ഷീണം മറന്നു. അല്‍പ്പസമയം വിശ്രമിച്ചതിനുശേഷം മടക്കയാത്ര. ഏതാണ്ട് അഞ്ചുമണിക്കൂറുകൊണ്ട് കുറഞ്ഞത് പത്തുകിലോമീറ്ററെങ്കിലും നടന്നുകഴിഞ്ഞു എന്നകാര്യം പിന്നിട് ഓര്‍മ്മിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. ഇത്രദൂരം സഞ്ചാരം നടത്തി ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും വലിയ ക്ഷീണം ആര്‍ക്കും ഉണ്ടായില്ല. അതാണ് വനയാത്രയുടെ പ്രത്യേകത. കണ്ണും മനസും കുളിര്‍പ്പിക്കുന്ന കാഴ്ച്ചകളും ശുദ്ധവായുവും. ആകെ ഒന്നു ഫ്രഷ് ആവാന്‍ പിന്നെ എന്തുവേണം..!
        തിരിച്ച് മുറിയില്‍ചെന്ന എല്ലാവരും ഒന്നുഞെട്ടി.. ആകെ അലങ്കോലപ്പെട്ടുകിടക്കുന്നു. കുരങ്ങന്‍മാര്‍..! അവസാനം ഇറങ്ങിയ ആള്‍ മുറി നന്നായി ലോക്ക് ചെയ്യാന്‍ മറന്നതിന്റെ ഫലം. മിക്ക ബാഗുകളും തുറന്നുകിടക്കുന്നു. കൂടുകള്‍ പലതും കീറിയ അവസ്ഥയില്‍. പക്ഷേ നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് എടുത്തപ്പോള്‍ എല്ലാവര്‍ക്കും ചിരിപൊട്ടി. ചുമക്കും പനിക്കുമായി കൊണ്ടുവന്ന മരുന്നുകളൊന്നും ബാക്കിയില്ല. കൊറിക്കാനുള്ള ലഘുഭക്ഷണ പായ്ക്കറ്റുകളും. (വിശപ്പു കൂടുതലുള്ള ചില വിരുതന്‍മാര്‍ പൊതികള്‍ ഇഷ്ടംപോലെ കരുതിയിരുന്നു.) ഹോമിയോ ഗുളികയുടെ ഒഴിഞ്ഞ കുപ്പി തിരിച്ചുകിട്ടി..പാവം കുരങ്ങന്‍മാര്‍..
        ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെ കാത്തിരുന്നത് മറ്റൊരു അത്ഭുതലോകമാണ്. പെരിയാര്‍ നേച്ചര്‍ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍.  വനത്തയും വന്യജീവികളെയും മനസിലാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ഒരു വലിയ മ്യൂസിയം. ഇവിടെ ആദ്യം പ്രവേശിക്കുക ഒരു കൃത്രിമ വനത്തിലേയ്ക്കാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്നപോലെ ഇവിടെ കാണാം. ഓഡിയോ-വിഷ്വല്‍ ഇഫക്ടുകളുടെ സഹായത്തോടെ വന്യജീവികളെയും പക്ഷികളെയും പരിചയപ്പെടുന്ന സ്റ്റാളാണ് അടുത്തത്. ഇരുട്ടിലുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളിലേയ്ക്ക് പ്രകാശം പതിക്കുമ്പോള്‍ അവയുടെ ശബ്ദവും ലഘുവിവരണവും കേള്‍ക്കാം.
          ഉള്‍ക്കാടുകളില്‍ മാത്രം കാണുന്ന വിവിധയിനം പക്ഷിമൃഗാദികളുടെ സ്വരങ്ങള്‍ ഏറെ കൗതുകമുണര്‍ത്തി. തുടര്‍ന്നുള്ള വിവിധ സ്റ്റാളുകളില്‍ , സൂക്ഷ്മ ജീവികള്‍, വംശനാശ ഭീഷണി നേരിടുന്ന വിവിധ ജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ മനോഹര ചിത്രങ്ങളും വിവരണങ്ങളും കാണാം. ആഗോളതാപനത്തിന്റെ വിവിധ തലങ്ങള്‍ വിവരിക്കുന്ന സ്റ്റാള്‍ ശ്രദ്ധേയമാണ്. ഒരുഭാഗത്ത്  ആനയുടെ അസ്ഥികൂടം തലയുയര്‍ത്തി നില്‍ക്കുന്നു. പരിസ്ഥിതി വിജ്ഞാനത്തിലുള്ള അറിവു പരിശോധിക്കുന്ന ക്വിസ് കോര്‍ണറില്‍ മൂന്നു കംപ്യൂട്ടറുകള്‍ സജ്ജമാണ്. അവസാനം നാം എത്തിച്ചേരുന്നത് ഇരുട്ടുനിറഞ്ഞ ഒരു മുറിയിലാണ്. വനത്തിലുള്ളില്‍ രാത്രിയില്‍ എത്തിപ്പെട്ടാലുള്ള കാഴ്ച്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്.
          പുറത്തേക്കിറങ്ങുന്ന ഭാഗം ഒരു വിമാനത്തിനുള്ളുപോലെയാണ്. ഇരുവശത്തും ജനാലകള്‍പോലെ ചിത്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. ഒരു വശം പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങളാണെങ്കില്‍ മറുവശം പ്രകൃതിയില്‍ മനുഷ്യന്റെ കൈകടത്തല്‍മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സമയം പോയതറിഞ്ഞില്ല. എതാണ്ട് രണ്ടര മണിക്കൂറോളം ഇവിടെ ചെലവഴിച്ചിരുന്നു. മികച്ച ടൂറിസ്റ്റ് ഗൈഡിനുള്ള അവാര്‍ഡ് ലഭിച്ച അനീഷ് സാറിന്റെ വിവരണമാണ് ഇന്റര്‍ പ്രറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനം ഏറെ വിജ്ജാനദായകമാക്കിയത് എന്ന് നിസ്സംശയം പറയാം.
        രാത്രിയില്‍,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ശ്രീകാന്ത് സാര്‍ നയിച്ച ക്ലാസും ഉണ്ടായിരുന്നു. പകലല്‍സമയത്തെ യാത്രകാരണമാകാം , അന്നു കിടന്നതേ എല്ലാവരും സുഖമായി ഉറങ്ങി. ഞങ്ങളെ ശല്യപ്പെടുത്തേണ്ടന്ന് അന്ന് കൊതുകുകളും തീരുമാനിച്ചെന്നുതോന്നുന്നു. അതല്ല, ഒരാഴ്ച്ചത്തേയ്ക്കുള്ളത് അവ ഇന്നലെതന്നെ കുടിച്ചുകഴിഞ്ഞു എന്നൊരു കമന്റും കുട്ടികളില്‍നിന്ന് കേട്ടു. 
വനത്തിനുള്ളിലെ 'വയലില്‍'..
        പിറ്റേന്ന് രാവിലെ പക്ഷി നിരീക്ഷണമുണ്ടായിരുന്നു. നേരം വെളുക്കുന്നതിനുമുമ്പ് എണീറ്റ് കടുംകാപ്പിയും കുടിച്ച് തയ്യാറായി. ആറരയ്ക്ക് ഞങ്ങള്‍ വനത്തില്‍ പ്രവേശിച്ചു. പുലര്‍കാലത്ത് പക്ഷികള്‍ ഭക്ഷണംതേടി കൂടുവിട്ടിറങ്ങുകയാണ്. നാട്ടില്‍ കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി പക്ഷികള്‍ ഞങ്ങളുടെ മുന്നിലൂടെ പറന്നുമറഞ്ഞു. മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന വനാന്തരീക്ഷം.. ഞങ്ങളില്‍ പലര്‍ക്കും ഇത് ടിവിയിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കാഴ്ച്ചയാണ്. അതു നേരിട്ടുകാണുന്നതിന്റെ ആവേശം എല്ലാവരിലും ഉണ്ടായിരുന്നു. നടന്നുനടന്ന് വനത്തിനുള്ളിലെ ' വയലില്‍ ' എത്തി. ഏക്കറുകളോളം സ്ഥലം നിരപ്പായി, തുറസായി കിടക്കുന്നു. ചുറ്റും വന്‍ മരങ്ങള്‍ തഴച്ചുവളരുന്ന കാടും. ഈ വയല്‍പ്രദേശം കാട്ടുപോത്തുകളുടെ ഇഷ്ടസ്ഥലമാണ്. പക്ഷേ, ഞങ്ങള്‍ വരുന്നതിന് അല്‍പ്പംമുന്‍പ് അവ അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. അവിടം ചന്ദനക്കാടാണ്. അതിന്റെ സംരക്ഷണത്തിനായി ഫോറസ്റ്റ് ഗാര്‍ഡുകള്‍ തങ്ങുന്ന ഏറുമാടങ്ങളും അങ്ങിങ്ങായി കണ്ടു. 
        വയല്‍വിട്ട് വീണ്ടും വനത്തിനുള്ളിലേയ്ക്ക് കടന്നതേ രണ്ടു കൂട്ടം ആതിഥേയര്‍ ഞങ്ങളെ സ്വീകരിക്കാനെത്തി. ആദ്യം മ്ലാവിന്‍ കൂട്ടം. തൊട്ടുപുറകേ കാട്ടുപോത്തുകളും. പുറകില്‍നില്‍ക്കുന്ന കൂട്ടുകാരെ ഈ കാഴ്ച്ച കാണിക്കുവാനുള്ള ആവേശത്തില്‍ ചിലരുടെ ശബ്ദം ഉയര്‍ന്നത് കഷ്ടമായി. പരിചയമില്ലാത്ത ശബ്ദം കേട്ടമാത്രയില്‍ അവ പാഞ്ഞ് അപ്രത്യക്ഷമായി. 
        വനയാത്രയെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ ആകെപ്പാടെ മാറ്റിമറിക്കുവാന്‍ ഈ യാത്രകള്‍ക്കും ക്ലാസുകള്‍ക്കും സാധിച്ചു. വലിയ മൃഗങ്ങളെ കണ്ടാല്‍മാത്രമേ വനയാത്രക്ക് ഫലമുണ്ടാകൂ എന്ന ധാരണയോടെയാണ് ഞങ്ങള്‍ വന്നതെങ്കില്‍ അതിനേക്കാളുപരി പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന പല ജീവികളും ഈ വനത്തിനും നമ്മുടെ പ്രകൃതിക്കും ചെയ്യുന്ന നന്മകള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍  ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. രണ്ടു മണിക്കൂര്‍ മാത്രം ജീവിക്കുന്ന ചിത്രശലഭം പരാഗണത്തിലൂടെ തലമുറകള്‍ക്ക് സമ്പാദിച്ച് നല്‍കുമ്പോള്‍ എഴുപതുവയസ് ആയുസ്സുള്ള മനുഷ്യന്‍ എന്തുചെയ്യുന്നു..? 35-45 ദിവസം ജീവിക്കുന്ന ഒരു തുമ്പി ഈ കാലയളവില്‍ 10,000 മുതല്‍ 15,000 വരെ കൊതുകുകളെ തിന്നുമ്പോള്‍ രാസകീടനാശിനി പ്രയോഗത്തിലൂടെ അവയെ കൊന്നൊടുക്കുന്ന നാം പണം കൊടുത്ത് കൊതുകുതിരി വാങ്ങുന്നു. കൊതുകുജന്യ രോഗങ്ങളാല്‍ നട്ടംതിരിയുന്നു. ചില ദേശാടന തുമ്പികള്‍ വന്നാല്‍മാത്രം പരാഗണം നടക്കുന്ന മരങ്ങള്‍ നമ്മുടെ വനങ്ങളിലുണ്ട്. 
        മ്യൂസിയത്തിനു പുറത്തായി ഒരു ചെടിച്ചട്ടിയില്‍ പന വര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. ആ ചെടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഇലകളില്‍ പ്യൂപ്പ അവസ്ഥയിലുള്ള ചിത്രശലഭങ്ങളെ കാണിച്ചുതന്നു. ഈ ചിത്രശലഭങ്ങള്‍ ഈ ചെടിയിലൂടെ മാത്രമേ ജന്മമെടുക്കൂ. ഇതിന്റെ ഇലകള്‍ മാത്രമാണ് അവയുടെ ആഹാരം. ആ ചെടികള്‍ ഇല്ലാതാകുന്നതോടെ അത്തരം ചിത്രശലഭങ്ങള്‍ക്ക് വംശനാശം സംഭവിക്കും. ഈ ചിത്രശലഭങ്ങളിലൂടെ മാത്രം പരാഗണം നടക്കുന്ന ചില മരങ്ങളും അതോടെ ഇല്ലാതാകും. ഓരോ ചെറു ജീവികള്‍ക്കും അതിന്റേതായ പ്രാധാന്യം ഈ പ്രകൃതിയിലുണ്ട്. അതു മനസിലാക്കുക എന്നതാണ് ഈ വനയാത്രയുടെയും പ്രകൃതി പഠനത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 
        പക്ഷി നിരീക്ഷണം കഴിഞ്ഞ് തിരിച്ച് ക്യാമ്പിലെത്തിയപ്പോഴേക്കും ഒന്‍പതുമണി കഴിഞ്ഞു. സ്കൂളിലേയ്ക്കുള്ള മടക്കയാത്രക്ക് ധാരാളം സമയമെടുക്കും എന്നതിനാല്‍ ഉച്ചയോടെ പരിപാടികള്‍ അവസാനിപ്പിക്കാം എന്ന ധാരണയിലെത്തിയിരുന്നു. അതിനാല്‍ ദിവാകരന്‍ സാറിന്റെ ക്യാമ്പ് ക്വിസും തുടര്‍ന്ന് നേച്ചര്‍ ക്യാമ്പ് അവലോകനവും ചര്‍ച്ചയും നിര്‍ദ്ദേശങ്ങളുമൊക്കെയായിരുന്നു കാപ്പികുടി കഴിഞ്ഞുള്ള അവസാന സെഷനില്‍. സര്‍ട്ടിഫിക്കറ്റ് വിതരണവും നന്ദിയുമൊക്കെയായി ഉച്ചക്ക് ക്യാമ്പ് അവസാനിച്ചെങ്കിലും ഈ സ്ഥലത്തോട് വിടപറയാന്‍ മനസുവരുന്നില്ല. ഇവിടെനിന്ന് ലഭിച്ച ക്യാമ്പ് ഡയറിയില്‍ സന്ദര്‍ശകര്‍ക്കുള്ള അവസാന നിര്‍ദ്ദേശമായി ഇങ്ങനെ കുറിച്ചിരുന്നു. 'Leave behind nothing but footprints, takeaway nothing but memories'. അതെ കുറേയേറെ നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍ മടങ്ങുകയാണ്. അടുത്ത വര്‍ഷത്തെ നേച്ചര്‍ക്യാമ്പും സ്വപ്നം കണ്ടുകൊണ്ട്.


തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനെക്കുറിച്ചുള്ള നാലുമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചുവടെ ചേര്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക്ചെയ്ത് നടത്താവുന്ന വനയാത്രയുടെയും കാഴ്ച്ചകളുടെയും വിവരങ്ങളും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.

Wednesday, October 14, 2015

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശോജ്ജ്വലമായ സമാപ്തി..

ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യുന്നു. ജോയിച്ചന്‍ തുരുത്തിയില്‍, പോള്‍ തോമസ്, അബ്ദുള്‍ റസാക്ക്, ഫാ. ജോര്‍ജ്ജ് മണ്ഡപത്തില്‍ , തോമസ് വടകര എന്നിവര്‍ സമീപം.

                 രണ്ടുദിവസം നീണ്ടുനിന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ജനറല്‍ കണ്‍വീനര്‍ പോള്‍ തോമസ്, സെബാസ്റ്റ്യന്‍ വിളയാനി, തോമസ് വടകര, ജോയിച്ചന്‍ തുരുത്തിയില്‍, ജിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
       മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ആദ്യ രണ്ടു സ്ഥാനങ്ങളുടെ ഓവറോള്‍ ട്രോഫികള്‍ സ്വന്തമാക്കിയ സ്കൂളുകള്‍ ഇവയാണ്.
          ശാസ്ത്രമേള - (എല്‍.പി. വിഭാഗം) സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ തീക്കോയി, വെട്ടിക്കാനം കെ.സി.എം. എല്‍.പി. സ്കൂള്‍ കൂട്ടിക്കല്‍, സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പൂഞ്ഞാര്‍ , (യു.പി. വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മണിയംകുന്ന്, (ഹൈസ്കൂള്‍ വിഭാഗം) എസ്.എം.വി.എച്ച്.എസ്.എസ്. പൂഞ്ഞാര്‍, എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം ,(ഹയര്‍ സെക്കന്‍ഡറി വിഭാഗം) എസ്.എം.വി.എച്ച്.എസ്.എസ്. പൂഞ്ഞാര്‍, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍, മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട .
        ഗണിതശാസ്ത്രമേള – (എല്‍.പി. വിഭാഗം) സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ തീക്കോയി, സെന്റ് പോള്‍സ് എല്‍.പി. സ്കൂള്‍ വാകക്കാട്, (യു.പി. വിഭാഗം) സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മണിയംകുന്ന്, മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, (ഹൈസ്കൂള്‍ വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, (ഹയര്‍ സെക്കന്‍ഡറി വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, എസ്.എം.വി.എച്ച്.എസ്.എസ്. പൂഞ്ഞാര്‍.
         ഐ.റ്റി.മേള - (യു.പി. വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, ഗവ. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, എസ്.ജി.എം. യു.പി.എസ്. ഒളയനാട് , (ഹൈസ്കൂള്‍ വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, ഗവ. വി.എച്ച്.എസ്.എസ്. തിടനാട് , (ഹയര്‍ സെക്കന്‍ഡറി വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, ജെ.ജെ.എം. എച്ച്.എസ്.എസ്. ഏന്തയാര്‍.
      സോഷ്യല്‍ സയന്‍സ് മേള - (എല്‍.പി. വിഭാഗം) ഹയാത്തൂദീന്‍ എല്‍.പി.എസ്. ഈരാറ്റുപേട്ട, (യു.പി. വിഭാഗം) സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ മണിയംകുന്ന്, എം.എം.എം. യു.എം. യു.പി. സ്കൂള്‍ കാരക്കാട് , (ഹൈസ്കൂള്‍ വിഭാഗം) എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട , (ഹയര്‍ സെക്കന്‍ഡറി വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, .എം.എച്ച്.എസ്.എസ്. കാളകെട്ടി
           പ്രവൃത്തിപരിചയ മേള - (എല്‍.പി. വിഭാഗം) സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ തീക്കോയി, സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ അരുവിത്തുറ , (യു.പി. വിഭാഗം) സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി, സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ മണിയംകുന്ന്, (ഹൈസ്കൂള്‍ വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി , (ഹയര്‍ സെക്കന്‍ഡറി വിഭാഗം) മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട , എസ്.എം.വി.എച്ച്.എസ്.എസ്. പൂഞ്ഞാര്‍ .

Tuesday, October 13, 2015

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു..

ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം പി.സി.ജോര്‍ജ്ജ്  MLA  ഉദ്ഘാടനം ചെയ്യുന്നു. റിന്‍സി കിണറ്റുകര, സി.ലിസി കല്ലാറ്റ്, ജോയിച്ചന്‍ തുരുത്തിയില്‍, ഫാ.മാത്യു വെങ്ങാലൂര്‍, ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍, പോള്‍ തോമസ്, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ , നിര്‍മ്മല ജിമ്മി,  മജേഷ് എം.എം., ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, അബ്ദുള്‍ റസാക്ക് എന്നിവര്‍ സമീപം.
      

            ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ തുടക്കമായി. പി.സി.ജോര്‍ജ്ജ്  MLA മേള ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിന്‍സി കിണറ്റുകര, ജനറല്‍ കണ്‍വീനര്‍ പോള്‍ തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ഫാ.മാത്യു വെങ്ങാലൂര്‍, ജോയിച്ചന്‍ തുരുത്തിയില്‍, മജേഷ് എം.എം. എന്നിവര്‍ പ്രസംഗിച്ചു. 
      മേളയുടെ രണ്ടാം ദിനമായ നാളെ പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര മേളകളാണ് നടക്കുക. ഉപജില്ലയിലെ 67 സ്കൂളുകളില്‍നിന്നായി രണ്ടായിരത്തില്‍പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. നാളെ വൈകിട്ട് 3.30-ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തും. 




ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അശ്വിന്‍ എസ്. നായര്‍, സോണി മാത്യു എന്നിവര്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ സയന്‍സ് വര്‍ക്കിംഗ് മോഡലായ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചൂടിനെ കറന്റ് ആക്കിമാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ അവതരിപ്പിച്ചത്. വാഗമണ്‍ റോഡ് പോലുള്ള മലയോര പ്രദേശങ്ങളില്‍ ബ്രേക്കിംഗിലൂടെ വാഹനങ്ങള്‍ക്ക് നഷ്ടമാകുന്ന ഊര്‍ജ്ജത്തെ ഇങ്ങനെ പ്രയോജനകരമാക്കാമെന്ന് ഇവര്‍ പറയുന്നു. 

മേലുകാവുമറ്റം സെന്റ് തോമസ് യു.പി. സ്കൂളിലെ ജോയല്‍ ജോണ്‍, ശ്രേയസ് എസ്. എന്നിവര്‍ അവതരിപ്പിച്ച കപ്പ മുറിക്കല്‍ യന്ത്രം ചുവടെ..

ശാസ്ത്രോത്സവത്തില്‍ കുട്ടികളുടെ സ്റ്റാള്‍ - ഒരു ബഹിരാകാശ കാഴ്ച്ചയുടെ മാതൃക 


Monday, October 12, 2015

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം നാളെ ആരംഭിക്കും..


            ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 13, 14, ചൊവ്വ, ബുധന്‍  തീയതികളില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കും. പതിമൂന്നാം തീയതി രാവിലെ പത്തിന്  പി.സി.ജോര്‍ജ്ജ്  MLA മേള ഉദ്ഘാടനം ചെയ്യും. ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിന്‍സി കിണറ്റുകര, വാര്‍ഡ് മെമ്പര്‍ വിജി ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, തിടനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്കറിയാച്ചന്‍ പൊട്ടനാനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലൗലി സൈമണ്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ജനറല്‍ കണ്‍വീനര്‍ പോള്‍ തോമസ്, ഫാ.മാത്യു വെങ്ങാലൂര്‍, ജോയിച്ചന്‍ തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിക്കും.
            പതിമൂന്നാം തീയതി ചൊവ്വാഴ്ച്ച ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മേളകളും പതിനാലാം തീയതി പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര മേളകളുമാണ് നടക്കുക. ഉപജില്ലയിലെ 67 സ്കൂളുകളില്‍നിന്നായി രണ്ടായിരത്തില്‍പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പതിനാലാം തീയതി വൈകിട്ട് 3.30-ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തും.