Sunday, January 29, 2012

Educational Videos - പൂഞ്ഞാര്‍ ബ്ലോഗിലെ പുതിയ പേജ്


            ഇന്ന് സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പഠന രീതി പഴയതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ശരിയായ രീതിയിലുള്ള പഠനം കുട്ടികളെ വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. കുട്ടികളുടെ പക്കലുള്ള പുസ്തകങ്ങളില്‍നിന്നോ അദ്ധ്യാപകരുടെ പക്കലുള്ള ഹാന്‍ഡ് ബുക്കുകളില്‍നിന്നോ മാത്രമല്ല പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാകുക. ഓരോ വിഷയത്തിലും കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ഇന്റര്‍നെറ്റ് സഹായകമാകും. അതിനുപകരിക്കുന്ന  വീഡിയോകളുടെ ഒരു ശേഖരമാണ് Educational Videos എന്ന പുതിയ പേജിലുള്ളത്.
            സയന്‍സ് , സോഷ്യല്‍ സയന്‍സ് , മലയാളം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട , അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ക്കായി  മുകളില്‍ കാണുന്ന Educational Videos എന്ന പേജ് സന്ദര്‍ശിക്കുക.. കൂടുതല്‍ വീഡിയോകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Thursday, January 26, 2012

എനിക്ക് മാത്രം എന്തേ ക്യാന്‍സര്‍ ?

        " ഞാന്‍ സിഗററ്റ് വലിച്ചിട്ടില്ല. മുറുക്കോ മദ്യപാനമോ ഇല്ല. എന്നും രാവിലെ വ്യായാമം. ചിട്ടയായ ജീവിതം. ഇതൊന്നുമില്ലാത്ത പലരും ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നിട്ടും എനിക്കുമാത്രം എന്തേ ഈ ഗതി വന്നു.."
റോഡപകടം പോലെ ഒരു ആകസ്മികതയാണോ ക്യാന്‍സര്‍ ? അര്‍ബുദത്തിലേയ്ക്കുള്ള രഹസ്യവഴികള്‍ എന്തൊക്കെയാണ് ? 

        ഇപ്രകാരം ക്യാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങള്‍ 2012 ജനുവരി മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ.സന്ദീപ് ബി. പിള്ള എഴുതിയ ഈ ലേഖനം വായിക്കുന്നതിനായി മുകളില്‍ കാണുന്ന Be Positive പേജ് സന്ദര്‍ശിക്കുക..

Tuesday, January 24, 2012

പൂഞ്ഞാര്‍ ബ്ലോഗിന് ഒരു വയസ്..!!

പൂഞ്ഞാര്‍ ബ്ലോഗ് ടീം
             കുട്ടികളുടെ സ്കൂള്‍ ബ്ലോഗായി തുടക്കം... പിന്നീട് പ്രാദേശിക വിശേഷങ്ങള്‍കൂടി ചേര്‍ത്തപ്പോള്‍  ' ലോക്കല്‍ ബ്ലോഗ് ' എന്ന വിശേഷണം...  വിദ്യാഭ്യാസ ഉപജില്ലാ-ജില്ലാ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് വീണ്ടും വിപുലീകരണം... കോട്ടയം റവന്യൂ ജില്ലാ കലോത്സവ റിസല്‍ട്ടുകള്‍ ഓണ്‍ലൈനായി നല്‍കിയതോടെ ജില്ലയുടെ ശ്രദ്ധാകേന്ദ്രം... വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുകയും ഈ വിശേഷങ്ങള്‍  മലയാളത്തിലെ പ്രശസ്തമായ ചില ബ്ലോഗുകള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ ' ബൂലോകത്തെ ' (ഇന്റര്‍നെറ്റിലെ മലയാളം ബ്ലോഗുകളുടെ കൂട്ടായ്മ) പുതിയ അതിഥി എന്ന പരിവേഷം. ഒരു വര്‍ഷം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങളാണ് പൂഞ്ഞാര്‍ ബ്ലോഗ് കരസ്ഥമാക്കിയിരിക്കുന്നത്. അടുത്തനാളില്‍ നടന്ന , CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ തത്സമയ സംപ്രേഷണം  'വെബ് സ്ട്രീമിംഗിലൂടെ' നടത്തി ബ്ലോഗ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്..

            പൂഞ്ഞാര്‍ സെന്റ്  ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യു.പി. , ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്റോണിയന്‍ ക്ലബിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് 'പൂഞ്ഞാര്‍ ബ്ലോഗ് '. ക്ലബ് അംഗങ്ങളായ കുട്ടികള്‍  പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും കൂടാതെ വിദ്യാഭ്യാസ സംബന്ധമായ വിശേഷങ്ങളും കണ്ടത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ഇത് പ്രസിദ്ധീകരണ യോഗ്യമാക്കുന്നു.
            കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുന്നതിനും മാധ്യമ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി , 2007-ല്‍ 'അന്റോണിയന്‍ ' എന്ന പേരില്‍ സ്കൂളില്‍നിന്ന് ആരംഭിച്ച ത്രൈമാസ പ്രസിദ്ധീകരണമാണ്  ഇന്ന്  പൂഞ്ഞാര്‍ ബ്ലോഗിന്റെ രൂപത്തില്‍ വിരല്‍ത്തുമ്പില്‍ വിരിയുന്ന വിശേഷങ്ങളുമായി ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നില്‍ എത്തുന്നത്. തുടക്കത്തില്‍ പൂഞ്ഞാര്‍ ന്യൂസ് എന്ന പേരാണ് നല്‍കിയിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
റ്റോണി പുതിയാപറമ്പില്‍
            വിദ്യാഭ്യാസ അറിയിപ്പുകളും പ്രാദേശിക വിശേഷങ്ങളും മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നു. ഹോം പേജ് കൂടാതെ സ്കൂള്‍ വിശേഷങ്ങള്‍ക്കും വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കും കലാ-സാഹിത്യ രചനകള്‍ക്കുമായി  പ്രത്യേക പേജുകള്‍ , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links'  തുടങ്ങിയ പേജുകളും പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.
            സ്കൂളിലെ അദ്ധ്യാപകനായ റ്റോണി പുതിയാപറമ്പില്‍ നേതൃത്വം നല്‍കുന്ന ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക്  സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്  , അദ്ധ്യാപകര്‍ , PTA തുടങ്ങിയവര്‍ ശക്തമായ പിന്തുണയും നല്‍കുന്നു.  
ബ്ലോഗിന്റെ വിലാസം : www.poonjarblog.com

Saturday, January 21, 2012

Kerala Entrance Examination

  കേരളത്തിലെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ , എഞ്ചിനീയറിംഗ് അടക്കമുള്ള പ്രഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഓണ്‍-ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി : ഫെബ്രുവരി 14. വിശദ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന Kerala Entrance Examination എന്ന പേജ് സന്ദര്‍ശിക്കുക..

Wednesday, January 11, 2012

മാന്നാനത്തെ പുളകമണിയിച്ച ചാവറ തീര്‍ത്ഥാടനം..

ചാവറ തീര്‍ഥാടനം റവ.ഫാ.തോമസ് നമ്പിമഠം CMI ഫ്ലാഗ് ഓഫ് ചെയ്യുന്നു. കോര്‍പ്പറേറ്റ് മാനേജര്‍
റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI-യുടെ നേതൃത്വത്തില്‍ പ്രൊവിന്‍സിലെ വൈദികരും അദ്ധ്യാപകരും സമീപം

        സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ്  കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ചാവറ തീര്‍ഥാടനം നടന്നു. പ്രൊവിന്‍സിനു കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്നു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI-യുടെ നേതൃത്വത്തില്‍ വൈദികരും അദ്ധ്യാപകരും  ഭക്തിസാന്ദ്രമായ ഈ തീര്‍ത്ഥാടനത്തെ നയിച്ചു. 
         കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യാസ-മത മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പുണ്യചരിതനായ ചാവറയച്ചന്റെ സ്മരണ പുതുക്കുകയും  ആ പുണ്യാത്മാവിന്റെ അനുഗ്രഹാശിസുകള്‍ തേടുകയും ചെയ്തുകൊണ്ട് , പാലാ സെന്റ് വിന്‍സെന്റ് - ചാവറാ ക്യാമ്പസില്‍ നിന്ന് റവ.ഫാ. തോമസ് നമ്പിമഠം CMI ഫ്ലാഗ് ഓഫ് ചെയ്ത തീര്‍ത്ഥാടനം മാന്നാനം ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറെപ്പീടിക CMI സന്ദേശവും ആശീര്‍വാദവും നല്‍കുകയുണ്ടായി.   
        പൂഞ്ഞാര്‍ സെന്റ് ആന്റണിസിലെ അദ്ധ്യാപകനായ റ്റോം കെ.എ. , തീര്‍ത്ഥാടനത്തോടനുബന്ധിച്ച് , വിദ്യാഭ്യാസ രംഗത്ത്  ചാവറയച്ചന്‍ നല്‍കിയ  സംഭാവനകളെ അടിസ്ഥാനമാക്കി എഴുതിയ കവിത ചുവടെ നല്‍കിയിരിക്കുന്നു

Friday, January 6, 2012

' റിയാലിറ്റി ഷോ ' - ചില യാഥാര്‍ത്ഥ്യങ്ങള്‍..!!

ജെയ്സണ്‍ ജോസ് : മലയാള സാഹിത്യ ലോകത്തെ വളര്‍ന്നുവരുന്ന ഒരു യുവ പ്രതിഭയാണ് പൂഞ്ഞാര്‍ സ്വദേശിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജെയ്സണ്‍ ജോസ്. ഇപ്പോള്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം  അസി. പ്രൊഫസറായി സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. പ്രതിച്ഛായ വാരികയിലെ 'വാരവിചാരണ' എന്ന കോളത്തില്‍  റിയാലിറ്റി ഷോകളെക്കുറിച്ച് പല ലക്കങ്ങളിലായി ഇദ്ദേഹമെഴുതിയ  ലേഖനങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ്  ചുവടെ നല്‍കിയിരിക്കുന്നത്. വായിച്ചതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുമല്ലോ..
            റിയാലിറ്റി ഷോകളാണ് ഇന്ന് ചാനലുകളെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. 
 പാട്ടായും ഡാൻസായും കോമഡിയായും കുടുംബകലഹ നിവാരണ സംരംഭമായും തത്സമയ കുറ്റാന്വേഷണമായും അത് ചാനൽ‌പ്പുറങ്ങളിൽ തകർത്തു കളിക്കുകയാണ്. ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്ന വൻ തട്ടിപ്പുകൾ പലപ്പോഴും പ്രേക്ഷകശ്രദ്ധയിലേക്ക് വരുന്നില്ലെന്നത് നിരാശാജനകമാണ്. കാഴ്ചക്കാരനെ വെറും പൊട്ടനായിക്കാണുന്ന സമീപനമാണ് മിക്ക ചാനലുകളുടേതും...

Tuesday, January 3, 2012

കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസല്‍ട്ട്

          കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്  തിരി തെളിഞ്ഞു. 13 സബ് ജില്ലകളില്‍നിന്നുള്ള കലാപ്രതിഭകള്‍ വിവിധ വേദികളില്‍ മാറ്റുരയ്ക്കുമ്പോള്‍ കോട്ടയത്തിന്റെ കണ്ണും കാതും ഇനി മത്സരവേദികളിലേയ്ക്ക്..
          വിശദമായ റിസല്‍ട്ടിനായും മത്സരവേദികളും സമയക്രമവും അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക..