Friday, July 27, 2012

SSLC-യെ ചതിച്ച CBSE..!

             ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ പൂര്‍ത്തിയായി വരുമ്പോള്‍ , സംസ്ഥാന സിലബസ് പഠിച്ച കുട്ടികളില്‍ എഴുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവര്‍ പോലും ഇഷ്ടപ്പെട്ട സ്കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുന്നു എന്നത്  ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. പ്രവേശനം ലഭിച്ചവരില്‍തന്നെ , ആഗ്രഹിച്ച സ്കൂളില്‍ ആഡ്മിഷന്‍ കിട്ടിയവരും ചുരുക്കം.. എന്താണിവിടെ സംഭവിച്ചത് ? 
            CBSE-യില്‍ പഠിച്ച വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി സ്റ്റേറ്റ് ഹയര്‍ സെക്കന്‍ഡറിയിലേയ്ക്ക് പഠിക്കാനെത്തിയപ്പോള്‍ SSLC വിദ്യാര്‍ഥികള്‍ ക്രൂരമായി തഴയപ്പെട്ടു. മിക്ക വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാന്‍ CBSE വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നറിയുമ്പോഴേ SSLC വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെ ആഴം മനസിലാകൂ..
            ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. അതില്‍ ലേഖകന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സത്യമായി മാറുന്നത് ഇന്ന് നമ്മള്‍ അനുഭവിച്ചറിയുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു . ഇതിന്റെ രണ്ടാം ഭാഗം ചുവടെ ചേര്‍ക്കുന്നു. 
            സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.)

Friday, July 20, 2012

ജൈവമാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളുമായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത്..

            വീടുകളിലെ ജൈവമാലിന്യങ്ങളെ വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുമായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് രംഗത്ത്.  ബയോഗ്യാസ് പ്ലാന്റ് , പൈപ്പ് കമ്പോസ്റ്റിംഗ് , മണ്ണിരക്കമ്പോസ്റ്റ് എന്നീ മൂന്നുതരം പ്ലാന്റുകള്‍ തയ്യാറാക്കാനാണ്  പഞ്ചായത്ത് ധനസഹായം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 
            ഓരോ പ്ലാന്റിനും ചെലവാകുന്ന തുകയുടെ തുച്ഛമായ ഒരു വിഹിതം മാത്രമാണ് ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. APL-BPL വ്യത്യാസമില്ലാതെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഈ സഹായം ലഭിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. താത്പ്പര്യമുള്ളവര്‍ ഈ മാസം 24-നു മുന്‍പായി വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടതാണ്. വിശദ വിവരങ്ങളും അപേക്ഷാ ഫോമും ചുവടെ നല്‍കിയിരിക്കുന്നു.

Thursday, July 19, 2012

ഒരു കോലുമിഠായിയുടെ സ്വപ്നം..

            വനിത മാസിക നടത്തിയ കുഞ്ഞിക്കഥ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ കഥ രചിച്ചിരിക്കുന്നത് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അദ്ധ്യാപികയായ ഡാലിയ ജോസാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന 'കോലുമിഠായിയുടെ സ്വപ്നം' വായിച്ചുനോക്കൂ.. നിങ്ങളും ഇഷ്ടപ്പെടും..


Tuesday, July 17, 2012

Kerala Teachers Eligibility Test: K-TET

                   കേരളത്തിലെ ഗവ./എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരായി സ്ഥിരനിയമനം ലഭിക്കുന്നതിന്  ഇനിമുതല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) പാസാകേണ്ടതുണ്ട്. ആദ്യ 'ടെറ്റ് ' , ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി നടക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. വിശദ വിവരങ്ങള്‍ക്ക് ചുവടെ കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക..

Notification    
Prospectus    
Syllabus    
           K-TET Site              

Tuesday, July 10, 2012

SSLC പരീക്ഷ ഇല്ലാതാകുമോ..!

             പുതിയ പാഠ്യരീതികളുമായി പൊരുത്തപ്പെടുവാന്‍ കേരളീയ സമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. കാണാതെയുള്ള പഠനരീതിയും പരീക്ഷകള്‍ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും കണ്ടു പരിചയിച്ചുപോയ ഒരു സമൂഹത്തില്‍നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇരുപതു ശതമാനം ഇന്റേണല്‍ മാര്‍ക്ക്  SSLC പരീക്ഷകളില്‍ നല്‍കിയപ്പോള്‍ വിമര്‍ശന ശരങ്ങളുതിര്‍ത്ത് ഓടിക്കൂടിയവര്‍ ഇപ്പോള്‍ ദേശീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു മുന്‍പില്‍ നാവിറങ്ങി നില്‍ക്കുകയാണ്. CBSE സ്കൂളുകളില്‍ പത്താം ക്ലാസില്‍ ആകെ മാര്‍ക്കിന്റെ 60 ശതമാനവും ഇന്റേണല്‍ മാര്‍ക്കായി നേരത്തേതന്നെ നല്‍കുന്നു. പുസ്തകത്തിന്റെ അവസാന പാഠങ്ങളില്‍നിന്നു വരുന്ന 40 ശതമാനം മാര്‍ക്കിന്റെ ചോദ്യം തയ്യാറാക്കുന്നതും ഉത്തരകടലാസുകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കുന്നതും  അതാതു സ്കൂളുകളിലെ അദ്ധ്യാപകര്‍..! എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന SSLC പരീക്ഷ എഴുതുന്നവരുടെകാര്യമോ..!
            കാതലായ മാറ്റങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വരേണ്ട സമയമാണിത്.. പക്ഷേ ഗൗരവമായ ഒരു ചര്‍ച്ചയും ഒരു കോണില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല.  നാമെല്ലാവരുംതന്നെ കേരളത്തിലെ ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്നവരോ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആണ് . നാളെ നമ്മുടെ മക്കള്‍ ഇവിടെ പഠിക്കേണ്ടവരുമാണ്. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകളില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഫേസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ 'നേരംകൊല്ലി' ആശയങ്ങള്‍ മാത്രമല്ല , ഇത്തരം ഗൗരവകരമായ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
            മുകളില്‍ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം ചുവടെ ചേര്‍ക്കുന്നു. സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.

Tuesday, July 3, 2012

പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു..

കൂടുതല്‍  വിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന School Corner പേജ് സന്ദര്‍ശിക്കുക..

Sunday, July 1, 2012

സെന്റ് ആന്റണീസിലെ കുട്ടികള്‍ക്കായി 100 % ശുദ്ധമായ കുടിവെള്ളം തയ്യാര്‍...

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ ഇനി കുടിക്കുന്നത്  നൂറുശതമാനവും ശുദ്ധമാക്കിയ ജലം . പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതിയുടെ സമര്‍പ്പണം സ്കൂള്‍ വിജയോത്സവത്തോടനുബന്ധിച്ച് നടന്നു. 
               ഓസോണൈസേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക ശാസ്ത്രീയ ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്  UP , HS , HSS വിഭാഗം കുട്ടികള്‍ക്കായി മൂന്നു യൂണിറ്റുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. 
            
            സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ. യും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് , ആന്റോ ആന്റണി എം.പി. , കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ സി.എം.ഐ. എന്നിവര്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതി സ്കൂളിനായി  സമര്‍പ്പിച്ചു.  
                    എം.പി. ഫണ്ടില്‍നിന്ന് ലഭിച്ച പത്തുലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ സി.എം.ഐ. , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവരും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
            സ്കൂള്‍ മെറിറ്റ് ഡേ ആഘോഷച്ചടങ്ങുകളുടെ ഫോട്ടോ ഗ്യാലറിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക...