Sunday, June 24, 2012

മാങ്കുളം ജൈവഗ്രാമവും ആനക്കുളത്തെ ആനക്കൂട്ടവും..

ആനക്കുളത്തേയ്ക്കുള്ള ജീപ്പ് യാത്ര..
            ഇന്നത്തെ (June 24,Sunday) ദീപിക ദിനപ്പത്രം കണ്ടവര്‍ വാരാന്ത്യപ്പതിപ്പിന്റെ ഒന്നാം പേജിലെ മാങ്കുളം വിശേഷങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.. ഒരു പേജു മുഴുവനുള്ള ഈ വാര്‍ത്തയില്‍ മാങ്കുളം ജൈവഗ്രാമത്തിന്റെയും ആനക്കുളത്തിന്റെയും വിശദമായ റിപ്പോര്‍ട്ടുണ്ട്. അടിമാലി-മൂന്നാര്‍ റൂട്ടില്‍ കല്ലാറില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഗ്രാമം ടൂറിസം മാപ്പില്‍ ശ്രദ്ധേയമായി തുടങ്ങുന്നതേയുള്ളു. ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍ എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ശ്രദ്ധേയമായ ഒന്ന്. 
ആനക്കുളത്ത് പകലിറങ്ങിയ  കാട്ടാനക്കൂട്ടം..
           ഈ ഗ്രാമത്തിന്റെ ടൂറിസം സാധ്യതകള്‍ കാണിക്കുന്ന ഒരു യാത്രാ വിവരണവും ഫോട്ടോ ഗ്യാലറിയും പൂഞ്ഞാര്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.  പോസ്റ്റ് വായിച്ച് ആനക്കുളം സന്ദര്‍ശിച്ചവര്‍ നിരവധി.  പൂഞ്ഞാര്‍ സ്വദേശി സുനില്‍ ഞള്ളക്കാട്ടുള്‍പ്പെടെയുള്ളവര്‍ ആ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വാചാലരാകും. . വായിക്കാന്‍ സാധിക്കാത്തവര്‍ക്കായി ഫോട്ടോ ഗ്യാലറിയും വിവരണവും ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.
 

Thursday, June 21, 2012

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

            വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

            ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..

Sunday, June 17, 2012

'Maad Dad'- ലാലും സംഘവും പൂഞ്ഞാറില്‍..

          
              'മാഡ് ഡാഡി'-ന്റെ ചിത്രീകരണത്തിനായി ലാലും ജനാര്‍ദ്ദനനുമടങ്ങുന്ന സിനിമാതാര സംഘം പൂഞ്ഞാറിലെത്തി. PNV അസോസിയേറ്റ്സിന്റെ ബാനറില്‍ രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. 
          
             ലാലും ജനാര്‍ദ്ദനനുമുള്‍പ്പെടുന്ന ചില ഷോട്ടുകളാണ് പൂഞ്ഞാര്‍ വെട്ടിപ്പറമ്പ് 'മാട്ടേല്‍ കട' ഭാഗത്ത് ചിത്രീകരിച്ചത്. ഒരു ചായക്കടയുടെ സെറ്റാണ് ഇവിടെ തയ്യാറാക്കിയത്. താരങ്ങള്‍ യാത്രാ വേളയില്‍ ഒരു പഴയ ചായക്കടയില്‍ എത്തുന്നതും അതിനു മുന്‍പിലുള്ള ലെറ്റര്‍ ബോക്സില്‍ എഴുത്ത് നിക്ഷേപിക്കുവാന്‍ തുടങ്ങുന്നതുമായിരുന്നു സീനുകള്‍. പഴക്കംചെന്ന ചായക്കടയും ഗ്രാമീണ അന്തരീക്ഷവുമാണ് ഈ സ്ഥലം തിരഞ്ഞെടുക്കുവാന്‍ കാരണമായത്. 
            ലാല്‍ ഹാപ്പീ മൂഡിലായിരുന്നു. തിരക്കുകള്‍ക്കിടയിലും ഫോട്ടോയ്ക്ക് പോസ്ചെയ്യുവാന്‍ ഒരു മടിയും കാണിച്ചില്ല. എന്നാല്‍ ജനാര്‍ദ്ദനന്‍ ഗൗരവത്തിലായിരുന്നു. ഷൂട്ടിംഗിനായി എത്തിച്ച മഞ്ഞനിറമുള്ള 'മക്കു കാറ് ' ചിലപ്പോഴൊക്കെ പഴക്കം കൊണ്ടുള്ള 'കുസൃതികള്‍ ' കാണിച്ചപ്പോള്‍ അദ്ദേഹവും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഈ കാറും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്. 

            വാഗമണ്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ സമീപമുള്ളതിനാല്‍ അടുത്തകാലത്തായി പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലും ഷുട്ടിംഗുകള്‍ കൂടുതലായി വന്നുതുടങ്ങിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് 'മാഡ് ഡാഡ്'. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. സന്തോഷ് വര്‍മ്മയും രേവതി എസ്. വര്‍മ്മയും രചിച്ച ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
            രസകരമായ സ്റ്റില്‍സാണ് ചിത്രത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററുകളില്‍ 'മാഡ് ഡാഡ്' എന്ന്  ഇംഗ്ലീഷിലെഴുതിയിരിക്കുന്നതുതന്നെ കൗതുകകരമാണ്.. 'Maad Dad..'

Wednesday, June 13, 2012

മുല്ലപ്പെരിയാര്‍ സമരം ഇന്ന് 2000 ദിനങ്ങള്‍ പിന്നിടുന്നു..

             ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരപ്പന്തല്‍ ഉയര്‍ന്നിട്ട് ഇന്ന് രണ്ടായിരം ദിനങ്ങള്‍ തികയുന്നു. 2006 ഡിസംബര്‍ 25-ന് ആരംഭിച്ച റിലേ ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച്  ലക്ഷക്കണക്കിനാളുകളാണ് പലപ്പോഴായി  സമരപ്പന്തലില്‍ ഒഴുകിയെത്തിയിട്ടുള്ളത്. ഫാ.ജോയി നിരപ്പേല്‍ CMI ചെയര്‍മാനായുള്ള സമിതിക്ക് പല പരീക്ഷണങ്ങളെയും നേരിടേണ്ടതായും വന്നിട്ടുണ്ട്.
            അണക്കെട്ടില്‍ ജലനിരപ്പ് അനുവദിനീയമായ അളവിലും ഉയര്‍ന്ന് 139 അടിയും കവിഞ്ഞപ്പോഴാണ് സമരം രൂക്ഷമായത്. ആ സമയത്ത് മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങളും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും മത സംഘടനകളും  പിന്തുണയുമായി രംഗത്തുവന്നതോടെ സമരത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടായി. ചിലര്‍ ജന പിന്തുണയും മാധ്യമ ശ്രദ്ധയും മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ സമര സമിതിയുടെ യഥാര്‍ഥ നേതാക്കള്‍ പിന്തള്ളപ്പെടുകയും ജനമുന്നേറ്റത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥപോലുമുണ്ടായി.
            സമരസമിതി നേതാവായിരുന്ന സി.പി.റോയിയുടെ നിലപാട് മാറ്റവും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും വിണ്ടും പ്രതികൂല ഘടകങ്ങളായി. തമിഴ് നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വവും രാഷ്ട്രീടപ്പാര്‍ട്ടികളും പിന്‍വലിയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 
            ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ സമരം തളര്‍ന്നുപോകരുത്. സ്വാര്‍ഥ താത്പ്പര്യക്കാര്‍ പിന്‍വാങ്ങിയതോടെ യഥാര്‍ഥ നേതാക്കളും അണികളുമാണ് ഇന്ന് സമരമുഖത്തുള്ളത്. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തേണ്ട ഈ ജനമുന്നേറ്റത്തിന്  പൂഞ്ഞാര്‍ ബ്ലോഗിന്റെയും ആശംസകള്‍..
          പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പൂഞ്ഞാര്‍ ബ്ലോഗും ആദ്യകാലം മുതല്‍ ഈ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ചപ്പാത്തില്‍ സമരപ്പന്തല്‍ ഉയര്‍ന്ന ഉടന്‍ , 2007-ല്‍ തന്നെ , സ്കൂളില്‍നിന്ന് കുട്ടികളും അദ്ധ്യാപകരും ഇവിടെയെത്തിയിരുന്നു. വ്യത്യസ്ഥതയാര്‍ന്ന പ്രതിഷേധ മാര്‍ഗ്ഗങ്ങളുമായി തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും സമരപ്പന്തല്‍ സന്ദര്‍ശിച്ച്  പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ മൃതക്ഷേധവും ജനകീയ വിചാരണയും റാലിയുമൊക്കെ അവയില്‍ ചിലതുമാത്രം. 

            കഴിഞ്ഞ ഒരുവര്‍ഷമായി പൂഞ്ഞാര്‍ ബ്ലോഗിലൂടെയും ഞങ്ങള്‍ മുല്ലപ്പെരിയാര്‍ സമരത്തിനുള്ള പിന്തുണ അറിയിച്ചുകൊണ്ടിരിക്കുന്നു. അവയിലെ ശ്രദ്ധേയമായ 5 പോസ്റ്റുകള്‍ ചുവടെ നല്‍കുന്നു..
1. മുല്ലപ്പെരിയാര്‍..!! എല്ലാ മലയാളികളും ഈ വീഡിയോ ദൃശ്യങ്ങള്‍ കാണണം...  
2. മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' 
3. "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!" (മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) അനുഭവം.)  
4. "മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട  
 5. മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)  

Sunday, June 10, 2012

മറുനാട്ടിലെത്തുമ്പോള്‍ മലയാളിക്കുട്ടികള്‍ മൂല്യങ്ങള്‍ മറക്കുന്നുവോ..!

            കേരളത്തിനു വെളിയില്‍ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികളായ വിദ്യാര്‍ഥികളില്‍ ഒരു കൂട്ടം (ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ) മൂല്യബോധമില്ലാത്ത ജീവിതം നയിക്കുന്നു എന്നത് ഒരു സത്യം തന്നെയാണ്. നിരപരാധികളായ നിരവധി കുട്ടികളും  പഴി കേള്‍ക്കേണ്ടിവരും എന്നതിനാലാണ് ഈ കാര്യങ്ങളേപ്പറ്റി കൂടുതല്‍ എഴുതുവാന്‍ മടിച്ചിരുന്നത് . എന്നാല്‍ ഈ വിഷയത്തില്‍  ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തു ലഭിച്ച ചില കമന്റുകള്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതായി തോന്നിയതിനാല്‍ ചില ചെറിയ മാറ്റങ്ങളോടെ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. കമന്റുകള്‍ ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവിടെ കമന്റുകള്‍ കൂടുതല്‍ വന്നിരിക്കുന്നതെങ്കിലും ഇത്  ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സംഭവിക്കുന്ന ഒരു ദുന്തമാണ് എന്നുകൂടി  ഓര്‍മ്മിപ്പിക്കുന്നു.

Thursday, June 7, 2012

പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നിറപ്പകിട്ടേകിയ സ്കൂള്‍ വര്‍ഷാരംഭം..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പ്രവേശനോത്സവ സമ്മേളനത്തില്‍ ,
സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ ദിപം തെളിയിക്കുന്നു. ഗ്രാമ പഞ്ചായത്ത്
 പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ സമീപം.
            പുതിയ സ്കൂള്‍ വര്‍ഷം ആരംഭിച്ചത് നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങളോടെ... ജൂണ്‍ നാലിന് പ്രവേശനോത്സവം കേരളത്തിലെ എല്ലാ സ്കൂളുകളും ആവേശത്തോടെ നടപ്പിലാക്കി. പുതിയ ബാഗും കുടകളും പുത്തന്‍ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ നവാഗതര്‍ക്ക് സ്വാഗതമോതിക്കൊണ്ട് മീറ്റിംഗുകളും മധുര പലഹാര വിതരണവും നടന്നു. ബലൂണുകളും അലങ്കാരങ്ങളും സ്വാഗത ഗാനവുമൊക്കെ തയ്യാറാക്കിയാണ് മിക്ക സ്കൂളുകളും വിദ്യാര്‍ഥികളെ സ്വീകരിച്ചത്.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍
നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ വൃക്ഷത്തൈ നടുന്നു..
           
             പിറ്റേ ദിവസം ജൂണ്‍ അഞ്ച് , ലോക പരിസ്ഥിതി ദിനമായിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശവും വൃക്ഷത്തൈ വിതരണവും റാലികളുമൊക്കെ ദിനാചരണ ഭാഗമായി നടന്നു. ഇങ്ങനെ പതിവില്‍ നിന്ന് വിഭിന്നമായി ആഘോഷങ്ങള്‍ നിറഞ്ഞ ആദ്യ സ്കൂള്‍ ദിനങ്ങള്‍ കുട്ടികള്‍ക്ക് അവിസ്മരണീയവും രസകരവുമായി.