Friday, March 29, 2013

ഇവര്‍ സെന്റ് ആന്റണീസിന്റെ കെടാവിളക്കുകള്‍..

ഫാ. സണ്ണി ഫ്രാന്‍സീസ്
ശ്രീ. ജോയി കെ തോമസ്
ശ്രീ. വി.ജെ. ദേവസ്യ

             









       
            പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും സെന്റ് ആന്റണീസ് സ്കൂളിന്റെയും പ്രിയങ്കരരായ മൂന്ന് അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍നിന്ന് വിരമിക്കുകയാണ്. സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ഫാ. സണ്ണി ഫ്രാന്‍സീസ് സി.എം.ഐ , കായികാധ്യാപകന്‍ ശ്രീ. ജോയി കെ തോമസ് , ജീവശാസ്ത്രാധ്യാപകന്‍ ശ്രീ. വി.ജെ. ദേവസ്യ , ഇവര്‍ മൂന്നു പേരും അധ്യാപന രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച ആചാര്യന്‍മാരാണ്. വിവിധ മേഖലകളില്‍ കര്‍മ്മനിരതവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു ശിഷ്ടജീവിതം ഇവര്‍ക്ക് ആശംസിക്കുന്നതോടൊപ്പം ഈ ഗുരു ശ്രേഷ്ഠരുടെ അധ്യാപന ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ 'കെടാവിളക്ക് ' എന്ന ഡോക്യുമെന്ററിയും ഇവിടെ നല്‍കുന്നു.
           സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിനായി ഇങ്ങനെയൊരു ഡോക്യമെന്ററി ചെയ്യണമെന്നത് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ സി.എം.ഐ. -യുടെ ആശയമായിരുന്നു. 'ടൂര്‍ ' എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം അടുത്തനാളില്‍ ചെയ്തിരുന്നതിനാലാകാം ആ ഉത്തരവാദിത്വം അച്ചന്‍ ഞങ്ങളെ ഏല്‍പ്പിച്ചു. അന്നുപയോഗിച്ച അതേ സ്റ്റില്‍ ക്യാമറതന്നെ ഇത്തവണയും ഉപയോഗിച്ചു. പന്ത്രണ്ടു ദിവസം കൊണ്ട് അരമണിക്കുര്‍ ദൈര്‍ഘ്യമുള്ള 'കെടാവിളക്ക് ' എന്ന ഡോക്യുമെന്ററി തയ്യാറായി. അതില്‍നിന്ന് സെന്റ് ആന്റണീസ് സ്കൂളിലെ  മൂന്ന് അധ്യാപകരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് ചുവടെ നല്‍കുന്നത്.

Monday, March 11, 2013

മലയിഞ്ചിപ്പാറയിലെ വനയിടം.. ഇവിടം സ്വര്‍ഗ്ഗമാണ്..!

ദേവസ്യാച്ചന്‍ പൂണ്ടിക്കുളം
                         പൂഞ്ഞാറിനടുത്ത് മലയിഞ്ചിപ്പാറയില്‍ ഒരു വനയിടമുണ്ട്. മരങ്ങളെ മക്കളായിക്കണ്ട് പരിപാലിക്കുന്ന പൂണ്ടിക്കുളം ദേവസ്യാച്ചന്റെ ഭവനം. വിടിനു ചുറ്റുമുള്ള ആറ് ഏക്കര്‍ സ്ഥലം മരങ്ങള്‍ വച്ചുപിടിപ്പിച്ച്  കാടിനു സമാനമായി മാറ്റി അദ്ദേഹം കാത്തിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും ഇവിടേയ്ക്കു കടന്നു വരാം.  
ദേവസ്യാച്ചന്‍ പൂണ്ടിക്കുളം , പരിസ്ഥിതി
പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളവുമൊത്ത്
വനയിടത്തിലെ തന്റെ ഭവനത്തിനു മുന്‍പില്‍

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ ഞങ്ങള്‍ ഇത്തവണ ഇവിടെ എത്തിയത്  നാടെങ്ങും കുടിവെള്ള ക്ഷാമം നേരിടുന്ന അവസരത്തിലാണ്. മലയിഞ്ചിപ്പാറയിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ ജലക്ഷാമമുണ്ട് എന്നറിഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ അറുപത് കുട്ടികളും അധ്യാപകരും കൈയില്‍ വെള്ളം കരുതിയിരുന്നു.

ഇത് മനസിലാക്കിയ ദേവസ്യാച്ചന്‍ചേട്ടന്‍ ഞങ്ങളെ ആദ്യം നയിച്ചത് കിണറിനു സമീപത്തേയ്ക്കാണ്. സാറമ്മാര് ആരെങ്കിലും കിണറ്റില്‍നിന്ന് കുറച്ചു വെള്ളംകോരി കുടിച്ച് ഇന്നത്തേ സന്ദര്‍ശനം ഔദ്യോഗികമായി തുടങ്ങിക്കോളു എന്ന് അദ്ദേഹം തമാശയായി പറഞ്ഞു. കിണറ്റില്‍ ആറടിയിലേറെ ശുദ്ധജലം ! ഫ്രിജില്‍ വച്ച വെള്ളത്തിന്റെ തണുപ്പ് ! ചുറ്റും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.."ഇത് ഇവരുടെ സംഭാവനയാണ്. വൃക്ഷങ്ങള്‍ നമുക്കു ചെയ്തുതരുന്ന നിരവധി ഉപകാരങ്ങളില്‍ ഒന്ന്..!"
വനയിടക്കാഴ്ച്ചകള്‍..

            ദേവസ്യാച്ചന്‍ചേട്ടന്റെ ജീവിതവും ഒരു സിനിമാക്കഥപോലെ കൗതുകകരമാണ്. അലിഗഡ് സര്‍വ്വകലാശാലയില്‍നിന്ന് പൊളിറ്റിക്സില്‍ എം.എ. ബിരുദം കഴിഞ്ഞസമയത്താണ്  അദ്ദേഹത്തിന്റെ പിതാവ് തറവാട്ട് സ്വത്ത് ഭാഗിച്ചത്.  കോളേജ് ആദ്ധ്യാപനം ഉള്‍പ്പെടെ കൈവന്ന ഉദ്യോഗങ്ങളൊക്കെ വേണ്ടെന്നു വച്ച് തിരികെപ്പോന്നു. 
വൃക്ഷശ്രീയായി പരിസ്ഥിതി പ്രവര്‍ത്തകര്‍
തെരഞ്ഞെടുത്ത ആഞ്ഞിലി മരത്തിനടുത്ത്..
 വീതമായി ലഭിച്ച ഇരുപത്തൊന്ന് ഏക്കറില്‍ വീടിനോട് ചേര്‍ന്നുള്ള ആറ് ഏക്കര്‍ സ്ഥലം കൃഷി ചെയ്യാതെ കാടു വച്ചു പിടിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ പലരും പരിഹസിച്ചു. അന്‍പതു വര്‍ഷം മുന്‍പുള്ള കഥയാണിത്. വനവത്ക്കരണത്തെക്കുറിച്ചോ മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോ ആളുകള്‍ ചിന്തിച്ചു തുടങ്ങുന്നതിന് മുന്‍പുള്ള കാലം.. 
വനയിടക്കാഴ്ച്ചകള്‍..
പിന്നീട് ഒരു തപസ്യയായിരുന്നു. നാട്ടിലും മറുനാട്ടിലുമുള്ള വൃക്ഷത്തൈകള്‍തേടി അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും  വിദേശത്തുനിന്നും തൈകള്‍ ഈ മണ്ണില്‍ വേരുകള്‍ ഉറപ്പിച്ചു തുടങ്ങി.
ടയറൂഞ്ഞാല്‍..
            ഇവിടെ ഇരുന്നൂറിലധികം ഇനങ്ങളില്‍പെട്ട മൂവായിരത്തിലധികം മരങ്ങളുണ്ട്. മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് വിദേശിയാണ്. ഫിലിപ്പൈന്‍സുകാരി ലിച്ചി. പ്ലാവ് , പൂവരശ് , വേങ്ങ , കരിംതകര, വീട്ടി , രുദ്രാക്ഷം , മരവുരി , ആഞ്ഞിലി ,ഞാവല്‍മരം , പാതിരിമരം , ചതുരപ്പുളി... ഇങ്ങനെ നീളുന്നു ആ നിര. കൂടാതെ നിരവധി ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്. സോറിയാസിസ് , വാതരോഗം, തിമിരം , വൃക്കരോഗം, വയറുവേദന തുടങ്ങിയവയ്ക്കൊക്കെ ശമനം വരുത്തുന്ന ഒറ്റമൂലികളാല്‍ സമ്പന്നമാണിവിടം.
വീട്ടുമുറ്റത്തെ ഏറുമാടം
           തിങ്ങി നിറഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങളും ഊഞ്ഞാലും ഏറുമാടങ്ങളും അലങ്കരിക്കുന്ന വീട്ടു മുറ്റത്തുനിന്നും വനയിടം കാണുവാനായി മുകളിലേയ്ക്ക് ഒരു കുന്നുകയറണം. കല്ലുപാകി നടപ്പാത ഉണ്ടാക്കിയിട്ടുണ്ട്. വള്ളികള്‍ക്കും മരച്ചില്ലകള്‍ക്കുമിടയില്‍കൂടി കുനിഞ്ഞും ചെരിഞ്ഞും വേണം നടക്കാന്‍. ഇടയ്ക്കിടെ ഫെറോസിമന്റില്‍ നിര്‍മ്മിച്ച ജലസംഭരണികളുണ്ട്. 
തേനൂറുന്ന മാമ്പഴങ്ങള്‍ സുലഭം
വൃക്ഷങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുംവേണ്ടിയാണിത്. മുകളിലെത്തിയാല്‍ പ്രകൃതിക്കിണങ്ങുന്ന വിനോദോപാധികള്‍ തയ്യാറാക്കിയിരിക്കുന്നു. കല്ലുകള്‍കൊണ്ടുള്ള ഇരിപ്പിടങ്ങള്‍, മാവുകളില്‍ ഊഞ്ഞാലുകള്‍ , മരങ്ങളും വള്ളികളും ഉപയോഗിച്ചുള്ള കുടിലുകള്‍ , ഒറ്റയ്ക്ക് ധ്യാനിക്കുവാനുള്ള ധ്യാനമന്ദിരം തുടങ്ങിയവ ഉദാഹരണം. സീസണായാല്‍ മാമ്പഴങ്ങള്‍ ധാരാളം.. കിളികളുടെയും അണ്ണാരക്കണ്ണന്‍മാരുടെയും വികൃതികള്‍ കണ്ടാസ്വദിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.
വനയിടത്തില്‍നിന്ന് ശേഖരിച്ച അപ്പൂപ്പന്‍താടികള്‍
പറത്തി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍..
             ദേവസ്യാച്ചന്‍ചേട്ടന് പൂര്‍ണ്ണ പിന്തുണയുമായി പ്രിയപത്നി മേരിയമ്മ കൂടെയുണ്ട് . മക്കളില്ലാത്ത ഇവര്‍  മരങ്ങളെ തങ്ങളുടെ മക്കളായി കരുതുന്നു. എല്ലാ ദിവസവും വനയിടത്തിലൂടെ നടന്ന് മരങ്ങളോട് സംസാരിക്കുന്നു. അവയെ തഴുകുന്നു. "ഞാനന്ന് ഉദ്യോഗവും വാങ്ങി ഏതെങ്കിലും പട്ടണത്തില്‍ ജോലിക്കാരനായി ജീവിച്ചിരുന്നെങ്കില്‍  ,നഗരത്തിലെ വിഷവായുവും ശ്വസിച്ച് വിഷമയമായ ഭക്ഷണവും കഴിച്ച് രോഗത്തിനും അടിമയായി എന്റെ കാലം എപ്പോഴേ കഴിഞ്ഞേനേ.. 
അപ്പൂപ്പന്‍ താടി പറത്തല്‍ മത്സരം..!
ഈ എണ്‍പത്തിനാലാം വയസിലും ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നത്  ഈ വനയിടത്തില്‍ ജീവിക്കുന്നതുകൊണ്ടുമാത്രമാണ്."
           യാത്രപറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു.. "എന്റെ അന്ത്യവിശ്രമം ഈ സ്ഥലത്തുതന്നെ വേണമെന്നതാണ് എന്റ ആഗ്രഹം. എന്റെ ഭൗതിക ശരീരം ഈ മണ്ണില്‍ ലയിച്ചു ചേരണം. ഇവിടുത്തെ വൃക്ഷങ്ങളുടെ വേരുകളിലൂടെ വലിച്ചെടുക്കപ്പെട്ട്  അവരിലൂടെ ഞാന്‍ പൂനര്‍ജനിക്കും.."
വനവത്ക്കരണത്തിലൂടെ ഭൂമിയ്ക്ക് മുഖശോഭയേറ്റുന്ന ദേവസ്യാച്ചന്‍ പൂണ്ടിക്കുളത്തിന് അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ സ്നേഹാദരങ്ങള്‍..!

Wednesday, March 6, 2013

വാഗമണ്‍ റോഡില്‍ വളവുകള്‍ നിവരുന്നു..

            
            ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ അപകട വളവുകള്‍ നിവരുന്നു. വെള്ളികുളം ഒറ്റയീട്ടിമുതല്‍ വാഗമണ്‍ വഴിക്കടവ് വരെയാണ്  വളവുകള്‍ നേരേയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുമാറ്റുന്നത്.
വാഹനഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പണികള്‍ കഴിയുന്നതുവരെ  രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുന്നത്.  ഇത് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും , ഭീതി ജനിപ്പിച്ചിരുന്ന അപകട വളവുകള്‍ ഇല്ലാതാകുന്നതില്‍ സന്തോഷിച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികളും വാഗമണ്ണിനെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികളും..