Saturday, November 15, 2014

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..!'


                    ശിശുദിനം പ്രമാണിച്ച് ,  മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി,  കോട്ടയം ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒരു സര്‍വ്വേ നടന്നിരുന്നു. 'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..' എന്ന വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ സ്കൂളിലെ കുട്ടികള്‍ സത്യത്തില്‍ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു.  അച്ഛനമ്മമാരോടുള്ള അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹ്യ പ്രശ്നങ്ങളും ജൈവകൃഷിയുടെ പ്രാധാന്യവുമൊക്കെ ചൂണ്ടിക്കാട്ടി അതിലൊക്കെ പോസിറ്റീവായി ഇടപെടുന്നവരാകണം ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന് അവര്‍ പറഞ്ഞത് അധ്യാപകരായ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. 
      പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനൊപ്പം സാമൂഹ്യജീവിയായി മാറേണ്ടതിന്റെ ആവശ്യകതയും  വിഷമയമല്ലാത്ത പച്ചക്കറികള്‍ കൃഷിചെയ്യേണ്ടതിന്റെ പ്രാധാന്യവുമടക്കം പലതും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാനുള്ള ശ്രമങ്ങള്‍ കുറേയെങ്കിലും വിജയിക്കുന്നുണ്ട് എന്നത് ഏതൊരധ്യാപകനും സന്തോഷം പകരും. പണത്തേക്കാള്‍ പ്രധാനം വീട്ടിലെ സ്നേഹവും സമാധാനവുമാണെന്ന് ഇവര്‍ അടിവരയിട്ട് പറയുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അവരുടെ ചില കമന്റുകള്‍ നമ്മുടെ കണ്ണുതുറപ്പിക്കുന്നതുമാണ്. നാളെകളില്‍ ഇവര്‍ ചലനങ്ങള്‍ സൃഷ്ടിക്കും.. തീര്‍ച്ച.. കുഞ്ഞുമനസുകളിലെ ഈ വലിയ ചിന്തകളില്‍ ചിലത് ചുവടെ നല്‍കുന്നു. വായിച്ചുനോക്കൂ..

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..'
"ഞങ്ങള്‍ കഷ്ടപ്പെട്ടതുപോലെ ഞങ്ങളുടെ മക്കളും കഷ്ടപ്പെടരുത് എന്ന ചിന്ത നല്ലതുതന്നെ. എന്നാല്‍ ഇല്ലായ്മകളിലും ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണം. ചോദിക്കുന്നതൊക്കെ വാങ്ങിത്തരുന്നവരാകേണ്ട.., മറിച്ച് ആവശ്യമുള്ളപ്പോഴൊക്കെ No പറയുന്നവരാകണം. തീരെ ചെറുതായിരുന്നപ്പോള്‍ സങ്കടം തോന്നിയിരുന്ന പല No-കളും ഇപ്പോള്‍ Yes-കളേക്കാള്‍ മധുരമുള്ളതായി മനസിലായിത്തുടങ്ങി.."

"അവര്‍ കുറേകൂടി വിദ്യാഭ്യാസമുള്ളവരും സംസ്ക്കാരമുള്ളവരുമായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. പക്ഷേ ഇവര്‍ മാത്രമേ എന്നും ഇതുപോലെ സ്നേഹത്തോടെ എന്റെയൊപ്പം ഉണ്ടാകൂ എന്നെനിക്കറിയാം. അതുകൊണ്ട്, അവരുടെ വിദ്യാഭ്യാസക്കുറവ് എനിക്കിപ്പോള്‍ ഒരു കുറവായി തോന്നാറില്ല. എന്റെ സ്വപ്നത്തിലെ അച്ഛനും അമ്മയും ഇപ്പോള്‍ എന്റെ കൂടെത്തന്നെയുണ്ട്."

"അവര്‍ കൃഷിയില്‍ തല്‍പ്പരരായതിനാല്‍ മായവും വിഷവുമില്ലാത്ത ഭക്ഷണസാമഗ്രികള്‍ എനിക്കു കിട്ടുന്നു. എന്റെ രാജ്യത്തിന്റെ കാര്‍ഷിക കരുത്തില്‍ അവരും പങ്കാളിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു."

"പാടശേഖരമുള്ള, നെല്‍കൃഷി ചെയ്യുന്ന, കൃഷിയെ സ്നേഹിക്കുന്ന മാതാപിതാക്കള്‍.. ആവശ്യത്തിനു പണവും എന്നാല്‍ അമിതമായി പണവുമില്ലാത്ത, ലളിതജീവിതം നയിക്കുന്നവര്‍.. അങ്ങനെയാകണം എന്റെ മാതാപിതാക്കള്‍.."

"എന്റെ മനസറിയുന്ന, എന്റെകൂടെ കുറേ സമയം ചിലവഴിക്കുന്ന, പോസിറ്റീവായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍.. ഇപ്പോള്‍ എനിക്കതുണ്ട്.. ദൈവത്തിനു നന്ദി.."

"സമൂഹത്തിലെ തെറ്റുകള്‍ക്കുനേരേ വിരല്‍ ചൂണ്ടുന്നവരാകണം എന്റെ അച്ഛനും അമ്മയും."

"താരകക്കൂട്ടത്തിലെ മിന്നുന്ന താരമാകാന്‍ ഞാന്‍ കൊതിക്കുമ്പോള്‍.., കൗമാരത്തില്‍ കാണുന്നതെല്ലാം പൊന്നാണെന്ന് തോന്നുന്നുമ്പോള്‍.., ഒരു ദീര്‍ഘദര്‍ശിയെപ്പോലെ എന്നെ നേര്‍വഴിയ്ക്ക് നയിക്കുന്നവര്‍.. മിഴികള്‍ ഈറനണിയുമ്പോള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നവര്‍.. തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിലുപരി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്നവര്‍.."

"അച്ഛനും അമ്മയും ഞങ്ങള്‍ക്ക് കണ്ടുപഠിക്കുവാനുള്ള നല്ല മാതൃകയാകണം.."

"ഞങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം.. ഞങ്ങളുമൊത്ത് യാത്ര പോകണം.. ഞങ്ങളോടൊപ്പം കുറേ സമയം ചിലവിടണം.."

"അവര്‍ ഡോക്ടറോ എഞ്ചിനീയറോ എത്രവലിയ പണക്കരോ ആകട്ടെ.. വീട്ടില്‍ സമാധാനമില്ലെങ്കില്‍ പിന്നെ എന്തുകാര്യം? എന്റെ മാതാപിതാക്കള്‍ ഇതേ അവസ്ഥയില്‍ എന്നോടൊപ്പം ഇതേ സ്നേഹത്തില്‍ ഉണ്ടായിരുന്നാല്‍മതി."

"പഠനത്തില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രോത്സാഹിപ്പിക്കണം. ഞങ്ങളുടെ നേട്ടങ്ങള്‍ എത്ര വലുതാണെങ്കിലും എത്ര ചെറുതാണെങ്കിലും അതില്‍ അവര്‍ തൃപ്തരായിരിക്കണം"

"ഞങ്ങളുടെ കഴിവുകളും ബലഹീനതകളും തിരിച്ചറിയുന്നവരും ഞങ്ങളുടെ കഴിവു കുറവില്‍ നിരാശപ്പെടാത്തവരുമാകണം."

"മക്കള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നവരും അതിന് ശാന്തമായ ഒരു തീരുമാനം നല്‍കുന്നവരുമാകണം. ആര്‍ക്കും മുന്‍ഗണന നല്‍കരുത്. മക്കളെ ആരുടെ മുന്നിലും താഴ്ത്തിക്കെട്ടുകയുമരുത്."

Tony Puthiyaparampil
St. Antony's HSS Poonjar

Monday, November 10, 2014

വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 17-ന് ..



ഈരാറ്റുപേട്ട : ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിദ്യാരംഗം സാഹിത്യോത്സവം, നവംബര്‍ 17, തിങ്കളാഴ്ച്ച ഈരാറ്റുപേട്ട MG HSS-ല്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരങ്ങള്‍, വിഭാഗം തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.


LP വിഭാഗം
കഥ പറയല്‍, കടംകഥ, കവിതാലാപനം, പെയിന്റിംഗ് (ക്രയോണ്‍സ്)

UP വിഭാഗം
കഥാരചന, കവിതാരചന, ഉപന്യാസം, ജലച്ഛായം, കവിതാലാപനം (N.N.കക്കാടിന്റെ കവിതകള്‍), നാടന്‍ പാട്ട് (7 പേര്‍)

HS വിഭാഗം
കഥാരചന, കവിതാരചന, ഉപന്യാസം, ജലച്ഛായം, കവിതാലാപനം (N.N.കക്കാടിന്റെ കവിതകള്‍), നാടന്‍ പാട്ട് (7 പേര്‍), സാഹിത്യ ക്വിസ് (2 കുട്ടികള്‍ അടങ്ങിയ ഒരു ടീം), പുസ്തകാസ്വാദന കുറിപ്പ് (വിദ്യാരംഗം സെപ്റ്റംബര്‍ ലക്കം മാസികയില്‍ പുസ്തകങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്)
കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447765782 (R.ധര്‍മ്മകീര്‍ത്തി)

Saturday, November 8, 2014

സാന്‍ജോ ഫെസ്റ്റിന് ആവേശ്വോജ്ജ്വലമായ സമാപ്തി ..

സി.എം.. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ സമാപന സമ്മേളനം , സിനിമാ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ.മാത്യു കരീത്തറ CMI, ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഫാ.അഗസ്റ്റിന്‍ കൊച്ചുവേലിയ്ക്കകത്ത് CMI, ഫാ.സാബു കൂടപ്പാട്ട് CMI, പാലാ ചാവറ-സെന്റ് വിന്‍സെന്റ് സ്കൂള്‍ മാനേജര്‍ ഫാ.അലക്സാണ്ടര്‍ പൈകട CMI, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI, പാലാ സെന്റ് വിന്‍സെന്റ് പ്രിന്‍സിപ്പള്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI, പ്രോഗ്രാം കണ്‍വീനര്‍ അലക്സ് ജെ. ഡയസ് എന്നിവര്‍ സമീപം

        പാലാ : സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന് പാലാ ചാവറ-സെന്റ് വിന്‍സെന്റ് അങ്കണം വേദിയായി. ഇന്ന് (നവംബര്‍ 8), രാവിലെ ഒന്‍പത് മണിയ്ക്ക് ചാവറ-സെന്റ് വിന്‍സെന്റ് സ്കൂള്‍ മാനേജര്‍ ഫാ.അലക്സാണ്ടര്‍ പൈകട CMI പതാക ഉയര്‍ത്തി കലാമേളയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പന്ത്രണ്ട് സ്റ്റേജുകളിലായി ആയിരത്തോളം കുരുന്നുകളാണ് തങ്ങളുടെ കലാവാസനകള്‍ മാറ്റുരച്ചത്. 
   വൈകുന്നേരം നടന്ന സമാപന സമ്മേളനം, സിനിമാ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫാ.അലക്സാണ്ടര്‍ പൈകട CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഫാ.അഗസ്റ്റിന്‍ കൊച്ചുവേലിയ്ക്കകത്ത് CMI മുഖ്യപ്രഭാഷണം നടത്തി. പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI നന്ദിയും അര്‍പ്പിച്ചു. പാലാ സെന്റ് വിന്‍സെന്റ് പ്രിന്‍സിപ്പള്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI, ഫാ.സാബു കൂടപ്പാട്ട് CMI എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹയര്‍ സെക്കന്‍ഡറി (എയ്ഡഡ്) വിഭാഗം ഓവറോള്‍ കിരീടം കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം അംഗങ്ങള്‍ സിനിമാനടന്‍ പ്രേം പ്രകാശില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
സാന്‍ജോ ഫെസ്റ്റില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബെനീറ്റാ സിറിയക്, സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കുര്യനാട്.
സാന്‍ജോ ഫെസ്റ്റില്‍ ഹൈസ്കൂള്‍ വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നീനു നവീന്‍, മേരിഗിരി പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ.. 
www.facebook.com/poonjarblog

Friday, November 7, 2014

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് ഉപജില്ലാ കായിക കിരീടം

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമംഗങ്ങള്‍  ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, കായിക പരിശീലകന്‍ അലോഷ്യസ് ജേക്കബ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് വലിയമറ്റം  എന്നിവര്‍ക്കൊപ്പം..
        ഈരാറ്റുപേട്ട : അരുവിത്തുറ സെന്റ് ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സബ് ജൂണിയര്‍ ബോയ്സ്, ജൂണിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ് എന്നീ വിഭാഗങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പും സീനിയര്‍ ഗേള്‍സില്‍ റണ്ണറപ്പും നേടിക്കൊണ്ടാണ് സെന്റ് ആന്റണീസിലെ കായിക പ്രതിഭകള്‍ ഈ നേട്ടം കൈവരിച്ചത്. 
           സീനിയര്‍ ബോയ്സില്‍ രഞ്ചിത്ത് കെ.കെ. , ജൂണിയര്‍ ബോയ്സില്‍ റ്റിജിന്‍ റ്റി. , സബ് ജൂണിയര്‍ ബോയ്സില്‍ ജിനു കെ. ഗോപാല്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ച്ചവച്ച കുട്ടികളെയും കായിക പരിശീലകന്‍ അലോഷ്യസ് ജേക്കബിനെയും സ്കൂള്‍ മാനേജര്‍ ഫാ. ജോസ് വലിയമറ്റം, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍ എന്നിവര്‍ അഭിനന്ദിച്ചു.