Tuesday, February 20, 2018

"പ്രാര്‍ഥിക്കുന്നവന്‍ മനുഷ്യനാണ് , പ്രവര്‍ത്തിക്കുന്നവന്‍ ദൈവവും" - 'കുഞ്ഞു ദൈവം'


         കുഞ്ഞു ദൈവം കണ്ടു.. പ്രതീക്ഷകൾക്കപ്പുറം ഹൃദയത്തെ സ്പർശിച്ചു ഈ കൊച്ചു സിനിമ. ലാളിത്യമുളള.. നന്മകൾ നിറഞ്ഞ.. പോസിറ്റീവ് എനർജി പകരുന്ന ഒരു സുന്ദര ചിത്രം .. 
     മികച്ച തുടക്കം. ഹ്രസ്വമായ ആദ്യ പകുതി. ഇടവേളക്ക് ശേഷം ചിത്രം ഒന്നുകൂടി ഗംഭീരമായി. ഔസേപ്പച്ചന്റെ നിഷ്കളങ്കമായ പ്രാർഥനകളിലൂടെയാണ് കഥ വികസിക്കുന്നത്. പൊക്കംവക്കാനും കണക്കുസാറിന് അപകടമുണ്ടായി പരീക്ഷ മാറ്റിവക്കാനുമൊക്കെ ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്ന, വിശുദ്ധനാകാന്‍ ആഗ്രഹിക്കുന്ന കുട്ടി.  ഔസേപ്പച്ചനായി അഭിനയിച്ച ആദിഷിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കിട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ലെന്ന് ചിത്രത്തിലെ മികച്ച പ്രകടനം തെളിയിക്കുന്നു. പ്രധാന വേഷങ്ങൾ ചെയ്യുന്ന ജോജുവും സിദ്ധാര്‍ഥ് ശിവയും പോലുള്ള അഭിനേതാക്കൾ മാത്രമല്ല മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ച വയ്ക്കുന്നത്. ഹോസ്പിറ്റലിൽ ഡയാലിസിസിന് എത്തുന്ന, ഏതാനും സീനുകളിൽ മാത്രമുള്ള ചെറുപ്പക്കാരൻ നമ്മളെ അത്ഭുതപ്പെടുത്തും. പുതുമുഖങ്ങളുടെ പുതുമ നമുക്ക് അനുഭവിക്കാം. 
       സുന്ദരമായ ക്യാമറാ വർക്ക്. തലനാട് ഗ്രാമത്തിന്റെ ഭംഗിമുഴുവൻ മനോഹരമായി പകർത്തുവാൻ ക്യാമറാമാനു കഴിഞ്ഞിട്ടുണ്ട്. കരഞ്ഞുകൊണ്ട് വീടിനുള്ളിലെ നടയിലിരിക്കുന്ന കൊച്ചുനായകന്റെ പാതി ഇരുൾവീണ മുഖവും ഒഴുകി വീഴുന്ന കണ്ണുനീരും എത്ര സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനും ഒരുപോലെ അഭിനന്ദനങ്ങൾ.. 
        പശ്ചാത്തല സംഗീതം ചില സീനുകളിൽ നമ്മളെ ആവേശം കൊള്ളിക്കും. മികച്ച എഡിറ്റിംഗ്. ചില കൊച്ചു ദൃശ്യങ്ങൾ പോലും ഭംഗിയായി കൂട്ടിച്ചേർക്കപ്പെട്ടത് ചിത്രത്തിന് ഭംഗി നൽകിയിട്ടുണ്ട്. ഔസേപ്പച്ചന്റെ നെറ്റിയിൽ പെൺകുട്ടിയുടെ അമ്മ നന്ദിയോടും വാത്സല്യപൂർവ്വവും ചുംബിക്കുമ്പോൾ എഡിറ്റിംഗിലൂടെ അതിനിടയിൽ കൂട്ടിച്ചേർത്ത മുയൽ ആ സീനിന് സമ്മാനിക്കുന്നത് ഒരു കുളിർമ്മയും വിശുദ്ധിയുമാണ്.
      നൈർമല്യമുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ചില സന്ദർഭങ്ങൾ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കും.. ചില നിഷ്കളങ്ക സംസാരങ്ങളും പ്രവൃത്തികളും നമ്മെ ചിരിപ്പിക്കും.. മറ്റു ചില ദൃശ്യങ്ങൾ നമ്മെ ഏറെ ചിന്തിപ്പിക്കും.. ഈ ചിത്രം നിർമ്മിക്കുവാൻ മുന്നിട്ടിറങ്ങിയ നിർമ്മാതാക്കൾക്കും പിന്നണിയില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി..
        ഒരു രക്ഷിതാവെന്ന നിലയിലും ഒരു അധ്യാപകൻ എന്ന നിലയിലും പറയട്ടെ... നമ്മുടെ കുട്ടികൾ ഇത്തരം ചിത്രങ്ങൾ കാണണം.. നായകന്മാരുടെ അമാനുഷിക പ്രകടനങ്ങളുടെയും നായികമാരുടെ കണ്ണിറുക്കലുകളുടെയും ആരാധകരാകുന്നതിനപ്പുറം, നന്മകൾ മനസ്സിൽ മുളപൊട്ടുവാനും നല്ലതു ചിന്തിക്കുവാനും പ്രവൃത്തിക്കുവാനും അങ്ങനെ കുഞ്ഞു ദൈവങ്ങളായി മാറുവാനും ഇത്തരം സിനിമകൾ കുട്ടികളെ പ്രേരിപ്പിക്കും. അതിന് കൂടുതൽ തീയേറ്ററുകളിലേക്ക് ഈ ചിത്രമെത്തണം. ഇപ്പോൾ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ കൂടുതൽ പ്രേക്ഷകരുമെത്തണം. നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ കൊച്ചു സിനിമ തീർച്ചയായും കാണണം.
        അവസാനമായി, പ്രിയ ജിയോ ബേബി.. (രചന, സംവിധാനം) നന്ദി.. ഇങ്ങനെയൊരു ലളിത - സുന്ദര ചിത്രം ഞങ്ങൾക്കു സമ്മാനിച്ചതിന് .. ചിത്രത്തിന്റെ അവസാന സീനിൽ ഹെലി ക്യാം ഷോട്ടിലൂടെ ജിയോ പറയാതെ പറയുന്ന നിരവധി സന്ദേശങ്ങളുണ്ടല്ലോ.. ആ ഒരൊറ്റ സീൻ മതി താങ്കളിലെ സംവിധായക മികവ് തിരിച്ചറിയാൻ.. അഭിനന്ദനങ്ങൾ ജിയോ.. നമ്മുടെ നാട്ടില്‍നിന്ന്  ഒരു  അനുഗ്രഹീത കലാകാരന്‍കൂടി അംഗീകരിക്കപ്പെടുന്നതില്‍ ഞങ്ങള്‍ പൂഞ്ഞാറുകാരും അഭിമാനിക്കുന്നു..  Hearty Congratulations..