Monday, May 7, 2018

ദേവസ്യാ സാറിന്റെ വിയോഗം - നാടിനു നഷ്ടമായത് ബഹുമുഖപ്രതിഭയായ ഗുരുശ്രേഷ്ഠനെ..

പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ ദേവസ്യാ ജോസഫ് സാറിന്റെ അകാല വേർപാട് ശിഷ്യ - സുഹൃദ് ഗണങ്ങൾക്കും നാടിനും തീരാ നഷ്ടമായി. ശിഷ്യഹൃദയങ്ങളിൽ തന്റേതായ സിംഹാസനം സ്ഥാപിച്ച ഈ അധ്യാപക ശ്രേഷ്ഠന്റെ ഓരോ ക്ലാസുകളും ഏറെ ഹൃദ്യവും അനുഭവ വേദ്യവുമായിരുന്നു. അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ നിലാവ് പരത്തുവാൻ കഴിവുള്ള ദേവസ്യാ സാർ, പരിചയപ്പെട്ടവർക്കൊക്കെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. ആ ആത്മബന്ധത്തിന്റെ ആഴമറിഞ്ഞവർക്ക് അതെന്നും പച്ചകെടാത്ത ഒരോർമ്മയാണ്.

കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽനിന്ന് SSLC പഠിച്ചിറങ്ങിയ, രാജു എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, കാഞ്ഞിരപ്പള്ളിയുടെ ഈ കർഷക പുത്രൻ , എൺപതുകളിൽ മാന്നാനം കെ.ഇ. കോളേജിന്റെ ചെയർമാനായി, കലാലയ ആഘോഷങ്ങൾക്ക് നിറം പകർന്ന്, ക്യാമ്പസിന്റെ മർമ്മരവും ഉത്സവവുമായിരുന്നു. ഞൊണ്ടിയാമാക്കൽ രാജു സാറിനെ അറിയാത്തവർ ഇന്ന് കാത്തിരപ്പള്ളി മേഖലയിൽ വിരളമായിരിക്കും.


സുവർണ്ണ നാവിനാൽ അനുഗ്രഹീതനായ പ്രസംഗകൻ, നാടകകൃത്ത്, സംവിധായകൻ, അഭിനേതാവ്, എഴുത്തുകാരൻ, കഥകളെയും കവിതകളെയും പ്രണയിച്ച ആർദ്രഭാവത്തിന്റെ ഉടമ തുടങ്ങിയ നിലകളിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ദേവസ്യാ സാർ.

രണ്ടായിരാമാണ്ടിൽ പൂഞ്ഞാർ സെൻറ് ആന്റണീസിൽ ഹയർ സെക്കന്ററി ആരംഭിച്ചതുമുതൽ ഹ്യുമാനിറ്റീസ് വിഭാഗം സോഷ്യൽവർക്ക് അധ്യാപകനായി , തന്റെ കർമ്മ മണ്ഡലം പൂഞ്ഞാറിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. അറിയപ്പെടുന്ന വാഗ്മി, ഗ്രന്ഥകർത്താവ്, കവി, SCERT - യു ടെ സംസ്ഥാന റിസോഴ്സ് പേഴ്സൺ, കൗൺസിലർ, കരിയർ ഗൈഡ് തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചു.

സാമൂഹിക - രാഷ്ട്രീയ - സാംസ്ക്കാരിക - വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു ദേവസ്യാ ജോസഫ് സാർ. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും നാടിനെത്തന്നെയും ദുഖത്തിലാഴ്ത്തിക്കൊണ്ട്, ഒരായിരം ഓർമ്മകൾ അവശേഷിപ്പിച്ച് അദ്ദേഹം കടന്നു പോയി.. എന്നെന്നേക്കുമായി...