Monday, March 8, 2021

കോവിഡ് വാക്സിനേഷന്‍ - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വളരെ എളുപ്പത്തില്‍ ഇങ്ങനെ ചെയ്യാം..

      അറുപതു വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൊറോണ വൈറസിനെതിരേയുള്ള വാക്സിന്‍ നല്കിത്തുടങ്ങി. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തി വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ടെങ്കിലും തിരക്കും സമയ നഷ്ടവും ഒഴിവാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ട് പോകുന്നതാണ് നല്ലത്.ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ആര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും.
Step 1
കോവിന്‍ വെബ്സൈറ്റില്‍ പ്രവേശിക്കുക - www.cowin.gov.in
Register Yourself -ല്‍ ക്ലിക്ക് ചെയ്യുക.
മൊബൈല്‍ നമ്പര്‍ നല്‍കുക. OTP ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ SMS ആയി ലഭിക്കുന്ന OTP നല്‍കുക. Varify ചെയ്യുക.
രജിസ്ട്രേഷനുള്ള പേജ് ലഭിക്കും.

 Step 2

രജിസ്ട്രേഷന്‍ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക :
ഏത് ഫോട്ടോ ID പ്രൂഫാണ് നല്‍കുന്നത് (ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐ.ഡി. കാര്‍ഡ്,..),
ആ കാര്‍ഡിന്റെ നമ്പര്‍,
വ്യക്തിയുടെ പേര് (ഐ.ഡി. കാര്‍ഡിലേതുപോലെ തന്നെ നല്‍കുക),
ജനിച്ച വര്‍ഷം,
Male/Female,
....തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.



രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. Beneficiary Registered Successfully എന്ന സന്ദേശം സ്ക്രീനില്‍ കാണാം.
Account Details പേജ് ഇപ്പോള്‍ കാണാന്‍ സാധിക്കും. Add more -ല്‍ ക്ലിക്ക് ചെയ്ത് അടുത്ത വ്യക്തിയെ രജിസ്റ്റര്‍ ചെയ്യാം. ഒരു മൊബൈല്‍ നമ്പരില്‍ 4 വ്യക്തികളെ രജിസ്റ്റര്‍ ചെയ്യാനാകും.



Step 3
Booking Appointment for Vaccination
Account Details പേജില്‍ ഏറ്റവും വലത്തുള്ള Action എന്ന തലക്കെട്ടിനു ചുവടെ ഒരു കലണ്ടറിന്റെ ചിഹ്നംപോലെ കാണിച്ചിരിക്കുന്നത് Appointment Shedule ചെയ്യുവാനുള്ള ബട്ടനാണ്. അല്ലെങ്കില്‍ Shedule Appointment ബട്ടനും ചുവടെ കാണാം. ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഭാഗത്ത് - State, District, Block, Pincode (ഏത് ബ്ലോക്ക് സെലക്ട് ചെയ്തോ ആ ബ്ലോക്കിലെ പിന്‍കോഡുകളാണ് ഇവിടെ ലഭിക്കുക) നല്‍കിക്കഴിയുമ്പോള്‍, ആ പ്രദേശത്തെ വാക്സിനേഷന്‍ സെന്ററുകള്‍  കാണാം.
സെന്റര്‍ തിരഞ്ഞെടുക്കുക. ദിവസവും സമയവും (FN or AN) നോക്കി വാക്സിനേഷനായി ബുക്ക് ചെയ്യുക. ബുക്കിംഗ് പൂര്‍ത്തിയായാല്‍ ആ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ബുക്ക് ചെയ്യാനായില്ലെങ്കില്‍, പിന്നീട്, ആദ്യം പറഞ്ഞതുപോലെ മൊബൈല്‍ നമ്പരും OTP-യും നല്‍കി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Account Details പേജിലേക്കാണ് പ്രവേശിക്കുക. പുതിയ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുകയോ വാക്സിനേഷന്‍ ബുക്കിംഗ് നടത്തുകയോ ചെയ്യാം. റീ ഷെഡ്യൂള്‍ ചെയ്യാനും ഡെലിറ്റ് ചെയ്യാനുമൊക്കെയുള്ള ഓപ്ഷസും ഇവിടെയുണ്ട്.
 




Wednesday, January 27, 2021

ഫാ.ജോസഫ് വാതല്ലൂര്‍ CMI-യുടെ സംസ്കാരം വെള്ളിയാഴ്ച്ച പൂഞ്ഞാര്‍ ആശ്രമത്തില്‍..


       പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്ററും സി.എം.ഐ. സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ അംഗവുമായ ഫാ. ജോസഫ് വാതല്ലൂർ CMl (ജോസഫ് അച്ചൻ - 78) അമേരിക്കയിൽ അജപാലന ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ച് നിര്യാതനായി.  അമേരിക്കയിലെ സാൻ ആൻജലോ തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിൽ  മൃതദേഹം പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് സാൻ ആൻജലോ രൂപതയുടെ മെത്രാൻ, ബിഷപ്പ് മൈക്കിൾ സിസ്സിന്റെ മുഖ്യകാർമികത്വത്തിൽ പരേതന് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. വി. കുർബാനയ്ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു.
         ജോസഫ് അച്ചന്റെ സംസ്കാര ചടങ്ങുകള്‍ 2021 ജനുവരി 29, വെള്ളിയാഴ്ച്ച പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടക്കും. ജനുവരി 28, വ്യാഴാഴ്ച്ച വൈകിട്ട് 5 മുതല്‍ 8 വരെയും വെള്ളിയാഴ്ച്ച വെളുപ്പിന് മുതലും പൊതുദര്‍ശനം ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ  9-ന് വി. കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. 
 
സംസ്കാര ശുശ്രൂഷകളുടെ ലൈവ് 
വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ 
ചുവടെയുള്ള ലിങ്കില്‍ ലഭ്യമാകും.
 

          പൂഞ്ഞാറുമായി ജോസഫ് അച്ചന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. പൂഞ്ഞാർ ചെറുപുഷ്പാശ്രമ പ്രിയോർ, സെന്റ് ആന്റണീസ് സ്കൂളിന്റെ മാനേജർ, ഹെഡ്മാസ്റ്റർ തുടങ്ങിയ നിലകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ചിട്ടുള്ള ജോസഫ് അച്ചൻ പൂഞ്ഞാറുകാർക്ക് പ്രിയങ്കരനായിരുന്നു. SSLC പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്കായി നിരവധി സ്കോളർഷിപ്പുകൾ അച്ചൻ ഏർപ്പെടുത്തിയിട്ടുണ്ട്. ശുശ്രൂഷകള്‍ക്കായി വിദേശത്തേക്ക് പോകേണ്ടിവന്നെങ്കിലും പൂഞ്ഞാറുമായുള്ള സ്നേഹബന്ധം തുടർന്ന ജോസഫ് അച്ചന്റെ സഹായത്താലാണ്, ഏതാനും മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ കുട്ടികൾക്കായി മൾട്ടിമീഡിയ റൂമും പുതിയ പാചകപ്പുരയും നിർമ്മിച്ചത്.

          പാലാ രൂപതയിലെ തോടനാൽ ഇടവകയിൽ പരേതരായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനായി 1942 ജനുവരി 16-നാണ് അച്ചന്‍ ജനിച്ചത്. 1974 ഏപ്രിൽ 16-ന് പൗരോഹിത്യം സ്വീകരിച്ചു. പൂഞ്ഞാർ ലിറ്റിൽ ഫ്ലവർ ആശ്രമ പ്രിയോർ, പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ, വാഴക്കുളം ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ  ഹെഡ്മാസ്റ്റർ, ഗുജറാത്തിൽ ഭവനഗർ വെരാവൽ വികാരി, പ്രിൻസിപ്പൽ എന്നീ നിലകളിലും, ദീപിക കൊച്ചേട്ടന്റെ അസിസ്റ്റന്റ് ആയും, കൂത്താട്ടുകുളം ആശ്രമാംഗമായും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ടെക്സസിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു. ഛാന്ദാ പ്രവിശ്യയിലെ ഫാദർ മാത്യു വാതല്ലൂർ സി.എം.ഐ., തോമസ്, മാത്യു (ന്യൂയോർക്), ഡോ. ജോൺ ജോസഫ് (കാരിത്താസ് കോട്ടയം) സിസ്റ്റർ ജോസലിറ്റ, സിസ്റ്റർ മരിയറ്റ, സിസ്റ്റർ സലോമി എന്നിവർ സഹോദരങ്ങളാണ്.