പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്ററും സി.എം.ഐ. സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ അംഗവുമായ ഫാ. ജോസഫ് വാതല്ലൂർ CMl (ജോസഫ് അച്ചൻ - 78) അമേരിക്കയിൽ അജപാലന ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ച് നിര്യാതനായി. അമേരിക്കയിലെ സാൻ ആൻജലോ തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് സാൻ ആൻജലോ രൂപതയുടെ മെത്രാൻ, ബിഷപ്പ് മൈക്കിൾ സിസ്സിന്റെ മുഖ്യകാർമികത്വത്തിൽ പരേതന് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. വി. കുർബാനയ്ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു.
ജോസഫ് അച്ചന്റെ സംസ്കാര ചടങ്ങുകള്‍ 2021 ജനുവരി 29, വെള്ളിയാഴ്ച്ച പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടക്കും. ജനുവരി 28, വ്യാഴാഴ്ച്ച വൈകിട്ട് 5 മുതല്‍ 8 വരെയും വെള്ളിയാഴ്ച്ച വെളുപ്പിന് മുതലും പൊതുദര്‍ശനം ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ 9-ന് വി. കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
സംസ്കാര ശുശ്രൂഷകളുടെ ലൈവ്
വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍
ചുവടെയുള്ള ലിങ്കില്‍ ലഭ്യമാകും.
പൂഞ്ഞാറുമായി ജോസഫ് അച്ചന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. പൂഞ്ഞാർ ചെറുപുഷ്പാശ്രമ പ്രിയോർ, സെന്റ് ആന്റണീസ് സ്കൂളിന്റെ മാനേജർ, ഹെഡ്മാസ്റ്റർ തുടങ്ങിയ നിലകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ചിട്ടുള്ള ജോസഫ് അച്ചൻ പൂഞ്ഞാറുകാർക്ക് പ്രിയങ്കരനായിരുന്നു. SSLC പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്കായി നിരവധി സ്കോളർഷിപ്പുകൾ അച്ചൻ ഏർപ്പെടുത്തിയിട്ടുണ്ട്. ശുശ്രൂഷകള്‍ക്കായി വിദേശത്തേക്ക് പോകേണ്ടിവന്നെങ്കിലും പൂഞ്ഞാറുമായുള്ള സ്നേഹബന്ധം തുടർന്ന ജോസഫ് അച്ചന്റെ സഹായത്താലാണ്, ഏതാനും മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ കുട്ടികൾക്കായി മൾട്ടിമീഡിയ റൂമും പുതിയ പാചകപ്പുരയും നിർമ്മിച്ചത്.
പാലാ രൂപതയിലെ തോടനാൽ ഇടവകയിൽ പരേതരായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനായി 1942 ജനുവരി 16-നാണ് അച്ചന്‍ ജനിച്ചത്. 1974 ഏപ്രിൽ 16-ന് പൗരോഹിത്യം സ്വീകരിച്ചു. പൂഞ്ഞാർ ലിറ്റിൽ ഫ്ലവർ ആശ്രമ പ്രിയോർ, പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ, വാഴക്കുളം ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഗുജറാത്തിൽ ഭവനഗർ വെരാവൽ വികാരി, പ്രിൻസിപ്പൽ എന്നീ നിലകളിലും, ദീപിക കൊച്ചേട്ടന്റെ അസിസ്റ്റന്റ് ആയും, കൂത്താട്ടുകുളം ആശ്രമാംഗമായും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ടെക്സസിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു. ഛാന്ദാ പ്രവിശ്യയിലെ ഫാദർ മാത്യു വാതല്ലൂർ സി.എം.ഐ., തോമസ്, മാത്യു (ന്യൂയോർക്), ഡോ. ജോൺ ജോസഫ് (കാരിത്താസ് കോട്ടയം) സിസ്റ്റർ ജോസലിറ്റ, സിസ്റ്റർ മരിയറ്റ, സിസ്റ്റർ സലോമി എന്നിവർ സഹോദരങ്ങളാണ്.