Thursday, November 7, 2013

'എന്റെ ഭക്ഷണത്തിനായി എന്റെ കൃഷി' - ഇവിടെ മണ്ണിനെ അറിയുവാനും സ്നേഹിക്കുവാനും ഒരു കൂട്ടം കുരുന്നുകള്‍..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന  'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സിനിമാതാരവും ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം..
പൂഞ്ഞാര്‍ : കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്‍കുവാനുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങുന്നു. പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ,  ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി  നടത്തുന്ന, 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു.  
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന 'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ തുടങ്ങിയവര്‍ സമീപം.
        വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യുവാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, ബോധവത്ക്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷ്യമേള, സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയാകള്‍ ഉപയോഗിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തുവാനുള്ള മത്സരവും തുടങ്ങിക്കഴിഞ്ഞു.

         പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. അതിന്റെ ആദ്യ ഘട്ടം മുതലുള്ള ഡയറിക്കുറിപ്പും അവര്‍ തയ്യാറാക്കും. കുട്ടികളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക. നിശ്ചിത സമയത്തിനു ശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
         പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമനിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്നു ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേയ്ക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേയ്ക്കും പുതു തലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment