Tuesday, December 24, 2013

മങ്കി പെന്‍ കുട്ടികള്‍ക്കൊപ്പം കാണണേ..

            ഈ ക്രിസ്തുമസ് അവധിക്കാലം കുടുംബസമേതം സിനിമകാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന നാളുകളായി മാറിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളാണ് ഇതിനുകാരണമായിരിക്കുന്നത്. ദൃശ്യവും മങ്കിപെന്നും. ദൃശ്യം, സംവിധായകന്‍  ജിത്തു ജോസഫിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും പ്രഭാവത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ചാനലുകളും മാഗസീനുകളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ റിവ്യൂകളുമൊക്കെ ചിത്രത്തിന് അത് അര്‍ഹിക്കുന്ന പബ്ലിസിറ്റി നല്‍കുന്നുണ്ട്.
           എന്നാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കുറച്ചുനാള്‍ മുന്‍പിറങ്ങിയ മങ്കി പെന്നിന്റെ കാര്യത്തില്‍ അത്ര സഹായകമായോ എന്നൊരു സംശയമുണ്ട്. അടുത്തനാളിലിറങ്ങിയ ഏറ്റവും ആകര്‍ഷകമായ കുട്ടികളുടെ ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കാണാത്തവര്‍ തീര്‍ച്ചയായും കുടുംബസമേതം ഈ ചിത്രം കാണണം.
           റയാന്‍ ഫിലിപ്പ് എന്ന അഞ്ചാം ക്ലാസുകാരന്റെ കുസൃതികളിലൂടെയും വേദനകളിലൂടെയും തിരിച്ചറിവുകളിലൂടെയും കടന്നുപോകുന്ന മങ്കിപ്പെന്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നതും മുതിര്‍ന്നവര്‍ അവഗണിക്കുന്നതുമായ ചില യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. റയാന് കണക്ക് ഭീകര വിഷയമായി അനുഭവപ്പെടാന്‍ കാരണം അവനെ മുന്‍പു പഠിപ്പിച്ച കണക്കുമാഷിന്റെ ചില പ്രവൃത്തികളാണ്. അതു മനസിലാക്കാതെ അവനെ കളിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഇത് തിരിച്ചറിയുമ്പോള്‍ വേദനിക്കുന്നു. സിനിമക്കുപുറത്തും ഈ രീതിയിലുള്ള എത്രയോ കുട്ടികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട് ! അവരുടെ തകര്‍ച്ചയ്ക്കു കാരണം യഥാര്‍ഥത്തില്‍ അധ്യാപകരും മാതാപിതാക്കളും ഈ സമൂഹവുമല്ലേ എന്നൊരു ചോദ്യവും, നേരിട്ടല്ലെങ്കിലും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.
            കുട്ടികളില്‍നിന്ന് പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് മുതിര്‍ന്നവരുടെ പക്വതയാണ്. അതു ലഭിക്കാതെ വരുമ്പോള്‍ , അവര്‍ കുട്ടികളാണെന്നുള്ള സത്യം വിസ്മരിച്ചുകൊണ്ട് നാം അവരെ  കുറ്റപ്പെടുത്തുന്നു. അതേസമയം ശരിയായ മാര്‍ഗ്ഗദര്‍ശിയാകാത്ത രക്ഷിതാക്കള്‍ കുട്ടികളില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'സത്യം കയ്പ്പുള്ളതല്ല, മധുരമുള്ളതാണ്. എന്നാല്‍ കള്ളം അതിമധുരമായി നമുക്കു തോന്നുന്നതിനാല്‍ സത്യത്തെ കയ്പ്പുള്ളതായി തെറ്റിധരിക്കുന്നതാണ് ' -  ഈ തരത്തിലുള്ള മൂല്യങ്ങള്‍ ചിത്രം പകര്‍ന്നുനല്‍കുന്നുണ്ട്. 
            റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന സനൂപ് (നടി സനൂഷയുടെ അനുജന്‍) തന്റെ ആദ്യ ചിത്രത്തിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. റയാന്റെ നാല്‍വര്‍സംഘത്തിലെ ജുഗുനുവും അടിപൊളി. നീല്‍ ഡി ചുന്‍ഹയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റയാന്റെ വീടും പരിസരവും കടല്‍ത്തീരവുമൊക്കെ വ്യത്യസ്ത ഷോട്ടുകളിലൂടെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഫാന്റസിയില്‍ തീര്‍ത്ത ഷാനില്‍ മുഹമ്മദിന്റെ കഥക്ക് റോജിന്‍  തോമസ്  തിരക്കഥയൊരുക്കി. വലിയ പുതുമകള്‍ കഥയിലോ തിരക്കഥയിലോ ഇല്ലെങ്കിലും ഇരുവരും ചേര്‍ന്ന് പുതുമയാര്‍ന്ന ആവിഷ്ക്കാരത്തിലൂടെ ചിത്രത്തെ ശ്രദ്ധേയമാക്കി. ഈ ഇരട്ട സംവിധായകര്‍ മലയാള സിനിമയിലെ പുതുവാഗ്ദാനങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
            നന്മകള്‍ മനുഷ്യമനസില്‍ വിതക്കുവാന്‍ മങ്കിപെന്നിന് കഴിയുന്നുണ്ട്. സിനിമകഴിഞ്ഞ് ഇറങ്ങുമ്പോള്‍ നമുക്കൊപ്പം പോരുന്ന ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കുവാന്‍ ഈ ചിത്രത്തിന് സാധിക്കും എന്നുപറയുമ്പോഴും ഒരു സംശയം ബാക്കി. ആദ്യ പകുതിയില്‍ കാണിക്കുന്ന റയാന്റെ കുസൃതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് അത്ര ശരിയായോ..? ആളുകളെ കൂടുതല്‍ രസിപ്പിക്കുവാനും ചിത്രത്തിന്റെ വിജയത്തിനും അതാവശ്യമായിരിക്കും. പക്ഷേ, രണ്ടാം പകുതിയില്‍ റയാനു സംഭവിച്ച തിരിച്ചറിവുകളും മനംമാറ്റവും കാണികളുടെ മനസിലേക്ക് പതിപ്പിക്കുവാന്‍ സംവിധായകര്‍ക്കായോ എന്നു സംശയമുണ്ട്. ക്ലാസില്‍ ഈ ചിത്രം കണ്ട എന്റെ കുട്ടികളുമായി ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ ഓര്‍മ്മിച്ചെടുത്തതെല്ലാംതന്നെ റയാന്റെ കുസൃതികളായിരുന്നു. അതിനാല്‍ കുട്ടികളെ ഈ ചിത്രം കാണിക്കുന്നതിനൊപ്പം ഒരു ഗൈഡന്‍സുകൂടി അവര്‍ക്കു നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു.

No comments:

Post a Comment