Tuesday, January 28, 2014

OBC സ്കോളര്‍ഷിപ്പിന് ഉടന്‍ അപേക്ഷിക്കുക..

            കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OBC വിഭാഗം കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് ഏതാനും ദിവസത്തേയ്ക്കുകൂടി അപേക്ഷ സമര്‍പ്പിക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ കവിയാത്തതും കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 % -ല്‍ കുറയാത്ത മാര്‍ക്കുള്ളവരുമായ കുട്ടികള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയില്‍ രക്ഷിതാവ് വാര്‍ഷിക വരുമാനവും ജാതിയും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പ്രത്യേക പരീക്ഷകളൊന്നും  എഴുതേണ്ടതില്ല. ജനുവരി 31-നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക..
വിശദ വിവരങ്ങള്‍ക്കായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക..

Friday, January 24, 2014

പാലക്കാടന്‍ കാറ്റില്‍ പൂഞ്ഞാറിന്റെ കലാസുഗന്ധം പരത്തി ഗൗതം കൃഷ്ണ..

           പൂഞ്ഞാര്‍ :  പാലക്കാടു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൗതം കൃഷ്ണ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചെണ്ട (തായമ്പക)-യില്‍ എ ഗ്രേഡ് കരസ്ഥാക്കിക്കൊണ്ട് നാടിന്റെ അഭിമാനമായി. കൂടാതെ ഗിറ്റാര്‍ (വെസ്റ്റേണ്‍) മത്സരത്തില്‍ ബി ഗ്രേഡും ഈ കൊച്ചുമിടുക്കന്‍ നേടിക്കഴിഞ്ഞു.
      പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗംകൂടിയായ ഗൗതം കൃഷ്ണ, ഈ വര്‍ഷത്തെ കോട്ടയം ജില്ലാ കലോത്സവ വേദിയിലും മിന്നും താരമായിരുന്നു. പങ്കെടുത്ത നാലിനങ്ങളിലും (നാടന്‍ പാട്ട് എന്ന ഗ്രൂപ്പ് മത്സരം ഉള്‍പ്പെടെ) എ ഗ്രേഡും  അതില്‍ രണ്ടിനങ്ങളിള്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സത്തിന് യോഗ്യതയും നേടിക്കൊണ്ടാണ്  ഗൗതം അന്ന് മേളയുടെ താരമായത്. കലാപ്രതിഭപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ അതിന് ഈ വര്‍ഷം മറ്റൊരവകാശിയെ തേടേണ്ട ആവശ്യം വരില്ലായിരുന്നു. ചെണ്ട (തായമ്പക), ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡും (ഉപജില്ലാ തലത്തില്‍ ഇവ മൂന്നിനും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു) നേടിയ ഗൗതത്തിന് ഈ നേട്ടങ്ങള്‍ ഒരു പുതിയ അനുഭവമല്ല.
    കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന തലത്തിലുള്ള കലോത്സവങ്ങളിലും ശാസ്ത്രോത്സവത്തിലും സജീവ സാന്നിധ്യമായ  ഈ മിടുക്കന്‍, ചെണ്ട, ഗിറ്റാര്‍, ഭരതനാട്യം, നാടന്‍ പാട്ട് എന്നിവ കൂടാതെ നാടകം, പദ്യോച്ചാരണം, പ്രസംഗം, ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ വിവിധയിനങ്ങള്‍ തുടങ്ങിയവയിലും നിരവധി സമ്മാനങ്ങള്‍  വാരിക്കൂട്ടിയിട്ടുണ്ട്. പലതവണ നാടകത്തിലെ ബെസ്റ്റ് ആക്ടര്‍ പദവി നേടിയിട്ടുള്ള ഈ കൊച്ചു കലാകാരന്‍, കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രവുമായിരുന്നു. കലാരംഗത്തിനൊപ്പം പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗൗതം കൃഷ്ണ പൂഞ്ഞാറിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.

Monday, January 13, 2014

മനോരമ ന്യൂസ് ചാനല്‍ പ്രക്ഷേപണം ചെയ്ത പൂഞ്ഞാറിന്റെ നല്ലപാഠങ്ങള്‍ കണ്ടുനോക്കൂ..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രദ്ധേയമായ ചില നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ മലയാളമനോരമ ന്യൂസ് ചാനല്‍ ഈയാഴ്ച്ച പ്രക്ഷേപണം ചെയ്തിരുന്നു. ' ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ..? പൂഞ്ഞാറിന്റെ കര്‍ഷകമുകുളങ്ങളെ പരിചയപ്പെടേണ്ടേ..! പൂഞ്ഞാറിലെ പ്രാദേശിക കുട്ടി റിപ്പോര്‍ട്ടര്‍മാരേക്കുറിച്ചും ബ്ലോഗര്‍മാരെക്കുറിച്ചും  കേട്ടിട്ടുണ്ടോ..? സിലബസിലില്ലെങ്കിലും നീന്തല്‍ പഠിപ്പിക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്കൂളുകളിലൊന്നാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്.. ' ഈ  നല്ലപാഠം പ്രവര്‍ത്തനങ്ങളൊക്കെ ഏഴുമിനിട്ട് ദൈര്‍ഘ്യത്തില്‍ മനോരമ ന്യൂസ് ചുരുക്കി വിവരിച്ചിട്ടുണ്ട്. 'വീടില്ലാത്ത കൂട്ടുകാര്‍ക്ക് വീടൊരുക്കി സഹപാഠികള്‍..' എന്ന പ്രധാന വീഡിയോയില്‍ ഏഴുമുതല്‍ പതിനാലുവരെ മിനിട്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ വിശേഷങ്ങളാണ്. കണ്ടുനോക്കൂ..

Sunday, January 12, 2014

സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമവും റുട്ട് മാപ്പും

           2014 ജനുവരി 19 മുതല്‍  25 വരെ പാലക്കാട് , അന്‍പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുകയാണ്. മത്സരങ്ങളുടെ അവതരണക്രമവും റുട്ട് മാപ്പും ചുവടെ ചേര്‍ത്തിരിക്കുന്നു. കൂടാതെ കലോത്സവത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ചുവടെ നല്‍കിയിരിക്കുന്നു. ID കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് ഉപയോഗിച്ചാല്‍ മതി.


Wednesday, January 8, 2014

പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ തിരുനാള്‍..

പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ വി.കൊച്ചുത്രേസ്യായുടെയും വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും തിരുനാളിന് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റുകര്‍മ്മം പ്രിയോര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI നിര്‍വ്വഹിക്കുന്നു. പൂഞ്ഞാര്‍ ഫൊറോന പള്ളി വികാരി ഫാ.ജോസഫ് പൂവത്തുങ്കല്‍, ജനറല്‍ കണ്‍വീനര്‍ അരുണ്‍ കാട്ടറാത്ത് തുടങ്ങിയവര്‍ സമീപം.
            പൂഞ്ഞാര്‍ : പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ വി.കൊച്ചുത്രേസ്യായുടെയും വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും തിരുനാളിന് കൊടിയേറി. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് പ്രിയോര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI -യാണ് കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്നുനടന്ന വി.കുര്‍ബാനയില്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. 
പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ വി.കൊച്ചുത്രേസ്യായുടെയും
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും തിരുനാളിന്റെ ആദ്യ ദിവസത്തെ
തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുവാനായി പാലാ രൂപത
സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എത്തിച്ചേര്‍ന്നപ്പോള്‍.

            ജനുവരി 10, വെള്ളിയാഴ്ച്ചവരെ രാവിലെ 5.40-നും 6.40-നുമുള്ള വി.കുര്‍ബാനകള്‍ കൂടാതെ വൈകുന്നേരം 4.30-ന് വി.കുര്‍ബാനയും പ്രസംഗവും നൊവേനയുമുണ്ടായിരിക്കും. ജനുവരി 8,ബുധനാഴ്ച്ച  മുതല്‍ ആരംഭിക്കുന്ന,രാവിലെമുതല്‍ രാത്രി എട്ടുമണിവരെ നീളുന്ന നാല്‍പ്പതുമണി ആരാധന, ജനുവരി 10, വെള്ളിയാഴ്ച്ച വൈകുന്നേരം 4.30-നുള്ള വി.കുര്‍ബാനയോടെ അവസാനിക്കും.  
           ജനുവരി 11, ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ആഘോഷമായ വി.കുര്‍ബാനയും നൊവേനയും. തുടര്‍ന്ന് ആശ്രമ ദൈവാലയത്തില്‍നിന്ന് കുളത്തുങ്കല്‍ പന്തലിലേക്കും അവിടെനിന്ന് ടൗണ്‍ കപ്പേള ചുറ്റി ആശ്രയമാതാ കപ്പേളയിലേയ്ക്കും പ്രദക്ഷിണം. ആശ്രയമാതാ കപ്പേളയിലെ പ്രസംഗത്തിനുശേഷം പ്രദക്ഷിണം ആശ്രമദൈവാലയത്തില്‍ തിരിച്ചെത്തുമ്പോള്‍ കരിമരുന്നു കലാപ്രകടനവും ഉണ്ടായിരിക്കും.   
            പ്രധാനതിരുനാള്‍ ദിവസമായ ജനുവരി 12 ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ആഘോഷമായ തിരുനാള്‍ റാസയും പ്രസംഗവും.  ഉച്ചയ്ക്ക് 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

Wednesday, January 1, 2014

വിക്ടേഴ്സ് ചാനലില്‍ SSLC വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലൈവ് പ്രോഗ്രം ഇന്ന് ആരംഭിക്കുന്നു..

            പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ ടിവി ചാനലായ VICTERS-ല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടി 2014 ജനുവരി 1-ന് ആരംഭിക്കുന്നു. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലെ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഒരു സംഘം വിദഗ്ദ്ധ അധ്യാപകരില്‍നിന്ന് ഈ പരിപാടിയിലൂടെ ലഭിക്കുക. കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം. 
വൈകുന്നേരം 7 മുതല്‍ 8 വരെ പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമില്‍ തത്സമയ സംശയങ്ങള്‍ക്കുള്ള മറുപടിക്കായി 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്.  
ഓരോ ദിവസവും ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
ഓണ്‍ലൈനായി വിക്ടേഴ്സ് ചാനല്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..