Friday, January 24, 2014

പാലക്കാടന്‍ കാറ്റില്‍ പൂഞ്ഞാറിന്റെ കലാസുഗന്ധം പരത്തി ഗൗതം കൃഷ്ണ..

           പൂഞ്ഞാര്‍ :  പാലക്കാടു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൗതം കൃഷ്ണ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചെണ്ട (തായമ്പക)-യില്‍ എ ഗ്രേഡ് കരസ്ഥാക്കിക്കൊണ്ട് നാടിന്റെ അഭിമാനമായി. കൂടാതെ ഗിറ്റാര്‍ (വെസ്റ്റേണ്‍) മത്സരത്തില്‍ ബി ഗ്രേഡും ഈ കൊച്ചുമിടുക്കന്‍ നേടിക്കഴിഞ്ഞു.
      പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗംകൂടിയായ ഗൗതം കൃഷ്ണ, ഈ വര്‍ഷത്തെ കോട്ടയം ജില്ലാ കലോത്സവ വേദിയിലും മിന്നും താരമായിരുന്നു. പങ്കെടുത്ത നാലിനങ്ങളിലും (നാടന്‍ പാട്ട് എന്ന ഗ്രൂപ്പ് മത്സരം ഉള്‍പ്പെടെ) എ ഗ്രേഡും  അതില്‍ രണ്ടിനങ്ങളിള്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സത്തിന് യോഗ്യതയും നേടിക്കൊണ്ടാണ്  ഗൗതം അന്ന് മേളയുടെ താരമായത്. കലാപ്രതിഭപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ അതിന് ഈ വര്‍ഷം മറ്റൊരവകാശിയെ തേടേണ്ട ആവശ്യം വരില്ലായിരുന്നു. ചെണ്ട (തായമ്പക), ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡും (ഉപജില്ലാ തലത്തില്‍ ഇവ മൂന്നിനും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു) നേടിയ ഗൗതത്തിന് ഈ നേട്ടങ്ങള്‍ ഒരു പുതിയ അനുഭവമല്ല.
    കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന തലത്തിലുള്ള കലോത്സവങ്ങളിലും ശാസ്ത്രോത്സവത്തിലും സജീവ സാന്നിധ്യമായ  ഈ മിടുക്കന്‍, ചെണ്ട, ഗിറ്റാര്‍, ഭരതനാട്യം, നാടന്‍ പാട്ട് എന്നിവ കൂടാതെ നാടകം, പദ്യോച്ചാരണം, പ്രസംഗം, ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ വിവിധയിനങ്ങള്‍ തുടങ്ങിയവയിലും നിരവധി സമ്മാനങ്ങള്‍  വാരിക്കൂട്ടിയിട്ടുണ്ട്. പലതവണ നാടകത്തിലെ ബെസ്റ്റ് ആക്ടര്‍ പദവി നേടിയിട്ടുള്ള ഈ കൊച്ചു കലാകാരന്‍, കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രവുമായിരുന്നു. കലാരംഗത്തിനൊപ്പം പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗൗതം കൃഷ്ണ പൂഞ്ഞാറിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.

2 comments: