Monday, September 29, 2014

കൈയെത്തും ദൂരത്ത് കാട്ടാനക്കൂട്ടത്തെ പകല്‍ കാണാം ..! അടിമാലിക്കും മൂന്നാറിനും ഇടയില്‍ ..!

           
ആനക്കുളത്ത്  വൈകുന്നേരം അഞ്ചുമണിയ്ക്കിറങ്ങിയ ആനക്കൂട്ടം.

           ആനക്കുളം : ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ച സ്ഥലങ്ങളിലൊന്ന്... 1877-ല്‍ ഇതിനായി പൂഞ്ഞാര്‍ രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ മാങ്കുളവും ആനക്കുളവും ഉള്‍പ്പെട്ടിരുന്നു. 1924 വരെ മൂന്നാറിനുള്ള വഴി മാങ്കുളംകൂടിയായിരുന്നു. അവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആനക്കുളം , പൂയംകുട്ടി-മലയാറ്റൂര്‍ പ്രദേശങ്ങളിലെ ആനകളെല്ലാം വെള്ളം കുടിക്കുവാനെത്തുന്ന സ്ഥലമായിരുന്നു. ഇന്നും അങ്ങിനെതന്നെ. 
         അടിമാലി-മൂന്നാര്‍ റൂട്ടില്‍ കല്ലാറില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഗ്രാമം ടൂറിസം മാപ്പില്‍ ശ്രദ്ധേയമായി തുടങ്ങുന്നതേയുള്ളു.. ആദ്യ 17 കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും നടുവിലൂടെയുള്ള ടാര്‍ റോഡ്. മാങ്കുളമെത്തിയാല്‍ തുടര്‍ന്നുള്ള 8 കിലോമീറ്റര്‍ വനമധ്യത്തിലൂടെയുള്ള ദുര്‍ഘട വഴി. ഫോര്‍ വീല്‍ ഡ്രൈവിംഗ് മാത്രം സാധ്യമായ  ഈ വഴിത്താരയിലൂടെയുള്ള  യാത്രയാണ് സഞ്ചാരികളെ ഏറെ ഹരം കൊള്ളിക്കുന്ന ആനക്കുളം വിശേഷങ്ങളിലൊന്ന് . ഇപ്പോള്‍ റോഡ് പണി നടന്നുവരുകയാണ്. ഞങ്ങള്‍ കാറില്‍ ഇവിടെയെത്തിയെങ്കിലും മഴ പെയ്തതോടെ തിരിച്ചുള്ള യാത്ര ദുഷ്കരമായിരുന്നു. അടുത്ത വേനലവധിയോടെ ഈ വഴി പൂര്‍ണ്ണമായും ഗതാഗത യോഗ്യമായേക്കും. 
        ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍   എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്. ആറിന്റെ ഒരു പ്രത്യേക ഭാഗത്ത് കുമിളകള്‍ ഉയരുന്നത് നമുക്ക് കാണാം. കുളിക്കുന്നത് എവിടെയാണെങ്കിലും , വെള്ളം കുടിക്കുവാന്‍ ആനകള്‍ ഇവിടെ എത്തുന്നു. ആനകള്‍ ഇഷ്ടപ്പെടുന്ന എന്തോ പ്രത്യേക സ്വാദ് , 'ആന ഓര് ' എന്നറിയപ്പെടുന്ന ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നമ്മള്‍ കുടിച്ചുനോക്കിയാല്‍ രുചി വ്യത്യാസം അറിയാനില്ലതാനും.         
         പലപ്രാവിശ്യം ആനക്കുളം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ അറിയുവാനും കാണുവാനും സാധിച്ച വിശേഷങ്ങള്‍ നിരവധി. മുഴുവന്‍ എഴുതാന്‍ പോയാല്‍ അത് ദീര്‍ഘമാകും എന്നതിനാല്‍ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും  ഈ വിശേഷങ്ങള്‍ ചുവടെയുള്ള വീഡിയോയ്ക്കുശേഷം നല്‍കിയിരിക്കുന്നു.
       ആനക്കുളത്തിന്റെ ചരിത്രമറിയാന്‍ ചുവടെ ക്ലിക്ക് ചെയ്യുക..

ആനക്കുളത്ത് പകല്‍ സമയം ആനകള്‍ എത്തുന്നതിന്റെ ചെറിയ വീഡിയോ ദൃശ്യവും ചുവടെ ചേര്‍ക്കുന്നു. ആറിന്റെ തീരത്ത് വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ കാട്ടാനകള്‍ തൊട്ടടുത്തുവരുമ്പോളാണ് അവിടെനിന്ന് മാറുന്നത് എന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചതന്നെ..

ആനക്കൂട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങളും മറ്റ് ആനക്കുളം വിശേഷങ്ങളും ചുവടെ നല്‍കിയിരിക്കുന്നു..
            

Tuesday, September 23, 2014

മീനച്ചില്‍ നദീസംരക്ഷണ സന്ദേശയാത്രയ്ക്ക് പൂഞ്ഞാറില്‍ ഉജ്ജ്വല സ്വീകരണം..


            
            പൂഞ്ഞാര്‍ : കേരള നദീസംരക്ഷണ സമിതിയും മീനച്ചില്‍ നദീസംരക്ഷണ സമിതിയും നേതൃത്വം നല്‍കുന്ന മീനച്ചില്‍ നദീ സംരക്ഷണ സന്ദശ യാത്രയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 23, ചൊവ്വ)  രാവിലെ പത്തുമണിയ്ക്ക് പൂഞ്ഞാറില്‍ സ്വീകരണം നല്‍കി. പൂഞ്ഞാര്‍ കാവല്‍ മാടത്തിന്റെയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ വിംഗ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെയും പൂഞ്ഞാര്‍ SNP കോളേജിലെ ഡ്രീംസ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാവിലെ പത്തുമണിയ്ക്ക് പൂഞ്ഞാര്‍ മീനച്ചില്‍ ഈസ്റ്റ് ബാങ്ക് ജംഗ്ഷനില്‍ , മീനച്ചിലാറിന്റെ തീരത്ത് , യാത്രികരെ സ്വീകരിച്ചു. 
           മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍  നദീസംരക്ഷണ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും കാവലാളുകളും കാല്‍നടയായി പൂഞ്ഞാര്‍ ടൗണിലേയ്ക്ക് നീങ്ങി. ടൗണില്‍ പഞ്ചായത്തംഗങ്ങളും പൂഞ്ഞാര്‍ പൗരാവലിയും ചേര്‍ന്ന് നദീസംരക്ഷണ സന്ദേശയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് മുല്ലക്കര നദീസംരക്ഷണ സന്ദേശം നല്‍കി.
            വാഗമണ്‍ വഴിക്കടവ് ആശ്രമപരിസരത്തുനിന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച യാത്ര മീനച്ചിലാറിന്റെ തീരങ്ങളില്‍ നദീസംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് വൈകിട്ട് 5.30-ന് നാഗമ്പടത്തെ മീനച്ചിലാറിന്റെ തീരമായ ഇല്ലിമൂട് കടവില്‍ ആദ്യഘട്ട യാത്ര അവസാനിപ്പിച്ചു. സിനിമാ സംവിധായകനും നടനുമായ ദേവപ്രസാദ് നാരായണന്‍, പരിസ്ഥതി പ്രവര്‍ത്തകരായ എസ്. സീതാരാമന്‍, വി.എന്‍.ഗോപിനാഥപിള്ള, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി, എസ്.പി.രവി, കെ.എം.സുലൈമാന്‍ , സി.റോസ് വൈപ്പന തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. മീനച്ചിലാറിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ കാവല്‍ മാടങ്ങളുടെയും സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന വിംഗ്സ് ഓഫ് മീനച്ചിലാര്‍ - ഡ്രീംസ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളുകളുടെയും സഹകരണത്തോടെയാണ്  നദീസംരക്ഷണ യാത്ര നടന്നത്. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍പിള്ള, മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Sunday, September 21, 2014

മീനച്ചില്‍ നദീ സംരക്ഷണ സന്ദേശ യാത്രയില്‍ അണിചേരൂ .. മീനച്ചിലാറിന്റെ കാവലാളാകൂ..


"നമുക്കതു കഴിയും ! പഴയ മീനച്ചിലാര്‍ സാധ്യമാണ്."
"ഞങ്ങളുടെ മീനച്ചിലാര്‍ തിരിച്ചു തരിക"
           മീനച്ചിലാറിന്റെ കാവലാളുകളായി മാറിയ കുട്ടികളും മുതിര്‍ന്നവരും ഉയര്‍ത്തിയ ഈ മുദ്രാവാക്യം ഇന്ന് മീനച്ചിലാറിന്റെ തീരത്തുള്ള പതിനായിരങ്ങള്‍ ഏറ്റുചൊല്ലുകയാണ്. ഒരു നദീ തടത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകളും ആകുലതകളുമായി ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് രൂപംകൊണ്ട മീനച്ചില്‍ നദീ സംരക്ഷണ സമിതി ഇന്ന് കാവല്‍ മാടങ്ങളും ഡ്രീംസ് ഓഫ് മീനച്ചിലാറും വിംഗ്സ് ഓഫ് മീനച്ചിലാറുമൊക്കെ രൂപീകരിച്ച് നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുമ്പോള്‍ മീനച്ചിലാറിനെ സ്നേഹിക്കുന്ന ആര്‍ക്കും മാറിനില്‍ക്കാനാവില്ല. എങ്കില്‍, കേരള നദീസംരക്ഷണ സമിതിയും മീനച്ചില്‍ നദീസംരക്ഷണ സമിതിയും സെപ്റ്റംബര്‍ 22, 23 തീയതികളില്‍ നടത്തുന്ന നദീ സംരക്ഷണ സന്ദശ യാത്രയില്‍ പങ്കാളിയാകാന്‍ നിങ്ങളും ഉണ്ടാകണം. 
            സെപ്റ്റംബര്‍ 22, തിങ്കളാഴ്ച്ച വാഗമണ്‍ കോലാഹലമേട് മൊട്ടക്കുന്നില്‍ ഫാ. ബോബി ജോസ് കട്ടികാട് നയിക്കുന്ന 'ഉറവ വറ്റും മുന്‍പെ' എന്ന 'വീണ്ടുവിചാര'ത്തോടെ സന്ദേശ യാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് ഏഴുമണിയ്ക്ക് വഴിക്കടവ് മിത്രാനികേതനില്‍ സംഘവിചാരം - 'നമുക്കതു കഴിയും ! പഴയ മീനച്ചിലാര്‍ സാധ്യമാണ്.' -
            സെപ്റ്റംബര്‍ 23, ചൊവ്വ - 'ചുവടു വയ്ക്കുക,കാവലാളാവുക' - വഴിക്കടവ് ആശ്രമപരിസരത്തുനിന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിക്കുന്ന യാത്ര മീനച്ചിലാറിന്റെ തീരങ്ങളില്‍ നദീസംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് വൈകിട്ട് 5.30-ന് നാഗമ്പടത്തെ മീനച്ചിലാറിന്റെ തീരമായ ഇല്ലിമൂട് കടവില്‍ ആദ്യഘട്ട യാത്ര അവസാനിപ്പിക്കും. മീനച്ചിലാറിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ കാവല്‍ മാടങ്ങളുടെയും സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന വിംഗ്സ് ഓഫ് മീനച്ചിലാര്‍ - ഡ്രീംസ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളുകളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.
            സിനിമാ സംവിധായകനും നടനുമായ ദേവപ്രസാദ് നാരായണന്‍, പരിസ്ഥതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം, പ്രഫ. എസ്. സീതാരാമന്‍, വി.എന്‍.ഗോപിനാഥപിള്ള, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി, എസ്.പി.രവി, കെ.എം.സുലൈമാന്‍ , കൂടാതെ ഫാ.വിന്‍സെന്റ് കളരിപ്പറമ്പില്‍, സി.റോസ് വൈപ്പന തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കും. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍പിള്ള, മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 
Ph: 94 00 21 31 41, 9447 1444 60
പരിപാടികളുടെ വിശദവിവരങ്ങളടങ്ങിയ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.. 

Tuesday, September 16, 2014

ടിവി മുട്ടുമടക്കി .. ഈ കുട്ടികളുടെ മുമ്പില്‍ ..



      പൂഞ്ഞാര്‍ : അവധിക്കാലം ടിവിയ്ക്കു മുന്‍പില്‍ ചടഞ്ഞിരിക്കാനുള്ളതല്ലെന്ന് തെളിയിക്കുവാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ പത്തുദിവസമായി ഈ കുട്ടികള്‍. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഓണാവധിയ്ക്ക് ടിവി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ പലര്‍ക്കും അതൊരു കൗതുകമായിരുന്നു. മാതാപിതാക്കളില്‍നിന്നുള്‍പ്പെടെ വ്യത്യസ്ത പ്രതികരണങ്ങളാണ് കുട്ടികള്‍ക്ക് ലഭിച്ചത്. എങ്കിലും വാര്‍ത്തകള്‍ മാത്രം കണ്ടുകൊണ്ട് ടിവിയുടെ മറ്റുപയോഗങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ ഭൂരിപക്ഷം രക്ഷിതാക്കളും പൂര്‍ണ്ണമനസ്സോടെ സമ്മതം മൂളി. ചിലര്‍ ടിവിയുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാനും തയ്യാറായി.
      ഓണാവധിയുടെ ആദ്യ ദിനങ്ങളില്‍ തങ്ങളുടെ വീടുകളെ സജീവമാക്കുകയാണ് ഇവര്‍ ചെയ്തത്. മുന്‍ നിശ്ചയ പ്രകാരം ടി.വി. ഓഫ് ചെയ്ത്, അയല്‍പക്കത്തുള്ള കൂട്ടുകാരുമൊത്തുകൂടി ഓണക്കളികളിലേര്‍പ്പെട്ടു. പഴയ സൗഹൃദങ്ങള്‍ പുതുക്കി. നാടന്‍ പന്തുകളിയും ഊഞ്ഞാലാട്ടവുമൊക്കെ പഴമയിലേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു. തിരുവോണത്തിന്റെ പിറ്റേദിവസം മുതല്‍ കുട്ടികള്‍ സ്കൂളില്‍ ഒത്തുകൂടി. കളികളോടൊപ്പം ഗൗരവമുള്ള ചര്‍ച്ചകളും ഉണ്ടായി.
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള വീടുകളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി എത്തിയപ്പോള്‍.

      തുടര്‍ന്ന്, പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി പൂഞ്ഞാറിനു സമീപം പാതാമ്പുഴയിലുള്ള അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചു. പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങള്‍ വിവരിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം പകരുന്ന നോട്ടീസുകള്‍ പൂഴയുടെ ഇരുവശങ്ങളിലുമുള്ള വീടുകളില്‍ കുട്ടികള്‍ വിതരണം ചെയ്തു. പ്രദേശത്തെ കടകളിലും ഓട്ടോ-ടാക്സി സ്റ്റാന്റിലും ബസുകളിലും ഇവര്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരായി മാറി
      അവധിയ്ക്ക് പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ചാര്‍ട്ടും കുട്ടികള്‍ തയ്യാറാക്കിയിരുന്നു. അതനുസരിച്ച് , ഒരു ജൈവകൃഷിത്തോട്ടം ഇവരുടെ വീടുകളില്‍ തയ്യാറായിക്കഴിഞ്ഞു. കൂടാതെ ഒഴിവുസമയങ്ങളില്‍ പരമാവധി പുസ്തകങ്ങള്‍ വായിച്ച് അറിവു സമ്പാദിക്കുകയും വായനയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്യമവും ആവേശത്തോടെയാണ് ഈ കുട്ടികള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിച്ചത്. ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം വിശദമായ റിപ്പോര്‍ട്ടും രക്ഷിതാക്കളുടെ സാക്ഷ്യപത്രവുമായാണ് ഇവര്‍ അവധിക്കാലത്തിനു ശേഷം സ്കൂളില്‍ എത്തിയിരിക്കുന്നത്.

      സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, പി.റ്റി.. പ്രസിഡന്റ് വി.എസ്.ശശിധരന്‍, അധ്യാപകരായ ആലീസ് ജേക്കബ്, ബിന്ദു ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇപ്രകാരം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും വായനയുടെയും സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിക്കൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഓണാവധി 'ലൈവ് ' ആക്കി.. ടിവി ഇല്ലാതെതന്നെ..

Sunday, September 7, 2014

വ്യത്യസ്തമാര്‍ന്ന ഓണാഘോഷവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ ..


     സഹപാഠിക്ക് സഹായഹസ്തം നീട്ടിയും ലഹരിമുക്ത കേരളത്തിനായി അണിനിരന്നുകൊണ്ടും പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുരുന്നുകള്‍ തങ്ങളുടെ ഓണാഘോഷം വ്യത്യസ്തമാക്കി. കഴിഞ്ഞമാസമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടുതകര്‍ന്ന കൂട്ടുകാരിക്ക് സഹായം നല്‍കുക എന്ന പുണ്യപ്രവൃത്തിയാണ് ഈ കുട്ടികള്‍ ആദ്യം ചെയ്തത്. അലമാരയും മേശയുമടക്കമുള്ള വീട്ടുപകരണങ്ങള്‍ പുതിയതു വാങ്ങി ഇവര്‍ സഹപാഠിക്കുനല്‍കി.
     ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ ലഹരിവിരുദ്ധ സന്ദേശ റാലിയും ശ്രദ്ധേയമായി. 'ലഹരിമുക്ത കേരളം ഞങ്ങളുടെ സ്വപ്നം' എന്ന മുദ്രാവാക്യവുമായി, പ്ലാക്കാര്‍ഡുകളേന്തി, വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികള്‍ പൂഞ്ഞാര്‍ ടൗണിലൂടെ റാലി നടത്തിയത്. ലഹരിമുക്ത കേരളത്തിനായുള്ള കേരളാ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള ആയിരത്തിയൊന്ന് പോസ്റ്റ് കാര്‍ഡുകള്‍ കുട്ടികള്‍ മുഖ്യമന്ത്രിക്ക് അയച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ലഹരിമുക്ത കേരളത്തിനായുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് ആയിരത്തിയൊന്ന് പോസ്റ്റ് കാര്‍ഡുകള്‍ കുട്ടികള്‍ മുഖ്യമന്ത്രിക്ക് അയയ്ക്കുന്നു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ സമീപം.


Tuesday, September 2, 2014

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതെന്ന് അറിയാമോ..?


            പൂഞ്ഞാര്‍ : കോട്ടയംകാരോട് , ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേതെന്ന് ചോദിച്ചാല്‍ എല്ലാവരുംതന്നെ ഒന്നു സംശയിക്കും. പൂഞ്ഞാറിനു സമീപം പാതാമ്പുഴയിലെ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടമാണ് അതെന്നുപറഞ്ഞാല്‍ നാട്ടുകാര്‍പോലും ചിലപ്പോള്‍ അമ്പരക്കും. പക്ഷേ, അതാണ് വാസ്തവം. (അവലംബം : 'Unseen Kottayam' എന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ബുക്ക് ലെറ്റ്) കനത്ത മഴക്കാലത്തുമാത്രം തന്റെ യഥാര്‍ത്ഥ ഭാവം പ്രകടമാക്കുന്ന അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം കാണേണ്ട കാഴ്ച്ചതന്നെയാണ്. 
        ഈരാറ്റുപേട്ടയില്‍നിന്ന് പൂഞ്ഞാറിലെത്തി അവിടെനിന്ന് ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാതാമ്പുഴയെത്താം. കെ.കെ. റോഡില്‍ മുണ്ടക്കയത്തുനിന്ന് പറത്താനം-ചോലത്തടം-മലയിഞ്ചിപ്പാറ വഴിയും പാതാമ്പുഴയിലേയ്ക്കെത്താം. പാതാമ്പുഴ ടൗണില്‍നിന്ന് രണ്ടു കിലോമീറ്ററുണ്ട് അരുവിക്കച്ചാലിലേയ്ക്ക്. ഒന്നര കിലോമീറ്റര്‍വരെ കാറെത്തും. ഇവിടംവരെ കോണ്‍ക്രീറ്റ് ചെയ്ത പാതയാണ്. മൂന്നോ നാലോ വാഹനത്തില്‍ കൂടുതല്‍ ഇവിടെ പാര്‍ക്കുചെയ്യുവാനും സാധിക്കില്ല. തുടര്‍ന്നുള്ള അരക്കിലോമീറ്റര്‍ ജീപ്പ് മാത്രമേ പോകൂ. 
      ഇവിടെനിന്ന് ഇടത്തേയ്ക്കിറങ്ങിയാല്‍ വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലെത്താം. ഇടവഴിയിലൂടെ മുകളിലേയ്ക്ക് കയറിയാല്‍ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തും എത്താം. പക്ഷേ മുകള്‍ഭാഗത്തേയ്ക്കുള്ള യാത്ര അല്‍പ്പം അപകടം നിറഞ്ഞതാണ്. ചുവട്ടില്‍നിന്നുള്ള ദൃശ്യഭംഗി ഇവിടെ ലഭിക്കുകയുമില്ല. അതിനാല്‍ ചുവട്ടില്‍നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുന്നതാകും ഉചിതം.
                  ഒരു ചെറിയ അരുവിയിലെ വെള്ളച്ചാട്ടമാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാകും, ഈ കാഴ്ച്ച നേരിട്ടു കാണുമ്പോള്‍. മഴയുള്ള ദിവസമാണ് ഇത്തവണ ഞങ്ങള്‍ ഇവിടെയെത്തിയത്. കുട നിവര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുന്നില്ല... വെള്ളച്ചാട്ടത്തില്‍നിന്ന് ശക്തമായ കാറ്റ്..! ഈര്‍പ്പമടങ്ങിയ ഈ കാറ്റ് വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന എല്ലാവരേയും കുളിപ്പിക്കും. കണ്ണുതുറന്നു പിടിച്ച് ആ വന്യസൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കുവാനും സാധിക്കുന്നില്ല. ഫോട്ടോ എടുക്കുവാന്‍ ക്യാമറ പുറത്തെടുത്താല്‍ അതു നനഞ്ഞു കുതിരും. രണ്ടും കല്‍പ്പിച്ച് മൊബൈല്‍ പുറത്തെടുത്ത് രണ്ടു ഫോട്ടോയെടുത്തു. രണ്ടു സെല്‍ഫിയും. 
        മങ്ങിയ വെളിച്ചമായതിനാല്‍ ഫോട്ടോ അത്ര ഭംഗിയായില്ല. മാത്രമല്ല ഫോട്ടോയില്‍ വെള്ളച്ചാട്ടത്തിന്റെ ഉയരവും സൗന്ദര്യവും ഒട്ടും വ്യക്തവുമല്ല. ബ്ലോഗിലൂടെ ഈ വിവരങ്ങള്‍ പങ്കുവയ്ക്കുണമെന്ന ചിന്ത മനസില്‍വന്നപ്പോള്‍ ചെറിയ ചില വീഡിയോ ക്ലിപ്പുകള്‍ എടുത്തു. അത് ചേര്‍ത്ത് ഒരു മിനിട്ടുമാത്രമുള്ള വീഡിയോ തയ്യാറാക്കിയത് ചുവടെ നല്‍കുന്നു. ഇതില്‍ കാണുന്നതിനേക്കാള്‍ പതിന്‍മടങ്ങ് സൗന്ദര്യമുണ്ടാകും നേരിട്ടുകാണുമ്പോള്‍ എന്ന ചിന്തയോടെ വീഡിയോ കണ്ടുനോക്കൂ.. 
            ഒരു കാര്യംകൂടി ഓര്‍മ്മിക്കുക. മഴക്കാലത്തുമാത്രമേ ഈ സുന്ദരക്കാഴ്ച്ച ഉണ്ടാകൂ. രണ്ടാഴ്ച്ച നന്നായി വെയില്‍ തെളിഞ്ഞാല്‍ പിന്നെ വരുന്നവര്‍ ചിലപ്പോള്‍ നിരാശരാകേണ്ടിവരും. നല്ല ഒരു മഴ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതാകും ഏറ്റവും ഉചിതം. യാത്രാ സൗകര്യം വര്‍ദ്ധിച്ചാല്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തും, തീര്‍ച്ച..

(ക്വാളിറ്റി കുറഞ്ഞ വീഡിയോയാണ് ലഭിക്കുന്നതെങ്കില്‍ വീഡിയോ ഫ്രെയ്മിനു ചുവട്ടിലുള്ള പല്‍ചക്രത്തില്‍  (Settings) ക്ലിക്ക് ചെയ്ത് 144p - യില്‍  കൂടിയ ഒന്ന് തിരഞ്ഞെടുത്ത് വീഡിയോ ക്വാളിറ്റി കൂട്ടാവുന്നതാണ്.)