പൂഞ്ഞാര്‍ : കോട്ടയംകാരോട് , ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേതെന്ന് ചോദിച്ചാല്‍ എല്ലാവരുംതന്നെ ഒന്നു സംശയിക്കും. പൂഞ്ഞാറിനു സമീപം പാതാമ്പുഴയിലെ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടമാണ് അതെന്നുപറഞ്ഞാല്‍ നാട്ടുകാര്‍പോലും ചിലപ്പോള്‍ അമ്പരക്കും. പക്ഷേ, അതാണ് വാസ്തവം. (അവലംബം : 'Unseen Kottayam' എന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ബുക്ക് ലെറ്റ്) കനത്ത മഴക്കാലത്തുമാത്രം തന്റെ യഥാര്‍ത്ഥ ഭാവം പ്രകടമാക്കുന്ന അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം കാണേണ്ട കാഴ്ച്ചതന്നെയാണ്.
ഈരാറ്റുപേട്ടയില്‍നിന്ന് പൂഞ്ഞാറിലെത്തി അവിടെനിന്ന് ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാതാമ്പുഴയെത്താം. കെ.കെ. റോഡില്‍ മുണ്ടക്കയത്തുനിന്ന് പറത്താനം-ചോലത്തടം-മലയിഞ്ചിപ്പാറ വഴിയും പാതാമ്പുഴയിലേയ്ക്കെത്താം. പാതാമ്പുഴ ടൗണില്‍നിന്ന് രണ്ടു കിലോമീറ്ററുണ്ട് അരുവിക്കച്ചാലിലേയ്ക്ക്. ഒന്നര കിലോമീറ്റര്‍വരെ കാറെത്തും. ഇവിടംവരെ കോണ്‍ക്രീറ്റ് ചെയ്ത പാതയാണ്. മൂന്നോ നാലോ വാഹനത്തില്‍ കൂടുതല്‍ ഇവിടെ പാര്‍ക്കുചെയ്യുവാനും സാധിക്കില്ല. തുടര്‍ന്നുള്ള അരക്കിലോമീറ്റര്‍ ജീപ്പ് മാത്രമേ പോകൂ.
ഇവിടെനിന്ന് ഇടത്തേയ്ക്കിറങ്ങിയാല്‍ വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലെത്താം. ഇടവഴിയിലൂടെ മുകളിലേയ്ക്ക് കയറിയാല്‍ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തും എത്താം. പക്ഷേ മുകള്‍ഭാഗത്തേയ്ക്കുള്ള യാത്ര അല്‍പ്പം അപകടം നിറഞ്ഞതാണ്. ചുവട്ടില്‍നിന്നുള്ള ദൃശ്യഭംഗി ഇവിടെ ലഭിക്കുകയുമില്ല. അതിനാല്‍ ചുവട്ടില്‍നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുന്നതാകും ഉചിതം.
ഒരു ചെറിയ അരുവിയിലെ വെള്ളച്ചാട്ടമാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാകും, ഈ കാഴ്ച്ച നേരിട്ടു കാണുമ്പോള്‍. മഴയുള്ള ദിവസമാണ് ഇത്തവണ ഞങ്ങള്‍ ഇവിടെയെത്തിയത്. കുട നിവര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുന്നില്ല... വെള്ളച്ചാട്ടത്തില്‍നിന്ന് ശക്തമായ കാറ്റ്..! ഈര്‍പ്പമടങ്ങിയ ഈ കാറ്റ് വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന എല്ലാവരേയും കുളിപ്പിക്കും. കണ്ണുതുറന്നു പിടിച്ച് ആ വന്യസൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കുവാനും സാധിക്കുന്നില്ല. ഫോട്ടോ എടുക്കുവാന്‍ ക്യാമറ പുറത്തെടുത്താല്‍ അതു നനഞ്ഞു കുതിരും. രണ്ടും കല്‍പ്പിച്ച് മൊബൈല്‍ പുറത്തെടുത്ത് രണ്ടു ഫോട്ടോയെടുത്തു. രണ്ടു സെല്‍ഫിയും.
മങ്ങിയ വെളിച്ചമായതിനാല്‍ ഫോട്ടോ അത്ര ഭംഗിയായില്ല. മാത്രമല്ല ഫോട്ടോയില്‍ വെള്ളച്ചാട്ടത്തിന്റെ ഉയരവും സൗന്ദര്യവും ഒട്ടും വ്യക്തവുമല്ല. ബ്ലോഗിലൂടെ ഈ വിവരങ്ങള്‍ പങ്കുവയ്ക്കുണമെന്ന ചിന്ത മനസില്‍വന്നപ്പോള്‍ ചെറിയ ചില വീഡിയോ ക്ലിപ്പുകള്‍ എടുത്തു. അത് ചേര്‍ത്ത് ഒരു മിനിട്ടുമാത്രമുള്ള വീഡിയോ തയ്യാറാക്കിയത് ചുവടെ നല്‍കുന്നു. ഇതില്‍ കാണുന്നതിനേക്കാള്‍ പതിന്‍മടങ്ങ് സൗന്ദര്യമുണ്ടാകും നേരിട്ടുകാണുമ്പോള്‍ എന്ന ചിന്തയോടെ വീഡിയോ കണ്ടുനോക്കൂ..
ഒരു കാര്യംകൂടി ഓര്‍മ്മിക്കുക. മഴക്കാലത്തുമാത്രമേ ഈ സുന്ദരക്കാഴ്ച്ച ഉണ്ടാകൂ. രണ്ടാഴ്ച്ച നന്നായി വെയില്‍ തെളിഞ്ഞാല്‍ പിന്നെ വരുന്നവര്‍ ചിലപ്പോള്‍ നിരാശരാകേണ്ടിവരും. നല്ല ഒരു മഴ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതാകും ഏറ്റവും ഉചിതം. യാത്രാ സൗകര്യം വര്‍ദ്ധിച്ചാല്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തും, തീര്‍ച്ച..
Great Tony...... I decided to visit this beauty on this onam holidays..
ReplyDelete