Saturday, February 7, 2015

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ 'ഗുരുകുലം 2015'


            ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രത്യേക പഠന പദ്ധതിയായ ഗുരുകുലം 2015-ന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ തുടക്കമായി. എല്ലാ വിഷയങ്ങള്‍ക്കും മികച്ച ഗ്രേഡുകള്‍  കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ കൂടുതല്‍ പഠനസഹായം  ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി ഉയര്‍ന്നവിജയം കരസ്ഥമാക്കുവാന്‍ അവരെ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 
            പേരു സൂചിപ്പിക്കുന്നതുപോലെ, പഴയ ഗുരുകുല സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്നവിധം, ഇനിയുള്ള ദിവസങ്ങളില്‍ അധ്യാപകരും കുട്ടികളും സ്കൂളിനെ വീടാക്കി മാറ്റുകയാണ്. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണത്തോടെയുള്ള പഠന പരിശീലനം ആരംഭിച്ചുകഴിഞ്ഞു. SSLC പരീക്ഷ അടുക്കുമ്പോള്‍ ഇവര്‍ സ്കൂളില്‍ താമസിച്ച് പഠിക്കും. പിന്നെ പരീക്ഷകള്‍ക്ക് ശേഷമാകും ഇവര്‍ തിരികെ വീട്ടിലേയ്ക്ക് പോവുക. ഇത്തവണ SSLC പരീക്ഷ എഴുതുന്ന 142 വിദ്യാര്‍ഥികളില്‍  അറുപത് കുട്ടികളാണ് 'ഗുരുകുലം 2015'-ലൂടെ മികച്ച വിജയത്തിനായി യത്നിക്കുന്നത്. 
            കഴിഞ്ഞ വര്‍ഷം നടത്തിയ ഗുരുകുലം 2014 പദ്ധതിയിലൂടെ സ്കൂള്‍ 100% വിജയവും കുട്ടികള്‍ മികച്ച ഗ്രേഡുകളും കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും ഈ വിജയം ആവര്‍ത്തിക്കുവാനായി ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI -യുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരു മനസ്സോടെ യത്നിക്കുകയാണ്. ഇവര്‍ക്കായി ഏവരും പ്രാര്‍ഥിക്കുമല്ലോ..

No comments:

Post a Comment