Tuesday, April 7, 2015

സഹപാഠിക്ക് സഹായഹസ്തവുമായി സെന്റ് ആന്റണീസിലെ കുട്ടികള്‍..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നടത്തുന്ന 'സഹപാഠിക്കൊരു സഹായഹസ്തം' ശ്രമദാന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി നിര്‍വ്വഹിക്കുന്നു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ തുടങ്ങിയവര്‍ സമീപം..

പൂഞ്ഞാര്‍ : സ്വന്തമായി ഒരു വീട് സ്വപ്നംകണ്ട സഹപാഠിക്ക് സഹായവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഒത്തുകൂടി. പൂഞ്ഞാര്‍ പള്ളികുന്നേല്‍ ക്ഷേത്രത്തിനു സമീപം പഞ്ചായത്തിന്റെ സഹായത്തോടെ പണിയാരംഭിച്ച വീട്ടിലേയ്ക്ക് അരക്കിലോമീറ്ററോളം സാമഗ്രികള്‍ തലച്ചുമടായി കൊണ്ടുപോകേണ്ടിയിരുന്നു. ചുമട്ടുകൂലിയായി വലിയ തുക ചെലവാകുമെന്ന കാരണത്താല്‍ വിഷമിച്ച കൂട്ടുകാരിയുടെ കുടുംബത്തെ സഹായിക്കുവാന്‍ അവധിക്കാല ആഘോഷങ്ങള്‍ മാറ്റിവച്ച് സഹപാഠികളും അധ്യാപകരും രംഗത്തിറങ്ങി.
      വീടുപണിക്കാവശ്യമായ സിമന്റ്കട്ടയും മെറ്റലും മണലുമെല്ലാം കുട്ടികളും അദ്ധ്യാപകരുംചേര്‍ന്ന് ചുമന്ന് സ്ഥലത്തെത്തിച്ചു. തറപണി തീര്‍ന്നപ്പോള്‍ മണ്ണിട്ട് ലെവല്‍ചെയ്തതും ഇവര്‍തന്നെ. ഹൈസ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളും വീടുപണിയില്‍ സഹായിക്കുവാനായി മുന്നിട്ടിറങ്ങിയിരുന്നു. പണിക്കിടയില്‍ കൈമുറിഞ്ഞതും തലയും കാലും വേദനിച്ചതുമൊക്കെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മധുരമുള്ള അനുഭവങ്ങളായി മാറി. 
        പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി ശ്രമദാനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പലദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമദാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.


2 comments: