'ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയാകുമായിരുന്ന കാലത്തും ആഘോഷവേളകളിലും മരണ അറിയിപ്പു ലഭിക്കുമ്പോഴുമൊക്കെ സഹകരിക്കുവാനായി ബന്ധുക്കളും അയല്‍ക്കാരും പരിചയക്കാരും ഓടിയെത്തുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളാണ് ബന്ധങ്ങള്‍ വളര്‍ത്തിയിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ച സമയത്ത് മനുഷ്യര്‍ക്ക് സംസാരിക്കുവാന്‍ പോലും സമയമില്ലെന്നായിരിക്കുന്നത് വൈരുദ്ധ്യമാണ്. '
മെയ് 31, ഞായറാഴ്ച്ചയിലെ ശാലോമിന്റെ എഡിറ്റോറിയലായി വന്നതാണ് ഈ ചിന്തകള്‍. അതിങ്ങനെ തുടരുന്നു.. 'രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം കുറയുമ്പോള്‍ മനുഷ്യമനസ്സുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയാണ്. സാമ്പത്തിക സുരക്ഷിതത്വം, സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന ചിന്താഗതി വളര്‍ത്തുന്നതില്‍ പ്രധാന ഘടകമായിരിക്കുന്നു.'
ദീര്‍ഘമായ ഈ ലേഖനത്തിന്റെ പ്രധാന സന്ദേശം ഇതാണ്.. 'ബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചകള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ വളരും. കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ശീലം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം. അതൊന്നും നഷ്ടമായി കരുതാതെ ജീവിതത്തിന്റെ ഭാഗമായി കാണണം.'
ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.. 'മരണവിവരമറിഞ്ഞ് അകലെയുള്ള ബന്ധുക്കളടക്കം എത്തുന്നത് നമ്മുടെ നാട്ടിലെ പൊതുവായ രീതിയാണ്. ചിലപ്പോള്‍ ആ വ്യക്തി രോഗിയായി കുറേക്കാലം കിടന്നിട്ടായിരിക്കും മരിച്ചത്. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പോലും സന്ദര്‍ശിക്കാത്തവര്‍ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കുവാന്‍ എത്താറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ കാണാനും സംസാരിക്കുവാനും കഴിയുന്നതാണ് എന്നും എല്ലാവര്‍ക്കും സന്തോഷകരം. മരണവിവരം അറിയുവാന്‍ കാത്തുനില്‍ക്കാതെ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ സന്ദര്‍ശിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ഒന്നിനും സമയമില്ലാതെ തിരക്കുപിടിച്ചുള്ള ഓട്ടങ്ങള്‍ നമുക്ക് നേടിത്തരുന്നത് നഷ്ടങ്ങളാണെന്ന തിരിച്ചറിവ് കൈമോശം വരരുത്.'
സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും പൂഞ്ഞാര്‍ സ്വദേശിയുമായ എബി ഇമ്മനുവേല്‍ പൂണ്ടിക്കുളം എഴുതിയ ' പൊതു ഇടങ്ങള്‍ ഇല്ലാതാകുമ്പോള്‍..' എന്ന ലേഖനം ഇതേ ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു് മുന്‍പ് അസീസി മാസികയില്‍ വന്ന പ്രസ്തുത ലേഖനം പൂഞ്ഞാര്‍ ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു. കാലോചിതമായ ആ ലേഖനം ഇവിടെ ഒരിക്കല്‍കൂടി നല്‍കുന്നു..