Friday, June 5, 2015

നാടിന് ആയിരത്തി ഇരുന്നൂറ് മരത്തൈകള്‍ സമ്മാനിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..



          ലോക പരിസ്ഥിതി ദിനത്തില്‍ പൂഞ്ഞാറിലെ വഴിയോരങ്ങളില്‍ നടുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയിരത്തി ഇരുന്നൂറ് മരത്തൈകള്‍ തയ്യാറാക്കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയില്‍ അംഗമായിക്കൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് മുന്നോട്ടുവച്ച ആശയത്തിന്റെ ഫലമായാണ് വഴിവക്കുകളെ മനോഹരമാക്കുന്ന തൈകള്‍ സ്കൂളില്‍ നേഴ്സറി ഒരുക്കി തയ്യാറായത്. പരിസ്ഥിതി സമ്മേളനത്തിനുശേഷം മരത്തൈകളുമായി കുട്ടികള്‍ ടൗണിലേയ്ക്ക് റാലി നടത്തി. തുടര്‍ന്ന് സ്കൂളിനോടു ചേര്‍ന്നുള്ള വഴിവക്കില്‍ ഇവര്‍ തൈകള്‍ നട്ടു. ബാക്കിയുള്ളവ പൂഞ്ഞാറിലെ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറി. 
          കോട്ടയം സമ്പൂര്‍ണ്ണ ശുചിത്വജില്ലയായി മാറുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ നാട്ടില്‍ ഈ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഇവര്‍ പ്ലാസ്റ്റിക് ചലഞ്ച് പ്രഖ്യാപിക്കുന്നു. വീടുകളിലും കടകളിലും ഓഫീസുകളിലും  ആഘോഷവേളകളിലും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പകരുന്നതിനാണ് ഇവര്‍  പ്ലാസ്റ്റിക് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് തുടക്കംകുറിച്ചുകൊണ്ട് സ്കൂളില്‍ ശുചിത്വദീപവും തെളിയിച്ചു. 
          പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ 'സ്വച്ഛ് ഗാവ് യോജന' എന്ന പേരില്‍ ഒരു പദ്ധതി സ്കൂള്‍ ആരംഭിച്ചിരുന്നു. ഗ്രാമപഞ്ചായത്തിന്റെയും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ കാവല്‍മാടം പൂഞ്ഞാര്‍ ഘടകത്തിന്റെയും സഹകരണത്തോടെ നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യമുക്ത പൂഞ്ഞാറിനായി നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 
          സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും  ഗ്രാമസഭകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്കും രക്ഷാകര്‍ത്തൃ സംഘടനയിലെ അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. ഇന്ന് കോട്ടയം ജില്ല മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യമുക്തിക്കായി ശ്രമിച്ചുതുടങ്ങുമ്പോള്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് പ്ലാസ്റ്റിക് ചലഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അധികൃതരുമായി ചേര്‍ന്ന് ഒരു സുന്ദരനാടിനെ സ്വപ്നം കാണുകയാണ്.

No comments:

Post a Comment