Friday, July 31, 2015

കലാം ഇനി ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും..!


പൂഞ്ഞാര്‍ : കത്തിച്ച മെഴുകുതിരികളും പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികളും അധ്യാപകരും അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിച്ച സമയം സ്കൂള്‍ മുഴുവന്‍ മൗനം ആചരിച്ചു. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അധ്യാപകപ്രതിനിധി ദേവസ്യാ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി അലീന ജേക്കബ് എന്നിവര്‍ കലാം അനുസ്മരണ പ്രഭാഷണം നടത്തി. പോസ്റ്ററുകളും അബ്ദുള്‍ കലാമിന്റെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനവും തയ്യാറാക്കിയിരുന്നു. ആദരസൂചകമായി കത്തിച്ച മെഴുകുതിരികളുമായി അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ കുട്ടികള്‍ അണിനിരന്നു. കലാം വിദ്യാര്‍ഥി സമൂഹത്തിന് നല്‍കിയ ഉള്‍ക്കാഴ്ച്ചകളെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസ മത്സരവും അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് നടക്കും. 
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അഭിഷേക് പി.ജെ.വരച്ച ചിത്രം.


Saturday, July 25, 2015

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നല്ലപാഠം പുരസ്ക്കാരം..

മലയാളമനോരമ നല്ലപാഠം പദ്ധതിയില്‍ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനക്കാരായ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സാബു പൂണ്ടിക്കുളം പുരസ്ക്കാരം നല്‍കുന്നു. ടോണി പുതിയാപറമ്പില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ് , പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, ബൈജു ജേക്കബ് എന്നിവര്‍ മുന്‍നിരയില്‍. 

            പൂഞ്ഞാര്‍ : മലയാളമനോരമ നല്ലപാഠം പദ്ധതിയില്‍ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനക്കാരായ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനുള്ള പുരസ്ക്കാരം സമ്മാനിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍  കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ശാസ്ത്രീയമായ പ്രഥമശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതും പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്ക്കരണ പരിപാടിയായ സ്വച്ഛ് ഗാവ് യോജന പ്രോജക്ടിന് നേതൃത്വം നല്‍കിയതുമടക്കമുള്ള നിരവധി പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളാണ് സെന്റ് ആന്റണീസിന് നല്ലപാഠം അവാര്‍ഡ് നേടിക്കൊടുത്തത്. സ്കൂളിലെ ചാവറ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളത്തില്‍നിന്ന്  പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI എന്നിവര്‍ നല്ലപാഠം അവാര്‍ഡും ക്യാഷ് അവാര്‍ഡായ 10,000 രൂപയും ഏറ്റുവാങ്ങി. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ ടോണി പുതിയാപറമ്പില്‍, ബൈജു ജേക്കബ് എന്നിവര്‍ക്ക് 5000 രൂപ വീതമുള്ള ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ സുനീഷ് തോമസ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, July 13, 2015

മൂന്നാറിന് പോയാല്‍ 'വട്ടവട' സന്ദര്‍ശിക്കാന്‍ മറക്കല്ലേ ..!


             മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ മാട്ടുപ്പെട്ടി റൂട്ടില്‍ സഞ്ചരിച്ചാല്‍ സാധാരണ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ റോസ് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ബോട്ടിംഗ് ലാന്‍ഡ്, എക്കോ പോയിന്റ്, കുണ്ടള ഡാം, എല്ലാപ്പെട്ടി എസ്റ്റേറ്റ്, ടോപ് സ്റ്റേഷന്‍ എന്നിവയാണ്. ടോപ് സ്റ്റേഷനിലെത്തി കാഴ്ച്ചയും കണ്ട് മിക്കവരും മടങ്ങും. എന്നാല്‍ അവിടെനിന്ന് കേവലം 7 കിലോമീറ്റര്‍ അകലെ സഞ്ചാരികളെ ഹരംപിടിപ്പിക്കുന്ന മറ്റൊരു സ്ഥലമുണ്ട്, വട്ടവട.
      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍നിന്ന് ഞങ്ങള്‍ അധ്യാപകരുടെ ഒരു ചെറിയ സംഘം വട്ടവട സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണ്. നേരത്തെ ഇവിടം നിരവധിതവണ സന്ദര്‍ശിച്ചിട്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടുള്ള വിശേഷങ്ങള്‍ നേരിട്ടുകാണുവാന്‍ അവസരം ലഭിച്ചപ്പോള്‍ എല്ലാവരും അത് ആവേശത്തോടെ സ്വീകരിച്ചു. വട്ടവട CMI ആശ്രമത്തിലെ വൈദികര്‍  രണ്ടുദിവസം പൂര്‍ണ്ണമായി ഞങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിച്ചത് നന്ദിയോടെ ഓര്‍ക്കുന്നു. ആശ്രമാംഗവും വട്ടവട സ്കൂളിലെ അധ്യാപകനുമായ ബിനു അച്ചന്‍ പറഞ്ഞതും കാണിച്ചുതന്നതുമായ വട്ടവട വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

       മൂന്നാര്‍ ടോപ് സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മുന്നോട്ടുസഞ്ചരിച്ചാല്‍ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റായി. പാമ്പാടുംചോല ദേശീയ വനാതിര്‍ത്തി. അവിടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ വട്ടവടയിലേയ്ക്ക് തുടര്‍ന്നുള്ള 6 കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നത് വിശ്വസിക്കാമെങ്കില്‍ സിംഹം ഒഴികെയുള്ള ഏതു മൃഗങ്ങളെയും ഇവിടെ കണ്ടുമുട്ടാം. ഉച്ചസമയത്ത് ഈ വഴി കടന്നുപോയ ഞങ്ങള്‍ക്ക് മ്ലാവ്, കരിങ്കുരങ്ങ്, മാനുകള്‍, കാട്ടുപോത്ത് , മലയണ്ണാന്‍ തുടങ്ങിയവയെ കാണാന്‍ കഴിഞ്ഞു. വഴിക്കൊരിടത്തും വാഹനം നിര്‍ത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശം ചെക്ക്പോസ്റ്റില്‍നിന്ന് ലഭിച്ചിരുന്നു. വട്ടവട ആശ്രമത്തിലെ ബിനു അച്ചന്‍  പകല്‍സമയം റോഡിനു കുറുകെ പുലിയെ കണ്ടിട്ട് അധികനാളായില്ല. സാധാരണയായി കാട്ടാനകള്‍ രാത്രിമാത്രമേ റോഡിലേയ്ക്ക് ഇറങ്ങിവരാറുള്ളൂ. 

    കാട്ടുപോത്തിന്റെ കൂട്ടമാണ് വനപാതയില്‍  ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട കാഴ്ച്ച.  രാത്രി ഈ വഴിയേ ജീപ്പില്‍ സഞ്ചരിച്ച ഞങ്ങളുടെ മുന്നില്‍ കാട്ടുപോത്തിന്‍ കൂട്ടം..! അവയെ കണ്ട് ആസ്വദിച്ച് സാവധാനം നീങ്ങവേ അതിഷ്ടപ്പെടാത്ത ഒരാള്‍ ഞങ്ങളുടെ വഴി തടഞ്ഞു. അവരുടെ നേതാവ്.. റോഡ് വിലങ്ങിയുള്ള അവന്റെ നില്‍പ്പ് കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു. വീഡിയോയില്‍ കാണുമ്പോള്‍ അത്ര വലുപ്പം തോന്നിക്കുന്നില്ലെങ്കിലും അങ്ങനെയല്ലകേട്ടോ.. നേരില്‍കണ്ട ഞങ്ങള്‍ ഒന്നു പകച്ചു.. അവന്റെ തലയെടുപ്പിനു മുന്നില്‍ തലകുനിച്ച് ജീപ്പ് റിവേഴ്സ് എടുക്കേണ്ടിവന്നു.. ഒരു പേടിയുമില്ലാതെ അവന്‍ വാഹനത്തിനു നേര്‍ക്ക് വരുകയായിരുന്നു.. ഇതിനിടയില്‍ , ജീപ്പിന്റെ വെളിച്ചത്തില്‍ മോട്ടോ ജി 2 ഫോണില്‍ പകര്‍ത്തിയ ചെറിയ വീഡിയോ ദൃശ്യം  അവസാനം നല്‍കിയിട്ടുണ്ട്.    


         മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും വനപാതയിലൂടെയുള്ള യാത്രയും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഇതില്‍ കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ഞങ്ങള്‍ക്ക് നഷ്ടമായി. വിളവെടുപ്പ് കഴിഞ്ഞ് അടുത്ത കൃഷിക്കായി ഒരുങ്ങിക്കിടക്കുന്ന കൃഷിയിടങ്ങള്‍ സന്ദര്‍ശകരെന്ന നിലയില്‍ ഞങ്ങളെ അല്‍പ്പം നിരാശപ്പെടുത്തി. വളര്‍ന്നു തുടങ്ങുന്ന സ്ട്രോബറിത്തോട്ടമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. 

         ശീതകാല പച്ചക്കറികളാണ് ഇവിടുത്തെ പ്രധാന കൃഷി. അതായത് ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, കൂടാതെ നാലുതരം ബീന്‍സുകളും. നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന ബീന്‍സ് ഇവിടെ സെലക്ഷന്‍ ബീന്‍സ് എന്നറിയപ്പെടുന്നു, അരപ്പൊടിബീന്‍സ്, സൊയാബീന്‍സ്, ഗ്രീന്‍ബീന്‍സ് (പട്ടാണി) എന്നിവയാണ് മറ്റുള്ള ഇനങ്ങള്‍. ഒരുകാലത്ത് വട്ടവട വെളുത്തുള്ളിയും വട്ടവട കഞ്ചാവും പ്രസിദ്ധമായിരുന്നത്രേ..! വെളുത്തുള്ളി ചെറുതാണെങ്കിലും നല്ല എരിവുണ്ട്. 

         പക്ഷേ കൃഷികൊണ്ട് ഇന്നാട്ടുകാര്‍ക്ക് വലിയ മെച്ചമൊന്നുമുണ്ടാകുന്നില്ല. ലാഭം മുഴുവന്‍ ഇടനിലക്കാരും തമിഴ് കച്ചവടക്കാരുമാണ് കൊണ്ടുപോകുന്നത്. കൃഷിക്കുമുന്‍പുതന്നെ തമിഴ് കച്ചവടക്കാര്‍ വിത്തും വളവും കീടനാശിനിയും അഡ്വാന്‍സായി നല്‍കും. അതോടെ വിളവെടുപ്പുകഴിയുമ്പോള്‍  അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ നല്‍കാന്‍ കര്‍ഷകര്‍ ബാധ്യസ്ഥരാകുന്നു. ഞങ്ങള്‍ വട്ടവട സന്ദര്‍ശിക്കുന്ന സമയം നാട്ടില്‍ കാരറ്റ് വില നാല്‍പ്പതു രൂപ. വട്ടവടയില്‍ പന്ത്രണ്ടും..! പച്ചക്കറികള്‍ മുഴുവനായിത്തന്നെ തമിഴ്നാട്ടിലേയ്ക്കാണ് പോകുന്നത്.

         ടോപ് സ്റ്റേഷന്‍ തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് എന്നത് കൗതുകകരമാണ്. അതിന് അപ്പുറവും ഇപ്പുറവും കേരളത്തിലുമാണ്. ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത ആലുവാ - മൂന്നാര്‍ പാതയില്‍,  ഉയര്‍ന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു പ്രധാന റെയില്‍വേ സ്റ്റേഷനായിരുന്നതിനാലാണ് ടോപ് സ്റ്റേഷന് ആ പേര് ലഭിച്ചത്. ഭൂതത്താന്‍കെട്ട് - മാങ്കുളം - ലക്ഷ്മി എസ്റ്റേറ്റുവഴി മൂന്നാറിലെത്തുന്ന പാതയില്‍ തുടര്‍ന്ന് മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിരുന്നത്. ടോപ് സ്റ്റേഷനില്‍നിന്ന് റോപ് വേ വഴി സാധനങ്ങള്‍ തേനിയിലെത്തിച്ച് അവിടെനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കല്‍ക്കട്ടയില്‍ എത്തിക്കുകയായിരുന്നു പതിവ്. 1924-ലെ വെള്ളപ്പൊക്കത്തില്‍ പഴയ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍  നശിക്കുകയും മൂന്നാര്‍ പാത പൂര്‍ണ്ണമായി തകരുകയും ചെയ്തതോടെയാണ് നേര്യമംഗലം - അടിമാലി - മൂന്നാര്‍ പാത രൂപപ്പെട്ടത്. 2008-ലാണ് മൂന്നാര്‍-കോവിലൂര്‍ റോഡ് പണിതീര്‍ന്നത്. ഇവിടെനിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊടൈക്കനാല്‍. ഭാവിയില്‍ വികസിച്ചുവരാവുന്ന ഒരു പാതയാണിത്. 

         സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിന്റെയോ മാട്ടുപ്പെട്ടിയുടെയോ പച്ചപുതച്ച സൗന്ദര്യം ഇവിടെ പ്രതീക്ഷിക്കരുത്. മൂന്നാര്‍ ടോപ് സ്റ്റേഷനില്‍നിന്ന് ഏഴുകിലോമീറ്റര്‍ ദൂരം മാത്രമേ വട്ടവടയ്ക്കുള്ളൂ. കോവിലൂര്‍, കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, പഴത്തോട്ട് എന്നീ വില്ലേജുകള്‍  കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, വത്സപ്പെട്ടി, മേലേവത്സപ്പെട്ടി, പരിശപ്പെട്ടി എന്നീ അഞ്ച് ആദിവാസി കോളനികളും വട്ടവടക്കു സമീപം സ്ഥിതി  ചെയ്യുന്നു.  നാനൂറു വര്‍ഷം മുന്‍പ്, ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്. നാട്ടില്‍ പോകുന്നു എന്നുപറഞ്ഞാല്‍ തമിഴ്നാടാണ് ഇവര്‍ അര്‍ഥമാക്കുന്നത്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. 

       ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. വില്ലേജുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. എതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഹോട്ടലുകളിലും മറ്റും അത്തരക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാസത്തില്‍ ഒരു ആത്മഹത്യ ഇവിടെ സര്‍വ്വസാധാരണമാണ്. മദ്യപാനവും സാമ്പത്തിക പരാധീനതയും കുടുംബപ്രശ്നങ്ങളുമൊക്കെ ഇതിനു കാരണമായി പറയപ്പെടുന്നു. സ്വോഭാവിക മരണമാണെങ്കില് മാത്രമേ മൃതദ്ദേഹം അടക്കം ചെയ്യൂ. അല്ലാത്തവ ദഹിപ്പിക്കും. പ്രായപൂര്‍ത്തിയായാല്‍  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വീടുകളുല്‍നിന്ന് മാറ്റി പ്രത്യേക സത്രങ്ങളിലാണ് താമസിപ്പിക്കുക. വിവാഹശേഷമേ അവര്‍ക്ക് വീടുകളില്‍ താമസിക്കാനാകൂ. വില്ലേജുകളിലെ വീടുകളുടെ നിര്‍മ്മാണരീതിയും വ്യത്യസ്തമാണ്. കമ്പുപാകി മണ്ണുപൊത്തി മെഴുകിയെടുക്കുന്ന ഭിത്തികള്‍ വട്ടവടയിലെ കഠിനമായ തണുപ്പിനെ ഒരു പരിധിവരെ പ്രതിരോധിക്കും. 
         ഒക്ടോബര്‍ മതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സീസണ്‍. വട്ടവട, കോവിലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റിസോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 2500 മുതല്‍ 3000 രൂപവരെയാണ് സാധാരണ ദിവസനിരക്ക്. പഴത്തോട്ട് ഒരു സ്റ്റാര്‍ ഹോട്ടലുമുണ്ട്. താമസിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇനി മൂന്നാറിന് പോയാല്‍ വട്ടവട സന്ദര്‍ശിക്കാന്‍ മറക്കല്ലേ..!
ടോപ് സ്റ്റേഷന്‍ - വട്ടവട റൂട്ടില്‍ കാട്ടുപോത്ത് ജീപ്പ് തടയുന്ന ദൃശ്യം..

Thursday, July 2, 2015

യോഗാ പരിശീലനം..

            അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ക്കായി നടത്തിയ പരിശീലന ക്ലാസ് ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI  നയിച്ചു. ഹയര്‍ സെക്കന്‍ഡറി NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗാ പരിശീലനത്തില്‍ ശ്രീ. ആന്റോ ആന്റണി (യോഗ സ്ഥല്‍, പൂഞ്ഞാര്‍) ക്ലാസെടുത്തു.

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ വിജയദിനാഘോഷം..

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയദിനാഘോഷം ജൂണ്‍  18,വ്യാഴാഴ്ച്ച നടന്നു. രാവിലെ 10.30 ന് സ്കൂളിലെ ചാവറ ഹാളില്‍ ചേര്‍ന്ന സമ്മേളനം അഡ്വ.ജോയി എബ്രാഹം എം.പി. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ പതിമൂന്ന് വിദ്യാര്‍ഥികളെയും എണ്‍പതുശതമാനത്തിനു മുകളില്‍ മാര്‍ക്കുവാങ്ങിയ നൂറ്റിപ്പത്തൊന്‍പത് കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം സി.എം.ഐ., പഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ എം.കെ., പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര സി.എം.ഐ., പി.റ്റി.എ. പ്രസിഡന്റ് ശശിധരന്‍ വി.എസ്., സ്റ്റാഫ് സെക്രട്ടറി തോമസ് മാത്യു പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. 
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ..