പൂഞ്ഞാര്‍ : വഴിയരികില്‍ യാദൃശ്ചികമായി വീണുപോയ ഒരു മൊബൈല്‍ ഫോണ്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതരുന്ന കണ്ണാടിയായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' എന്ന കൊച്ചുചിത്രം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിംഗ് നടന്നുകൊണ്ടിരിക്കെ, ഒരു കൊച്ചുകുട്ടിയുടെ കൈയില്‍നിന്ന് അത് യാദൃശ്ചികമായി താഴെ പോകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിവക്കില്‍ വീണുകിടക്കുന്ന ഈ മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളാണ് നാലരമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഫാളന്‍ ക്യാം നമുക്ക് കാണിച്ചുതരുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വഴിയോരങ്ങള്‍ മലിനമാക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും പങ്കാളികളാകുന്നുണ്ടോ എന്ന ചോദ്യം ചിത്രം ഉയര്‍ത്തുന്നു. മുതിര്‍ന്നവരുടെ കാപട്യവും ശൈശവത്തിന്റെ നിഷ്കളങ്കതയും ചര്‍ച്ചക്ക് വിഷയമാക്കിയാണ് ചിത്രം അവസാനിക്കുന്നത്. നിലത്തുവീണുകിടക്കുന്ന മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളായതിനാല്‍ മുഖഭാവങ്ങളേക്കാള് അഭിനേതാക്കളുടെ സ്വരവും കരങ്ങളുടെയും പാദങ്ങളുടെയും ചലനങ്ങളുമാണ് ഫാളന്‍ ക്യാമിനെ സജീവമാക്കുന്നത്. മോട്ടോ ജി ഫോണിന്റെ എട്ടു മെഗാപിക്സല്‍ ക്യാമറയിലാണ് ചിത്രീകരണം നടത്തിയത്. ഈ ഫോണില്‍തന്നെ തത്സമയ ശബ്ദലേഖനവും നടത്തിയിരിക്കുന്നു.
സ്കൂളിലെ അധ്യാപകനും അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ ടോണി പുതിയാപറമ്പിലിന്റേതാണ് ഹ്രസ്വചിത്രത്തിന്റെ ആശയവും ആവിഷ്ക്കാരവും. അന്റോണിയന്‍ ക്ലബ് അംഗങ്ങളെകൂടാതെ രണ്ടു കൊച്ചുകുട്ടികളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യു ചിത്രത്തിന്റെ ഡി.വി.ഡി. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI മുഖ്യപ്രഭാഷണം നടത്തി.
നന്നായിട്ടുണ്ട് സർ...
ReplyDeleteTonysir congratssssssss
ReplyDelete