Thursday, May 5, 2016

പൂഞ്ഞാറിലെ കുട്ടികളുടെ ഷോര്‍ട്ട് ഫിലിം ദൂരദര്‍ശന്‍ റിയാലിറ്റി ഷോയുടെ ഫൈനലില്‍..


       
      ദൂരദര്‍ശനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോയുടെ ഫൈനലിലേയ്ക്ക്  പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് ഒരുക്കിയ ' ദി ഫാളന്‍ ക്യാം ' തെരഞ്ഞെടുക്കപ്പെട്ടു. ' Think Clean' എന്ന ഈ റിയാലിറ്റി ഷോയില്‍ , 5 മിനിട്ട് ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഫാളന്‍ ക്യാമിന് എന്‍ട്രി ലഭിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ഷോര്‍ട്ട് ഫിലിമുകളില്‍നിന്ന് ഈ ഫിലിം ഫൈനല്‍ റൗണ്ടിലെത്തി എന്നതുതന്നെ ഒരു വലിയ അംഗീകാരമാണ്. സിനിമ - സീരിയല്‍ രംഗത്തുള്ളവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവയുള്‍പ്പെടെയുള്ള നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കിടയില്‍ , വെറുമൊരു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഫാളന്‍ ക്യാമിന് ഇത്രയുമെത്താന്‍ സാധിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. 
          തിരുവനന്തപുരത്ത് , കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍നടന്ന സ്റ്റുഡിയോ ഷൂട്ടില്‍ പങ്കെടുക്കുവാനും പ്രഗത്ഭരായ ജഡ്ജസ്സുമായി സംവദിക്കുവാനും അവസരം ലഭിച്ചത് അവിസ്മരണീയ അനുഭവമായി ഇവര്‍ പറഞ്ഞു. പ്രശസ്ത സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ശ്രീ. കെ. ആര്‍. മോഹനന്‍, ലോകപ്രശസ്ത ആര്‍ക്കിറ്റെക് പദ്മശ്രീ ജി. ശങ്കര്‍, ശുചിത്വമിഷന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ, പരിസ്ഥിതി പ്രവര്‍ത്തകയും എര്‍ണാകുളം സെന്റ് തെരേസാസ് കോളേജ് എക്കണോമിക്സ് വിഭാഗം ഹെഡ്ഡുമായ ഡോ. നിര്‍മ്മല പദ്മനാഭന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഫിലിമിനൊപ്പം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും അന്റോണിയന്‍ ക്ലബ്ബും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും ഇവര്‍ വിലയിരുത്തുകയും , 'പുഴയോരം മുളയോരം' , 'സ്വച്ഛ് ഗാവ് യോജന' , പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രോജക്ടുകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
        'Think Clean' ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോ ജൂണ്‍മാസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു എപ്പിസോഡില്‍  'ഫാളന്‍ ക്യാമും' ഉണ്ടാകും. സെന്റ് ആന്റണീസ് സ്കൂളിനെയും പൂഞ്ഞാര്‍ ഗ്രാമത്തെയും പ്രതിനിധീകരിച്ച് ഒരു TV ഷോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഇങ്ങനെ പറയുന്നു -  നാലര മിനിട്ടുമാത്രമുള്ള ഒരു കൊച്ചു ഷോര്‍ട്ട് ഫിലിമാണ് ഇത്. പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. Moto G2 ഫോണാണ് ഷൂട്ടിംഗിന് ഉപയോഗിച്ചത്. അഭിനയിക്കുന്നവരുടെ മുഖങ്ങളേക്കാള്‍ കൈ-കാലുകളുടെ ചലനങ്ങളിലൂടെയും ചില ശബ്ദങ്ങളിലൂടെയുമാണ് ആശയവിനിമയം നടക്കുന്നത്.  തൊണ്ണൂറു ശതമാനം ശബ്ദവും ലൈവായി ഷൂട്ടിംഗ് സമയത്തുതന്നെ റിക്കോഡ് ചെയ്യപ്പെട്ടതാണ്. മൂന്ന് ആണിയടിച്ച ഒരു തടിക്കഷണമായിരുന്നു റോഡ് വക്കില്‍ നിലത്തുചേര്‍ന്നിരിക്കുന്ന ക്യാമറാ സ്റ്റാന്റ്.  എഡിറ്റിംഗിനു മാത്രമാണ് ഒരു സാങ്കേതിക വിദഗ്ധന്റെ സഹായം തേടിയത്. ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും നിര്‍വ്വഹിച്ചത് സ്കൂളിലെ അധ്യാപകനായ ടോണി പുതിയാപറമ്പിലാണ്.  മറ്റു പ്രവര്‍ത്തനങ്ങളെല്ലാം അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എട്ടാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. 


        ഫാളന്‍ ക്യാമിന്റെ കഥാസാരം ഇങ്ങനെ : കാറിലിരുന്ന്, രക്ഷിതാവിന്റെ മൊബൈലെടുത്ത് വീഡിയോ ഷൂട്ടിംഗ് നടത്തുന്ന ഒരു കൊച്ചു കുട്ടിയില്‍നിന്നാണ് ഫിലിം ആരംഭിക്കുന്നത്.  അവളുടെ കൈയില്‍നിന്ന് ഫോണ്‍ താഴെ പോകുന്നതോടെ കഥ മാറുന്നു. ക്യാമറ താഴെപ്പോയത് വിളിച്ചുപറയുന്ന കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. വഴിയരികില്‍ പുല്ലുകള്‍ക്കിടയില്‍ മൊബൈല്‍ മറഞ്ഞുകിടക്കുന്നത് ആരും അറിയുന്നുമില്ല. ഈ സമയം, വഴിവക്കില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വേസ്റ്റുകള്‍ വലിച്ചെറിയപ്പെടുന്നതും മറ്റുരീതികളില്‍ പൊതുസ്ഥലങ്ങള്‍ മലിനമാക്കപ്പെടുന്നതും യാദൃശ്ചികമായി ക്യാമറയില്‍ പതിയുന്നു. അല്‍പ്പസമയത്തിനു ശേഷം  ക്യാമറ തിരഞ്ഞെത്തുന്ന ഉടമസ്ഥന്‍ വേസ്റ്റുകള്‍ക്കിടയില്‍നിന്ന് അത് കണ്ടെടുക്കുന്നു. 
        ആളുകള്‍ വഴിവക്കില്‍ വേസ്റ്റ് നിക്ഷേപിക്കുന്നതിനെ കുറ്റംപറയുന്ന അയാള്‍ ക്യാമറയില്‍പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് ചില സത്യങ്ങള്‍ തിരിച്ചറിയുന്നത്. അങ്ങനെ, താഴെവീണ ക്യാമറ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന ഒരു ദര്‍പ്പണമായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' പറയുന്നത്. കഥ അവിടെയും തീരില്ല. അബധം പറ്റിയതാണെങ്കിലും ലഭിച്ച വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയുടെ ഉടമസ്ഥന്‍ ഒരു കൊച്ചു സിനിമയാക്കിമാറ്റുന്നു. 'ശരിക്കും ഫോണ്‍ താഴെ പോയതുപോലെ തന്നെ ഷൂട്ടുചെയ്തല്ലോ' എന്നുപറഞ്ഞ് അഭിനന്ദിക്കുന്ന സുഹൃത്തുക്കളുടെ അടുത്ത് വീണതുവിദ്യയാക്കുന്ന മനുഷ്യനെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ കൊച്ചുകുട്ടി സത്യം വിളിച്ചുപറയുമ്പോള്‍ ശൈശവത്തിന്റെ നിഷ്കളങ്കതയും അവിടെ പ്രകടമാകുന്നു.
        മത്സരഫലം പ്രഖ്യാപിച്ചതിനുശേഷം യൂ ട്യൂബിലും ഫേസ് ബുക്കിലും ഫാളന്‍ ക്യാം അപ് ലോഡ് ചെയ്യുന്നതാണ്..


2 comments: