Wednesday, June 10, 2020

പൂഞ്ഞാറിലെ കുരുന്നുകളുടെ പരിസ്ഥിതി-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടുന്നു..


        പൂഞ്ഞാര്‍ : മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദേശീയ പുരസ്കാരത്തിനായി കേരളത്തില്‍നിന്ന് നോമിനേഷന്‍ ലഭിച്ച ഏക ജലശ്രീ ക്ലബ്ബ്‍ എന്ന ബഹുമതി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന് ലഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അന്റോണിയന്‍ ക്ലബ്ബിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ‘ഉറവകള്‍ക്കായ്’ എന്നപേരില്‍ ക്ലബ്ബ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം, സംസ്ഥാനത്തെ മികച്ച ജലസംരക്ഷണ ഡോക്യുമെന്ററികളില്‍ ഒന്നായും തെരഞ്ഞെടുക്കപ്പെട്ടു.
        നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മീനച്ചിലാര്‍ ശുചീകരണം, പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രദേശത്തു നടത്തിയ കുടിവെള്ള ശുദ്ധതാ പരിശോധന, ഓണ്‍ലൈന്‍ ബ്ലോഗ് പ്രവര്‍ത്തനം, ഹ്രസ്വചിത്രങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി നടത്തിയ നിരവധി മത്സരങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍, മഴക്കുഴി നിര്‍മ്മാണം, സെമിനാറുകള്‍, റാലികള്‍, കൈയെഴുത്ത് മാസിക നിര്‍മ്മാണം,  ജലശ്രീ കോര്‍ണര്‍ തുടങ്ങിയവയിലൂടെ കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും ജലസംരക്ഷണ സന്ദേശം എത്തിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിരുന്നു.
        സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ വില്‍സണ്‍ ഫിലിപ്പ്, ജോസ് ജോര്‍ജ്ജ്, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ജോബിന്‍ കുരുവിള, റോസിലിന്‍ ജോസഫ്, മരീന അബ്രാഹം തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.
 


 
മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദേശീയ പുരസ്കാരത്തിനായി കേരളത്തില്‍നിന്ന് നോമിനേഷന്‍ ലഭിച്ച ഏക ജലശ്രീ ക്ലബ്ബ്‍ എന്ന ബഹുമതി നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ജോബിന്‍ കുരുവിള, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., ജോസ് ജോര്‍ജ്ജ്, ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., മരീന അബ്രാഹം എന്നിവര്‍ക്കൊപ്പം.

No comments:

Post a Comment