Monday, September 29, 2014

കൈയെത്തും ദൂരത്ത് കാട്ടാനക്കൂട്ടത്തെ പകല്‍ കാണാം ..! അടിമാലിക്കും മൂന്നാറിനും ഇടയില്‍ ..!

           
ആനക്കുളത്ത്  വൈകുന്നേരം അഞ്ചുമണിയ്ക്കിറങ്ങിയ ആനക്കൂട്ടം.

           ആനക്കുളം : ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ച സ്ഥലങ്ങളിലൊന്ന്... 1877-ല്‍ ഇതിനായി പൂഞ്ഞാര്‍ രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ മാങ്കുളവും ആനക്കുളവും ഉള്‍പ്പെട്ടിരുന്നു. 1924 വരെ മൂന്നാറിനുള്ള വഴി മാങ്കുളംകൂടിയായിരുന്നു. അവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആനക്കുളം , പൂയംകുട്ടി-മലയാറ്റൂര്‍ പ്രദേശങ്ങളിലെ ആനകളെല്ലാം വെള്ളം കുടിക്കുവാനെത്തുന്ന സ്ഥലമായിരുന്നു. ഇന്നും അങ്ങിനെതന്നെ. 
         അടിമാലി-മൂന്നാര്‍ റൂട്ടില്‍ കല്ലാറില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഗ്രാമം ടൂറിസം മാപ്പില്‍ ശ്രദ്ധേയമായി തുടങ്ങുന്നതേയുള്ളു.. ആദ്യ 17 കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും നടുവിലൂടെയുള്ള ടാര്‍ റോഡ്. മാങ്കുളമെത്തിയാല്‍ തുടര്‍ന്നുള്ള 8 കിലോമീറ്റര്‍ വനമധ്യത്തിലൂടെയുള്ള ദുര്‍ഘട വഴി. ഫോര്‍ വീല്‍ ഡ്രൈവിംഗ് മാത്രം സാധ്യമായ  ഈ വഴിത്താരയിലൂടെയുള്ള  യാത്രയാണ് സഞ്ചാരികളെ ഏറെ ഹരം കൊള്ളിക്കുന്ന ആനക്കുളം വിശേഷങ്ങളിലൊന്ന് . ഇപ്പോള്‍ റോഡ് പണി നടന്നുവരുകയാണ്. ഞങ്ങള്‍ കാറില്‍ ഇവിടെയെത്തിയെങ്കിലും മഴ പെയ്തതോടെ തിരിച്ചുള്ള യാത്ര ദുഷ്കരമായിരുന്നു. അടുത്ത വേനലവധിയോടെ ഈ വഴി പൂര്‍ണ്ണമായും ഗതാഗത യോഗ്യമായേക്കും. 
        ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍   എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്. ആറിന്റെ ഒരു പ്രത്യേക ഭാഗത്ത് കുമിളകള്‍ ഉയരുന്നത് നമുക്ക് കാണാം. കുളിക്കുന്നത് എവിടെയാണെങ്കിലും , വെള്ളം കുടിക്കുവാന്‍ ആനകള്‍ ഇവിടെ എത്തുന്നു. ആനകള്‍ ഇഷ്ടപ്പെടുന്ന എന്തോ പ്രത്യേക സ്വാദ് , 'ആന ഓര് ' എന്നറിയപ്പെടുന്ന ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നമ്മള്‍ കുടിച്ചുനോക്കിയാല്‍ രുചി വ്യത്യാസം അറിയാനില്ലതാനും.         
         പലപ്രാവിശ്യം ആനക്കുളം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ അറിയുവാനും കാണുവാനും സാധിച്ച വിശേഷങ്ങള്‍ നിരവധി. മുഴുവന്‍ എഴുതാന്‍ പോയാല്‍ അത് ദീര്‍ഘമാകും എന്നതിനാല്‍ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും  ഈ വിശേഷങ്ങള്‍ ചുവടെയുള്ള വീഡിയോയ്ക്കുശേഷം നല്‍കിയിരിക്കുന്നു.
       ആനക്കുളത്തിന്റെ ചരിത്രമറിയാന്‍ ചുവടെ ക്ലിക്ക് ചെയ്യുക..

ആനക്കുളത്ത് പകല്‍ സമയം ആനകള്‍ എത്തുന്നതിന്റെ ചെറിയ വീഡിയോ ദൃശ്യവും ചുവടെ ചേര്‍ക്കുന്നു. ആറിന്റെ തീരത്ത് വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ കാട്ടാനകള്‍ തൊട്ടടുത്തുവരുമ്പോളാണ് അവിടെനിന്ന് മാറുന്നത് എന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചതന്നെ..

ആനക്കൂട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങളും മറ്റ് ആനക്കുളം വിശേഷങ്ങളും ചുവടെ നല്‍കിയിരിക്കുന്നു..
            





മാങ്കുളം - ആനക്കുളം ജീപ്പ് യാത്ര. വലിയ പാറകളില്‍ കയറുമ്പോള്‍ മുന്‍വശം ഉയര്‍ന്ന് മറിയാതിരിക്കാന്‍ ജീപ്പിന്റെ ബോണറ്റില്‍ ആളെ കയറ്റി ഇരുത്തിയിരിക്കുന്നു.

വേനലില്‍ വറ്റിയ പുഴയും അക്കരെ നിബിഢ വനവും..(മലയാറ്റൂര്‍ ഡിവിഷന്‍ , കുട്ടംപുഴ റേഞ്ച്)


ആന ഓരിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള റേഞ്ച് ഓഫീസറുടെ അറിയിപ്പ്...

ആനകള്‍ സ്ഥിരമായി എത്തുന്ന പുഴയോരം..

പുഴയുടെ നടുക്കായുള്ള ആന ഓര് ചൂണ്ടിക്കാണിക്കുന്നു.. വേനലായതിനാല്‍ പുഴ വറ്റിയ നിലയിലാണ്..


ഉച്ചകഴിഞ്ഞ് നാലുമണിക്ക് എടുത്ത ചിത്രം.. മുതുകിലായി  മുറിവേറ്റിരിക്കുന്ന ഈ പിടിയാന കൂട്ടത്തില്‍ ചേരാതെ നടക്കുകയാണ്. സ്ഥിരമായി ഇവിടെ വെള്ളം കുടിക്കുവാന്‍ എത്താറുമുണ്ട്..

ഓരില്‍നിന്ന്  തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന പിടിയാന..

രാത്രി ഒന്‍പതുമണിക്ക് ജീപ്പിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ എടുത്ത ചിത്രം.. ഏഴ് ആനകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്..


പുഴയുടെ തീരത്ത് നിശ്ചിത അകലത്തില്‍ ക്രമീകരിച്ചിരിക്കുന്ന ആന-മുന്നറിയിപ്പ് സംവിധാനം.. പുഴ കടന്ന് കൃഷിയിടത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ ആനകള്‍ ശ്രമിക്കുമ്പോള്‍ വലിച്ചുനിര്‍ത്തിയിരിക്കുന്ന കമ്പിയില്‍ തട്ടി വലിയ തടിക്കക്ഷണങ്ങള്‍ മറിഞ്ഞുവീഴുകയും ചുവട്ടില്‍ വച്ചിരിക്കുന്ന പടക്കം പൊട്ടുകയും ചെയ്യും..

പ്ലാസ്റ്റിക്ക് കൂട്ടില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന പടക്കം തടിക്കക്ഷണത്തിന്റെ ചുവട്ടിലായി കാണാം..

സഞ്ചാരികളെയും കാത്ത് ഈ രീതിയിലുള്ള ചില റിസോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു.. ഞങ്ങള്‍ ഇവിടെ തമ്പടിച്ചിരുന്ന ദിവസം രാത്രിയില്‍ ഒന്‍പത് ആനകളുടെ കൂട്ടം ഈ റിസോട്ടിനു താഴെ എത്തിയിരുന്നു..

ആനകളെ അടുത്ത് കാണുന്നതിനായി പാറയുടെ മുകളില്‍ ഇത്തരം മുള വീടുകളും തയ്യാറാക്കിയിട്ടുണ്ട്..

മഴ പെയ്താല്‍ ഇത്തരം ഉപ്പു കിഴികളില്ലാതെ പുറത്തിറങ്ങാനാകില്ല.. ചോര ഊറ്റിക്കുടിക്കുന്ന തോട്ടപ്പുഴുക്കള്‍ പാദം പൊതിയും..

സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വൈദ്യുതി എത്തുന്നതിനു മുന്‍പ് ആ കടമ നിറവേറ്റിയത് ആനക്കുളത്തെ മുന്‍ പഞ്ചായത്തംഗമായ  ജോളിയാണ്.. വെള്ളച്ചാട്ടത്തില്‍നിന്ന് വലിയ പൈപ്പുകളിലൂടെ ജലമെത്തിച്ച് വൈദ്യുതി ഉത്പ്പാദിപ്പിച്ച ഈ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇദ്ദേഹത്തിനായിരുന്നു..

കോഴിവിളക്കുത്ത്.. വൈദ്യുത പദ്ധതിക്കാവശ്യമായ ജലം എത്തിച്ചത് ഇവിടെനിന്ന്..

വല്യപാറക്കുട്ടി ആറും ചപ്പാത്തും.. പുറകില്‍ കാണുന്ന വനത്തില്‍കൂടിയാണ് ആനക്കുളത്തേയ്ക്കുള്ള വഴി കടന്നുവരുന്നത്..

വല്യപാറക്കുട്ടി ആറിലെ ചപ്പാത്ത് കടന്ന് വഴി വിണ്ടും മുന്നോട്ട്..

ജീപ്പ് ഇപ്പോള്‍ കടന്നു പോകുന്നത് വറ്റിവരണ്ട ആറിന്റെ മധ്യത്തിലൂടെയാണ്.. വല്യപാറക്കുട്ടിയുടെ കൈവഴിയാണിത്..

ആനക്കുളത്തിനുള്ള വഴിയിലെ അടുത്ത സുന്ദരക്കാഴ്ച്ച - പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം..

കുരിശുപള്ളിയായി  ഒരു ഗുഹ...


ഗുഹക്കുള്ളിലേയ്ക്ക് കടന്നാല്‍ ഏറ്റവും ഉള്ളില്‍ ഒരാള്‍ക്ക് സ്വസ്ഥമായി ഇരിക്കാം.. ചില വര്‍ഷങ്ങളില്‍ വലിയ ആഴ്ച്ചകളിലെ കുരിശിന്റെ വഴി ഇവിടേയ്ക്ക് നടത്താറുണ്ട്..

എല്ലാത്തരം വാഹനങ്ങളും കടന്നുപോകുന്ന ഈ പാലം യഥാര്‍ഥത്തില്‍ തടികൊണ്ട് നിര്‍മ്മിച്ചതാണ്.. തടിയുടെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു..

ആറാം മൈല്‍ തൂക്കുപാലം.. സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാഴ്ച്ച..

പഴക്കമുണ്ടെങ്കിലും തൂക്കുപാലം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്..

മാങ്കുളം - ആനക്കുളം വഴിയിലെ തേയിലത്തോട്ടങ്ങള്‍ നയനമനോഹരമായ കാഴ്ച്ചയാണ്..

ഈ വഴിയെ യാത്ര ചെയ്യുന്നവര്‍ തേയിലത്തോട്ടങ്ങളുടെ മുന്‍പിലായി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മറക്കാറില്ല..

 ജീപ്പ് യാത്രയുടെ മറ്റൊരു ദൃശ്യം..

ആനക്കുളം സെന്റ് ജോസഫ്സ് ഇടവക ദൈവാലയം.. ഇവിടെ എത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാ സൗകര്യങ്ങളുമുണ്ട്. സ്കൂള്‍ , പോസ്റ്റ് ഓഫീസ് , കടകള്‍ .. എല്ലാം..


സുന്ദരമീക്കാഴ്ച്ച....

ഹരം പകരുന്ന ഈ യാത്ര അധികനാളുണ്ടാകില്ല.. നബാര്‍ഡില്‍നിന്ന് 10 കോടി 35 ലക്ഷം രൂപ റോഡിനായി അനുവദിച്ചിട്ടുണ്ട്.. ആനക്കുളം നിവാസികള്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത..

ആനക്കുളത്ത് കക്കൂസ് ടാങ്കില്‍ വീണ ആനയെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യം ചുവടെ ചേര്‍ക്കുന്നു.

     
          
        N.B:    മൂന്നാറിന് അടുത്തെങ്കിലും കാലാവസ്ഥ പാടേ വ്യത്യാസമാണ് ഇവിടെ.. പാലാ പ്രദേശത്തെ അതേ കാലാവസ്ഥ. അടിമാലിയില്‍നിന്ന് മാങ്കുളം വരെ ബസ് സര്‍വ്വീസുണ്ട്. തുടര്‍ന്നുള്ള 8 കിലോമീറ്ററിന് ജീപ്പിനെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. ഇതെല്ലാം കണ്ട് ആരെങ്കിലും ആനക്കുളം സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍  താമസവും ഭക്ഷണവും സഹിതം സൗകര്യങ്ങള്‍ തയ്യാര്‍.. 
ഫോണ്‍ : 8281553091 (Tobin),  9446197670 , 04864 218033 (Prince)                                                                                    

4 comments:

  1. Nice article.
    One suggestion : It is good to have watermark on all the images if these images are taken by you, otherwise the post and images may get copied into other sites or blogs.

    ReplyDelete
  2. thakarthittundu..!!!!!!!

    ReplyDelete
  3. Can i repost this article with your name in my page ??
    Pls reply ...

    ReplyDelete