Monday, May 20, 2013

റബ്ബര്‍ മേഖലയിലെ മുപ്ലിവണ്ടിനെ നിയന്ത്രിക്കാം ..



             റബര്‍ മേഖലകളിലെ മുപ്ലിവണ്ടിന്റെ ശല്യം അതനുഭവിച്ചിട്ടുള്ളവര്‍ക്കുമാത്രമേ മനസിലാകൂ. ശല്യം രൂക്ഷമാകുന്ന സമയങ്ങളില്‍ വണ്ടിനെപ്പേടിച്ച് ആഴ്ച്ചകളോളം വീട്ടില്‍നിന്ന് മാറിത്താമസിക്കുന്നവര്‍വരെയുണ്ട്. യാദൃശ്ചികമായാണ് ഇതിനേക്കുറിച്ചുള്ള ഒരു ലേഖനം  മാതൃഭൂമി ഓണ്‍ലൈനില്‍ കണ്ടത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് സുവോളജി വകുപ്പിലെ അശ്വതി പി.യും സാബു കെ. തോമസും ചേര്‍ന്ന് തയ്യാറാക്കിയ ഈ ലേഖനം , മുപ്ലിവണ്ട് പ്രശ്നത്തിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. പൂഞ്ഞാറും പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉപകാരപ്രദമെന്നു തോന്നിയ ഈ വിവരങ്ങള്‍ ചുവടെ ഷെയര്‍ ചെയ്തിരിക്കുന്നു.
               

വേനല്‍മഴയ്ക്കുശേഷം റബ്ബര്‍ത്തോട്ട മേഖലകളിലെ വീടുകളില്‍ വന്‍ ശല്യമായിമാറുന്ന വണ്ടുകളാണ് മുപ്ലിവണ്ട്. വേനല്‍മഴ പെയ്യാതിരിക്കുകയും കാലവര്‍ഷം താമസിക്കുകയും ചെയ്യുന്ന വര്‍ഷങ്ങളില്‍ ഇവയുടെ ശല്യം കൂടുതലായിരിക്കും.

ഓലപ്പുരകളിലെ മേഞ്ഞ ഓലകള്‍ക്കിടയിലും ഓടുപാകിയ കെട്ടിടങ്ങളുടെ കഴുക്കോലുകള്‍ക്കിടയിലും തട്ടിന്‍പുറങ്ങളിലുമുള്ള സ്ഥിരസാന്നിധ്യംകൊണ്ട് വടക്കന്‍ കേരളത്തില്‍ ഇവ ഓലപ്രാണി, ഓടുവണ്ട്, ഓലച്ചാത്തന്‍, ഓട്ടെരുമ എന്നിങ്ങനെ അറിയപ്പെടുന്നു. 1970-കളില്‍ മധ്യകേരളത്തിലെ മൂപ്ല്യം എന്ന പ്രദേശത്ത് ആദ്യമായി കാണപ്പെട്ടതിനാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ ഇവ മുപ്ലിവണ്ട് എന്നും അറിയപ്പെടുന്നു.


വരണ്ട ചുറ്റുപാടുകളില്‍ വളരാന്‍ ശീലിച്ച ഈ വണ്ടുകള്‍ റബ്ബര്‍ത്തോട്ടങ്ങളിലെ കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ക്കിടയില്‍ വളരുകയും പ്രത്യുത്പാദനം നടത്തുകയും മഴക്കാലം തുടങ്ങുന്നതോടെ സമീപപ്രദേശത്തെ വീടുകളിലും പാറക്കെട്ടുകള്‍ക്കിടയിലും അഭയം പ്രാപിക്കുകയും ചെയ്യുന്നു.


വേനലിന് മുന്നോടിയായി റബ്ബര്‍മരങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങുന്ന സമയത്ത് ഉറക്കമുണരുന്ന വണ്ടുകള്‍ വേനല്‍ക്കാലം തുടങ്ങുന്നതോടെ റബ്ബര്‍ത്തോട്ടത്തിലെ പുതിയ കരിയിലപ്പടര്‍പ്പിലേക്ക് മടങ്ങുകയും റബ്ബറിലകള്‍ കഴിച്ച് പ്രത്യുത്പാദനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.


തെക്കന്‍ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയതിനുശേഷവും വടക്കന്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ വരവോടുകൂടിയും ആരംഭിക്കുന്ന വീടുകളിലേക്കുള്ള ലക്ഷക്കണക്കിന് വണ്ടുകളുടെ ഇരച്ചുകയറ്റവും വീടുകള്‍ക്കുള്ളില്‍ രാത്രികാലങ്ങളിലുള്ള സഞ്ചാരവും ഈ വീടുകളില്‍ മനുഷ്യജീവിതം മഹാദുരിതമാക്കുന്നു. ഈ വണ്ടുകള്‍ കുത്തുകയോ കടിക്കുകയോ ചെയ്യില്ലെങ്കിലും അവയെ ശല്യംചെയ്യുമ്പോള്‍ സ്വരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്ന സ്രവം ശരീരത്തില്‍ പൊള്ളലേല്പിക്കുന്നു.


രണ്ടുമൂന്ന് ആഴ്ചകള്‍ക്കുശേഷം വീടുകളുടെ മച്ചിലും ഓലപ്പുരകളിലെ ഓലയ്ക്കിടയിലും കച്ചിക്കൂനകളിലും വിറകുപുരകളിലും കൂട്ടമായി പ്രവേശിച്ച് ഒട്ടിച്ചേര്‍ന്ന് മൂന്നുനാലു മടക്കുകളിലായി ഏഴെട്ട് മാസം നീണ്ടുനില്‍ക്കുന്ന ഉറക്കത്തിലേക്ക് കടക്കുന്ന ഈ വണ്ടുകള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിന്റെ ഗന്ധം ഒരുതരം നേത്രരോഗത്തിനും ശ്വാസംമുട്ടലിനും ഇടയാക്കും. പലതരം മരങ്ങളുടെ ഇലകള്‍ കഴിക്കുമെങ്കിലും റബ്ബര്‍ ഇലകളാണ് മുപ്ലിവണ്ടുകള്‍ക്ക് പഥ്യം. സാധാരണയായി വാടിയ തളിരിലകള്‍ ഇഷ്ടപ്പെടുന്ന ഈ വണ്ടുകള്‍ വാടാത്ത പച്ച ഇലകളോ മരത്തില്‍നിന്ന് അടര്‍ന്നുവീഴാത്ത ഇലകളോ കഴിക്കാത്തതിനാല്‍ മരത്തിനും പ്രത്യേകിച്ച് റബ്ബറിന് നാശമുണ്ടാക്കുന്ന കീടമല്ല.

നിയന്ത്രണമാര്‍ഗങ്ങള്‍

മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കാര്‍ഷിക വിളകളില്‍ ഉപയോഗിക്കുന്ന വിവിധതരം കീടനാശിനികള്‍ മുപ്ലിവണ്ടിന്റെ കൂട്ടത്തെ തുരത്താനായി വീടുകള്‍ക്കുള്ളില്‍ ഉപയോഗിച്ചുവരുന്നു.

എന്നാല്‍, ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന കീടനാശിനികള്‍ ഒന്നുംതന്നെ വീടിനുള്ളിലെ ഉപയോഗത്തിനായി നിര്‍മാതാക്കളാല്‍ നിര്‍ദേശിക്കപ്പെട്ടവയല്ല. അതിനാല്‍ ഇത് ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. മഴക്കാലത്ത് വീടുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കീടനാശിനികളുടെ അംശം വീടുകളില്‍ വളരെക്കാലം നിലനില്‍ക്കാന്‍ ഇടയാകും.

ഹ്രസ്വകാല നിയന്ത്രണം

ഏപ്രില്‍, മെയ് മാസങ്ങളില്‍ വീടുകളില്‍ കുടിയേറുന്ന വണ്ടുകള്‍ വീടുകള്‍ക്കുള്ളില്‍തന്നെഏതെങ്കിലും പ്രത്യേക സ്ഥാനങ്ങളിലേക്ക് കൂട്ടമായി ഒതുങ്ങിക്കൂടുന്നതുവരെയുള്ള രണ്ട്-മൂന്ന് ആഴ്ച ക്ഷമയോടെ കാത്തിരിക്കണം. അതിനുശേഷം അത്തരം സ്ഥാനങ്ങള്‍ കണ്ടുപിടിക്കുകയും വണ്ടിന്‍കൂട്ടത്തിന്മേല്‍ കീടനാശിനി തളിക്കുകയും ചെയ്യുക.

വണ്ടുകള്‍ രാത്രികാലങ്ങളില്‍ ഇറങ്ങിനടക്കുകയും പകല്‍സമയങ്ങളില്‍ ഒതുങ്ങിക്കൂടുകയും ചെയ്യുന്നതിനാല്‍ കീടനാശിനി തളിക്കേണ്ടത് പകല്‍സമയത്താണ്. ടിക്‌ടോക്‌സ് (1% പെര്‍മിത്രിന്‍), ടാറ്റാഫെന്‍ (2% ഫെന്‍വാലറേറ്റ്), ക്ലോര്‍വിപ്പ് (20% ക്ലോര്‍പൈറിഫോസ്), സെവിന്‍ (50% കാര്‍ബാറില്‍) എന്നിവയാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികള്‍. ഇവയെല്ലാം കൃഷിയിടങ്ങളില്‍ ഉപയോഗത്തിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവയും ഇതില്‍ ക്ലോര്‍പൈറിഫോസ് മാത്രം വീടുകളില്‍ ഉപയോഗിക്കാവുന്നതായി കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റി അംഗീകരിച്ചിട്ടുള്ളതുമാണ്. കര്‍ശന നിയമങ്ങളുള്ള അമേരിക്കയിലും യൂറോപ്പിലും പെര്‍മിത്രിന്‍ ഒഴികെ മറ്റൊന്നും വീടുകള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളതല്ല. മാത്രമല്ല, എല്ലാ ഫെന്‍വാലറേറ്റ് ഉത്പന്നങ്ങളും 2008 മുതല്‍ നിര്‍മാതാക്കള്‍തന്നെ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചതുമാണ്.


ടിക്‌ടോക്‌സ് (1 ലിറ്റര്‍ വെള്ളത്തില്‍ 1 മില്ലി ലിറ്റര്‍) അല്ലെങ്കില്‍ ടാറ്റാഫെന്‍ (10 ലിറ്റര്‍ വെള്ളത്തില്‍ 1 മില്ലി ലിറ്റര്‍) 2-4 മണിക്കൂറിനുള്ളില്‍ വണ്ടുകളെ വീഴ്ത്തുന്നതിനായി ഉത്തമമാണ്. തീപിടിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും മണ്ണെണ്ണ (1 ലിറ്റര്‍ ചാരായത്തില്‍ 300 മില്ലി ലിറ്റര്‍) എന്നകണക്കിലോ അല്ലെങ്കില്‍ നേരിട്ടോ തളിച്ചും കൂട്ടംകൂടിനില്‍ക്കുന്ന വണ്ടുകളെ വീഴ്ത്താന്‍സാധിക്കും. ഇതില്‍ മണ്ണെണ്ണപ്രയോഗം കീടനാശിനി പ്രയോഗത്തേക്കാളും താരതമ്യേന സുരക്ഷിതമായ മാര്‍ഗമാണ്.


മേല്‍പ്പറഞ്ഞ അളവിലുള്ള കീടനാശിനിയോ മണ്ണെണ്ണപ്രയോഗമോ വഴി വണ്ടുകളെ 2-4 മണിക്കൂറിനുള്ളില്‍ നിശ്ചലമാക്കാന്‍ സാധിക്കും. അതിനാല്‍ തളിക്കുമ്പോള്‍തന്നെ വണ്ടുകള്‍ ചത്തുവീഴണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ അളവിലുള്ള മേല്‍പ്പറഞ്ഞ കീടനാശിനിപ്രയോഗം അനാവശ്യമാണ്. വീണുകിടക്കുന്ന വണ്ടുകളെ 4-12 മണിക്കൂറിനുള്ളില്‍ അടിച്ചുവാരി ചാക്കില്‍ കെട്ടിവെക്കുകയോ ഇങ്ങനെ നീക്കപ്പെട്ട വണ്ടുകളെ ഒരിക്കല്‍ക്കൂടി കീടനാശിനി അല്ലെങ്കില്‍ മണ്ണെണ്ണ/ഡീസല്‍ തളിച്ച് കൊല്ലുകയോ മണ്ണില്‍ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കീടനാശിനിപ്രയോഗം 2-3 ദിവസത്തിനുശേഷം ആവര്‍ത്തിച്ച് കുടിയേറിയിരിക്കുന്ന വണ്ടുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

ദീര്‍ഘകാല നിയന്ത്രണം

മഴമൂലം നനഞ്ഞുകുതിര്‍ന്ന കരിയിലക്കൂട്ടത്തില്‍ ജീവിക്കാന്‍ സാധിക്കാതെ വരുന്നതാണ് ഈ വണ്ടുകളെ ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍മഴയുടെ വരവോടുകൂടി റബ്ബര്‍ത്തോട്ടത്തിനടുത്തുള്ള വീടുകളിലേക്ക് കൂട്ടമായി കുടിയേറിപ്പാര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ജൂണില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ നനഞ്ഞുകുതിര്‍ന്ന കരിയിലപ്പടര്‍പ്പിനുള്ളില്‍ ഒരൊറ്റ വണ്ടുപോലും ഉണ്ടാവുകയില്ല.

തോട്ടമേഖലയിലെ ചുരുങ്ങിയ കെട്ടിടങ്ങളില്‍ ഒതുങ്ങിക്കൂടുന്ന ഈ വണ്ടുകളുടെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഉറക്കം ഇവയെ നിയന്ത്രിക്കാനുള്ള സുവര്‍ണാവസരമാണ്. ഇങ്ങനെ കുടിയേറിപ്പാര്‍ക്കുന്ന വണ്ടുകളുടെ ഡിസംബറിലെ പ്രജനനത്തിനായുള്ള റബ്ബര്‍ത്തോട്ടങ്ങളിലേക്കുള്ള മടക്കയാത്ര തടയാനായാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍നിന്ന് ഈ വണ്ടുകളെ ഉന്മൂലനം ചെയ്യാം. തിരിച്ച് തോട്ടത്തിലെത്തുന്ന ഒരു പെണ്‍വണ്ടിന്റെ പ്രത്യുത്പാദനശേഷി 30-60 ആണ്. പക്ഷേ, വണ്ടുകളെ ഉന്മൂലനം ചെയ്യാനായി വണ്ടുകളുടെ ശല്യമുള്ള കെട്ടിടങ്ങളുടെ മുഴുവന്‍ പ്രദേശവാസികളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വണ്ടുകള്‍ അഭയംതേടുന്ന സ്ഥാനങ്ങള്‍ കണ്ടുപിടിച്ചതിന്‌ശേഷം ഇവയുടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാവുന്ന ശല്യം സഹിച്ച് അതത് കുടിയേറ്റസ്ഥാനങ്ങളില്‍തന്നെ 7-8 മാസം വരെ തുടരാന്‍ അനുവദിക്കുക.

നിഷ്‌ക്രിയരായ വണ്ടിന്‍കൂട്ടം തങ്ങളുടെ ശരീരത്തില്‍ സംഭരിക്കപ്പെട്ട കൊഴുപ്പില്‍നിന്നുള്ള ഊര്‍ജം ഉപയോഗിച്ചാണ് നിലനില്‍ക്കുന്നത്. എട്ടുമാസം ആകുമ്പോഴേക്കും ക്ഷീണിതരായ ഈ വണ്ടുകളില്‍ 30-40 ശതമാനം പട്ടിണിമൂലം ചത്തുവീഴുന്നു. ബാക്കിവരുന്ന വണ്ടുകളെ മണ്ണെണ്ണ (300 മില്ലി ലീറ്റര്‍ 1 ലിറ്റര്‍ ചാരായത്തില്‍), ടിക്‌ടോക്‌സ് (10 ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലി ലിറ്റര്‍), ടാറ്റാഫെന്‍ (10 ലിറ്റര്‍ വെള്ളത്തില്‍ 1.5 മില്ലി ലിറ്റര്‍) എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വീഴ്ത്താം.


2-3 വര്‍ഷം ആവര്‍ത്തിച്ച് ഈ മാര്‍ഗം സ്വീകരിച്ചാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍നിന്ന് മുപ്ലിവണ്ടിനെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കും.


കടപ്പാട് - മാതൃഭൂമി ഓണ്‍ലൈന്‍ 
                 &
അശ്വതി പി.,സാബു കെ.തോമസ്
സുവോളജി വകുപ്പ്, സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, കോഴിക്കോട്
Print

2 comments: