Saturday, June 29, 2013

മഞ്ഞലോഹം മലയാളിയുടെ വീക്നെസോ..!

              ഭൂമിയില്‍ ഇന്നോളം ഖനനം ചെയ്തെടുത്തിട്ടുള്ള സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനത്തിലേറെ മലയാളി സ്വന്തമാക്കിയിരിക്കുന്നു. കേരളത്തിലെ ഗാര്‍ഹിക ശേഖരത്തിലുള്ളത്ര സ്വര്‍ണ്ണം ചില രാജ്യങ്ങളുടെ കൈവശം പോലുമില്ലത്രേ..! അക്കാര്യത്തില്‍ നാം ഇറ്റലിയേപ്പോലും കടത്തിവെട്ടിയിരിക്കുന്നു. മലയാളമനോരമ ദിനപ്പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് വായിച്ചുനോക്കൂ..

Wednesday, June 19, 2013

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

       (ഒരു വര്‍ഷം മുന്‍പ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റാണ് ചുവടെ നല്‍കുന്നത്. ബ്ലോഗിന്റെ രണ്ടു വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍  സന്ദര്‍ശിച്ച പോസ്റ്റുമാണിത്. പ്രസക്തമെന്നുതോന്നിയതിനാല്‍ ഈ ചിന്തകള്‍ ഇവിടെ ഒരിക്കല്‍കൂടി പങ്കുവയ്ക്കുന്നു. വായിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ..)   
                  വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

                ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..

Friday, June 14, 2013

ഡെങ്കിപ്പനി - പേടിക്കേണ്ട.. സൂക്ഷിച്ചാല്‍ മതി..

            ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടരുന്നുണ്ടെന്നും ഇത് ചിലര്‍ മുതലെടുക്കുന്നുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഡെങ്കിപ്പനിയെ നിസാരമായി കണ്ട് അവഗണിച്ചതുകൊണ്ട് രോഗം മൂര്‍ച്ഛിച്ചതുമൂലവും മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചിരുന്നവര്‍ക്ക് ഡെങ്കിപ്പനികൂടി പിടിപെട്ടതുകൊണ്ട്കൂടിയുമാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ.സജിത് കുമാര്‍ പറയുന്നു. ആരോഗ്യമുള്ളവര്‍ക്ക് മരുന്നുകള്‍ കഴിക്കാതെതന്നെ മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് സാധാരണ നിലയിലെത്തിക്കാമെന്നും ആദ്ദേഹം പറയുന്നു. ഈ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പത്രത്തില്‍ വന്ന കുറിപ്പ് ചുവടെ ചേര്‍ക്കുന്നു.
            മറ്റൊന്നുകൂടി ശ്രദ്ധിക്കുക.. പപ്പായ ഇല ഈ രോഗത്തിന് പറ്റിയ ഏറ്റവും നല്ല ഔഷധമായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ പല ഡോക്ടര്‍മാരും ഇതിനെ ശക്തിയായി എതിര്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പുതന്നെ ഈ കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് ആധികാരികമായി പറയേണ്ടിയിരിക്കുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുപ്പതിനായിരത്തിലേറെപ്പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്ത തമിഴ്നാട്ടില്‍ ഈ വര്‍ഷം പത്തുപേരില്‍ മാത്രമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍തലത്തില്‍തന്നെ പപ്പായ ഇല ഡെങ്കിപ്പനിക്കെതിരെയുള്ള ഔഷധമായി പ്രഖ്യാപിച്ചുകൊണ്ടുനടത്തിയ പ്രതിരോധ നടപടികളാണ് ഇതിനുകാരണമായതെന്നു പറയുന്ന മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
 

Thursday, June 13, 2013

അഡ്വ. ടി.വി. എബ്രഹാമിന് അന്ത്യാഞ്ജലികള്‍..

            രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ആത്മാര്‍ത്ഥ സേവനം കാഴ്ച്ചവച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ അഡ്വ. ടി.വി. എബ്രാഹം കൈപ്പന്‍പ്ലാക്കല്‍ ഇനി ഓര്‍മ്മകളിലൂടെയും അദ്ദേഹം സമൂഹത്തിന് നല്‍കിയ സേവനങ്ങളിലൂടെയും അനുസ്മരിക്കപ്പെടും. കരള്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, ന്യമോണിയകൂടി ബാധിച്ചതോടെ, ജൂണ്‍ 12-ന് പുലര്‍ച്ചെ രണ്ടിന് അന്തരിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമായിരുന്നു. PSC അംഗമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും രോഗബാധമൂലം ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
           കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായിരുന്ന അദ്ദേഹം ജില്ലാ കൗണ്‍സില്‍ പ്രസിഡന്റുമാരുടെ ചേംബറിന്റെ സംസ്ഥാന സെക്രട്ടറി, ജില്ലാ വികസനസമിതിയംഗം, KTDC ഡയറക്ടര്‍, KSIDC ഡയറക്ടര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ റബര്‍ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള  പദവികള്‍ വഹിച്ചുവരുകയായിരുന്നു. 2001-ലും 2006-ലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു മത്സരിച്ചിട്ടുണ്ട്.

Sunday, June 9, 2013

'അക്ഷരവെളിച്ചം' പകരാന്‍ ഇവര്‍ ശേഖരിച്ചത് ആയിരത്തൊന്ന് പുസ്തകങ്ങള്‍..

ശേഖരിച്ച പുസ്തകങ്ങളില്‍നിന്ന്  കുട്ടികള്‍ക്കായുള്ള ചിത്രകഥാ
പുസ്തകങ്ങള്‍ തരംതിരിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍..
                വിദ്യ അഭ്യസിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും സ്കൂളുകളില്‍ പോകുവാന്‍ സാഹചര്യമില്ലാത്ത ആദിവാസി മേഖലകളിലെ നിരവധി കുട്ടികളും മുതിര്‍ന്നവരും..! ഇവര്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ തയ്യാറായി ചില സന്നദ്ധ സംഘടനകള്‍. പക്ഷേ വായിക്കുവാന്‍ പഠിച്ചുതുടങ്ങുന്നവര്‍ക്ക് തുടര്‍വായനയ്ക്കുള്ള നല്ല പുസ്തകങ്ങളില്ല എന്നത് പ്രധാന പ്രശ്നം..!ഈ കാര്യങ്ങള്‍ കേട്ടറിഞ്ഞ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ , ഈ രംഗത്ത് തങ്ങള്‍ക്കെന്ത് ചെയ്യുവാന്‍ സാധിക്കും എന്നു ചിന്തിച്ചതിന്റെ ഫലമായി ജന്മമെടുത്തത് ആയിരത്തൊന്ന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയാണ്..!
               അന്റോണിയന്‍ ക്ലബ് അംഗങ്ങളായ അറുപത് കുട്ടികള്‍ ചേര്‍ന്നാണ് ആയിരത്തിയൊന്ന് പുസ്തകങ്ങള്‍ ശേഖരിച്ചത് എന്നത് ശ്രദ്ധേയം. ഇതിനായി അവര്‍ അയല്‍പക്കങ്ങളും കൂട്ടുകാരുടെയും സ്വന്തക്കാരുടെയും ഭവനങ്ങളും സന്ദര്‍ശിച്ചു. പരിഹാസങ്ങളും വിമര്‍ശനങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. കുട്ടികളുടെ നന്മപ്രവൃത്തി തിരിച്ചറിഞ്ഞ നാട്ടുകാരും ആത്മാര്‍ത്ഥമായി സഹകരിച്ചതോടെ വെറും രണ്ടാഴ്ച്ചകൊണ്ട് ലഭിച്ച പുസ്തകങ്ങളുടെ എണ്ണം ആയിരത്തിനുമേലായി. 
വൊസാഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണിയ്ക്ക് അന്റോണിയന്‍ ക്ലബ് പ്രതിനിധികള്‍ പുസ്തകങ്ങള്‍ കൈമാറുന്നു. ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , ഡാലിയാ ജോസ് , പി.ജെ.ആന്റണി , സി. മെര്‍ളി കെ. ജേക്കബ് ,  ടോണി തോമസ് തുടങ്ങിയവര്‍ സമീപം.
               ക്ലബ് അംഗങ്ങള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഇടുക്കി ജില്ലയിലെ ആദിവാസി മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വൊസാഡിനു ( VOSARD-Voluntary Organisation for Social Action & Rural Development) കൈമാറി. സി.എം.ഐ. വൈദികര്‍ നേതൃത്വം നല്‍കുന്ന ഈ സന്നദ്ധ സേവന സംഘടനയുടെ , സഞ്ചരിക്കുന്ന പുസ്തകശാലകളിലൂടെ ഓരോ ആഴ്ച്ചയിലും ഈ പുസ്തകങ്ങള്‍ വിവിധ ആദിവാസിക്കുടികളിലെത്തും. വിജ്ഞാന ദീപം പകരുന്ന ഈ പുണ്യപ്രവൃത്തിയില്‍ ഒരു ചെറിയ പങ്കു വഹിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളും അവരെ നയിക്കുന്ന അധ്യാപകരും.

Saturday, June 8, 2013

പൂഞ്ഞാര്‍ ക്ഷീരവ്യവസായ ഓഫീസിലെ A.M.C.യൂണിറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു..

           പൂഞ്ഞാര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ സ്ഥാപിച്ചിരിക്കുന്ന പാല്‍ സംഭരണ-ഗുണനിലവാര പരിശോധന സംവിധാനത്തിന്റെ (Automatic Milk Collection Unit) ഉദ്ഘാടനം 2013 ജൂണ്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ്  2.30-ന് പൂഞ്ഞാര്‍ ക്ഷീരവ്യവസായ ഓഫീസ് അങ്കണത്തില്‍ നടത്തപ്പെടുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നതും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു..

Wednesday, June 5, 2013

ഈ പരിസ്ഥിതി ദിനത്തില്‍ മലയിഞ്ചിപ്പാറയിലെ വനയിടം പരിചയപ്പെടാം..

          ഇന്ന് നാം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. സ്കൂളുകളിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും നിരവധി പ്രവര്‍ത്തനങ്ങളും നീണ്ടുനില്‍ക്കുന്ന പ്രോജക്റ്റുകളും പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനായി നാം നടത്തിക്കൊണ്ടിരിക്കുന്നു. അതോടുചേര്‍ന്ന്  ഞങ്ങള്‍ പൂഞ്ഞാറുകാരും അഭിമാനപൂര്‍വ്വം  ഒരു വ്യക്തിയെ ലോകത്തിന് പരിചയപ്പെടുത്തുന്നു..'ദേവസ്യാച്ചന്‍ ചേട്ടന്‍'. മുന്‍പ് ഈ പോസ്റ്റ് പൂഞ്ഞാര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ,  മഹത്തായ ഈ ദിനത്തിന്റെ പ്രാധാന്യവും ഈ വ്യക്തിയുടെ അനുകരണീയ ജീവിത മാതൃകയും ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ ഇത് വിണ്ടും പ്രസിദ്ധപ്പെടുത്തുന്നു.
        പൂഞ്ഞാറിനടുത്ത് മലയിഞ്ചിപ്പാറയില്‍ ഒരു വനയിടമുണ്ട്. മരങ്ങളെ മക്കളായിക്കണ്ട് പരിപാലിക്കുന്ന പൂണ്ടിക്കുളം ദേവസ്യാച്ചന്റെ ഭവനം. വിടിനു ചുറ്റുമുള്ള ആറ് ഏക്കര്‍ സ്ഥലം മരങ്ങള്‍ വച്ചുപിടിപ്പിച്ച്  കാടിനു സമാനമായി മാറ്റി അദ്ദേഹം കാത്തിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും ഇവിടേയ്ക്കു കടന്നു വരാം. 
        വനവത്ക്കരണത്തെക്കുറിച്ച് പരിസ്ഥതി പ്രവര്‍ത്തകര്‍ സംസാരിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങി എന്നതാണ് ദേവസ്യാച്ചന്‍ ചേട്ടന്റെ  മഹത്വം.. ഇത്രയും നാള്‍ ആരുമറിയാതെ അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്തു. ഇനി അദ്ദേഹത്തിനു ലഭിക്കേണ്ടത് അംഗീകാരമാണ്. നാമതു നല്‍കണം. മാത്രവുമല്ല ഈ കാര്യങ്ങള്‍ എല്ലാവരുമറിയണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മണിക്കൂറുകള്‍ പ്രസംഗിക്കേണ്ടതില്ല... ഇങ്ങനെയുള്ള ചില നന്മയുടെ കഥകള്‍ അറിഞ്ഞാല്‍ മതി...മനുഷ്യ ഹൃദയങ്ങളില്‍ മാറ്റങ്ങള്‍ തനിയേ വരും...
തുടര്‍ന്നു വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..