Wednesday, December 31, 2014

പൂഞ്ഞാര്‍ തെക്കേക്കരയില്‍ പൊതുജനങ്ങള്‍ക്കായി പ്രഥമശുശ്രൂഷാ പരിശീലനം ..


            പൂഞ്ഞാര്‍ : അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കുന്ന പ്രഥമ ശുശ്രൂഷയാണ് പലപ്പോഴും ആളുകളുടെ ജീവന്‍ രക്ഷിക്കുക. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് നല്‍കേണ്ട ഇത്തരം പ്രഥമശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും സംയുക്തമായി ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. അന്റോണിയന്‍ ക്ലബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് ട്രെയിനര്‍ രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലനം നല്‍കുന്നത്.
            ജനുവരി 3 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ചാവറ ഹാളിലാണ് പരിശീലനപരിപാടി നടക്കുക. പുരുഷന്‍മാരും സ്ത്രീകളുമടക്കം ഒരു വാര്‍ഡില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്നുമായി 70 പേരടങ്ങുന്ന ടീമിനാണ് ഇത്തവണ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുന്നത്.  സെപ്റ്റംബര്‍ മാസം നടന്ന ആദ്യഘട്ടത്തില്‍ അന്റോണിയന്‍ ക്ലബിലെ അറുപതു കുട്ടികള്‍  പരിശീലനം നേടിയിരുന്നു. അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഈ രണ്ടാം ഘട്ടത്തില്‍ പരിശീലന സഹായികളായെത്തും. ഈ പരിശീലന പരിപാടികളില്‍ സംബന്ധിക്കുവാന്‍ താത്പ്പര്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുടെപക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 9895871371

Sunday, December 28, 2014

സെന്റ് ചാവറ ക്വിസ് ജനുവരി എട്ടിന്..



            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന സെന്റ് ചാവറ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം 2015 ജനുവരി എട്ടാം തീയതി സ്കൂളിലെ ചാവറ ഹാളില്‍ നടക്കുന്നു. പങ്കെടുക്കുവാന്‍ താത്പ്പര്യമുള്ള ടീമംഗങ്ങളുടെ പേരുകള്‍ 2015 ജനുവരി 2-നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കും മത്സരത്തിന്റെ വിശദവിവരങ്ങളും അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

Tuesday, December 16, 2014

പൂഞ്ഞാര്‍ സ്വദേശി അരുണ്‍ കിഴക്കേക്കര മത്സ്യകൃഷിയില്‍ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു ..


            പൂഞ്ഞാര്‍ : ജയന്റ് ഗൗരാമി മത്സ്യകൃഷിയിലൂടെ പൂഞ്ഞാര്‍ കുന്നോന്നി സ്വദേശി അരുണ്‍ കെ. ജാന്‍സ് കിഴക്കേക്കര ഇന്ന് കേരളക്കരയുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പൂഞ്ഞാര്‍ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് അരുണിനെ പരിചയമുണ്ട്. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് സംഘടിപ്പിച്ച കൃഷിപാഠം കാര്‍ഷിക പ്രദര്‍ശനത്തില്‍ അരുണിന്റെ ജയന്റ് ഗൗരാമി മത്സ്യസ്റ്റാള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന്റെ റിപ്പോര്‍ട്ടുകള്‍ ബ്ലോഗിലൂടെ കുറച്ചുപേരെങ്കിലും വായിച്ചിരിക്കുമല്ലോ..
            രാഷ്ട്രദീപിക കര്‍ഷകന്‍ മാസികയുടെ ഈ ലക്കത്തില്‍ അരുണിനെക്കുറിച്ച് പ്രത്യേക ലേഖനമുണ്ട്. അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം മനസിലാക്കിയ എഡിറ്റര്‍ അരുണിനെ മാസികയുടെ മുഖചിത്രമാക്കാനും മറന്നില്ല. ഞങ്ങള്‍ അരുണിന്റെ വീട്ടിലെത്തി നേരില്‍കണ്ടു മനസിലാക്കിയ കാര്യങ്ങളെല്ലാം ഇവിടെ ലേഖകന്‍ ചുരുക്കി വിവരിച്ചിട്ടുണ്ട്. ആ ലേഖനഭാഗം ചുവടെ നല്‍കിയിരിക്കുന്നു.. പൂഞ്ഞാറിന്റെയും കുന്നോന്നിയുടെയും അഭിമാനമായി മാറിയിരിക്കുന്ന അരുണ്‍ കിഴക്കേക്കരയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങളും ആശംസകളും ..
കര്‍ഷകനില്‍ പ്രസിദ്ധീകരിച്ച ലേഖനഭാഗം ചുവടെ ചേര്‍ക്കുന്നു..

Saturday, December 13, 2014

ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗ് ടീമിന്റെ നന്ദി ..



            നാലു വര്‍ഷങ്ങള്‍..! അതെ, ഏതാണ്ട് 1500 ദിവസങ്ങളാകുന്നു പൂഞ്ഞാര്‍ ബ്ലോഗ് ആരംഭിച്ചിട്ട്..! പിന്തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.. നാലു വര്‍ഷംകൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ദിവസവും ശരാശരി ഒരു മണിക്കൂറെങ്കിലും ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുന്നുണ്ട് എന്നത് മറ്റു പലരുടെയും ത്യാഗത്തിന്റെ ഫലംകൂടിയാണ്. മിക്കപ്പോഴും, വീട്ടില്‍ ചെയ്യേണ്ട പല കടമകളും ഇതിന്റെ പേരില്‍ മാറ്റിവയ്ക്കേണ്ടി വരുമ്പോള്‍ അതെല്ലാം ക്ഷമയോടെ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങളാണ് ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍. പിന്തുണനല്‍കിയ സ്കൂള്‍ മാനേജര്‍മാരായ വൈദികശ്രേഷ്ഠര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പള്‍മാര്‍, സ്കൂളിലെ അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍, സാങ്കേതിക പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന നിധിന്‍ സാര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ കടപ്പൂര്‍) അടക്കമുള്ള സുഹൃത്തുക്കള്‍, മാത്സ് ബ്ലോഗ് ടീം, കഴിഞ്ഞ നാലു വര്‍ഷമായി സ്കൂള്‍ മേളകളുടെ റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈ എടുത്ത ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയമോഹന്‍ സാര്‍, പൂഞ്ഞാര്‍ ബ്ലോഗിനെ നാടിനു പരിചയപ്പെടുത്തുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന മാധ്യമ സുഹൃത്തുക്കള്‍, പല വേദികളിലും പൂഞ്ഞാര്‍ ബ്ലോഗിനെ പരിചയപ്പെടുത്തിയ സന്തോഷ് കീച്ചേരി സാര്‍ (സെന്റ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്), നിജാസ് സാര്‍ (MG HSS ഈരാറ്റുപേട്ട), രാജീവ് സാര്‍ (English Blog), IT @ School-ന്റെ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റസാഖ് സാര്‍.. ഇങ്ങനെ എത്രയോ പേര്‍ ഈ നാലു വര്‍ഷവും കൂടെ ഉണ്ടായിരുന്നു.. നന്ദി.. ഏവര്‍ക്കും നന്ദി.. 
                അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എന്റെ കൊച്ചു കൂട്ടുകാരെ പ്രത്യേകം ഓര്‍ക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ അഞ്ചു വര്‍ഷം മുന്‍പ് ആരംഭിച്ച അന്റോണിയന്‍ ക്ലബിലൂടെ ഇതുവരെ 240 കുട്ടികള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗതം കൃഷ്ണയും ആര്‍ .അശ്വിനുമൊക്കെ തുടക്കമിട്ട ആ കുട്ടിക്കൂട്ടായ്മയുടെ വിജയമാണ് ഇന്നത്തെ പൂഞ്ഞാര്‍ ബ്ലോഗ്. അന്റോണിയന്‍ എന്ന ത്രൈമാസ പത്രമായി ആരംഭിച്ച് പൂഞ്ഞാര്‍ ന്യൂസ് എന്നപേരില്‍ ബ്ലോഗായി പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലേയ്ക്ക് മാറിയ ഈ കാലത്തിനിടെ ഈ സംരംഭത്തിന് പ്രോത്സാഹനം നല്‍കിയ ഏവരെയും നന്ദിയോടെ ഓര്‍ക്കുന്നു. വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം എന്നീ അന്റോണിയന്‍ ക്ലബിന്റെ ലക്ഷ്യങ്ങളിലെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി, പരസ്യങ്ങളോ മറ്റു വരുമാന മാര്‍ഗ്ഗങ്ങളോ ഒന്നും തേടാതെ, സമയ-സാമ്പത്തിക നഷ്ടങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങളെ ശക്തരാക്കിയത് നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ പിന്തുണയാണ്. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിലും ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു..
ടോണി പുതിയാപറമ്പില്‍
അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍
Mb: 9895871371
നാലു വയസ് തികഞ്ഞ പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ചുവടെ നല്‍കുന്നു..

Thursday, December 11, 2014

മനുഷ്യാവകാശദിനത്തില്‍ 'ശരിഉലകം' ശില്‍പ്പ - നാട്യ - പ്രദര്‍ശനം ശ്രദ്ധേയമായി ..

      പൂഞ്ഞാര്‍ : ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പ-നാട്യ-പ്രദര്‍ശനമായ 'ശരിഉലകം' ഏറെ ശ്രദ്ധേയമായി. പന്ത്രണ്ട് സ്റ്റാളുകളായാണ് പ്രദര്‍ശനം ക്രമീകരിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ സമരം പ്രതീകാത്മകമായി കുട്ടികള്‍ അവതരിപ്പിച്ചു. യുദ്ധങ്ങള്‍, തീവ്രവാദം, ജയില്‍ പീഢനം, ബാലവേല, സ്ത്രീ പീഢനം, റോഡപകടത്തിലെ കൗമാരക്കാരന്റെ മരണം തുടങ്ങിയവ 'ശരിഉലകം' എന്നുപേരിട്ട ഈ പ്രദര്‍ശനത്തിലെ വിവിധ കാഴ്ച്ചകളായിരുന്നു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസ് വലിയമറ്റം CMI ഉദ്ഘാടനം ചെയ്ത ശില്‍പ്പ-നാട്യ-പ്രദര്‍ശനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ബിനോയി മങ്കന്താനം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രദര്‍ശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു..

Saturday, December 6, 2014

'പഴയ ചന്തയെ' അനുസ്മരിപ്പിച്ച് പൂഞ്ഞാറില്‍ ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ആരംഭിച്ചു ..



പൂഞ്ഞാര്‍ : കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുവാനും ഉപഭോക്താക്കള്‍ക്ക് ഇവ നേരിട്ടു വാങ്ങുവാനും അവസരമൊരുക്കി പൂഞ്ഞാറില്‍ കാര്‍ഷികോത്പ്പന്ന വിനിമയ കേന്ദ്രം ആരംഭിച്ചു.

പൂഞ്ഞാര്‍ ജീജോ ആശുപത്രിക്കു സമീപമുള്ള ഭൂമിക സെന്ററിനോട് ചേര്‍ന്നാണ് കാര്‍ഷിക വിപണി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 8.30 മുതല്‍ 11 വരെ കാര്‍ഷികോത്പ്പന്നങ്ങള്‍ വിപണിയില്‍ സ്വീകരിക്കും. പതിനൊന്നിനു ശേഷം ഉപഭോക്താക്കള്‍ക്ക് ഇവ ലേലത്തിലൂടെ വാങ്ങാവുന്നതാണ്. 

        കഴിഞ്ഞദിവസം നടന്ന ആദ്യ കാര്‍ഷിക വിപണിയില്‍ ജൈവ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  വാഴക്കുലകളും ചേന, കാച്ചില്‍, മത്തങ്ങ, നാരങ്ങാ, മുളക്, മുട്ട, കപ്പളങ്ങ, വഴുതന തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുമായി കര്‍ഷകര്‍ രാവിലെ 8 മണി മുതല്‍ എത്തി.

ആവേശപൂര്‍വ്വം നടന്ന ലേലവും വിപണനവും ഉച്ചക്കു ശേഷമാണ് പൂര്‍ത്തിയായത്. ഇവിടെ കാണുന്ന കാഴ്ച്ചകള്‍, 'പഴയ പൂഞ്ഞാര്‍ ചന്തയെ' ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വിപണി സന്ദര്‍ശിച്ച ചില മുതിര്‍ന്ന കര്‍ഷകര്‍  പറഞ്ഞു.

        പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടോമി മാടപ്പള്ളി ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു. കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തേട്ട്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരേന്തിക്കല്‍, കൃഷി ഓഫീസര്‍ എം.എ.റഫീക്ക്, ജോസ് കോലോത്ത്, ജോണി പൊട്ടംകുളം, ഔസേപ്പച്ചന്‍ മടിയ്ക്കാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
        ഉപഭോക്താക്കളുടെ  സൗകര്യാര്‍ത്ഥം കാര്‍ഷിക വിപണി പൂഞ്ഞാര്‍ ടൗണിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 

Monday, December 1, 2014

കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും..


             ഇരുപത്തി ഏഴാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1, 2, 3, 4, 5 തീയതികളില്‍ കുറവിലങ്ങാട് നടക്കും. കുറവിലങ്ങാട് കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലും ഹാളുകളിലുമായി ഒരുക്കിയിരിക്കുന്ന 19 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ ഒന്നാം തീയതി രാവിലെ പത്തുമണി മുതല്‍ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
             കലോത്സവത്തില്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ട ഉപജില്ലയിലെ കുട്ടികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍ ഈരാറ്റുപേട്ട AEO ഓഫീസില്‍ ഡിസംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിതരണം ചെയ്യുന്നതാണ്. സ്കൂള്‍ അധികൃതര്‍ തിങ്കളാഴ്ച്ചതന്നെ തങ്ങളുടെ സ്കൂളുകളിലേയ്ക്കുള്ള എല്ലാ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകളും AEO ഓഫീസില്‍നിന്ന് വാങ്ങേണ്ടതാണ്. കലോത്സവത്തിന്റെ വിശദവിവരങ്ങള്‍ക്കും പ്രോഗ്രാം നോട്ടീസിനുമായി മുകളില്‍ കാണുന്ന കലോത്സവം പേജ് സന്ദര്‍ശിക്കുക..

Saturday, November 15, 2014

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..!'


                    ശിശുദിനം പ്രമാണിച്ച് ,  മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി,  കോട്ടയം ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒരു സര്‍വ്വേ നടന്നിരുന്നു. 'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..' എന്ന വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ സ്കൂളിലെ കുട്ടികള്‍ സത്യത്തില്‍ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു.  അച്ഛനമ്മമാരോടുള്ള അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹ്യ പ്രശ്നങ്ങളും ജൈവകൃഷിയുടെ പ്രാധാന്യവുമൊക്കെ ചൂണ്ടിക്കാട്ടി അതിലൊക്കെ പോസിറ്റീവായി ഇടപെടുന്നവരാകണം ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന് അവര്‍ പറഞ്ഞത് അധ്യാപകരായ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. 
      പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനൊപ്പം സാമൂഹ്യജീവിയായി മാറേണ്ടതിന്റെ ആവശ്യകതയും  വിഷമയമല്ലാത്ത പച്ചക്കറികള്‍ കൃഷിചെയ്യേണ്ടതിന്റെ പ്രാധാന്യവുമടക്കം പലതും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാനുള്ള ശ്രമങ്ങള്‍ കുറേയെങ്കിലും വിജയിക്കുന്നുണ്ട് എന്നത് ഏതൊരധ്യാപകനും സന്തോഷം പകരും. പണത്തേക്കാള്‍ പ്രധാനം വീട്ടിലെ സ്നേഹവും സമാധാനവുമാണെന്ന് ഇവര്‍ അടിവരയിട്ട് പറയുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അവരുടെ ചില കമന്റുകള്‍ നമ്മുടെ കണ്ണുതുറപ്പിക്കുന്നതുമാണ്. നാളെകളില്‍ ഇവര്‍ ചലനങ്ങള്‍ സൃഷ്ടിക്കും.. തീര്‍ച്ച.. കുഞ്ഞുമനസുകളിലെ ഈ വലിയ ചിന്തകളില്‍ ചിലത് ചുവടെ നല്‍കുന്നു. വായിച്ചുനോക്കൂ..

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..'
"ഞങ്ങള്‍ കഷ്ടപ്പെട്ടതുപോലെ ഞങ്ങളുടെ മക്കളും കഷ്ടപ്പെടരുത് എന്ന ചിന്ത നല്ലതുതന്നെ. എന്നാല്‍ ഇല്ലായ്മകളിലും ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണം. ചോദിക്കുന്നതൊക്കെ വാങ്ങിത്തരുന്നവരാകേണ്ട.., മറിച്ച് ആവശ്യമുള്ളപ്പോഴൊക്കെ No പറയുന്നവരാകണം. തീരെ ചെറുതായിരുന്നപ്പോള്‍ സങ്കടം തോന്നിയിരുന്ന പല No-കളും ഇപ്പോള്‍ Yes-കളേക്കാള്‍ മധുരമുള്ളതായി മനസിലായിത്തുടങ്ങി.."

"അവര്‍ കുറേകൂടി വിദ്യാഭ്യാസമുള്ളവരും സംസ്ക്കാരമുള്ളവരുമായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. പക്ഷേ ഇവര്‍ മാത്രമേ എന്നും ഇതുപോലെ സ്നേഹത്തോടെ എന്റെയൊപ്പം ഉണ്ടാകൂ എന്നെനിക്കറിയാം. അതുകൊണ്ട്, അവരുടെ വിദ്യാഭ്യാസക്കുറവ് എനിക്കിപ്പോള്‍ ഒരു കുറവായി തോന്നാറില്ല. എന്റെ സ്വപ്നത്തിലെ അച്ഛനും അമ്മയും ഇപ്പോള്‍ എന്റെ കൂടെത്തന്നെയുണ്ട്."

"അവര്‍ കൃഷിയില്‍ തല്‍പ്പരരായതിനാല്‍ മായവും വിഷവുമില്ലാത്ത ഭക്ഷണസാമഗ്രികള്‍ എനിക്കു കിട്ടുന്നു. എന്റെ രാജ്യത്തിന്റെ കാര്‍ഷിക കരുത്തില്‍ അവരും പങ്കാളിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു."

"പാടശേഖരമുള്ള, നെല്‍കൃഷി ചെയ്യുന്ന, കൃഷിയെ സ്നേഹിക്കുന്ന മാതാപിതാക്കള്‍.. ആവശ്യത്തിനു പണവും എന്നാല്‍ അമിതമായി പണവുമില്ലാത്ത, ലളിതജീവിതം നയിക്കുന്നവര്‍.. അങ്ങനെയാകണം എന്റെ മാതാപിതാക്കള്‍.."

"എന്റെ മനസറിയുന്ന, എന്റെകൂടെ കുറേ സമയം ചിലവഴിക്കുന്ന, പോസിറ്റീവായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍.. ഇപ്പോള്‍ എനിക്കതുണ്ട്.. ദൈവത്തിനു നന്ദി.."

"സമൂഹത്തിലെ തെറ്റുകള്‍ക്കുനേരേ വിരല്‍ ചൂണ്ടുന്നവരാകണം എന്റെ അച്ഛനും അമ്മയും."

"താരകക്കൂട്ടത്തിലെ മിന്നുന്ന താരമാകാന്‍ ഞാന്‍ കൊതിക്കുമ്പോള്‍.., കൗമാരത്തില്‍ കാണുന്നതെല്ലാം പൊന്നാണെന്ന് തോന്നുന്നുമ്പോള്‍.., ഒരു ദീര്‍ഘദര്‍ശിയെപ്പോലെ എന്നെ നേര്‍വഴിയ്ക്ക് നയിക്കുന്നവര്‍.. മിഴികള്‍ ഈറനണിയുമ്പോള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നവര്‍.. തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിലുപരി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്നവര്‍.."

"അച്ഛനും അമ്മയും ഞങ്ങള്‍ക്ക് കണ്ടുപഠിക്കുവാനുള്ള നല്ല മാതൃകയാകണം.."

"ഞങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം.. ഞങ്ങളുമൊത്ത് യാത്ര പോകണം.. ഞങ്ങളോടൊപ്പം കുറേ സമയം ചിലവിടണം.."

"അവര്‍ ഡോക്ടറോ എഞ്ചിനീയറോ എത്രവലിയ പണക്കരോ ആകട്ടെ.. വീട്ടില്‍ സമാധാനമില്ലെങ്കില്‍ പിന്നെ എന്തുകാര്യം? എന്റെ മാതാപിതാക്കള്‍ ഇതേ അവസ്ഥയില്‍ എന്നോടൊപ്പം ഇതേ സ്നേഹത്തില്‍ ഉണ്ടായിരുന്നാല്‍മതി."

"പഠനത്തില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രോത്സാഹിപ്പിക്കണം. ഞങ്ങളുടെ നേട്ടങ്ങള്‍ എത്ര വലുതാണെങ്കിലും എത്ര ചെറുതാണെങ്കിലും അതില്‍ അവര്‍ തൃപ്തരായിരിക്കണം"

"ഞങ്ങളുടെ കഴിവുകളും ബലഹീനതകളും തിരിച്ചറിയുന്നവരും ഞങ്ങളുടെ കഴിവു കുറവില്‍ നിരാശപ്പെടാത്തവരുമാകണം."

"മക്കള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നവരും അതിന് ശാന്തമായ ഒരു തീരുമാനം നല്‍കുന്നവരുമാകണം. ആര്‍ക്കും മുന്‍ഗണന നല്‍കരുത്. മക്കളെ ആരുടെ മുന്നിലും താഴ്ത്തിക്കെട്ടുകയുമരുത്."

Tony Puthiyaparampil
St. Antony's HSS Poonjar

Monday, November 10, 2014

വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 17-ന് ..



ഈരാറ്റുപേട്ട : ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിദ്യാരംഗം സാഹിത്യോത്സവം, നവംബര്‍ 17, തിങ്കളാഴ്ച്ച ഈരാറ്റുപേട്ട MG HSS-ല്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരങ്ങള്‍, വിഭാഗം തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.


LP വിഭാഗം
കഥ പറയല്‍, കടംകഥ, കവിതാലാപനം, പെയിന്റിംഗ് (ക്രയോണ്‍സ്)

UP വിഭാഗം
കഥാരചന, കവിതാരചന, ഉപന്യാസം, ജലച്ഛായം, കവിതാലാപനം (N.N.കക്കാടിന്റെ കവിതകള്‍), നാടന്‍ പാട്ട് (7 പേര്‍)

HS വിഭാഗം
കഥാരചന, കവിതാരചന, ഉപന്യാസം, ജലച്ഛായം, കവിതാലാപനം (N.N.കക്കാടിന്റെ കവിതകള്‍), നാടന്‍ പാട്ട് (7 പേര്‍), സാഹിത്യ ക്വിസ് (2 കുട്ടികള്‍ അടങ്ങിയ ഒരു ടീം), പുസ്തകാസ്വാദന കുറിപ്പ് (വിദ്യാരംഗം സെപ്റ്റംബര്‍ ലക്കം മാസികയില്‍ പുസ്തകങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്)
കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447765782 (R.ധര്‍മ്മകീര്‍ത്തി)

Saturday, November 8, 2014

സാന്‍ജോ ഫെസ്റ്റിന് ആവേശ്വോജ്ജ്വലമായ സമാപ്തി ..

സി.എം.. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ സമാപന സമ്മേളനം , സിനിമാ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ.മാത്യു കരീത്തറ CMI, ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഫാ.അഗസ്റ്റിന്‍ കൊച്ചുവേലിയ്ക്കകത്ത് CMI, ഫാ.സാബു കൂടപ്പാട്ട് CMI, പാലാ ചാവറ-സെന്റ് വിന്‍സെന്റ് സ്കൂള്‍ മാനേജര്‍ ഫാ.അലക്സാണ്ടര്‍ പൈകട CMI, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI, പാലാ സെന്റ് വിന്‍സെന്റ് പ്രിന്‍സിപ്പള്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI, പ്രോഗ്രാം കണ്‍വീനര്‍ അലക്സ് ജെ. ഡയസ് എന്നിവര്‍ സമീപം

        പാലാ : സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന് പാലാ ചാവറ-സെന്റ് വിന്‍സെന്റ് അങ്കണം വേദിയായി. ഇന്ന് (നവംബര്‍ 8), രാവിലെ ഒന്‍പത് മണിയ്ക്ക് ചാവറ-സെന്റ് വിന്‍സെന്റ് സ്കൂള്‍ മാനേജര്‍ ഫാ.അലക്സാണ്ടര്‍ പൈകട CMI പതാക ഉയര്‍ത്തി കലാമേളയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പന്ത്രണ്ട് സ്റ്റേജുകളിലായി ആയിരത്തോളം കുരുന്നുകളാണ് തങ്ങളുടെ കലാവാസനകള്‍ മാറ്റുരച്ചത്. 
   വൈകുന്നേരം നടന്ന സമാപന സമ്മേളനം, സിനിമാ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫാ.അലക്സാണ്ടര്‍ പൈകട CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഫാ.അഗസ്റ്റിന്‍ കൊച്ചുവേലിയ്ക്കകത്ത് CMI മുഖ്യപ്രഭാഷണം നടത്തി. പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI നന്ദിയും അര്‍പ്പിച്ചു. പാലാ സെന്റ് വിന്‍സെന്റ് പ്രിന്‍സിപ്പള്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI, ഫാ.സാബു കൂടപ്പാട്ട് CMI എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹയര്‍ സെക്കന്‍ഡറി (എയ്ഡഡ്) വിഭാഗം ഓവറോള്‍ കിരീടം കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം അംഗങ്ങള്‍ സിനിമാനടന്‍ പ്രേം പ്രകാശില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
സാന്‍ജോ ഫെസ്റ്റില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബെനീറ്റാ സിറിയക്, സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കുര്യനാട്.
സാന്‍ജോ ഫെസ്റ്റില്‍ ഹൈസ്കൂള്‍ വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നീനു നവീന്‍, മേരിഗിരി പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ.. 
www.facebook.com/poonjarblog

Friday, November 7, 2014

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് ഉപജില്ലാ കായിക കിരീടം

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമംഗങ്ങള്‍  ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, കായിക പരിശീലകന്‍ അലോഷ്യസ് ജേക്കബ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് വലിയമറ്റം  എന്നിവര്‍ക്കൊപ്പം..
        ഈരാറ്റുപേട്ട : അരുവിത്തുറ സെന്റ് ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സബ് ജൂണിയര്‍ ബോയ്സ്, ജൂണിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ് എന്നീ വിഭാഗങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പും സീനിയര്‍ ഗേള്‍സില്‍ റണ്ണറപ്പും നേടിക്കൊണ്ടാണ് സെന്റ് ആന്റണീസിലെ കായിക പ്രതിഭകള്‍ ഈ നേട്ടം കൈവരിച്ചത്. 
           സീനിയര്‍ ബോയ്സില്‍ രഞ്ചിത്ത് കെ.കെ. , ജൂണിയര്‍ ബോയ്സില്‍ റ്റിജിന്‍ റ്റി. , സബ് ജൂണിയര്‍ ബോയ്സില്‍ ജിനു കെ. ഗോപാല്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ച്ചവച്ച കുട്ടികളെയും കായിക പരിശീലകന്‍ അലോഷ്യസ് ജേക്കബിനെയും സ്കൂള്‍ മാനേജര്‍ ഫാ. ജോസ് വലിയമറ്റം, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Friday, October 31, 2014

കേരളപ്പിറവി ദിനത്തില്‍ പൂഞ്ഞാറില്‍ കായിക-ആരോഗ്യ-വ്യക്തിത്വവികസന പരിപാടികള്‍..

പൂഞ്ഞാര്‍ : മൂന്നു വ്യത്യസ്ത പരിപാടികള്‍ക്കാണ് നാളെ (നവംബര്‍ 1, 2014) പൂഞ്ഞാര്‍ വേദിയാകുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2014, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 'മീനച്ചിലാര്‍ സംരക്ഷണം നമ്മുടെ കടമ' എന്ന സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി, മിനി മാരത്തോണും ഇതോടൊപ്പം നടക്കും. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവിതശൈലീ രോഗനിര്‍ണ്ണയവും ദന്തപരിശോധനാ ക്യാമ്പുമാണ് പൊതുജനങ്ങള്‍ക്കായി നടത്തപ്പെടുന്ന മറ്റൊരു പരിപാടി. സ്കൂളിലെ ചാവറ ഹാളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 3 വരെയാണ് പരിപാടി നടക്കുക. കൂടാതെ  സ്കൂളിലെ പഴയ ഹാളില്‍ , അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വവികസന സെമിനാറും ഇതേസമയം നടക്കുന്നു. ഈ പരിപാടികളുടെ വിശദവിവരങ്ങളടങ്ങിയ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.

Monday, October 27, 2014

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഇന്ന് ആരംഭിക്കും ..


      പെരിങ്ങുളം : ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകള്‍ പെരിങ്ങുളം സെന്റ്  അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 27, 28 , 29 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ നടക്കുന്ന ഈ മേളകളില്‍ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ന് (ഒക്ടോബര്‍ 27) ശാസ്ത്ര-ഗണിതശാസ്ത്ര മേളകളും 28-ന് പ്രവൃത്തിപരിചയ മേളയും 29-ന് സാമൂഹ്യശാസ്ത്ര-ഐ.റ്റി. മേളകളും നടക്കും. 
      ഇന്ന് രാവിലെ 9.45-ന് , സ്കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് നരിതൂക്കിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. 29-ന് ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് നരിതൂക്കില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, എ.ഇ.ഒ. ടി.വി. ജയമോഹന്‍, ഹെഡ്മാസ്റ്റര്‍ ടോം ജോസ്, പി.റ്റി.എ. പ്രസിഡന്റ് സണ്ണി കല്ലാറ്റ് തുടങ്ങിയവര്‍ പ്രസംഗിക്കും. 
മേളയുടെ റിസല്‍ട്ടുകള്‍ പൂഞ്ഞാര്‍ ബ്ലോഗില്‍ ലഭ്യമാണ്. 
ഓരോ ദിവസങ്ങളിലെയും മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം വിശദമായ റിസല്‍ട്ട് മുകളില്‍ കാണുന്ന ശാസ്ത്രോത്സവം പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

Wednesday, October 22, 2014

പ്ലാസ്റ്റിക് മാലിന്യവിമുക്ത നാടിനായി കൈ കോര്‍ക്കുക ..


           ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ്  ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍ , 'സ്വച്ഛ് ഗാവ് യോജന' (ശുചിത്വ ഗ്രാമ പദ്ധതി) പ്രോജക്റ്റിലൂടെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ  ശുചിത്വത്തിലേക്ക് നയിക്കുന്ന  അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവരുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും തെക്കേക്കര ഗ്രാമപ്പഞ്ചായത്തും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പൂഞ്ഞാര്‍ കാവല്‍മാടവും സംയുക്തമായാണ് 'സ്വച്ഛ് ഗാവ് യോജന'-യ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗം ഇന്നിന്റെയും നാളെയുടെയും നന്മയ്ക്കും മനുഷ്യന്റെയും പ്രകൃതിയുടെയും രക്ഷയ്ക്കും"
  
         കുറഞ്ഞ നിര്‍മ്മാണ ചെലവില്‍  ഏതു നിറത്തിലും രൂപത്തിലും ഉണ്ടാക്കുവാനുള്ള സൗകര്യം , കൈകാര്യം ചെയ്യാനുള്ള എളുപ്പം തുടങ്ങിയ കാര​ണങ്ങളാല്‍ പ്ലാസ്റ്റിക് ഇന്ന് ലോകമെമ്പാടും  ജീവിതത്തിന്റെ സമസ്ത മേഖലകളെയും കീഴടക്കിയിരിക്കുന്നു . ഉപയോഗം വളരെ വ്യാപകമായതോടെ പ്ലാസ്റ്റിക് മൂലമുള്ള ദുരന്തങ്ങള്‍ അതിലും വ്യാപകമായി. അതിനാല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍  വളരെ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവിതലമുറയുടേതെന്നല്ല , ഇന്നുള്ള നമ്മുടെയും പ്രകൃതിയുടെയും നാശത്തിനും അത് കാരണമാകും .                  

പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍

          ഇന്ന് നമ്മള്‍ പ്ലാസ്റ്റിക് കൂടുകളും കുപ്പികളും ഉപയോഗശേഷം വീടിന് പുറത്തേക്കും വഴിയിറമ്പുകളിലേക്കും നദികളിലേക്കും വനങ്ങളിലേക്കും വലിച്ചെറിയുന്നു. ഇങ്ങനെ ഏറിയപ്പെടുന്ന പ്ലാസ്റ്റിക്  സാധനങ്ങള്‍ മണ്ണില്‍ ലയിച്ചു ചേരുവാന്‍ വളരെ വര്‍ഷങ്ങള്‍   വേണ്ടി വരുന്നു. അതിനാല്‍ 

- നമ്മുടെ തന്നെ വളര്‍ത്തുമൃഗങ്ങളും വന്യ ജീവികളും ജലജീവികളും ഇവ തിന്ന് ചാകുന്നതിനിടവരുന്നു.
- നാടും നഗരവും ഭവനപരിസരങ്ങളും വിനോദ യാത്രാ കേന്ദ്രങ്ങളും വനങ്ങളും തോടുകളും നദികളും  കടലും മലിനമാകുന്നു .  
- വീടുകളിലെയും മറ്റും ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി എറിയുന്നതിനാല്‍ അവ അഴുകി മണ്ണോടു മണ്ണാകാന്‍ കാലതാമസം നേരിടുന്നു. ഇത്  ദുര്‍ഗന്ധവ്യാപനത്തിനും പലവിധ  ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
- മലിനജലം പ്ലാസ്റ്റിക് സാധനങ്ങളില്‍ കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങള്‍ പടരുവാന്‍ കാരണമാകുന്നു.
- പ്ലാസ്റ്റിക് സാധനങ്ങള്‍  തടഞ്ഞുനിന്ന് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് റോഡുകളില്‍    വെള്ളക്കെട്ട് ഉണ്ടാകുന്നു.

- പ്ലാസ്റ്റിക് നിരന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ മഴവെള്ളം താഴാതെ ഭൂമി ദാഹിച്ചു മരിക്കുന്നു.
- ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്നു.

പ്ലാസ്റ്റിക് കത്തിച്ചാല്‍ പലതരം വിഷവാതങ്ങളുണ്ടാകുന്നു.
ഉദാ:
1.ഡയോക്സിന്‍ (ഇതിലും വീര്യം കൂടിയ മറ്റൊരു വിഷവാതകം ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.)
2.ഫ്യൂറാന്‍
3.കാര്‍ബണ്‍മോണോക്സൈഡ്
4.കാര്‍ബണ്‍ഡൈഓക്സൈഡ് (ആഗോള താപനത്തിന് കാരണമാകുന്നു.)
          
പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍

       പ്ലാസ്റ്റിക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത സാധനങ്ങള്‍ വിഷപദാര്‍ത്ഥങ്ങളാണ്. പ്ലാസ്റ്റിക്  പാത്രങ്ങളില്‍ നിന്നും കൂടുകളില്‍ നിന്നും , പ്രത്യേകിച്ച് ചൂടുളളതോ എ​ണ്ണ​മയമുളളതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് , പ്ലാസ്റ്റിക്കിന്റെ ചെറുകണിക എളുപ്പം  ലയിച്ചു ചേരുന്നു. അതു കൊണ്ടാണ് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സുക്ഷിക്കുന്ന ഭക്ഷണത്തിന്  പ്ലാസ്റ്റിക്കിന്റെ മണവും ചുവയും ഉണ്ടാകുന്നത്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലുടെയും മുകളില്‍ പറഞ്ഞ വിഷവാതകങ്ങള്‍ ശ്വസിക്കുന്നതിലൂടെയും ക്യാന്‍സര്‍ , ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.
       ഹോര്‍മോണ്‍ തകരാറുണ്ടായി , ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളും , പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും സ്വഭാവം കാണിക്കുന്നതിനിടവരുന്നു.പെണ്‍കുട്ടികള്‍ വളരെ നേരത്തെ ശാരീരിക പക്വത കാണിക്കുന്നതിന് ഇടവരുന്നു.ആണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നു. 
       ഗര്‍ഭസ്ഥ ശിശുക്കളെപോലും വളരെ ദോഷകരമായി ബാധിക്കുന്നു. 


പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- യാതൊരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കുവാന്‍ പാടില്ല.
- പ്ലാസ്റ്റിക് ഭരണികളിലും കുപ്പികളിലും കൂടുകളിലും ഭക്ഷണം സൂക്ഷിക്കുന്നതും എടുക്കുന്നതും ഒഴിവാക്കുക.
- പരമ പ്രധാനമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുക.

 പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം : 5 R-കള്‍

1. Refuse - നിരസിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ , പ്രത്യേകിച്ച് സ്വന്തം വാഹനങ്ങളില്‍ പോകുന്നവര്‍ , കടലാസ്സില്‍ മാത്രം പൊതിഞ്ഞു വാങ്ങുക.
2. Reduce - ഉപയോഗം കുറയ്ക്കുക 
      ഒന്നിലധികം കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കുടിനുള്ളില്‍ മറ്റ് കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളും   ഇടുക.
3. Reuse-വീണ്ടും ഉപയോഗിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കടുമായി പോവുക.


4. Recover-ശേഖരിക്കുക
      അറിവില്ലാതെ ഇതിനകം പുറത്തെറിഞ്ഞുകളഞ്ഞ പ്ലാസ്റ്റിക് സാധനങ്ങള്‍  പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
5. Recycle-പുനര്‍ചംക്രമണത്തിന് കൊടുക്കുക.
     പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി , വെയിലും മഴയും ഏല്‍ക്കാതെ സൂക്ഷിച്ചാല്‍  കച്ചവടക്കാര്‍ വാങ്ങും. 


 ഗുണമേന്മ അടയാളം

       ഗുണമേന്മയുള്ള  പ്ലാസ്റ്റിക് പാത്രങ്ങളുടെയും ഭരിണികളുടെയും  കുപ്പികളുടെയും അടിയില്‍ ത്രികോണത്തിനുള്ളില്‍ 1 മുതല്‍ 7 വരെ അടയാളപ്പെടുത്തിയിരിക്കും. അതില്‍ 4 , 5 , 7 നമ്പറുകളുള്ളവ മാത്രമാണ് വീണ്ടും ഉപയോഗിക്കാവുന്നത്.

Wednesday, October 15, 2014

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അന്റോണിയന്‍ ടീം തയ്യാര്‍ ..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ്  നടത്തിയ പ്രഥമശുശ്രൂഷാ പരിശീലനത്തില്‍ ട്രെയിനര്‍ രാജശേഖരന്‍ നായര്‍ ക്ലാസ് നയിക്കുന്നു.
            പൂഞ്ഞാര്‍ : അപകടങ്ങള്‍ കണ്ടാല്‍ പകച്ചുനില്‍ക്കാതെ അടിയന്തരമായി നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ പരിശീലിച്ച ആത്മവിശ്വാസത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് ഓര്‍ഗനൈസേഷനായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് (ഐ.ഐ.ഇ.എം.സ്.) നടത്തുന്ന ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സാണ് ഈ കുട്ടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മനുഷ്യശരീരത്തിന്റെ ഡമ്മിയുടെയും സ്ലൈഡ് - വീഡിയോ പ്രദര്‍ശനങ്ങളുടെയും അത്യാധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള ആംബുലന്‍സിന്റെയും സഹായത്തോടെ വീദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടന്നത്. 
            കോഴ്സ് പൂര്‍ത്തിയാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും നല്‍കുന്ന പ്രഥമശുശ്രൂഷാ പരിശീലനം നാളെ പൂര്‍ത്തിയാകും. ഐ.ഐ.ഇ.എം.സ്. ട്രെയിനര്‍ രാജശേഖരന്‍ നായര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ജാന്‍സി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Sunday, October 12, 2014

സാന്‍ജോ സ്പോര്‍ട്ട്സ് ആവേശമായി..

CMI കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കായിക മത്സരമായ സാന്‍ജോ സ്പോര്‍ട്ട്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.പി. മധു പി.കെ. സംസാരിക്കുന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി CMI, രാമപുരം സെന്റ് ആഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ , അമനകര സെന്റ് പയസ് ആശ്രമ പ്രിയോര്‍ ഫാ. സഖറിയാസ് കളപ്പുരയ്ക്കല്‍ CMI, അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിജി പി. ജോര്‍ജ്ജ് എന്നിവര്‍ സമീപം. 


        കോട്ടയം (ഒക്ടോബര്‍ 11) : ഇടയ്ക്കുപെയ്ത കനത്തമഴയ്ക്കും സാന്‍ജോ സ്പോര്‍ട്ട്സിന്റെ ആവേശം കെടുത്താനായില്ല. കായികരംഗത്ത് ഭാരതത്തിന്റെ നാളത്തെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിച്ചുകൊണ്ട്  CMI സ്കൂളുകളിലെ കൗമാരതാരങ്ങള്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഉജ്ജ്വലപ്രകടനം കാഴ്ച്ചവച്ചു. CMI കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നുള്ള ആയിരത്തോളം കുട്ടികളാണ് സാന്‍ജോ സ്പോര്‍ട്ട്സില്‍ പങ്കെടുത്തത്. 
        രാവിലെ 9.30-നു നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.പി. മധു പി.കെ. സാന്‍ജോ സ്പോര്‍ട്ട്സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി CMI സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍  രാമപുരം സെന്റ് ആഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. അമനകര സെന്റ് പയസ് ആശ്രമ പ്രിയോര്‍ ഫാ. സഖറിയാസ് കളപ്പുരയ്ക്കല്‍ CMI, അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിജി പി. ജോര്‍ജ്ജ്, അനില്‍ എ.കെ. എന്നിവര്‍ സംസാരിച്ചു. അനീഷ് കുര്യന്‍, ടോണി എം. ജോസഫ്, അലോഷ്യസ് ജേക്കബ്, നെല്‍സണ്‍ മാത്യു, ഷൈന്‍ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗെയിംസ് മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ വേദികളിലായി നടക്കും. 
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കൂ... 
Please Visit - www.facebook.com/poonjarblog

Monday, September 29, 2014

കൈയെത്തും ദൂരത്ത് കാട്ടാനക്കൂട്ടത്തെ പകല്‍ കാണാം ..! അടിമാലിക്കും മൂന്നാറിനും ഇടയില്‍ ..!

           
ആനക്കുളത്ത്  വൈകുന്നേരം അഞ്ചുമണിയ്ക്കിറങ്ങിയ ആനക്കൂട്ടം.

           ആനക്കുളം : ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ച സ്ഥലങ്ങളിലൊന്ന്... 1877-ല്‍ ഇതിനായി പൂഞ്ഞാര്‍ രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ മാങ്കുളവും ആനക്കുളവും ഉള്‍പ്പെട്ടിരുന്നു. 1924 വരെ മൂന്നാറിനുള്ള വഴി മാങ്കുളംകൂടിയായിരുന്നു. അവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആനക്കുളം , പൂയംകുട്ടി-മലയാറ്റൂര്‍ പ്രദേശങ്ങളിലെ ആനകളെല്ലാം വെള്ളം കുടിക്കുവാനെത്തുന്ന സ്ഥലമായിരുന്നു. ഇന്നും അങ്ങിനെതന്നെ. 
         അടിമാലി-മൂന്നാര്‍ റൂട്ടില്‍ കല്ലാറില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഗ്രാമം ടൂറിസം മാപ്പില്‍ ശ്രദ്ധേയമായി തുടങ്ങുന്നതേയുള്ളു.. ആദ്യ 17 കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും നടുവിലൂടെയുള്ള ടാര്‍ റോഡ്. മാങ്കുളമെത്തിയാല്‍ തുടര്‍ന്നുള്ള 8 കിലോമീറ്റര്‍ വനമധ്യത്തിലൂടെയുള്ള ദുര്‍ഘട വഴി. ഫോര്‍ വീല്‍ ഡ്രൈവിംഗ് മാത്രം സാധ്യമായ  ഈ വഴിത്താരയിലൂടെയുള്ള  യാത്രയാണ് സഞ്ചാരികളെ ഏറെ ഹരം കൊള്ളിക്കുന്ന ആനക്കുളം വിശേഷങ്ങളിലൊന്ന് . ഇപ്പോള്‍ റോഡ് പണി നടന്നുവരുകയാണ്. ഞങ്ങള്‍ കാറില്‍ ഇവിടെയെത്തിയെങ്കിലും മഴ പെയ്തതോടെ തിരിച്ചുള്ള യാത്ര ദുഷ്കരമായിരുന്നു. അടുത്ത വേനലവധിയോടെ ഈ വഴി പൂര്‍ണ്ണമായും ഗതാഗത യോഗ്യമായേക്കും. 
        ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍   എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്. ആറിന്റെ ഒരു പ്രത്യേക ഭാഗത്ത് കുമിളകള്‍ ഉയരുന്നത് നമുക്ക് കാണാം. കുളിക്കുന്നത് എവിടെയാണെങ്കിലും , വെള്ളം കുടിക്കുവാന്‍ ആനകള്‍ ഇവിടെ എത്തുന്നു. ആനകള്‍ ഇഷ്ടപ്പെടുന്ന എന്തോ പ്രത്യേക സ്വാദ് , 'ആന ഓര് ' എന്നറിയപ്പെടുന്ന ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നമ്മള്‍ കുടിച്ചുനോക്കിയാല്‍ രുചി വ്യത്യാസം അറിയാനില്ലതാനും.         
         പലപ്രാവിശ്യം ആനക്കുളം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ അറിയുവാനും കാണുവാനും സാധിച്ച വിശേഷങ്ങള്‍ നിരവധി. മുഴുവന്‍ എഴുതാന്‍ പോയാല്‍ അത് ദീര്‍ഘമാകും എന്നതിനാല്‍ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും  ഈ വിശേഷങ്ങള്‍ ചുവടെയുള്ള വീഡിയോയ്ക്കുശേഷം നല്‍കിയിരിക്കുന്നു.
       ആനക്കുളത്തിന്റെ ചരിത്രമറിയാന്‍ ചുവടെ ക്ലിക്ക് ചെയ്യുക..

ആനക്കുളത്ത് പകല്‍ സമയം ആനകള്‍ എത്തുന്നതിന്റെ ചെറിയ വീഡിയോ ദൃശ്യവും ചുവടെ ചേര്‍ക്കുന്നു. ആറിന്റെ തീരത്ത് വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ കാട്ടാനകള്‍ തൊട്ടടുത്തുവരുമ്പോളാണ് അവിടെനിന്ന് മാറുന്നത് എന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചതന്നെ..

ആനക്കൂട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങളും മറ്റ് ആനക്കുളം വിശേഷങ്ങളും ചുവടെ നല്‍കിയിരിക്കുന്നു..
            

Tuesday, September 23, 2014

മീനച്ചില്‍ നദീസംരക്ഷണ സന്ദേശയാത്രയ്ക്ക് പൂഞ്ഞാറില്‍ ഉജ്ജ്വല സ്വീകരണം..


            
            പൂഞ്ഞാര്‍ : കേരള നദീസംരക്ഷണ സമിതിയും മീനച്ചില്‍ നദീസംരക്ഷണ സമിതിയും നേതൃത്വം നല്‍കുന്ന മീനച്ചില്‍ നദീ സംരക്ഷണ സന്ദശ യാത്രയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 23, ചൊവ്വ)  രാവിലെ പത്തുമണിയ്ക്ക് പൂഞ്ഞാറില്‍ സ്വീകരണം നല്‍കി. പൂഞ്ഞാര്‍ കാവല്‍ മാടത്തിന്റെയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ വിംഗ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെയും പൂഞ്ഞാര്‍ SNP കോളേജിലെ ഡ്രീംസ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാവിലെ പത്തുമണിയ്ക്ക് പൂഞ്ഞാര്‍ മീനച്ചില്‍ ഈസ്റ്റ് ബാങ്ക് ജംഗ്ഷനില്‍ , മീനച്ചിലാറിന്റെ തീരത്ത് , യാത്രികരെ സ്വീകരിച്ചു. 
           മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍  നദീസംരക്ഷണ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും കാവലാളുകളും കാല്‍നടയായി പൂഞ്ഞാര്‍ ടൗണിലേയ്ക്ക് നീങ്ങി. ടൗണില്‍ പഞ്ചായത്തംഗങ്ങളും പൂഞ്ഞാര്‍ പൗരാവലിയും ചേര്‍ന്ന് നദീസംരക്ഷണ സന്ദേശയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് മുല്ലക്കര നദീസംരക്ഷണ സന്ദേശം നല്‍കി.
            വാഗമണ്‍ വഴിക്കടവ് ആശ്രമപരിസരത്തുനിന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച യാത്ര മീനച്ചിലാറിന്റെ തീരങ്ങളില്‍ നദീസംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് വൈകിട്ട് 5.30-ന് നാഗമ്പടത്തെ മീനച്ചിലാറിന്റെ തീരമായ ഇല്ലിമൂട് കടവില്‍ ആദ്യഘട്ട യാത്ര അവസാനിപ്പിച്ചു. സിനിമാ സംവിധായകനും നടനുമായ ദേവപ്രസാദ് നാരായണന്‍, പരിസ്ഥതി പ്രവര്‍ത്തകരായ എസ്. സീതാരാമന്‍, വി.എന്‍.ഗോപിനാഥപിള്ള, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി, എസ്.പി.രവി, കെ.എം.സുലൈമാന്‍ , സി.റോസ് വൈപ്പന തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. മീനച്ചിലാറിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ കാവല്‍ മാടങ്ങളുടെയും സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന വിംഗ്സ് ഓഫ് മീനച്ചിലാര്‍ - ഡ്രീംസ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിളുകളുടെയും സഹകരണത്തോടെയാണ്  നദീസംരക്ഷണ യാത്ര നടന്നത്. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍പിള്ള, മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.