flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Saturday, December 13, 2014

ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗ് ടീമിന്റെ നന്ദി ..            നാലു വര്‍ഷങ്ങള്‍..! അതെ, ഏതാണ്ട് 1500 ദിവസങ്ങളാകുന്നു പൂഞ്ഞാര്‍ ബ്ലോഗ് ആരംഭിച്ചിട്ട്..! പിന്തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.. നാലു വര്‍ഷംകൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ദിവസവും ശരാശരി ഒരു മണിക്കൂറെങ്കിലും ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുന്നുണ്ട് എന്നത് മറ്റു പലരുടെയും ത്യാഗത്തിന്റെ ഫലംകൂടിയാണ്. മിക്കപ്പോഴും, വീട്ടില്‍ ചെയ്യേണ്ട പല കടമകളും ഇതിന്റെ പേരില്‍ മാറ്റിവയ്ക്കേണ്ടി വരുമ്പോള്‍ അതെല്ലാം ക്ഷമയോടെ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങളാണ് ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍. പിന്തുണനല്‍കിയ സ്കൂള്‍ മാനേജര്‍മാരായ വൈദികശ്രേഷ്ഠര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പള്‍മാര്‍, സ്കൂളിലെ അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍, സാങ്കേതിക പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന നിധിന്‍ സാര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ കടപ്പൂര്‍) അടക്കമുള്ള സുഹൃത്തുക്കള്‍, മാത്സ് ബ്ലോഗ് ടീം, കഴിഞ്ഞ നാലു വര്‍ഷമായി സ്കൂള്‍ മേളകളുടെ റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈ എടുത്ത ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയമോഹന്‍ സാര്‍, പൂഞ്ഞാര്‍ ബ്ലോഗിനെ നാടിനു പരിചയപ്പെടുത്തുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന മാധ്യമ സുഹൃത്തുക്കള്‍, പല വേദികളിലും പൂഞ്ഞാര്‍ ബ്ലോഗിനെ പരിചയപ്പെടുത്തിയ സന്തോഷ് കീച്ചേരി സാര്‍ (സെന്റ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്), നിജാസ് സാര്‍ (MG HSS ഈരാറ്റുപേട്ട), രാജീവ് സാര്‍ (English Blog), IT @ School-ന്റെ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റസാഖ് സാര്‍.. ഇങ്ങനെ എത്രയോ പേര്‍ ഈ നാലു വര്‍ഷവും കൂടെ ഉണ്ടായിരുന്നു.. നന്ദി.. ഏവര്‍ക്കും നന്ദി.. 
                അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എന്റെ കൊച്ചു കൂട്ടുകാരെ പ്രത്യേകം ഓര്‍ക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ അഞ്ചു വര്‍ഷം മുന്‍പ് ആരംഭിച്ച അന്റോണിയന്‍ ക്ലബിലൂടെ ഇതുവരെ 240 കുട്ടികള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗതം കൃഷ്ണയും ആര്‍ .അശ്വിനുമൊക്കെ തുടക്കമിട്ട ആ കുട്ടിക്കൂട്ടായ്മയുടെ വിജയമാണ് ഇന്നത്തെ പൂഞ്ഞാര്‍ ബ്ലോഗ്. അന്റോണിയന്‍ എന്ന ത്രൈമാസ പത്രമായി ആരംഭിച്ച് പൂഞ്ഞാര്‍ ന്യൂസ് എന്നപേരില്‍ ബ്ലോഗായി പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലേയ്ക്ക് മാറിയ ഈ കാലത്തിനിടെ ഈ സംരംഭത്തിന് പ്രോത്സാഹനം നല്‍കിയ ഏവരെയും നന്ദിയോടെ ഓര്‍ക്കുന്നു. വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം എന്നീ അന്റോണിയന്‍ ക്ലബിന്റെ ലക്ഷ്യങ്ങളിലെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി, പരസ്യങ്ങളോ മറ്റു വരുമാന മാര്‍ഗ്ഗങ്ങളോ ഒന്നും തേടാതെ, സമയ-സാമ്പത്തിക നഷ്ടങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങളെ ശക്തരാക്കിയത് നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ പിന്തുണയാണ്. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിലും ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു..
ടോണി പുതിയാപറമ്പില്‍
അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍
Mb: 9895871371
നാലു വയസ് തികഞ്ഞ പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ചുവടെ നല്‍കുന്നു..

2 comments:

 1. This comment has been removed by the author.

  ReplyDelete
 2. പ്രിയപ്പെട്ട റ്റോണി,

  നാലാം പിറന്നാളിന്റെ അഭിനന്ദനങ്ങൾ...
  ഒരേ ക്ലാസിൽ പ്രീ ഡിഗ്രി പഠിച്ച നമ്മൾ രണ്ടു പേരും ഇന്ന് കേരളം അറിയുന്ന രണ്ട് ബ്ലോഗുകളുടെ അമരത്ത്. നിന്റെ പൂഞ്ഞാർ ബ്ലോഗ്‌ പ്രാദേശിക - സ്കൂൾ- വിദ്യാഭ്യാസ ജില്ല - ഇതര വാർത്തകൾ കൈകാര്യം ചെയ്യുന്നതിലെ വ്യത്യസ്ഥത എന്നും ശ്രദ്ധിച്ചിരുന്നു...
  ഒരു വാർത്ത വിദ്യാഭ്യാസത്തെക്കുറിച്ച് ആണെങ്കിൽ അടുത്തത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയോ വ്യത്യസ്ഥമായ മറ്റൊരു സ്കൂൾ പ്രവർത്തനത്തെപ്പറ്റിയോ.... അതും മനോഹരമായ / അനുയോജ്യമായ ചിത്രങ്ങളുടെ അകമ്പടിയോടെ...

  കുട്ടികളെക്കൂടി സജീവ പ്രവർത്തകർ ആക്കാൻ സാധിച്ചത് വലിയൊരു നേട്ടമാണ്. അവരുടെ ആത്മവിശ്വാസം പതിന്മടങ്ങായിട്ടുണ്ടാവും.... തീർച്ച.

  സ്കൂൾ കലാ മേളകളുടെ റിപോട്ടിംഗ് എക്കാലവും നന്നായിരുന്നു. അവയുടെ റിസൾട്ട്‌ ഏറ്റവും user friendly ആയി ആവശ്യക്കാരിൽ എത്തിക്കുവാൻ പൂഞ്ഞാർ ബ്ലോഗിന് സാധിച്ചു.

  നമ്മുടെ പ്രീഡിഗ്രി കാലത്തെ നിന്റെ പ്രകടനം കണ്ടു ഞാൻ കരുതി നീ ഒരു പത്രപ്രവർത്തകൻ ആകുമെന്ന്.... ഇന്ന് നീ ഒരു അദ്ധ്യാപകനും ബ്ലോഗ്ഗറും ആയി കാണുമ്പോൾ ഉള്ള സന്തോഷം മറച്ചു വെക്കുന്നില്ല.

  സ്നേഹപൂർവ്വം
  രാജീവ്
  ഇംഗ്ലിഷ് ബ്ലോഗ്‌

  NB : കുട്ടി ബ്ലോഗർമാർക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കണേ...

  ReplyDelete