Saturday, December 6, 2014

'പഴയ ചന്തയെ' അനുസ്മരിപ്പിച്ച് പൂഞ്ഞാറില്‍ ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ആരംഭിച്ചു ..



പൂഞ്ഞാര്‍ : കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുവാനും ഉപഭോക്താക്കള്‍ക്ക് ഇവ നേരിട്ടു വാങ്ങുവാനും അവസരമൊരുക്കി പൂഞ്ഞാറില്‍ കാര്‍ഷികോത്പ്പന്ന വിനിമയ കേന്ദ്രം ആരംഭിച്ചു.

പൂഞ്ഞാര്‍ ജീജോ ആശുപത്രിക്കു സമീപമുള്ള ഭൂമിക സെന്ററിനോട് ചേര്‍ന്നാണ് കാര്‍ഷിക വിപണി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 8.30 മുതല്‍ 11 വരെ കാര്‍ഷികോത്പ്പന്നങ്ങള്‍ വിപണിയില്‍ സ്വീകരിക്കും. പതിനൊന്നിനു ശേഷം ഉപഭോക്താക്കള്‍ക്ക് ഇവ ലേലത്തിലൂടെ വാങ്ങാവുന്നതാണ്. 

        കഴിഞ്ഞദിവസം നടന്ന ആദ്യ കാര്‍ഷിക വിപണിയില്‍ ജൈവ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  വാഴക്കുലകളും ചേന, കാച്ചില്‍, മത്തങ്ങ, നാരങ്ങാ, മുളക്, മുട്ട, കപ്പളങ്ങ, വഴുതന തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുമായി കര്‍ഷകര്‍ രാവിലെ 8 മണി മുതല്‍ എത്തി.

ആവേശപൂര്‍വ്വം നടന്ന ലേലവും വിപണനവും ഉച്ചക്കു ശേഷമാണ് പൂര്‍ത്തിയായത്. ഇവിടെ കാണുന്ന കാഴ്ച്ചകള്‍, 'പഴയ പൂഞ്ഞാര്‍ ചന്തയെ' ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വിപണി സന്ദര്‍ശിച്ച ചില മുതിര്‍ന്ന കര്‍ഷകര്‍  പറഞ്ഞു.

        പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടോമി മാടപ്പള്ളി ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു. കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തേട്ട്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരേന്തിക്കല്‍, കൃഷി ഓഫീസര്‍ എം.എ.റഫീക്ക്, ജോസ് കോലോത്ത്, ജോണി പൊട്ടംകുളം, ഔസേപ്പച്ചന്‍ മടിയ്ക്കാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
        ഉപഭോക്താക്കളുടെ  സൗകര്യാര്‍ത്ഥം കാര്‍ഷിക വിപണി പൂഞ്ഞാര്‍ ടൗണിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Post a Comment