വൈകല്യത്തോടെ ജനിച്ചുവീഴുന്ന കുട്ടികളുടെ ഭാവി എന്തായിത്തീരും. മറ്റുള്ളവരില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടി, സ്കൂളില്‍ സഹതാപമേറ്റുവാങ്ങുന്നതിനാല് മറ്റുള്ളവര്‍ക്കു ലഭിക്കുന്ന അവസരങ്ങളൊക്കെ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു, നാലാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ സ്വയം ഉള്‍വലിയുന്ന ഈ കുട്ടികളെ പൊതു സദസ്സിനു മുന്പില് എത്തിക്കുവാന്‍ മടിക്കുന്ന രക്ഷിതാക്കള്‍.. ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്ന കാഴ്ച്ചകള്‍. എന്നാല്‍ ഇതിനെല്ലാം അപവാദമാകുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സാബു. ഈ മിടുക്കി, സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ കയറി പാടുന്നു.. പ്രസംഗിക്കുന്നു.. നൃത്തച്ചുവടുകള്‍ വയ്ക്കുന്നു.. അവളുടെ പാട്ടിലും പ്രകടനങ്ങളിലും ധാരാളം പോരായ്മകളുണ്ടാകാം.. പക്ഷേ തന്നിലെ ചെറിയ കഴിവുകളെപോലും കണ്ടെത്തുവാനും അതു പ്രകടിപ്പിക്കുവാനും ശ്രമിച്ചുകൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച് കരുത്തുകാട്ടുന്നു എന്നതിനാലാണ് ഞങ്ങള്‍ വൈഷ്ണവിയെ നിങ്ങള്ക്കുമുന്പില് പരിചയപ്പെടുത്തുന്നത്. രണ്ടര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചുവടെ ചേര്‍ക്കുന്നു. കണ്ടുനോക്കൂ.. ഈ അതിജീവന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കൂ..
Saturday, March 29, 2014
Tuesday, March 25, 2014
പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ശ്രദ്ധിക്കുക..
ഏപ്രില്‍ പത്തിനു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗസ്ഥന്മാര്ക്ക് സഹായകമായ നിരവധി പോസ്റ്റുകള്‍ വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം വിവരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മലയാളത്തിലുള്ള വീഡിയോ ചുവടെ ചേര്‍ക്കുന്നു. കൂടാതെ ഹൈസ്കൂള്‍ വിഭാഗം അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗില്‍ വന്ന, ഏറെ ഉപകാര പ്രദമായ വിവരങ്ങളടങ്ങിയ ഒരു പോസ്റ്റിന്റെ ലിങ്കും ഇവിടെ നല്കിയിരിക്കുന്നു. വോട്ടിംഗ് ഉപകരണങ്ങള്‍ കൈപ്പറ്റുന്ന നിമിഷം മുതല്‍ തിരികെ നല്കുന്ന സമയം വരെ ചെയ്യേണ്ട എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി വിവരിക്കുന്ന ഈ ലേഖനം, ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും വളരെ പ്രയോജനപ്പെടും എന്നു തീര്‍ച്ച. ഇവ രണ്ടും കണ്ടുനോക്കൂ.. ഈ വിവരങ്ങള്‍ ഷെയര്‍ ചെയ്യൂ..
Wednesday, March 19, 2014
അടിവാരത്തുനിന്ന് വാഗമണ്‍ കുരിശുമല കയറിയിട്ടുണ്ടോ..?
അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം |
പൂഞ്ഞാര്‍ : സാഹസികത നിറഞ്ഞ മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ക്കും ക്രൈസ്തവരുടെ ഈ വലിയനോമ്പുകാലത്ത് സഹനം നിറഞ്ഞ കുരിശിന്റെ വഴി തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും പൂഞ്ഞാര്‍-അടിവാരം വഴിയുള്ള വാഗമണ്‍ കുരിശുമല കയറ്റം ആസ്വദിക്കാനാകും. പൂഞ്ഞാറില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്തും. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട അടിവാരമെന്ന മലയോര ഗ്രാമത്തില്‍ ടാര്‍ റോഡുകള്‍ അവസാനിക്കും. പിന്നെ മലകയറ്റമാണ്. വാഗമണ്‍ കുരിശുമലയുടെ അടിഭാഗത്തായാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. അടിവാരം സെന്റ് മേരീസ് ദൈവാലയത്തോടു ചേര്‍ന്നുള്ള വഴിയെ ഏതാണ്ട് നാലു മണിക്കൂര്‍ തുടര്‍ച്ചയായി നടന്നു മലകയറിയാല്‍ വാഗമണ്‍ കുരിശുമലയുടെ ഏറ്റവും മുകളിലുള്ള പ്രധാന കുരിശിന്റെ ചുവട്ടിലെത്താം. സാഹസികത നിറഞ്ഞ ഒരു ട്രക്കിംഗ്.
ലാറി ബേക്കര്‍ 1968-ല്‍ പണിതീര്‍ത്ത പഴയ ദൈവാലയം. |
പോകുന്ന വഴിയില്‍ കാഴ്ച്ചകളും നിരവധി. അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം സന്ദര്‍ശിക്കാതെ ആരും മല കയറാറില്ല. ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ലാറി ബേക്കറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 1968-ല്‍ പണിതീര്‍ത്തതായിരുന്നു ഈ ദൈവാലയം. ചെലവ് കുറഞ്ഞതും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യവുമായിരുന്നെങ്കിലും കാലാന്തരത്തില്‍ ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തനാളില്‍ പഴയ ദൈവാലയം പൊളിച്ച് അതേ മാതൃകയില്‍ പുതിയത് പണിതീര്‍ത്തിരിക്കുന്നു.
പള്ളിയോട് ചേര്‍ന്ന് കുരിശുമലയിലേയ്ക്കുള്ള കുറച്ചു ദൂരം ജീപ്പില്‍ സഞ്ചരിക്കാവുന്ന വഴിത്താരയാണ്. അതിനുശേഷം ഒരാള്‍ക്കുമാത്രം നടന്നു കയറാവുന്ന ഒറ്റയടിപ്പാതകള്‍ ആരംഭിക്കും. സ്വകാര്യവ്യക്തികളുടെ തരിശുഭൂമിയും സര്‍ക്കാര്‍ ഭൂമിയും കാടിന്റെ പ്രതീതി ഉണര്‍ത്തും. കൃത്യമായി വഴി തിരിച്ചറിഞ്ഞില്ലെങ്കിലും മുകളില്‍ കാണുന്ന കുരിശുമല ലക്ഷ്യമാക്കി കാടുവെട്ടിത്തെളിച്ചുകൊണ്ടുള്ള യാത്ര എന്നുവേണമെങ്കില്‍ പറയാം. ദാഹമകറ്റാന്‍ ശുദ്ധജലമൊഴുകുന്ന അരുവിയും സീസണനുസരിച്ച് മാമ്പഴം, കമ്പിളി നാരങ്ങ, പേരയ്ക്ക തുടങ്ങിയവയും വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെയും തീര്‍ത്ഥാടകരെയും പ്രതീക്ഷിച്ച് ഇവിടെ കാത്തുനില്ക്കുന്നു. കയറുന്നവഴി തിരിഞ്ഞുനോക്കിയാല്‍ ലഭിക്കുന്ന പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളുടെ വിദൂരക്കാഴ്ച്ചയും ഒരു വ്യത്യസ്താനുഭവമാണ്.
കുരിശുമല അടുക്കാറാകുമ്പോള്‍ പുല്മേടുകളായി. പാറകളില്‍ അള്ളിപ്പിടിച്ചും ബാലന്‍സ് ചെയ്തും കയറേണ്ട ഭാഗങ്ങള്‍ ഇവിടെയുണ്ട്. തണല്‍ വൃക്ഷങ്ങളില്ലാത്തതിനാല്‍ ഇവിടെയെത്തുമ്പോള്‍ സൂര്യന്റെ ചൂട് അല്‍പ്പം വിഷമിപ്പിച്ചേക്കാം. സാധാരണയായി സഞ്ചാരികള്‍ രാവിലെ എട്ടുമണിയോടെ അടിവാരത്തുനിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് കുരിശുമലയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. തിരിച്ച് വാഗമണ്ണില്‍ നിന്ന് ബസില്‍ മടങ്ങുന്നതാണ് നല്ലത്. ഈ വഴിയുള്ള തിരിച്ചിറക്കം പ്രയാസമേറിയതും അപകടം നിറഞ്ഞതുമാണ്.
നോമ്പുകാലത്തെ ദുഖവെള്ളിയോടനുബന്ധിച്ച ദിവസങ്ങളില്‍ , സ്ഥിരം തീര്‍ത്ഥാടകര്‍ കുരിശുമലയിലേയ്ക്കുള്ള വഴി തെളിച്ചിടും എന്നതിനാല്‍ പരിചയമില്ലാത്തവര്‍ ആ സമയം തെരഞ്ഞെടുക്കുന്നതാകും ഉചിതം. ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരംമുതല്‍ ഈ വഴി തീര്‍ത്ഥാടകര്‍ സഞ്ചാരം തുടങ്ങും എന്നു പ്രതീക്ഷിക്കുന്നു. എന്താ.. ആ കൂടെ നിങ്ങളും ഉണ്ടാകുമോ..?
Thursday, March 13, 2014
തെയ്യാമ്മ ടീച്ചറിന് ആദരാഞ്ജലികള്‍..
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അധ്യാപിക, പൂഞ്ഞാര്‍ പറയന്‍കുഴിയില്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ (തെയ്യാമ്മ ടീച്ചര്‍ - 75) ഇന്ന് വെളുപ്പിന് അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (14/03/2014, വെള്ളി) ഉച്ചകഴിഞ്ഞ് 3.30-ന് പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍. (പരേത പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അധ്യാപകനായ സെബാസ്റ്റ്യന്‍ സാറിന്റെ ഭാര്യയാണ്). ടീച്ചറിന് സെന്റ് ആന്റണീസ് കുടുബത്തിന്റെ ആദരാഞ്ജലികള്‍.
Tuesday, March 11, 2014
പൂഞ്ഞാറില്‍ നാളെ കാവടി ഘോഷയാത്രയും പകല്‍പ്പൂരവും..
പൂഞ്ഞാര്‍ : മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര നാളെ (12/03/2014, ബുധന്‍) നടക്കും. കാലങ്ങളായി ജാതി-മത വ്യത്യാസമില്ലാതെ പൂഞ്ഞാര്‍ ഗ്രാമം ഒന്നാകെ കൊണ്ടാടുന്ന ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മങ്കുഴി ഉത്സവം. കാവടി ഘോഷയാത്രയില്‍ പങ്കെടുക്കുന്ന എല്ലാ കരകളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ പൂഞ്ഞാര്‍ ടൗണില്‍ കേന്ദ്രീകരിച്ച് രാവിലെ പതിനൊന്നു മണിയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. അലങ്കാരക്കാവടികളും ചെണ്ടമേളവും നിറവും താളവും പകരുന്ന ഘോഷയാത്രയില്‍ ആയികണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്.
തുടര്‍ന്ന് ഉച്ച പൂജയും കാവടി അഭിഷേകവും ക്ഷേത്ര മൈതാനിയില്‍ പകല്‍പ്പൂരവും നടക്കും. വൈകുന്നേരം 5.30-ന് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് പറയ്ക്ക് എഴുന്നെള്ളിപ്പ്. രാത്രി എട്ടുമണിയ്ക്ക് കൊടിയിറക്കത്തിനുശേഷം ആകാശവിസ്മയവും തുടര്‍ന്ന് ഒന്‍പതു മണിയ്ക്ക് കൊല്ലം കെ.എസ്. പ്രസാദിന്റെ നൃത്തനാടക വിസ്മയമായ സ്റ്റേജ് സിനിമ 'മഹായോദ്ധ'-യും നടക്കും.
തുടര്‍ന്ന് ഉച്ച പൂജയും കാവടി അഭിഷേകവും ക്ഷേത്ര മൈതാനിയില്‍ പകല്‍പ്പൂരവും നടക്കും. വൈകുന്നേരം 5.30-ന് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് പറയ്ക്ക് എഴുന്നെള്ളിപ്പ്. രാത്രി എട്ടുമണിയ്ക്ക് കൊടിയിറക്കത്തിനുശേഷം ആകാശവിസ്മയവും തുടര്‍ന്ന് ഒന്‍പതു മണിയ്ക്ക് കൊല്ലം കെ.എസ്. പ്രസാദിന്റെ നൃത്തനാടക വിസ്മയമായ സ്റ്റേജ് സിനിമ 'മഹായോദ്ധ'-യും നടക്കും.
Monday, March 10, 2014
Saturday, March 1, 2014
വാഗമണ്ണില്‍ 'ആകാശപ്പറക്കല്‍' നടത്തിയോ..? സുവര്‍ണ്ണാവസരം ഇനി രണ്ടുദിവസംകൂടി മാത്രം..
വാഗമണ്ണില്‍ , കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014, മാര്‍ച്ച് 2-ന് സമാപിക്കും. അഡ്വഞ്ചര്‍ സ്പേര്ട്സിനങ്ങളില് പാരാഗ്ലൈഡിംഗാണ് ഏറ്റവും ആകര്‍ഷണീയം. വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള അരമണിക്കൂര്‍ പാരാഗ്ലൈഡിംഗിന് 2000 രുപയാണ് ഫീസ്. സമുദ്രനിരപ്പില്‍നിന്ന് 1050 മീറ്റര്‍ ഉയരത്തിലുള്ള വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍നിന്ന് ആരംഭിക്കുന്ന ഗ്ലൈഡിംഗ് മുണ്ടക്കയത്തിനു സമീപം ഏന്തയാര്‍ ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അവസാനിക്കും.
മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംമ്പിംഗ്, ഓഫ് റോഡ് ജീപ്പ് റാലി തുടങ്ങിയവ പൂര്‍ത്തിയായിക്കഴിഞ്ഞു. അവയുടെ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
HS, HS attached LP,UP സ്കൂളുകളുടെ പരീക്ഷാ ടൈം റ്റേബിളില്‍ മാറ്റം..
കേരളത്തിലെ
സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ മാര്‍ച്ച് മാസം നടക്കുന്ന വാര്‍ഷിക
പരീക്ഷയുടെ ടൈം റ്റേബിളില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. HS, HS attached LP,UP സ്കൂളുകളില്‍ SSLC പരീക്ഷക്കു മുന്‍പു നടക്കുന്ന വാര്‍ഷിക പരീക്ഷകള്‍ ഉച്ചകഴിഞ്ഞു മാത്രമായിരിക്കും നടക്കുക എന്നതാണ് പ്രധാന മാറ്റം. വിശദ വിവരങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു..
Time Table - HS, HS attached LP,UP
Subscribe to:
Posts (Atom)