Wednesday, March 19, 2014

അടിവാരത്തുനിന്ന് വാഗമണ്‍ കുരിശുമല കയറിയിട്ടുണ്ടോ..?

അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം

പൂഞ്ഞാര്‍ : സാഹസികത നിറഞ്ഞ മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ക്കും ക്രൈസ്തവരുടെ ഈ വലിയനോമ്പുകാലത്ത് സഹനം നിറഞ്ഞ കുരിശിന്റെ വഴി തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും പൂഞ്ഞാര്‍-അടിവാരം വഴിയുള്ള വാഗമണ്‍ കുരിശുമല കയറ്റം ആസ്വദിക്കാനാകും. പൂഞ്ഞാറില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്തും. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട അടിവാരമെന്ന മലയോര ഗ്രാമത്തില്‍ ടാര്‍ റോഡുകള്‍ അവസാനിക്കും. പിന്നെ മലകയറ്റമാണ്. വാഗമണ്‍ കുരിശുമലയുടെ അടിഭാഗത്തായാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. അടിവാരം സെന്റ് മേരീസ് ദൈവാലയത്തോടു ചേര്‍ന്നുള്ള വഴിയെ ഏതാണ്ട് നാലു മണിക്കൂര്‍ തുടര്‍ച്ചയായി നടന്നു മലകയറിയാല്‍ വാഗമണ്‍ കുരിശുമലയുടെ ഏറ്റവും മുകളിലുള്ള പ്രധാന കുരിശിന്റെ ചുവട്ടിലെത്താം. സാഹസികത നിറഞ്ഞ ഒരു ട്രക്കിംഗ്.
ലാറി ബേക്കര്‍ 1968-ല്‍ പണിതീര്‍ത്ത പഴയ ദൈവാലയം.
            പോകുന്ന വഴിയില്‍ കാഴ്ച്ചകളും നിരവധി. അടിവാരം സെന്റ് മേരീസ് ഇടവക ദൈവാലയം സന്ദര്‍ശിക്കാതെ ആരും മല കയറാറില്ല. ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ലാറി ബേക്കറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 1968-ല്‍ പണിതീര്‍ത്തതായിരുന്നു ഈ ദൈവാലയം. ചെലവ് കുറഞ്ഞതും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യവുമായിരുന്നെങ്കിലും കാലാന്തരത്തില്‍  ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തനാളില്‍ പഴയ ദൈവാലയം പൊളിച്ച് അതേ മാതൃകയില്‍ പുതിയത് പണിതീര്‍ത്തിരിക്കുന്നു. 

            പള്ളിയോട് ചേര്‍ന്ന് കുരിശുമലയിലേയ്ക്കുള്ള കുറച്ചു ദൂരം ജീപ്പില്‍  സഞ്ചരിക്കാവുന്ന വഴിത്താരയാണ്. അതിനുശേഷം ഒരാള്‍ക്കുമാത്രം നടന്നു കയറാവുന്ന ഒറ്റയടിപ്പാതകള്‍ ആരംഭിക്കും. സ്വകാര്യവ്യക്തികളുടെ തരിശുഭൂമിയും സര്‍ക്കാര്‍ ഭൂമിയും കാടിന്റെ പ്രതീതി ഉണര്‍ത്തും. കൃത്യമായി വഴി തിരിച്ചറിഞ്ഞില്ലെങ്കിലും മുകളില്‍ കാണുന്ന കുരിശുമല ലക്ഷ്യമാക്കി കാടുവെട്ടിത്തെളിച്ചുകൊണ്ടുള്ള യാത്ര എന്നുവേണമെങ്കില്‍ പറയാം. ദാഹമകറ്റാന്‍ ശുദ്ധജലമൊഴുകുന്ന അരുവിയും സീസണനുസരിച്ച് മാമ്പഴം, കമ്പിളി നാരങ്ങ, പേരയ്ക്ക തുടങ്ങിയവയും വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെയും തീര്‍ത്ഥാടകരെയും പ്രതീക്ഷിച്ച് ഇവിടെ കാത്തുനില്‍ക്കുന്നു. കയറുന്നവഴി തിരിഞ്ഞുനോക്കിയാല്‍ ലഭിക്കുന്ന  പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളുടെ വിദൂരക്കാഴ്ച്ചയും ഒരു വ്യത്യസ്താനുഭവമാണ്.
          കുരിശുമല അടുക്കാറാകുമ്പോള്‍ പുല്‍മേടുകളായി. പാറകളില്‍ അള്ളിപ്പിടിച്ചും ബാലന്‍സ് ചെയ്തും കയറേണ്ട ഭാഗങ്ങള്‍ ഇവിടെയുണ്ട്. തണല്‍ വൃക്ഷങ്ങളില്ലാത്തതിനാല്‍ ഇവിടെയെത്തുമ്പോള്‍ സൂര്യന്റെ ചൂട് അല്‍പ്പം വിഷമിപ്പിച്ചേക്കാം. സാധാരണയായി സഞ്ചാരികള്‍ രാവിലെ എട്ടുമണിയോടെ അടിവാരത്തുനിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് കുരിശുമലയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. തിരിച്ച് വാഗമണ്ണില്‍ നിന്ന് ബസില്‍ മടങ്ങുന്നതാണ് നല്ലത്. ഈ വഴിയുള്ള തിരിച്ചിറക്കം പ്രയാസമേറിയതും അപകടം നിറഞ്ഞതുമാണ്. 
     നോമ്പുകാലത്തെ ദുഖവെള്ളിയോടനുബന്ധിച്ച ദിവസങ്ങളില്‍ , സ്ഥിരം തീര്‍ത്ഥാടകര്‍ കുരിശുമലയിലേയ്ക്കുള്ള വഴി തെളിച്ചിടും എന്നതിനാല്‍ പരിചയമില്ലാത്തവര്‍ ആ സമയം തെരഞ്ഞെടുക്കുന്നതാകും ഉചിതം. ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരംമുതല്‍  ഈ വഴി തീര്‍ത്ഥാടകര്‍ സഞ്ചാരം തുടങ്ങും എന്നു പ്രതീക്ഷിക്കുന്നു. എന്താ.. ആ കൂടെ നിങ്ങളും ഉണ്ടാകുമോ..?

3 comments:

  1. Nice article sir. Remembered my days in Adivaram. Had a habit of climbing the hill every year two or three times. Every time it's a fresh experience.

    ReplyDelete
  2. valuable...................

    ReplyDelete