Saturday, May 10, 2014

ഇനി ആനക്കുളത്തിന് കാറില്‍ പോകാം..

ആനക്കുളത്ത് പകലിറങ്ങിയ കാട്ടാനക്കൂട്ടം..

            ആനക്കുളം - ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ച സ്ഥലങ്ങളിലൊന്ന്. 1877-ല്‍ ഇതിനായി പൂഞ്ഞാര്‍ രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ മാങ്കുളവും ആനക്കുളവും ഉള്‍പ്പെട്ടിരുന്നു. 1924 വരെ മൂന്നാറിനുള്ള വഴി മാങ്കുളംകൂടിയായിരുന്നു. അവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആനക്കുളം , പൂയംകുട്ടി-മലയാറ്റൂര്‍ പ്രദേശങ്ങളിലെ ആനകളെല്ലാം വെള്ളം കുടിക്കുവാനെത്തുന്ന സ്ഥലമായിരുന്നു. ഇന്നും അങ്ങിനെതന്നെ. 
            
ഹരം പകരുന്ന ഈ യാത്ര ഏതാനും നാള്‍കൂടി മാത്രം..
                    ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍   എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്. ആറിന്റെ ഒരു പ്രത്യേക ഭാഗത്ത് കുമിളകള്‍ ഉയരുന്നത് നമുക്ക് കാണാം. കുളിക്കുന്നത് എവിടെയാണെങ്കിലും , വെള്ളം കുടിക്കുവാന്‍ ആനകള്‍ ഇവിടെ എത്തുന്നു. ആനകള്‍ ഇഷ്ടപ്പെടുന്ന എന്തോ പ്രത്യേക സ്വാദ് , 'ആന ഓര് ' എന്നറിയപ്പെടുന്ന ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നമ്മള്‍ കുടിച്ചുനോക്കിയാല്‍ രുചി വ്യത്യാസം അറിയാനില്ലതാനും. ഫോര്‍ വീല്‍ ഡ്രൈവിംഗ് മാത്രം സാധ്യമായ  ഇവിടേയ്ക്കുള്ള വഴിത്താരയിലൂടെയുള്ള  യാത്രയാണ് സഞ്ചാരികളെ ഏറെ ഹരം കൊള്ളിക്കുന്ന ആനക്കുളം വിശേഷങ്ങളിലൊന്ന് എങ്കിലും ഇപ്പോള്‍ റോഡ് പണി നടന്നുവരുകയാണ്. കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ കാറില്‍ ഇവിടെയെത്തിയെങ്കിലും മഴ പെയ്തതോടെ തിരിച്ചുള്ള യാത്ര ദുഷ്കരമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വഴി പൂര്‍ണ്ണമായും ഗതാഗത യോഗ്യമായേക്കും. 
            പലപ്രാവിശ്യം ആനക്കുളം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ അറിയുവാനും കാണുവാനും സാധിച്ച വിശേഷങ്ങള്‍ നിരവധി. മുഴുവന്‍ എഴുതാന്‍ പോയാല്‍ അത് ദീര്‍ഘമാകും എന്നതിനാല്‍ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും  ഈ വിശേഷങ്ങള്‍ നേരത്തേ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു. ആ പോസ്റ്റിന്റെ ലിങ്ക് ചുവടെ നല്‍കുന്നു.. 


ആനക്കുളത്തിന്റെ ചരിത്രമറിയാന്‍ ചുവടെ ക്ലിക്ക് ചെയ്യുക..
ആനക്കുളത്ത് പകല്‍ സമയം ആനകള്‍ എത്തുന്നതിന്റെ ചെറിയ വീഡിയോ ദൃശ്യവും ചുവടെ ചേര്‍ക്കുന്നു. ആറിന്റെ തീരത്ത് വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ കാട്ടാനകള്‍ തൊട്ടടുത്തുവരുമ്പോളാണ് അവിടെനിന്ന് മാറുന്നത് എന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചതന്നെ..


3 comments:

  1. Very informative especially for tourists . Those people are actually children of forest otherwise they couldnt play like that.

    ReplyDelete
  2. nature how beautiful it is . let us preserve the nature at cost

    ReplyDelete